എന്റെ ഈ കുറിപ്പ് അത്ര പ്രസക്തിയുള്ള ഒരു വിഷയമേ അല്ല. ഇത് എന്റെ മാത്രം സൃഷ്ടി എന്നും അവകാശപ്പെടുന്നില്ല. ചുറ്റും നടക്കുന്നതും, വായിച്ചറിഞ്ഞതും, അനുഭവിച്ചറിഞ്ഞതും. കേള്‍ക്കുന്നതും, കാണുന്നതുമായ ചില വിഷയങ്ങള്‍ ഒരു അവിയല്‍ പരുവത്തില്‍ കോര്‍ത്തിണക്കി കുറിച്ചു വയ്ക്കുന്നു. ഇത് വായിച്ച് ആസ്വദിക്കുന്നവര്‍ ഉണ്ടാവാം, ചിന്തിക്കുന്നവര്‍ ഉണ്ടാവാം, കോപം വരുന്നവര്‍ ഉണ്ടാവാം, എനിക്കിട്ടു രണ്ടു തരണം എന്ന് കരുതുന്നവര്‍ ഉണ്ടാവാം. പക്ഷെ വെറുതെ കോപിക്കാതെ ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അന്വേഷിക്കുക, നോക്കുക. തെറ്റുണ്ടെങ്കില്‍, തെളിവ് സഹിതം പറഞ്ഞാല്‍ തിരുത്താം. എന്നോട് പിണങ്ങാന്‍ വരരുതേ. ഇനി പിണങ്ങിയാലും... ഓ... പിന്നെ.... എനിക്ക് ഒന്നുമില്ല. "മല്ലൂസ് " എന്ന ഓമനപ്പേരില്‍ മറ്റുള്ളവര്‍ വിളിക്കുന്ന മലയാളികളെ കുറിച്ച തന്നെയാണ് ഈ കുറിപ്പ്.
ഓണം ഇങ്ങെത്തി. പ്രവാസികള്‍ക്ക് ഓണം, ക്രിസ്തുമസ് എന്നൊക്കെ പറഞ്ഞാല്‍ രണ്ടുമൂന്നു മാസം അറമാദിച്ചു നടക്കാനുള്ള പരിപാടികളാണ്. 2011-ല്‍ സെപ്റ്റംബര്‍ 9-നാണ് ഓണം. അതിന്റെ ആഘോഷങ്ങള്‍ ക്രിസ്തുമസ് വരെ നീളും. അത് കഴിഞ്ഞാല്‍ പിന്നെ ക്രിസ്തുമസ് ആഘോഷങ്ങള്‍. അതും കാണും രണ്ടുമൂന്ന് മാസം. പറയാന്‍ വരുന്നത് ഈ വിശേഷങ്ങള്‍ ഒന്നുമല്ല. ഈ വിശേഷങ്ങളുമായി കുറച്ചു ബന്ധപ്പെട്ടു കിടക്കുന്ന മലയാളികളുടെ ചില രീതികളും, ശീലങ്ങളും.
ഗള്‍ഫില്‍ കൂണു പോലെയാണ് ഇന്ത്യന്‍, പ്രത്യേകിച്ചു മലയാളി സംഘടനകള്‍. ആദ്യമൊക്കെ ഉണ്ടായിരുന്നത് ഇന്ത്യന്‍ അസോസിയേഷന്, ഇന്ത്യന്‍ സോഷ്യല്‍ സെന്റെര് മുതലായ മാത്രമാണ്. പണ്ട് കാലത്ത് ബോംബേയില്‍ നിന്നും ഗുജറാത്തില്‍ നിന്നും കള്ള ഉരുവിലും, പിന്നെ നേരായ മാര്‍ഗ്ഗത്തിലും ഒക്കെ ഗള്‍ഫില്‍ വന്നവര്‍ തുടങ്ങി വച്ച ചില മഹാസംഭവങ്ങള്‍ ആണ് ഇതൊക്കെ. ഇന്ത്യന്‍ അസോസിയേഷന് എന്നാണു പേര് എങ്കിലും, ഇതില്‍ ഇന്ത്യാക്കാര്‍ ഉണ്ടോ എന്ന് സംശയമാണ്. ഒരു സ്ഥലത്ത് മലയാളികളും കുറച്ചു മംഗലാപുരത്തുകാരും, മറ്റൊരിടത്ത് കുറെ ഗുജറാത്തികളും മറ്റു കുറച്ചു പേരും ആണ് ഈ ഇന്ത്യന്‍ അസോസിയേഷനുകള്‍ നടത്തിക്കൊണ്ട് പോകുന്നത്. ഈ സംഘടനകള്‍ കൊണ്ട് ഇത് നടത്തിക്കൊണ്ട് പോകുന്നവര്‍ക്കല്ലാതെ ഇന്ത്യാക്കാര്‍ക്ക് അഞ്ചു പൈസയുടെ ഗുണം ഉണ്ടോ എന്ന് എനിക്കറിയില്ല. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷനില്‍ മലയാളികളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. എന്നിട്ടും എന്തിനാണാവോ ഇതിന്റെ പേര് ഇന്ത്യന്‍ അസോസിയേഷന്! ഒരു പക്ഷെ ഇതില്‍ നിന്നും പ്രചോദനം ഉണ്ടായിട്ടാവാം "പാണ്ടിപ്പട" എന്ന സിനിമയില്‍ കൊച്ചിന് ഹനീഫ ഒരു ഡയലോഗ് പറയുന്നത്. "
നിന്റെയൊക്കെ കളി ഈ തമിഴ്നാട്ടില്‍ അല്ലെ നടക്കൂ? നിനക്കൊക്കെ ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വാ".
