ഈ വരുന്ന ജൂണ്‍ 28-ന്, ഞാന്‍ ഈ സ്വപ്നഭൂമിയില്‍ വന്നിറങ്ങിയിട്ടു 20 വര്‍ഷം തികയുന്നു. അതുകൊണ്ട്, ഈ കാലയളവിലെ എന്റെ അനുഭവങ്ങളുടെ ശകലം ഞാന്‍ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. ബോര് ആണെങ്കില്‍ സദയം ക്ഷമിക്കുക. താല്‍പ്പര്യം ഇല്ലായെങ്കില്‍ ഈ മെയില്‍ അവഗണിക്കുക. വളരെയധികം ഒന്നും വിവരിക്കുന്നില്ല. വളരെ കുറച്ചു മാത്രം വിവരങ്ങള്‍.

1990 ജൂണ്‍ 27-ന് തിരുവനന്തപുരത്തുനിന്നും രാവിലെ പത്തു മണിക്ക് കൊളംബോയിലെയ്ക്കുള്ള എയര്‍ലങ്ക വിമാനത്തില്‍ ഞാന്‍ കയറി, ഉച്ചയ്ക്ക് 12 മണിയോടെ കൊളംബോ വിമാനത്താവളത്തില്‍ എത്തി. അന്ന് അവിടെ ട്രാന്‍സിറ്റ് പാസഞ്ചര്‍ ആയി ഒരു ഹോട്ടലില്‍ തങ്ങി. മനോഹരമായ ഒരു ഹോട്ടല്‍. അത്ര ആര്‍ഭാടം ഒന്നും ഇല്ല. പക്ഷെ ഹോട്ടലിന്റെ പുറകുവശം ഒരു വലിയ നെല്‍പ്പാടം ആണ്. അവിടെ തെങ്ങില്‍ ചോലയില്‍ ഇരുന്നാണ് ഭക്ഷവും മറ്റും കഴിച്ചിരുന്നത്. മണിക്കൂറുകള്‍ പോയത് അറിഞ്ഞില്ല. പിറ്റേന്ന് വെളുപ്പിന് കൊളംബോയില്‍ നിന്നും എയര്‍ലങ്കയുടെ Lockhead-1011 Tristar വിമാനത്തില്‍, അതായത് 28 June 1990 രാവിലെ 5:30 മണിക്ക് ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങി. എന്‍ട്രി സ്റാമ്പ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍, ഞാനും ഒരു പ്രവാസി എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ഏവര്‍ക്കും അറിയാവുന്നതുപോലെ ജൂണ്‍ മാസത്തിലെ ഗള്‍ഫ് മേഖലയിലെ ചൂട് കണ്ടു പുതുതായി കേരളത്തില്‍ നിന്നും അന്ന് വന്നിറങ്ങിയ ഞാനും അമ്പരന്നു. ജോലിസാധ്യതയൊക്കെ അന്നും വളരെ കുറവായിരുന്നു. കോളേജ് കഴിഞ്ഞ്, ഇലക്ട്രിക്കള്‍ ഡിപ്ലോമയും, ടൈപ്പിംഗ് ലോവറും പാസായി വന്നതിനാല്‍, എന്ത് ജോലിയെങ്കിലും കണ്ടുപിടിക്കുക എന്നൊരു വാശി ഉണ്ടായിരുന്നു. അതിനി ഇലക്ട്രിഷ്യന്‍ ആവട്ടെ, ഹെല്‍പ്പര്‍ ആവട്ടെ, അക്കൌണ്ടന്റ് ആവട്ടെ, ക്ലര്‍ക്കോ, സെക്രട്ടറിയോ, പോകട്ടെ ഷവല്‍ ഓപ്പറേറ്റര്‍ എങ്കിലും ആവട്ടെ. എനിക്കൊരു പ്രശ്നം ഇല്ലായിരുന്നു. മറ്റുള്ളവരുടെ സഹതാപത്തിലും, സഹായത്തിലും കഴിയുക എന്നത് വല്ലാത്ത ഒരു വിമ്മിഷ്ടം തന്നെയാണല്ലോ. ജോലി തിരക്കി ആദ്യം ഇറങ്ങിയത്, ഷാര്‍ജയിലെയും, ദുബായിലെയും വ്യവസായ മേഖലകളില്‍ ആണ്.

ഷാര്‍ജയില്‍ താമസം ആയതിനാല്‍, ഷെയറിംഗ് ടാക്സിയില്‍ രണ്ടു ദിര്‍ഹം കൊടുത്താല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു പോയിന്റില്‍ ഇറങ്ങി കമ്പനികള്‍ തോറും കയറി ഇറങ്ങാന്‍ സൗകര്യം ആണ്. എന്നാല്‍ ദുബായിലേക്കുള്ള യാത്ര കുറച്ച് ദുഷ്കരം തന്നെ. ഷാര്‍ജയില്‍ നിന്നും മൂന്ന് ദിര്‍ഹം കൊടുത്താല്‍ ദൈയ്ര മുഷ്രിഫ് ബസാറിനടുത്ത് പോയി ഇറങ്ങാം. പിന്നെ 25 ഫില്‍സ് കൊടുത്താല്‍ അബ്ര കടന്നു കിട്ടും. അതിനടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ നിന്നും രണ്ടു രൂപയ്ക്ക് ട്രേഡ് സെന്റര്‍ വരെ എത്താം. ട്രേഡ് സെന്ററിന്റെ തൊട്ടുമുന്നില്‍ ആണ് മറ്റൊരു ടാക്സി സ്റ്റാന്റ്. ദൈയ്രയില്‍ നിന്നും, ബര്‍ദുബായില്‍ നിന്നും, സത്-വയില്‍ നിന്നും, കരാമയില്‍ നിന്നും എത്തുന്ന ടാക്സികള്‍ യാത്രക്കാരെ അവിടെ വച്ച് ഷഫിള്‍ ചെയ്യും. അബുദാബിയിലെ പല സ്ഥലങ്ങളിലെയ്ക്കും, അല്‍എയിനിലേയ്ക്കും പോകുന്ന യാത്രക്കാരെ മാറ്റി മാറ്റി ഓരോ ടാക്സിയില്‍ കയറ്റി വിടും. അന്ന് ട്രേഡ് സെന്ററിനു മുന്പില് ഒരു റൌണ്ട്എബൌട്ട് മാത്രം. ചിത്രത്തില്‍ കാണുന്നതുപോലെ രണ്ടു വരി പാതകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. ചിത്രത്തില്‍ കാണുന്നത് അന്നത്തെ ഡിഫന്‍സ് റൌണ്ട്എബൌട്ട് ആണ്. വളരെ നിസ്സാരമായി നമുക്ക് റോഡ് മുറിച്ചു കടന്നു അങ്ങുമിങ്ങും പോകാം. പക്ഷെ ഇപ്പോള്‍ അങ്ങിനെയൊരു പ്രവര്‍ത്തി ആ ഭാഗത്ത് സാധാരണ മനുഷ്യനെക്കൊണ്ട് സാധിക്കുമോ എന്ന് സംശയം. ആ ഭാഗത്ത് എത്തിക്കഴിഞ്ഞാല്‍ പിന്നെ എനിക്ക് പോകേണ്ടത് സിമന്റ് ഫാക്ടറി ഭാഗത്തേക്കാണ്. അങ്ങോട്ടൊക്കെ ടാക്സി പിടിച്ചു പോകാന്‍ നല്ല ചിലവാകും. അതുകൊണ്ട്, അതുവഴി പോകുന്ന ട്രെയിലര്‍ വാഹനങ്ങള്‍ക്ക് കൈ കാണിക്കും. നല്ലവരായ പാകിസ്ഥാന്, പഞ്ചാബി ഡ്രൈവര്‍മാര്‍ എന്നെ കയറ്റി സിമന്റ് ഫാക്ടറിയുടെ അടുത്തു റോഡ് കടന്നു പോകുന്ന സ്ഥലത്ത് ഇറക്കിവിടും. അവിടുന്ന് റോഡ് മുറിച്ചു കടന്ന്, ഒരു കുപ്പി വെള്ളം വാങ്ങി പ്ലാസ്റ്റിക് കൂടിനകത്താക്കി നടക്കും. കറങ്ങി നടന്ന്, വെള്ളവും കുടിച്ച് കാണുന്ന കമ്പനികളില്‍ ഒക്കെ കയറി ബയോഡാറ്റ കൊടുക്കും. തിരിച്ച് അതുപോലെയൊക്കെ തന്നെ കയറിയിറങ്ങി രാത്രിയോടെ റൂമില്‍ എത്തും. ഇപ്പോള്‍ അത് വഴി കടന്നു പോകുമ്പോള്‍ സിമന്റ് ഫാക്ടറി എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ തന്നെ പ്രയാസം.
പ്രാര്‍ഥനയ്ക്കും, ശ്രമങ്ങള്‍ക്കും ഒടുവില്‍ ഒരു മാസത്തിനു ശേഷം ഷാര്‍ജയില്‍ തന്നെ ETPM എന്ന പ്രമുഖ ഫ്രഞ്ച് കമ്പനിയില്‍ ഇലക്ട്രിഷ്യന്‍ ആയി ജോലി കിട്ടി. ഒരുമാതിരി ജീവിതം പച്ചപിടിച്ചു വരുന്നു. പാപി പോകുന്നിടം പാതാളം. എന്നോട് എന്തോ പൂര്‍വ്വവൈരാഗ്യം ഉള്ളതുപോലെ, 1990, August 2-ന് സദ്ദാം കുവൈറ്റ് ആക്രമിക്കുവാന്‍ തുടങ്ങി. മൊത്തം അരക്ഷിതാവസ്ഥ. കമ്പനി യാര്‍ഡില്‍ ഇരുന്നാല്‍ ആകാശം മുഴുവന്‍ കറുത്ത പുക നിറഞ്ഞു നില്‍ക്കുന്നത് കാണാം. കുവൈറ്റിലെ 600-ല്‍ പരം എണ്ണക്കിണറുകള്‍ കത്തിച്ചു വിട്ടാല്‍ പിന്നെ എന്തായിരിക്കും സ്ഥിതി! സഹമുറിയന്മാര് ഒക്കെ കിട്ടിയ വിമാനങ്ങളില്‍ നാട്ടിലേക്ക് പോകുവാന്‍ തുടങ്ങി. എന്റെ മനസ്സില്‍ അങ്ങിനെ ഒരു ചിന്ത ഇല്ലേ ഇല്ല. നനഞ്ഞാല്‍ കുളിച്ച് കയറുക തന്നെ. എന്നാലും വിശ്രമവേളകളില്‍ കറുത്തിരുണ്ട ആകാശം നോക്കിയിരിക്കുമ്പോള്‍ അത് വഴി കടന്നു പോകുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ വിമാനങ്ങള്‍ കാണുമ്പോള്‍ ഉള്ളില്‍ ചെറിയൊരു തേങ്ങല്‍ ഇല്ലാതില്ല.