പിന്നെ ഈ അസോസിയേഷനുകള്‍, ഇതിന്റെ സ്ഥാപകര്‍ക്കും, അവരുടെ സന്തതി പരമ്പരകള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. അതില്‍ മെമ്പര്‍ ആവാനോ, പരിസരത്തു പോകാനോ ശ്രമിക്കരുത്. അവിടെ അപരിചിതരെ കണ്ടാല്‍ ഇതിന്റെ മുത്തപ്പന്മാരുടെ ഒരു വക പുച്ഛം നിറഞ്ഞ ഒരു നോട്ടമുണ്ട്. "തനിക്കെന്തു കോപ്പാടാ ഇവിടെ എന്റെ തറവാട്ടില്‍ കാര്യം" എന്ന മട്ടില്‍. ഗള്‍ഫില്‍ നിന്നും വിരമിച്ചു പോകുന്ന ഇന്ത്യന്‍ അസോസിയേഷന് മെമ്പര്‍മാരായ ഇന്ത്യാക്കാര്‍ക്ക് (സോറി, മലയാളികള്‍ക്ക്) അവരുടെ മക്കളെ, അല്ലെങ്കില്‍ മരുമക്കളെ, അതുമല്ലെങ്കില്‍ വളരെ വിശ്വാസവും അടുപ്പവും ഉള്ളവരെ ഇതിലേയ്ക്ക് നാമനിര്‍ദേശം ചെയ്യാം. ബാക്കിയുള്ള ബ്ലഡി ഇന്ത്യന്‍സ് അതിനെതിരെ മിണ്ടിപ്പോകരുത്. വിവരവും, വിദ്യാഭ്യാസവും ഉള്ളവന് വന്നു കയറിയാല്‍ കണക്ക് നോക്കലും, ചോദ്യങ്ങളും ഉണ്ടാവുമോ എന്ന് ഭയന്നിട്ടാവണം ഇങ്ങിനെ ഒരു നിയമം അവര്‍ തന്നെ ഉണ്ടാക്കി വച്ചിരിക്കുന്നത്! അത് വിടൂ, വീണ്ടും നമുക്ക് കഥ വഴി തിരിക്കാം.
ഇന്ത്യന്‍ അസോസിയേഷന് എന്ന മഹാസംഭവം ഇന്ത്യാക്കാര്‍ക്ക് വേണ്ടി അല്ലാത്തത് കാരണം, പ്രവാസി ഇന്ത്യാക്കാര്‍ പല പ്രാദേശിക സംഘടനകളും തുടങ്ങി. അതിലും മുന്‍പന്തിയില്‍ മലയാളികള്‍ തന്നെ. വേലിപത്തല് കൂട്ടായ്മ, ആറ്റിന് കര അസോസിയേഷന്, കിണറ്റിന്‍കര സംഘടന എന്ന് തുടങ്ങി പല കൂട്ടായ്മകളും ഇന്ന് ഗള്‍ഫില്‍ സജീവമാണ്. ഇതില്‍ പല സംഘടനകളും ഓണമോ, വിഷുവോ, ക്രിസ്തുമസോ ഒന്നും ഇല്ലെങ്കില്‍ പിന്നെ പൈതൃകം, പാരമ്പര്യം, സംസ്കാരം, സംഗീതം, കവിത മുതലായ വിഷയങ്ങളില്‍ സെമിനാറുകളും, മീറ്റിങ്ങുകളും ഒക്കെ സംഘടിപ്പിക്കുവാന്‍ തുടങ്ങും. അതിനൊക്കെ എത്ര കാശ് മുടക്ക് വന്നാലും അവര്‍ക്ക് അതൊരു പ്രശ്നമല്ല. ഇതിലൊക്കെ എന്തെങ്കിലും വിവരം ഉള്ളവര്‍ വളരെ ചുരുക്കം. എന്നാലും കൂട്ടായ്മക്ക് മുന്നോടിയായി ഫീസ് കൊടുത്തെങ്കിലും പ്രസ്തുത വിഷയത്തില്‍ അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കി വച്ചിരിക്കും. ദാരിദ്ര്യവും, കഷ്ടപ്പാടുമായി നാട്ടില്‍ കഴിഞ്ഞവര്‍, ഇവിടെ വന്നു കഷ്ടപ്പെട്ട് കണ്ടുപിടിച്ച ജോലി ചെയ്തു പത്തു തുട്ട് കയ്യില്‍ വന്ന് കുറച്ചു രക്ഷപ്പെട്ട് കഴിയുമ്പോള്‍ അവരുടെ പൈതൃകബോധവും, സാംസ്കാരിക ചിന്തകളും, പാരമ്പര്യ വികാരവും ഉണരുകയായി. പിന്നെയാണ് ക്ലൈമാക്സ്!