ETPM കമ്പനി സ്ഥിതി ചെയ്യുന്നത് ഷാര്‍ജ പോര്‍ട്ടിന് തൊട്ടടുത്താണ്. ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോള്‍ സന്ധ്യയാകുമ്പോള്‍ കാണാം മികച്ച ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ വഴി നീളെ പാര്‍ക്ക് ചെയ്തിരിക്കുന്നു. യുദ്ധം ഭയന്ന് കുവൈറ്റില്‍ നിന്നും രക്ഷപ്പെട്ടു വന്നവരും, അവരുടെ കുടുംബങ്ങളും, കുട്ടികളും, വേലക്കാരും... ദയനീയമായ കാഴ്ച. രാത്രി പത്തുമണി അടുക്കുമ്പോള്‍ ഷാര്‍ജ റോള പാര്‍ക്കും പരിസരവും ഈ വാഹനങ്ങളെക്കൊണ്ട് നിറയും. അവര്‍ രാത്രി തങ്ങുന്നത് ആ പാര്‍ക്കിലും, മല്‍സ്യമാര്‍ക്കറ്റിന് അടുത്തുള്ള ഇത്തിഹാദ് പാര്‍ക്കിലുമാണ്. ഒക്ടോബര്‍ ഒക്കെ ആയപ്പോള്‍, ചൂടിന് കുറച്ചു ശമനം ഉണ്ട്. കെട്ടുകണക്കിന് അവരുടെ കയ്യില്‍ ഇരിക്കുന്ന കുവൈറ്റി ദിനാറിന് ഒരു വിലയുമില്ല. കച്ചവടക്കാര്‍ ആരും അത് സ്വീകരിക്കുന്നില്ല. ജോലി കഴിഞ്ഞു റൂമിലേയ്ക്ക് നടക്കുന്ന നമ്മോട് ഒരു കെട്ടു കുവൈറ്റി ദിനാര്‍ വച്ചു നീട്ടിയിട്ടു പത്തു ദിര്‍ഹം ചോദിക്കുന്നവര്‍! റോളക്ക് സമീപമുള്ള ക്ലോക്ക് ടവറിന്റെ പ്ലാട്ഫോര്മില് തുണി വിരിച്ചു ദിനാറിന്റെ കെട്ടുകള്‍ നിരത്തി വച്ചു വില പേശുന്നവര്‍! കൈവശം ഇരിക്കുന്ന പേനയോ, വാച്ചോ, എന്തെന്കിലുമോ വിറ്റ് ഒരു നേരത്തെ ആഹാരം വാങ്ങാന്‍ കൈ നീട്ടുന്നവര്‍. രാത്രിയില്‍ വെറും ലേബര്‍ കാറ്റഗറിയില്‍ ജോലി ചെയ്യുന്ന നമ്മുടെ മുറിയിലേക്ക് ഒരു കുബ്ബൂസ്സിനും, കുറച്ചു തൈരിനും വേണ്ടി ആരെയെങ്കിലും പറഞ്ഞു വിടുന്നവര്‍! ഇത്രയൊക്കെ അനുഭവിച്ചിട്ടും, ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് കഴിഞ്ഞതൊക്കെ മറന്നു ജീവിക്കുന്ന നാം മനുഷ്യര്‍! വിവരിക്കുവാന്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എന്റെ വിഷയം മാറണ്ട.
എന്തായാലും കുറച്ചു നാള് അവിടെ ജോലി ചെയ്തു. ETPM/Mcdermott കമ്പനികള്‍ ലയിച്ചു. ETPM യൂറോപ്പില്‍ മാത്രം ജോലികള്‍ തുടരാന്‍ വ്യവസ്ഥ. എന്റെ ജോലി പോയി. പിന്നെയും ജോലി തേടി യാത്ര. ദുബായിലെ ജെദ്ദാഫ് പോര്‍ട്ടിലെ Goltens എന്ന കപ്പല്‍ അറ്റകുറ്റ പണികള്‍ നടത്തുന്ന കമ്പനിയില്‍ ജോലി കിട്ടി. ഏറ്റവും കഠിനമായ ജോലി ചെയ്യേണ്ടി വന്ന അവസരം. കുവൈറ്റ് യുദ്ധത്തില്‍ കേടുപാട് പറ്റിയ ഭീമന് കപ്പലുകള്‍ക്ക് അറ്റകുറ്റ പണികള്‍. എന്നെ നിയോഗിച്ചത് ജെബല്‍-അലി പോര്‍ട്ടില്‍ വന്നിരിക്കുന്ന ഒരു ഭീമാകാരന്‍ ഓയില്‍ ടാങ്കറിന്റെ പണികള്‍ക്ക്. സദ്ദാമിന്റെ മിസൈല്‍ കൊണ്ട് മുക്കാലും കത്തിക്കരിഞ്ഞ ഒരു കപ്പല്‍. എണ്ണയൊക്കെ കത്തി ടാര്‍ പോലെയായി കിടക്കുന്നു. ഗംബൂട്റ്റ് ഇട്ടാലും മുട്ടുവരെ മുങ്ങി നില്ക്കും. പഴയ കേബിള്‍ ഒക്കെ അഴിച്ചു മാറ്റണം. കേബിള്‍ പോകുന്ന ട്രേയുടെ ഉയരങ്ങളില്‍ കൂനിക്കൂടിയിരുന്ന്, സേഫ്ടി ബെല്‍റ്റ് ധരിച്ച്, കത്തിയ എണ്ണയുടെയും, റബ്ബറിന്റെയും അസ്വസ്ഥമായ ദുര്‍ഗന്ധം ശ്വസിച്ചു അത്യധികം ഭാരമുള്ള കത്തിക്കരിഞ്ഞ കേബിള്‍ അറുത്തു മുറിച്ച് ഇളക്കി മാറ്റുമ്പോള്‍ നട്ടെല്ല് പലപ്പോഴും തകരുന്നതായി തോന്നിയിരുന്നു. കപ്പലിന്റെ കണ്ട്രോള് റൂമിന്റെ അടിവശത്ത് കേബിള്‍ ഒക്കെ വന്നു കയറുന്ന ഒരു അറയുണ്ട്. ഒരു നാലടി ഉയരം മാത്രമുള്ള ഒരു അറ. പല വശത്തു നിന്നും ഇവിടെ എത്തിച്ചേരുന്ന കൂറ്റന്‍ കേബിളുകള്‍ ഈ അറയ്ക്കുള്ളിലൂടെ വലിച്ചുകൊണ്ട് ഇഴഞ്ഞു നീങ്ങണം. എന്നിട്ടത് കണ്ട്രോള് റൂമിലേയ്ക്കുള്ള ദ്വാരം വഴി കടത്തി വിട്ടു കേബിള്‍ ഗ്ലാന്റ് ചെയ്യണം. ഇടുങ്ങിയ ആ അറയ്ക്കുള്ളിലൂടെ ഇഴഞ്ഞു നീങ്ങുമ്പോള്‍ ശ്വാസം മുട്ടാതിരിക്കുവാന്‍ പുറത്തു വച്ചിരിക്കുന്ന ഓക്സിജന്‍ സിലിണ്ടറില്‍ നിന്നും ഒരു നീളന്‍ ടൂബ് മൂക്കില്‍ ഫിറ്റ് ചെയ്യാം. എന്നിട്ട് ഇഴയാം. ഇത് എന്റെ മാത്രം അനുഭവം അല്ല. ഇത് പോലെ ജോലി ചെയ്യുന്ന ആയിരങ്ങളുടെ കഥയാണ്. മണിക്കൂറുകളോളം മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള ആ കേബിള്‍ ട്രേകളില്‍ വേദന സഹിച്ചിരിക്കുമ്പോള്‍, തിരുവനന്തപുരം മുതല്‍ കൊച്ചി വരെയും, മധുരമീനാക്ഷി ക്ഷേത്രം മുതല്‍ ബാന്ഗ്ലൂര് വരെയും കീബോര്‍ഡും വായിച്ചു ബാധ്യതകള്‍ ഇല്ലാതെ കറങ്ങി നടന്നിരുന്ന കാലങ്ങളെ ഓര്‍ത്ത് എന്റെ കണ്ണ് അറിയാതെ നിറഞ്ഞിരുന്നോ?
എന്നിരുന്നാലും, എനിക്ക് കേരളത്തിലെ പാര്‍ട്ടി പ്രസ്ഥാനങ്ങളിലെ അനുകൂലികളെപോലെ യാതൊരു പരാതിയോ, പരിഭവമോ ഉണ്ടായിരുന്നില്ല. വെട്ടിയിട്ട കേബിള്‍ കഷണങ്ങള്‍ എടുത്തുമാറ്റുവാന്‍ മുകളില്‍ ഉള്ളവന് ആജ്ഞകള്‍ നല്കുമ്പോള് കൂലി വാങ്ങുന്നതിന്റെ കടമയായി ഞാന്‍ അത് കണ്ടു. അല്ലാതെ എ.സി.റൂമുകളില്‍ ഇരുന്ന് പാലസ്തീനിലെയും, ഇറാക്കിലെയും, ജ്ജാര്ഖണ്ടിലെയും, ബീഹാറിലെയും, പാവപ്പെട്ടവനുവേണ്ടിയും, അടിച്ചമര്ത്തപ്പെട്ടവന് വേണ്ടിയും, കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും മുതലക്കണ്ണീര് ഒഴുക്കി, സാഹിത്യ ഭാഷകളില്‍ ബ്ലോഗും, ലേഖനവും എഴുതി ബുദ്ധിജീവി അഭിനയിക്കുന്നവരെ എനിക്ക് പുച്ഛമാണ്. ഈ പറഞ്ഞ കൂട്ടര്‍ക്കു അധ്വാനം എന്താണെന്ന് അറിയില്ല, കണ്ണിനു മുന്നില്‍ കഷ്ടപ്പെടുന്നവരെ അറിയില്ല. വായിച്ചറിഞ്ഞ മാത്രം കുറെ വിവരങ്ങളും മുരടിച്ച കുറെ ആദര്‍ശങ്ങളും പെറുക്കി ഇറങ്ങും. കണ്ണിനു തൊട്ടുമുന്നില്‍, കഷ്ടപ്പാടും, വേദനകളും അനുഭവിക്കുന്ന ആയിരങ്ങള്‍ ഉണ്ട് ഈ പ്രവാസലോകത്തില്‍. ആദ്യം അവരുടെ കണ്ണീര് നമുക്ക് ഒപ്പിയെടുക്കാം. അതിനു ശേഷം അന്തര്‍ദേശീയ കണ്ണീര് കാണാം. ആദ്യം അവനവന്റെ കടമ ശമ്പളം തരുന്നവന്റെ ഇഷ്ടം അനുസരിച്ചു നിറവേറ്റുക. മിച്ചഭൂമി, പാട്ടഭൂമി, കുടിയാന്, തമ്പുരാന് ഇതൊക്കെ എപ്പോഴാ നമ്മെ വിട്ടുപോവുക? ഉള്ള സാഹചര്യങ്ങളില്‍ നിന്ന് അധ്വാനിച്ച് വളരുക. വളര്‍ന്നിട്ടു മാറി ജീവിക്കുക. അല്ലാതെ അന്നം തരുന്നവന്റെ അന്നത്തില്‍ കൈയിട്ടു വാരുകയും, അവകാശം പറയുകയും, പിടലിക്ക് കയറുകയുമല്ല വേണ്ടത്. ഇക്കൂട്ടത്തിലുള്ളവര്‍ ഈ ഗള്‍ഫില്‍ എന്തുകൊണ്ട് പഞ്ചപുച്ച്ചമടക്കി കിട്ടുന്നതും കൊണ്ട് ജീവിക്കുന്നു? അപ്പോള്‍ അവര്‍ക്ക് വര്‍ഗ്ഗബോധം ഇല്ല. അവകാശബോധം ഇല്ല. ജോലി പോകുമോ എന്ന ഭയം. അതിനി ഇടതായാലും, വലതായാലും എല്ലാം കണക്ക് തന്നെ. നാം കഷ്ടപെട്ടാല് മാത്രമേ നമുക്ക് ഉന്നതിയുള്ളൂ, കുടുംബത്തിന് ഉന്നതിയുള്ളൂ, സമൂഹത്തിനും, രാജ്യത്തിനും ഉന്നതിയുള്ളൂ.