ഇങ്ങിനെ കൂടുന്നവര്‍ക്ക് സ്വന്തം നാടല്ലാതെ, മറ്റു നാട്ടുകാരെ എല്ലാം പുച്ഛമാണ്. ബുദ്ധന് ഞങ്ങളുടെ നാട്ടിലൂടെ പോയി, തോമാസ്ലീഹ വീടിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു, ശ്രീരാമനുമായി ഹനുമാന് സീതയെ പിക്ക് ചെയ്യാന്‍ കൊളംബോയിലേക്ക് പോകുന്ന വഴി എന്റെ അപ്പൂപ്പന്റെ വകയിലെ അളിയന്റെ വീട് ഇപ്പോള്‍ ഇരിക്കുന്ന മലയില്‍ വിശ്രമിച്ചു (അത് കണ്ടാല്‍ മനസ്സിലാവും!) എന്നുള്ള കാര്യങ്ങള്‍ വളരെ സമര്‍ഥമായി അവര്‍ അവകാശപ്പെടും. പാവം ബുദ്ധനും, തോമാസ്ലീഹയും, ശ്രീരാമനും ഇത് വല്ലതും അറിഞ്ഞതാണോ ആവോ!
ഒരു ക്രിസ്ത്യാനി ആയതിനാല്‍ എനിക്ക് ഒരു കാര്യം ധൈര്യമായി പറയാം. ആരും എന്നെ വര്‍ഗ്ഗീയത പറഞ്ഞു എന്ന പേരില്‍ തല്ലാന്‍ വരില്ല. പാരമ്പര്യം, പൈതൃകം എന്നിവ വാദിക്കാനും, അവകാശപ്പെടാനും കേരളത്തിലെ ക്രിസ്ത്യാനികളെ വെല്ലാന്‍ ഭൂമുഖത്ത് മറ്റൊരു മനുഷ്യസമൂഹവും ഇല്ലെന്നു വേണം കരുതാന്‍. കൂട്ടം കൂടിനിന്ന് സംസാരിക്കുന്ന വിഷയങ്ങളില്‍ എല്ലാം പ്രെയ്സ് ദി ലോര്‍ഡ് എന്ന മുദ്രാവാക്യവും, നമ്പൂതിരിയും, തോമാസ്ലീഹായും, പോത്ത് ഫ്രൈയും, എല്ലും കപ്പയും, റബ്ബറും ഒക്കെ കടന്നു വരും, അല്ലെങ്കില്‍ വരുത്തും. എന്നതാ അച്ചായോ, എന്നതാടാ കൂവേ, ഓ.. എന്നീ പദങ്ങള്‍ അനര്‍ഗളം പ്രവഹിക്കുന്നത് കേള്‍ക്കാം. "ഓ.." എന്നത് പറയുന്നതിന് ഒരു പ്രത്യേക രീതി തന്നെയുണ്ട്. "ഓ.." എന്ന് ഒന്നാം ശ്രുതിയില്‍ നീട്ടി പറഞ്ഞാല്‍ അത് തിരോന്തരം ഭാഷ ആയിപ്പോവും. "ഓ" എന്ന് കുറുക്കിപ്പറയുക. അതും, ഏഴാമത്തെ ശ്രുതിയില്‍, ഹൈ ഡെസിബലില്‍ തന്നെ പറയണം. കോഴി മുട്ടയിട്ടതിനുശേഷം കൊ, കൊ കൊ എന്ന ഒരു ഒച്ച ഉണ്ടാക്കുന്നത് കേട്ടിട്ടില്ലേ? അത് തന്നെ. അത് 'കൊ കൊ കൊ'... ഇതേ ടോണില്‍ 'ഓ' മാത്രം. Just remember that! ഈ സ്വരം വരുത്തിയാല്‍ പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, ആലുവ, തൃശ്ശൂര്‍ മുതലായ സ്ഥലങ്ങളുടെ ഒരു ലേബല്‍ വീണോളും. ഇനിയിപ്പോള്‍ തമിഴ് നാട്ടുകാരന് പ്രഭുദേവ ചങ്ങനാശ്ശേരിക്കാരി ഡയാനയെ (നയന്‍താര) കെട്ടിയാല്‍ ഈ ഭാഷകളില്‍ പ്രാവീണ്യം നേടേണ്ടി വരും തീര്‍ച്ച.
"തോമാശ്ലീഹാ ഹാനാന് വെള്ളത്തില്‍ മുക്കിയ ഒന്നാന്തരം നമ്പൂതിരി കുടുംബമാടോ ഉവ്വേ ഞങ്ങളുടെത്" എന്നൊക്കെ പറയുന്നത് കേള്‍ക്കാം. നമ്പൂതിരിമാര്‍ കൂട്ടത്തോടെ മതം മാറിക്കൊണ്ടിരുന്ന ആ സമയത്ത് ആര്. എസ്. എസ്.-ന്റെ ദേശീയ സമ്മേളനം അയോധ്യയില്‍ നടന്നോണ്ടിരുന്നത് ഭാഗ്യം! തോമാശ്ലീഹായാണ് തങ്ങളുടെ സഭാസ്ഥാപകന്‍ എന്നാണു പേര്‍ഷ്യയിലെ പാര്‍സ് പ്രവിശ്യയിലുള്ളവരും അവകാശപ്പെടുന്നത്. ഇതേ അവകാശവാദം പഴയ പാര്‍ത്ത്യാക്കാരും, എത്യോപ്യരും, മെഥ്യാക്കാരും, പ്രാചീന ചൈനീസ് ക്രൈസ്തവരും ഉന്നയിക്കുന്നു എന്നുകൂടി ഓര്‍ക്കുക.