ഇനി എന്റെ കാര്യത്തിലേയ്ക്ക് വീണ്ടും. കുറച്ചു നാള് Goltens-ലെ പണി നടന്നു. പണി കഴിഞ്ഞു കപ്പല്‍ പോയി. എന്റെ ജോലിയും പോയി. അതിനു ശേഷം ഷാര്‍ജയിലെ Lamprell Jumairah എന്ന കമ്പനിയില്‍ വീണ്ടും ജോലി കിട്ടി. ജോലിക്ക് വലിയ മാറ്റം ഒന്നും ഇല്ല. പഴയത് കപ്പല്‍ ആണെങ്കില്‍ ഇതൊരു പഴയ റിഗ്ഗ്. റിഗ്ഗിന്റെ ഓരോ കാലിലും അതിന്റെ ഏറ്റവും മുകളില്‍ Aircraft Warning Signal Lights ഉണ്ട്. അതിനു കണക്ഷന് കൊടുക്കാനും മറ്റും ഏണി വഴി മുകളില്‍ കയറണം. അതിന്റെ ഉയരം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ഏകദേശം 400 മുതന്‍ 500 അടി വരെ ഉയരം. കുഞ്ഞു നാളിലേ എനിക്ക് ഉയരം എന്ന് വച്ചാല്‍ തല കറങ്ങും. പക്ഷെ പണി ചെയ്തല്ലേ ഒക്കൂ? ഈ പണികള്‍ ഒക്കെ കഴിഞ്ഞു വരുന്ന എന്റെ വേഷവും, ഭാവവും കണ്ട് എന്റെ പെങ്ങളുടെ ഹൃദയം തകര്‍ന്നു. ശമ്പളം കുറഞ്ഞാലും കുഴപ്പമില്ല. നീ ഇനി ഈ പണിക്ക് പോവണ്ട. ഏതെന്കിലും ഓഫീസില്‍ കിട്ടുമോ എന്ന് നോക്ക്. എന്തായാലും ഷാര്‍ജയിലെ തന്നെ ഗ്രാന്‍ഡ് ഹോട്ടലില്‍ കാഷിയര് ആയി ജോലി കിട്ടി. എന്റെ സ്വഭാവത്തിനു അവിടെ പിടിച്ചു നില്ക്കാന് സാധിച്ചില്ല. അതുകഴിഞ്ഞ് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍. റസാന കണ്‍സ്ട്രക്ഷന്‍! പര്‍ച്ചെസര്‍ ആയി അവിടെ ഒരു കൊല്ലം. നല്ല കമ്പനി ഉടമയും, ജീവനക്കാരും. എന്റെ സുഹൃത്തായ ജിമ്മി പായിക്കാടന്റെ ഭാര്യ ജയ്നി ചേച്ചിയും കൂടെ ഓഫീസില്‍ ഉള്ളത് കാരണം സ്വന്തം വീട്ടില്‍ തന്നെ കഴിയുന്ന ഒരു പ്രതീതി. എന്നാല്‍ ഒരു ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ Accounts-ല്‍ ഒരു സാധ്യത വന്നു. അങ്ങിനെ 1993, മെയ് മാസം ഒന്നാം തിയതി അവിടെ ജോലിക്ക് കയറി. ഇപ്പോള്‍ അതില്‍ നിന്നും ഒരു പടി മാറി, ഷാര്‍ജ ഭരണാധികാരിയും, കുടുംബാങ്ങങ്ങളും മാത്രം ഉപയോഗിക്കുന്ന സ്വകാര്യ വ്യോമയാന വിഭാഗത്തിന്റെ സീനിയര്‍ അക്കൌണ്ടന്റ് ആയി സേവനം ചെയ്യുന്നു.
ഈ കാലഘട്ടത്തിനിടയില്‍ എന്തൊക്കെ കാഴ്ചകള്‍! അനുഭവങ്ങള്‍! സന്തോഷങ്ങള്‍! ദുഃഖങ്ങള്‍! നന്മകള്! ഈ പ്രവാസ ജീവിതത്തിനിടയില്‍ ഏറ്റവും അധികം നേടാനായത് അനേകം സുഹൃത്തുക്കള്‍. അതില്‍ ഞാന്‍ സമ്പന്നന് ആണ്. നേരിട്ട് കാണുവാന്‍ സാധിക്കാത്ത സുഹൃത്തുക്കള്‍ മുതല്‍, ദിനംപ്രതി വിവരങ്ങളും, വിശേഷങ്ങളും, രാഷ്ട്രീയവും, സംഗീതവും, പൊതുവിജ്ഞാനവും പങ്കുവയ്ക്കുന്ന അനേകം സുഹൃത്തുക്കള്‍. കൃതാര്‍ത്ഥനാണ്.