സ്വന്തം അപ്പന്റെ പേര് പറഞ്ഞില്ലെങ്കിലും, നമ്പൂതിരിയുടെ വിത്താണെന്ന് പറയാന്‍ ചിലര്‍ക്ക് ഉത്സാഹമാണ്. ഇനി, ഏഴാം/എട്ടാം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കേരളത്തില്‍ നമ്പൂതിരി പോയിട്ട് ഒരു കമ്പിത്തിരി പോലും ഇല്ലായിരുന്നു എന്ന് ആരെങ്കിലും ശാസ്ത്ര/ചരിത്ര തെളിവുകള്‍ നിരത്തി പറഞ്ഞാലും, അതൊക്കെ ഞങ്ങളുടെ ജില്ലയുടെ തെക്കോട്ടും, വടക്കോട്ടും ഉള്ള ഡേര്‍ട്ടി ഫെലോസിനു മാത്രമേ ബാധകമുള്ളു, ഞങ്ങളൊക്കെ അത് തന്നാ, എന്ന രീതിയില്‍ ആയിരിക്കും ഇവരുടെ വാദം. സസ്യഭുക്കുകളായ നമ്പൂതിരി മാറി വന്ന ജെനുസില്‍ ഉള്ളവര്‍ക്ക് പോത്ത് ഫ്രൈയിലും, എല്ലും കപ്പയിലും, മീന്‍ കറിയിലും, കള്ളിലും, പാതി വെന്ത താറാവിന്റെ കരളിലും, മാടിന്റെ ബോട്ടിയിലും, ആടിന്റെ ഫ്രൂട്ടിയിലും ഇത്ര കമ്പം കയറിയത് എങ്ങിനെയാണെന്ന് പരിണാമ സിദ്ധാന്തത്തിന്റെ ഉടയോന് ഡാര്വിന് വിചാരിച്ചാല്‍ പോലും കണ്ടെത്താനാവും എന്ന് എനിക്ക് തോന്നുന്നില്ല.
ഈ കൂട്ടായ്മക്കിടയില്‍ ഒരു കുടുംബത്തെ പരിചയപ്പെട്ടു എന്നിരിക്കട്ടെ. സംസാരത്തിനിടയില്‍ അവരുടെ വീടും സ്ഥലവും ചോദിക്കുമ്പോള്‍, അതേ സ്ഥലത്ത് എനിക്ക് പരിചയമുള്ള ഒരു രാജുവിനെ അറിയാമോ എന്ന് ഞാന്‍ ചോദിക്കും. അച്ചായന് "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന് പ്രാര്‍ഥിക്കുന്നത് പോലെ, ദൃഷ്ടി ആകാശത്തേയ്ക്ക് ഉയര്‍ത്തും, ഒന്ന് ചിന്തിക്കും, എന്നിട്ട് പെണ്ണുമ്പിള്ളയെ വിളിക്കും.... എടിയേ, ഇത് നമ്മുടെ ഏഴാം മൈലിലെ, വടക്കേവാതിലേലെ തങ്കച്ചന്റെ മോനെപ്പറ്റി അല്ല്യോടീ ചോദിക്കുന്നെ... ഉടന്‍ പെണ്ണുമ്പിള്ള, ഓ... അതിയാനെപ്പറ്റിയായിരുന്നോ നിങ്ങളിത്രേം നേരം സംസാരിച്ചേ. എന്റെ ജസ്റ്റിനെ (അതെന്തിനാ!!).... ഈ എന്റെ അമ്മച്ചി ഈ തങ്കച്ചന് ഞങ്ങട മുറ്റത്ത് കുഴിയില്‍ വച്ചേക്കുന്ന ചേമ്പിലേല് എന്തോരം കഞ്ഞീം, പുഴുക്കുമാ കൊടുത്തെക്കുന്നതെന്നു അറിയാവോ. എന്റെ പാറേ മാതാവേ... അവരൊക്കെ ഇപ്പൊ വലിയ നിലയിലായില്ല്യോ!
ഇത് കേള്‍ക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ കരുതും... ഹോ! രാജുവിനെ പോലത്തെ അധ:കൃത സുഹൃത് വലയത്തില്‍ നിന്നും, എന്നെ കര കയറ്റി ഇതുപോലുള്ള മഹാന്മാരുടെ ചങ്ങാതിവലയത്തില്‍ എത്തിച്ച ദൈവത്തിനു സ്തോത്രം! ഹലേലൂയ!! പക്ഷേങ്കില് കുറച്ചു കഴിഞ്ഞു എനിക്കോര്‍മ്മ വന്നു.... അല്ലേ.... ഈ അച്ചായന്റെ അപ്പന് പണ്ട് മണര്‍കാട് പാപ്പന്റെ തോട്ടത്തില്‍ പണിക്ക് പോയ്ക്കൊണ്ടിരുന്നത് ഞാന്‍ കണ്ടിട്ടുള്ളതാ. ഹല്ലാ പിന്നെ.... എന്നോടാ വര്‍ത്തമാനം! ഞാന്‍ ആരാ മോന്!!
ഇനി കേരളത്തിന്റെ ഏറ്റവും വടക്കുള്ള ജില്ലകളില്‍ നിന്നുള്ളവരുടെ കൂട്ടായ്മകള്‍! അവരുടെ പ്രസ്താവനകളും, ചര്‍ച്ചകളും കേട്ടാല്‍ അവര്‍ കേരളത്തിനോ, ഇന്ത്യക്ക് പുറത്തോ തന്നെയുള്ള മറ്റൊരു രാജ്യത്തുള്ളവര്‍ ആണെന്ന് തോന്നും. അവര്‍ക്ക് അവരുടെതായ ബാങ്കിംഗ് സംവിധാനങ്ങളും നിയമവ്യവസ്ഥകളും ഉണ്ട്. നമ്മോട് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ ഇപ്രകാരമാണ്. "ങ്ങടെ സര്‍ക്കാര്‍ ശരിയല്ലപ്പാ". എന്റെ ഗവണ്മെന്റ് ശരിയല്ല എന്നാണു പുള്ളി പറഞ്ഞത്. അപ്പൊ അവരുടെ ഗവണ്മെന്റ് ഏതാ? പിന്നെ വളരെ ആകര്‍ഷണീയതയുള്ള സംസാരരീതിയാണ് ഇക്കൂട്ടരുടെ. തെക്കോട്ട് ഉള്ളവര്‍ക്ക് മനസ്സിലാവാന്‍ കുറച്ചു പ്രയാസം വരും. ഉദാഹരണത്തിന് ഒരിക്കല്‍ ഞാന്‍ കേട്ടതാ. ഒരു ബസ്സ് വന്നു നില്ക്കുന്നു. അതില്‍ നിന്നും മുതിര്‍ന്ന ഒരു സ്ത്രീ ഇറങ്ങി. എന്നിട്ട് പുറകെ ഇറങ്ങുന്ന കൊച്ചു മകളോട് പറയുന്നു. "ബേം ബേം കീ കീ ബൂം ബൂം......" വല്ലോം മനസ്സിലായാ? "വേഗം വേഗം ഇറങ്ങു അല്ലെങ്കില്‍ വീഴും" എന്നാണു പറഞ്ഞത്. ഇത് ഞാന്‍ ഒരു വിവര്‍ത്തകന്റെ സഹായത്തോടുകൂടി മനസ്സിലാക്കി.
ഇനി തിരുവനന്തപുരം, വര്‍ക്കല, കൊല്ലം വരെയുള്ളവരുടെ കൂട്ടായ്മകള്‍ ആണെങ്കില്‍ കുറച്ചുകൂടി വ്യത്യസ്തമാണ് ആണ്. പരിപാടികള്‍ തുടങ്ങുന്ന സമയത്ത് വളരെ കണ്ട്രോള് ചെയ്തായിരിക്കും മാന്യദേഹങ്ങള്‍ സംസാരിക്കുന്നത്. കാരണം അവര്‍ ചിന്തിക്കുന്നത്, തിരോന്തരം 'ബാഷ' വെറും അയ്യം ആണെന്നും, അവര്‍ക്ക് വടക്കോട്ട് കൂട് കൂട്ടിയിരിക്കുന്നവര് നല്ല പൊളപ്പന്‍ ബാഷ ആണ് പുറപ്പെടുവിക്കുന്നതും എന്നാണ്. തുടക്കത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബവും, കവടിയാര്‍/ശ്രീ പത്മനാഭ കൊട്ടാരവും, കുതിരമാളികയും ഇതൊക്കെയുമായുള്ള തങ്ങളുടെ വളരെ അടുത്ത ബന്ധവും ഒക്കെ ആയിരിക്കും വിഷയം. ഇത് പറയുന്നത് കേട്ടാല്‍ ശ്രീ മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ അടുത്തൂണ്‍ പറ്റിയിരുന്നവനാണ് തന്റെ അപ്പൂപ്പന് എന്ന് പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നും. ഇവിടെ ഗള്‍ഫില്‍ വന്നു നാല് ചക്രം ഉണ്ടാക്കി കഴിഞ്ഞാല്‍ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്‍പ്പിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ തോളോട് തോള് ചേര്‍ന്ന് നിന്നത് തന്റെ അപ്പൂപ്പന് ആണെന്ന് വരെ ചിലര്‍ പറഞ്ഞുകളയും.
മീറ്റിങ്ങും കലാപരിപാടിയും ഒക്കെ തുടങ്ങി ഒരു നാലെണ്ണം വിട്ടുകഴിഞ്ഞാല്‍ ഇവരുടെ തനി സ്വഭാവം ഇങ്ങു വരും. ഹാളില്‍ ബഹളം വയ്ക്കുന്ന മക്കളോട് ഒരു അലര്‍ച്ച... "ഡേയ്, കന്നം തിരിവുകള്‍ കാണിക്കാതടെയ്, അടിച്ച് മൂക്കാമണ്ട തിരിക്കും കേട്ടാ....". അടുത്തിരിക്കുന്ന വിദേശികള്‍ (തിരോന്തരത്തിനു ഒരു 70 കിലോമീറ്റര്‍ വടക്കോട്ട് വസിക്കുന്നവര്‍) ആരെങ്കിലും ചോദിക്കും. "തിരോന്തരം ബാഷ വന്നല്യെ"? മറുപടി.... "ഓ.... തന്ന തന്ന...".