ദുബായില്‍ ജോലി നോക്കുന്നതിനിടയില്‍, ഞാന്‍ താമസിച്ചിരുന്നത്, എന്റെ കുറെ സുഹൃത്തുക്കളോടൊപ്പം മുര്‍ഷിദ് ബസാറിനകത്തെ ഒരു ഫ്ലാറ്റില്‍ ആയിരുന്നു. ആ സമയത്ത് കുറെ നല്ല വിശേഷങ്ങള്‍ ഉണ്ടെങ്കിലും രസകരമായ ഒരു അനുഭവം പറയട്ടെ. ഇവിടെ എല്ലാ മുറികളിലും പുതുതായി വരുന്നവര്‍ക്ക് ഒരു ട്രെയിനിംഗ് പീരീഡ് ഉണ്ട്. അതിന്റെ ഭാഗമായി ഒരിക്കല്‍ മല്‍സ്യം വാങ്ങാന്‍ എന്നെ നിയോഗിച്ചു. അവര്‍ എന്നോട് പറഞ്ഞു. മീന്‍ചന്ത "അല്‍ സിന്ദഗാ ടണലിന്" അടുത്താണ്. മച്ചീ മാര്‍ക്കറ്റ് വരെ ടാക്സി കൂലി കൂടും. ടണലിന്റെ അടുത്തു ഇറങ്ങിയാല്‍ അതിനു മുകളിലൂടെ ക്രോസ് ചെയ്തു നടന്നു മാര്‍ക്കറ്റില്‍ എത്താം. ടാക്സി പിടിച്ച് ഡ്രൈവറോട് പറയുക; "മുച്ച്ചേ സിന്ദഗാ സാമ്നെ ജാനാ ഹെ?" ഞാന്‍ ടാക്സി പിടിച്ചു കയറിയിരുന്നു. മുന്നോട്ടെടുത്ത ഡ്രൈവറോട് ഞാന്‍ പറഞ്ഞു; "സിന്ദഗീ മേം ജാവോ?" ഡ്രൈവര്‍ ഞെട്ടി. വണ്ടി നിര്‍ത്തി എന്നെ തുറിച്ചു നോക്കി. "ക്യാ"? ഞാന്‍ വീണ്ടും പറഞ്ഞു "സിന്ദഗീ സിന്ദഗീ... ഫിഷ്...". ഹൊ അങ്ങേര്‍ക്കു കാര്യം മനസിലായി. "മച്ചീ മാര്‍ക്കറ്റ്"?
ഇനി എന്റെ കാഴ്ചകള്‍! അനുഭവങ്ങള്‍! സന്തോഷങ്ങള്‍!
1990 June 28-നു ദുബായില്‍ വന്നിറങ്ങിയ അവസരത്തില്‍ തന്നെ, കുട്ടിക്കാലം മുതലുള്ള എന്നെക്കാള്‍ മുന്‍പ് ഇവിടെ എത്തിച്ചേര്‍ന്ന സുഹൃത്തുക്കള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ വരിക പതിവായിരുന്നു. അങ്ങിനെ ആ വര്‍ഷത്തെ ഈദ് അവധിദിവസം, അതായത് ഞാന്‍ വന്നിറങ്ങിയത്തിനു ഒരു പത്തു ദിവസത്തിനകം തന്നെ, അവര്‍ എല്ലാം കൂടി ഒരു വാടക വണ്ടി എടുത്തു മൂന്നു ദിവസം കൊണ്ട് യു.എ.യി. മൊത്തം കറങ്ങിയടിക്കുവാന്‍ തീരുമാനിച്ചു. അത് ശരിക്കും വളരെ നല്ല ഒരു അനുഭവം തന്നെ ആയിരുന്നു. ഈ ലോകത്ത് വന്നിറങ്ങിയ ഉടനെ അങ്ങിനെ ഒരു ഭാഗ്യം, അതിപ്പോഴും നന്ദിയോടെ ഓര്‍ക്കുന്നു. വളരെ വിരളമായി ആര്‍ക്കെങ്കിലും ലഭിക്കുവാന്‍ സാധ്യതയുള്ള ഒരു ഭാഗ്യം.
മുകളില്‍ പറഞ്ഞിരിക്കുന്ന കായികാധ്വാനം കൂടുതല്‍ വേണ്ട പുറം ജോലികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്നിലുള്ള കുറച്ചു കലാവാസന മിക്കവാറും നശിച്ചു പോവുകയായിരുന്നു. പകലന്തിയോളം പണി ചെയ്തിട്ട്, രണ്ടു വരി പാട്ട് പാടാനോ, കീബോര്‍ഡ് വായിക്കാനോ എവിടെ സമയം? അല്ലെങ്കില്‍ കീബോര്‍ഡ് എവിടെ? എന്റെ സുഹൃത്തിന്റെ ജേഷ്ടന് വഴി കിട്ടിയ ചെറിയൊരു അക്കോര്‍ഡിയന്‍ ഉണ്ടായിരുന്നു. സഹമുറിയന്മാര് വൈകുന്നേരങ്ങളിലെ കത്തെഴുത്തിലും, പാചകത്തിലും ഏര്‍പ്പെടുമ്പോള്‍ കുറച്ചു നേരം പാട്ട് പാടി അക്കോര്‍ഡിയന്‍ വായിക്കാം. അവര്‍ക്കും അതൊരു നേരമ്പോക്കായിരുന്നു. അക്കാലത്ത് തന്നെ ഷാര്‍ജ പള്ളിയില്‍ ഓര്‍ഗന്‍ വായിക്കുവാന്‍ അന്നത്തെ വികാരിയായിരുന്ന ആഞ്ചലോ അച്ചന് വഴി അവസരവും വന്നു. അങ്ങിനെ വെള്ളിയാഴ്ച വൈകുന്നേരത്തെ ഇംഗ്ളീഷ് കുര്‍ബ്ബാനയ്ക്ക് കൊയറില്‍ കൂടി. അതൊരു വലിയ ആശ്വാസം തന്നെ ആയിരുന്നു. ഓഫീസിലേയ്ക്ക് ജോലി മാറിയപ്പോള്‍ കീബോര്‍ഡ് വായനക്കുള്ള അവസരം കൂടി. ഹോട്ടലില്‍ തന്നെ കീബോര്‍ഡ് ഉണ്ട്. ഒഴിവുസമയങ്ങളില്‍ വായിക്കാം.
ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഷാര്‍ജ പള്ളിയില്‍ നടന്ന ഒരു ധ്യാനപ്രഘോഷണത്തിനു നാട്ടില്‍ നിന്നും വന്ന ഫാദര്‍ ആന്റണി കാനപ്പള്ളിയുമായി യു.എ.യി-യില്‍ മുഴുവന്‍ ചുറ്റി ഗാനശുശ്രൂഷ നടത്തുവാന്‍ സാധിച്ചു. അച്ചനുമായി വളരെ മാനസികമായ അടുപ്പമായിരുന്നു എനിക്ക്. അങ്ങിനെ അച്ചന് വഴി എനിക്ക് ഒരു വേണ്ടി ഒരു വിവാഹാലോചന വന്നു. ഞങ്ങളുടെ രണ്ടു വീട്ടുകാരുടെയും പൂര്‍ണ്ണ അനുഗ്രഹത്തോടും അവര്‍ ആലോചിച്ചുറപ്പിച്ച രീതിയില്‍ തന്നെ തിരുവനന്തപുരത്തുള്ള എന്റെയും, വീട് ചങ്ങനാശ്ശേരി ആണെങ്കിലും, തിരുവനന്തപുരത്തുനിന്നും 450 കിലോമീറ്റര്‍ അകലെ നിലംബൂരില്‍ മാതാപിതാക്കളോടൊപ്പം താമസമാക്കിയ വിന്‍സിയുടേയും വിവാഹം 1994, January 12-നു തിരുവനന്തപുരത്ത് പാളയം പള്ളിയില്‍ വച്ചു നടന്നു. സുഖത്തിലും, സന്തോഷത്തിലും, താഴ്ചയിലും ഉയര്‍ച്ചയിലും ഒന്നിച്ചു നിന്ന് ഞങ്ങളുടെ വിവാഹജീവിതം മുന്നോട്ടു നീങ്ങുന്നു. ദൈവം ഞങ്ങള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളെ തന്നു. വാവയും, ചിക്കുവും, മോനുക്കുട്ടനും.

ഈ വര്‍ഷം, 2010ല്‍ - വാവ (ജുവിന്) പ്ളസ്1, ചിക്കു (ജെഫേഴ്സന്) ഏഴാം ക്ളാസ്, മോനുക്കുട്ടന് (ജോനതന്‍) അഞ്ചാം ക്ളാസ്. മൂന്നുപേരുടെയും മാമോദീസയും, ആദ്യകുര്‍ബ്ബാനയും ഇവിടെയും നാട്ടിലുമായി കത്തോലിക്കാ വിശ്വാസപ്രകാരം നടത്തി. മൂന്നുപേരും ഷാര്‍ജയിലെ എമിരേറ്റ്സ് നാഷണല്‍ സ്കൂളില്‍ പഠിക്കുന്നു. നഴ്സ് ആണ് പ്രോഫഷന് എങ്കിലും വിന്‍സി, ദുബായ് ഗവണ്മെന്റില് ഹെല്‍ത്ത് അതോറിട്ടിയില്‍ ക്ളിനിക്കല്‍ ഓഡിറ്റര്‍ ആയി സേവനം അനുഷ്ടിക്കുന്നു.
യാത്രകള്‍ എനിക്കെപ്പോഴും ഒരു ബലഹീനതയാണ്. അത് നാട്ടില്‍ ആയിരുന്നാലും ശരി, ഇവിടെയായിരുന്നാലും ശരി. അങ്ങിനെ 1995-ലെ ഒരു മരുയാത്രയ്ക്കിടയില്‍ (Desert Safari) യാദൃശ്ചികമായി മരുഭൂമിയുടെ ഒത്തിരി ഉള്‍ഭാഗത്ത് ഒരു കൂട്ടം ആടുകളെയും ഒരു ആട്ടിടയനെയും കാണുവാനിടയായി. യാത്രയില്‍ പങ്കെടുത്തത് ഞാന്‍, ഷാര്‍ജയിലെ അന്നത്തെ സഹവികാരി ജോസഫ് സോളമന് അച്ഛന്, സുഹൃത്തുക്കളായ അലന് എഡ്ഗര്‍, ജെയിംസ്, റോബിന്, പിന്നെ വാവ എന്നിവര്‍ ആയിരുന്നു.
ആ ആട്ടിടയനെ അവിടെ കണ്ടതിനെക്കുറിച്ചും, അവന്റെ അവിടുത്തെ ജീവിത കഷ്ടപ്പടുകളെക്കുറിച്ചും ഞാന്‍ കൂടുതല്‍ ഒന്നും വിവരിക്കുന്നില്ല. കാരണം, പ്രശസ്ത സാഹിത്യകാരനും ബഹറൈനിലെ ബ്ലോഗറുമായ ശ്രീ ബന്യാമിന്റെ "ആടുജീവിതത്തില്‍" പറഞ്ഞിരിക്കുന്ന കഥാപാത്രം തന്നെയാണ് ഇന്നേയ്ക്ക് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷാര്‍ജയുടെയും, ദുബായ് അല്‍അവീറിനും ഇടയ്ക്ക് ഭാഗത്തുള്ള ഒരു മരുഭൂമിയില്‍ ഞങ്ങള്‍ കണ്ടുമുട്ടിയത്. മലയാളിയായ "രാജു". വളരെ കഷ്ടത നിറഞ്ഞ ജീവിതം. ഞങ്ങളെ കണ്ടപ്പോള്‍ എന്തോ നിധി കിട്ടിയ സന്തോഷമായിരുന്നു രാജുവിന്. പ്രത്യേകിച്ചു മലയാളികളായ ഞങ്ങളെ. അവനു കൂട്ടിനു ആടുകള്‍ മാത്രം. കറണ്ട് ഇല്ല, നല്ല വെള്ളം ഇല്ല. എന്നിരുന്നാലും, അവന് ഞങ്ങള്‍ക്ക് സുലൈമാനി ഉണ്ടാക്കി തന്നു. ആ രണ്ടു മണിക്കൂര്‍ അവനു നാട്ടില്‍ എത്തിയ പ്രതീതി ആയിരുന്നു.