പ്രവാസി മലയാളികളില്‍ ഏറ്റവും സഹതാപം അര്‍ഹിക്കുന്നത് ഹിന്ദുക്കള്‍ ആണെന്ന് തോന്നുന്നു. ഇവര്‍ക്ക് ഒത്തുകൂടാന്‍ പ്രത്യേകിച്ച് വേദി ഒന്നുമില്ല. അമേരിക്കയില്‍ പോലും, ക്ഷേത്രങ്ങള്‍ ഉത്തരേന്ത്യന്‍ ലോബിയുടെ കൈകളില്‍ ആണ്. ക്രിസ്ത്യാനികള്‍ പള്ളികളില്‍ കൂടും. ഇന്ത്യയില്‍ രാം ദേവിനെ പോലുള്ള ശുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ ഒന്ന് അണിചേരാം എന്ന് വച്ചാല്‍ ആ മാഡം സമ്മതിക്കില്ല. യു.എ.ഇ.യിലെ ദുബായില്‍ അമ്പലം ഉണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് ഇങ്ങിനെ സംഘടിക്കുവാന്‍ ഉള്ള സാഹചര്യം തീരെ ഇല്ലെന്നു വേണം കരുതാന്‍. അതുകൊണ്ട് ഇവര്‍ ഇത്തരം പൈതൃക/പാരമ്പര്യ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കേട്ടിട്ടില്ല. എന്നാലും, ഓണത്തിനും വിഷുവിനും മേല്‍പ്പറഞ്ഞ പ്രാദേശിക അസോസിയേഷനുകള്‍ അവരുടെ തുണയ്ക്ക് എത്തുന്നു.
ഈയിടെ ഏതോ ഒരു കരക്കാരുടെ "പൈതൃക/പാരമ്പര്യ സംരക്ഷണ" വിഷയത്തില്‍ ഇവിടുള്ള ഒരു പള്ളിയില്‍ ഒരു കൂട്ടായ്മ നടന്നു. മക്കളെ വളര്‍ത്തുന്നതില്‍, വസ്ത്രം ധരിക്കുന്നതില്‍, സംസാരിക്കുന്നതില്‍ എന്ന് വേണ്ട, സകല സംഭവങ്ങളെക്കുറിച്ചും വികാരഭരിതനായി ഒരു മാന്യദേഹം സംസാരിച്ചു. ഒരേ നാട്ടില്‍ നിന്നും വന്നതാണെങ്കിലും മറ്റു സഭയില്‍ ഉള്ള (ഒരേ പള്ളിയില്‍ ആണെങ്കില്‍ പോലും) കുട്ടികളുമായി ഇടപഴകുമ്പോള്‍ പുള്ളിക്കാരന്റെ കുട്ടികളുടെ ജന്മസിദ്ധമായി പകര്‍ന്നു കിട്ടിയ പൈതൃക/സാംസ്കാരിക/പാരമ്പര്യ സമ്പത്ത് നഷ്ടപ്പെട്ടു പോകുന്നത്രേ! ആ പരിപാടിക്കിടയില്‍ മാര്‍ഗ്ഗം കളി എന്ന നൃത്തം അവതരിപ്പിക്കുന്നതിനു മുന്നോടിയായി ചട്ടയും മുണ്ടും കേരളത്തിലെ ക്രിസ്ത്യാനിപെണ്ണുങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു വേഷവിധാനം ആണെന്ന് ഒരു മാന്യന് വച്ചു കാച്ചി. ദയവു ചെയ്തു നിങ്ങളുടെ മണ്ടത്തരങ്ങള്‍ മൈക്കിലൂടെ എങ്കിലും പറയാതിരിക്കൂ. ക്രിസ്തുവിനു മുന്‍പ് തന്നെ, ബുദ്ധമതത്തിനു പ്രചാരം ഏറെയുണ്ടായിരുന്ന പ്രസ്തുത മേഘലകളില്‍, ബുദ്ധഭിക്ഷുണികളുടെ വേഷമായിരുന്നു ഈ ചട്ടയും മുണ്ടും. ബുദ്ധമതത്തിനു കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുള്ള ശ്രീലങ്ക, ബര്‍മ്മ, ചൈന, ഇന്തോനേഷ്യ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ ഒക്കെ എടുത്തു നോക്കിയാല്‍ സ്ത്രീകളുടെ പാരമ്പര്യ വസ്ത്ര രീതി കുറച്ചു നിറമാറ്റങ്ങള് ഉണ്ടെങ്കില്‍ പോലും ഇതുതന്നെയാണ്. ജപ്പാനിലെ കിമോണ ഉള്‍പ്പെടെ.
പൈതൃക/സംസ്കാര പാരമ്പര്യം കൂടെ കൊണ്ട് നടക്കുന്ന ചില പെണ്ണുങ്ങളുടെ കാര്യം ഒന്ന് സൂചിപ്പിക്കട്ടെ. "കാച്ചിയ എണ്ണയുടെ മണം", "പിച്ചിപ്പൂവിന്റെ ഗന്ധം" എന്നൊക്കെ പണ്ട് കവികള്‍ പാടിയിട്ടുണ്ട്. ഈ "കാച്ചിയ എണ്ണയുടെ മണം" എന്ത് മണം ആണെന്ന് എനിക്ക് ഇതുവരെയും പിടി കിട്ടിയിട്ടില്ല. ഒരു പാട്ട് കേട്ടിട്ടില്ലേ?
"കാച്ചെണ്ണ തേച്ച നിന് കാര്‍ക്കൂന്തളത്തിന്റെ..
കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം... ഉന്മാദം..
ഉം. ഹൂം... ഉം. ഹൂം... (ഇതാണോ ഉന്മാദത്തിന്റെ സൌണ്ട്?)
ഈ "ഉന്മാദം" മലയാളി ആണുങ്ങള്‍ക്ക് മാത്രമേ ഉള്ളൂ.. ചില തരുണീമണികള്‍ ഈ കാച്ചിയ എണ്ണയും തേച്ചുകുളിച്ച്(ഷാംപൂ തേയ്ക്കാതെ) , മുല്ലപ്പൂവും, പിച്ചിപ്പൂവും ഒക്കെ ചൂടി മേല്‍പ്പറഞ്ഞ കൂട്ടായ്മകള്‍ക്ക് എത്തിച്ചേരാറുണ്ട്. രാവിലെ വരുമ്പോള്‍ നല്ല കിടിലം ആണ്. സത്യം പറഞ്ഞാല്‍, ഏകദേശം ഉച്ചയൂണ് ഒക്കെ കഴിഞ്ഞു ഈ വനിതകള്‍ അടുത്തുകൂടി പോയാല്‍ ഒരുതരം അവിഞ്ഞ മണം ആണെന്ന് പറയുന്നതില്‍ ഖേദമുണ്ട്. ഈ എണ്ണയും, വാടിയ മുല്ലപ്പൂവും, ഊണ് സംഘടിപ്പിക്കാന്‍ ഓടിനടന്ന് ഉണ്ടായ വിയര്‍പ്പും ഒക്കെ ചേര്‍ന്ന് ഒരു പ്രത്യേക ഗന്ധം. അതും കൊണ്ട് മുഴുവന്‍ ശീതീകരിച്ച ഹാളില്‍ നമ്മുടെ തൊട്ടുമുന്നില്‍ വന്നിരിക്കുമ്പോള്‍ ഓക്കാനിക്കണോ, ചാടി പുറത്തിറങ്ങണോ എന്ന് കണ്ഫ്യൂഷന്! മറ്റൊരു സത്യം... ഇങ്ങിനെ എണ്ണയും തേച്ചു നടക്കുന്ന മലയാളികള്‍ക്ക് മറ്റുള്ളവര്‍ ഇട്ടിരിക്കുന്ന ഒരു പേരുണ്ട്.. "ഓയില്‍ മങ്കി"!
പിന്നെ വീട്ടില്‍ ഇരിക്കുന്ന മുഴുവന്‍ സ്വര്‍ണ്ണവും എടുത്തണിയും. "താലി വിറ്റും സ്വര്‍ണ്ണം വാങ്ങുക" എന്നൊരു തത്വം ആണ് ചില പെണ്ണുങ്ങള്‍ക്ക്. പുതിയൊരു ഫാഷന്‍ കണ്ടാല്‍ വീട്ടില്‍ ഇരിക്കുന്നതൊക്കെ പെറുക്കി വില്‍ക്കും, എന്നിട്ട് പുതിയത് വാങ്ങും. മേല്‍പ്പറഞ്ഞ കൂട്ടായ്മകളില്‍ ഇതുപോലെ സര്‍വാഭരണ വിഭൂഷിതരായ പെണ്ണുമ്പിള്ളമാരെയും കൊണ്ട് ഭര്ത്താക്കന്മാര് വരും. ആറാട്ടിനു നെറ്റിപ്പട്ടവും, വെഞ്ചാമരവും കെട്ടി ആനയെ പാപ്പാന് എഴുന്നള്ളിക്കുന്നതുപോലെ. അല്ലെങ്കില്‍ സ്വര്‍ണ്ണാഭരണശാലയിലെ പരസ്യ മോഡലിനെ പോലെ. നമ്മുടെ സംസ്കാരത്തിലും, പൈതൃകത്തിലും പെണ്ണുങ്ങളായാല്‍ നിറയെ ആഭരണം അണിയണമത്രേ! ഹോ.. ഇങ്ങിനെയും ഒരു സംസ്കാരമോ! നല്ല വിലകൂടിയ പട്ടു സാരികള്‍ ഒക്കെ ഉടുത്താണ് വരുന്നത്. ഈ വക വേഷങ്ങള്‍ ധരിച്ചു ഇവരൊക്കെ എങ്ങിനെയാണ് ഇത്രയും സമയം ഇരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. അസ്വസ്ഥത തോന്നില്ലേ? ഓ. സംസ്കാരം ആണല്ലോ. കാലവും, സാഹചര്യവും മാറുമ്പോള്‍ കോലത്തിലും കുറച്ചു മാറ്റം വരുത്താം. ആഫിക്കക്കാര്‍ പോലും, കാലാവസ്ഥയ്ക്കും, സാഹചര്യങ്ങള്‍ക്കും അനുസരിച്ചു വേഷം മാറാന്‍ ശ്രദ്ധിക്കാറുണ്ട്.