പിന്നീട് കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞതെന്കിലും, ഞങ്ങള്‍ക്ക് പിന്നീട് അവന് താമസിക്കുന്ന സ്ഥലം കണ്ടെത്താനായില്ല. കാരണം ആദ്യം രാജുവിനെ കണ്ടു കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ക്ക് മരുഭൂമിയില്‍ വഴി തെറ്റിയിരുന്നു. ഷാര്‍ജയിലെ എയര്‍പോര്‍ട്ട് കഴിഞ്ഞുള്ള ഒരു ഭാഗത്ത് നിന്നുമാണ് ഞങ്ങള്‍ ഉള്ളിലേയ്ക്ക് കയറിയത് എന്ന് ഓര്‍മയുണ്ട്. അവസാനം ചുറ്റിക്കറങ്ങി രാത്രിയില്‍ ദുബായിലെ അല്‍അവീര്‍ ഭാഗത്തുള്ള ബദ്ദുക്കള്‍ താമസിക്കുന്ന ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്നു. അതൊരു രക്ഷപെടല്‍ തന്നെയായിരുവെന്നു പിന്നീടാണ് മനസിലാക്കുവാന്‍ സാധിച്ചത്. ഇത്രയും പറയുവാന്‍ കാരണം, രാജുവിനെ പോലെ ഇത്തരത്തിലും എന്ത് മാത്രം മനുഷ്യര്‍ ജീവിക്കുന്നു. അതിനിടയ്ക്ക് നമ്മുടെ പരിവേദനങ്ങള്‍ക്കും, രോഷപ്രകടനങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കും, കൂട്ടിക്കിഴിക്കലുകള്‍ക്കും എന്ത് വില എന്ന് സ്വയം ചിന്തിക്കാം.
പിന്നെയും ഒത്തിരി ഒത്തിരി അനുഭവങ്ങളും ജീവിതക്കാഴ്ച്ചകളും. 2009-ല്‍ എന്റെ സ്വപ്നസക്ഷാല്‍ക്കാരം! വളരെ വര്‍ഷത്തെ
എന്റെ ഒരു ആഗ്രഹമായ എന്റെ മാത്രമായ ഒരു ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആല്‍ബം പുറത്തിറങ്ങി. ഞാന്‍ തന്നെ വരികള്‍ ചിട്ടപ്പെടുത്തി, സംഗീതം നല്കിയ "തിരുസ്പര്‍ശനം" എന്ന ഒരു ആല്‍ബം. വളരെ വര്‍ഷം മനസ്സില്‍ കൊണ്ട് നടന്ന ഒരു ആഗ്രഹമായിരുന്നു അതിലെ ഒരു ഗാനമെന്കിലും നമ്മുടെ ഗന്ധര്‍വന്റെ സ്വരത്തില്‍ പുറത്തുവരാന്‍. അത് നടന്നില്ല, നിരാശയുണ്ട്. എന്നാലും ദൈവം ഇത്രടം വരെ കൊണ്ടെത്തിച്ചു. പ്രമുഖ ഗായകരായ, സുജാത, മധു ബാലകൃഷ്ണന്, മാര്‍ക്കോസ്, കെസ്റ്റര്‍ തുടങ്ങിയവര്‍ ആലപിച്ച് ആ ആല്‍ബം പുറത്തിറങ്ങി. സാധുക്കള്‍ക്ക് വേണ്ടിയുള്ള ഭവനനിര്‍മ്മാണ പദ്ധതിക്കുവേണ്ടി തുടങ്ങിയ ആ സംരഭം നല്ലവരായ ഷാര്‍ജ ഇടവകയിലെ, വികാരിമാരുടെയും, ജനങ്ങളുടെയും, എന്റെ പ്രിയ സുഹൃത്തുക്കളുടെയും സഹായസഹകരണം കൊണ്ട് നല്ല രീതിയില്‍ തന്നെ വിജയിച്ചു. അതിനുവേണ്ടി 20 ദിവസത്തോളം ലീവ് എടുത്തു നാട്ടില്‍ പോകേണ്ടി വന്നു. ഏറണാകുളത്തും, ചെന്നയിലും, തിരുവനന്തപുരത്തുമായി റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കി.
പ്രവാസ ജീവിതത്തില്‍ ഈ ജൂണ്‍ 28ന് ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ എടുത്തു പറയത്തക്ക ഒന്നും ഇല്ലെങ്കിലും ഇത്രയെങ്കിലും എന്നെ എത്തിച്ചത്, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും പ്രാര്‍ത്ഥനയും, സുഹൃത്തുക്കളുടെയും മറ്റും പ്രോത്സാഹനവും, നിര്‍ദേശങ്ങളും, തിരുത്തലുകളും തന്നെയാണ്. അതില്‍ എല്ലാവരോടും ഹൃദയം നിറഞ്ഞ എന്റെ നന്ദി പറഞ്ഞുകൊള്ളട്ടെ. ഇനിയും നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെ എല്ലാം ഓര്‍ക്കണമെന്നും, അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ഗള്‍ഫിലെ നിരവധി അനുഭവങ്ങള്‍ ഒത്തിരി ഉണ്ട്. ജോലി സ്ഥലത്തെ വിശേഷങ്ങള്‍ ആയാലും, പൊതുപ്രവര്‍ത്തനം, സംഗീതം എന്നീ മേഘലകളില്‍ ആയാലും. പക്ഷെ അതൊക്കെ കുറിക്കാന്‍ സമയം അനുവദിക്കുന്നില്ല. ഈ മാസം 30ന് നാട്ടിലേയ്ക്ക് പോകുന്നു. പിന്നെ ഒരു മാസം വിശ്രമം. ഓര്‍ക്കുക. പ്രാര്‍ത്ഥിക്കുക.