പിന്നെ, പുരുഷന്മാര് ഇവിടൊക്കെ വരുന്നത് മിക്കവാറും വെള്ള മുണ്ട്, വെള്ള ജുബ്ബാ അല്ലെങ്കില്‍ ഖദര്‍ ഉടുപ്പ്, അതിന്റെ പോക്കറ്റില്‍ ഒരു പേഴ്സ്, വെള്ള ബനിയന്, വെള്ള അണ്ടര്‍വെയര്‍ (അല്ലെങ്കില്‍ പെട്ടെന്ന് അറിയും), സ്ട്രാപ്പുള്ള വാച്ച്, ഊണിനു നേരം ആവുമ്പോള്‍ തലയില്‍ ഒരു തോര്‍ത്ത് കെട്ടും, സദ്യ വിളമ്പാന്‍. കാറിലൊക്കെ വരുകയാണെങ്കില്‍ മാത്രം ഈ വക വേഷങ്ങള്‍ ധരിക്കാം. അല്ലാതെ ഈ വേഷവും കെട്ടി പുറത്തിറങ്ങിയാല്‍, ഗള്‍ഫില്‍ ആണെങ്കില്‍ വട്ടന്‍ ആണെന്ന് കരുതി പോലീസ് പൊക്കും. വിളമ്പാന്‍ ഓടി നടക്കുന്നതിനിടയില്‍ നമ്മെ കാണുമ്പോള്‍ ഉരുവിടുന്ന ചില ഡയലോഗുകള്‍ ഉണ്ട്. ഹല്ലോ, നിങ്ങളുടെ നാട്ടുകാരന് അപ്പുറത്ത് ഇരിപ്പുണ്ട്. നിങ്ങളുടെ നാട്ടില്‍ ഊണ് ഇങ്ങിനെയാണോ? ഞങ്ങളുടെ നാട്ടിലെ സദ്യ കണ്ടോ... ഇലയുടെ മുകളില്‍ ഒരു തേങ്ങ ഇതുപോലെ വയ്ക്കും . ഇതൊക്കെ പറയുന്നത് കേട്ടാല്‍ ഞാനേതോ അന്റാര്‍ട്ടിക്കയില്‍ നിന്നും വന്ന ആരോ ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും.
___________________________________________________________
ഊഹാപോഹങ്ങളും, കെട്ടുകഥകളും, കേട്ടുകേള്‍വികളും, ഒക്കെ ഊടും പാവും നെയ്തെടുത്ത ഒരു സംസ്കാരവും, ചരിത്രവും, പാരമ്പര്യവും മാത്രമേ കേരളത്തിനുള്ളൂ എന്ന് ശാസ്ത്രവും, ചരിത്രവും അനേക തവണ തെളിയിച്ചു കഴിഞ്ഞു. എന്നാലും, ഇരുന്ന ആനപ്പുറത്ത് നിന്നും താഴെ ഇറങ്ങാന്‍ ഒരു മടി അതാണ് മലയാളിയുടെ ഏച്ചുകെട്ടിയ പാരമ്പര്യ വാദങ്ങള്‍. ഓരോ പ്രദേശത്തിനും അവരുടെതായ സംസാര രീതികളും, പാചകരീതികളും, ആതിഥേയത്വ മര്യാദയും ഒക്കെ കാണും. അതിനു അതിന്റെ വിലയും, ആദരവും കൊടുക്കുക, അതിനെ മാനിക്കുക. അല്ലാത്തെ അതിനെ പുച്ഛത്തോടെ കാണുകയും, തന്റെ കീഴ്വഴക്കങ്ങളെയും, ഭാഷാരീതിയെയും, ആഹാരരീതികളെയും സ്വയം ശ്ലാഘിക്കുകയും, പാടിപ്പുകഴ്ത്തുകയും ചെയ്യുന്നത് ഭോഷത്തരമാണ്, ഇടുങ്ങിയ കാഴ്ചപ്പാടാണ്, അപക്വമായ മാനസിക പ്രവണതയാണ്. മലയാളികള്‍ തമ്മില്‍ തമ്മില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം സ്വയം മറന്നുപോകുന്നു. ലോകത്തിന്റെ ഏതു കോണിലേയ്ക്കും ചേക്കേറിയിരിക്കുന്ന ഒരു വര്‍ഗ്ഗമാണല്ലോ മലയാളികള്‍. മറ്റുള്ളവരുടെ മുന്നില്‍ മറ്റേതു വിഭാഗത്തെക്കാളും, എപ്പോഴും അവജ്ഞയ്ക്കും, അവഹേളനത്തിനും പാത്രമാകുന്നതും മലയാളികള്‍ തന്നെയാണ്. ഗള്‍ഫ് മേഘലയില്‍ ആണെങ്കില്‍ 'മലബാറി' എന്ന പേരിലും, മറ്റു വിദേശരാജ്യങ്ങളില്‍ മല്ലു എന്ന പേരിലും, ഉത്തരേന്ത്യയില്‍ 'മദ്രാസി' എന്ന പേരിലും. അതിനു കാരണം മറ്റൊന്നുമല്ല. സ്വയം നന്നാവാന്‍, പുരോഗമിക്കാന്‍ മറന്നുപോകുന്നു. കിണറ്റില്‍ കിടക്കുന്ന തവളകളുടെ ചിന്താഗതിയില്‍ ജീവിക്കുന്നു. പാരമ്പര്യവും, സംസ്കാരവും അന്വേഷിക്കാനും, അത് സ്ഥാപിക്കാനും മെനെക്കെടാതെ പുരോഗതിയിലേക്ക് മറ്റ് ജനവിഭാഗങ്ങള്‍ കുതിക്കുമ്പോള്‍, നാം മാത്രം ഇതിലൊക്കെ എന്തോ വലിയ കാര്യം ഉണ്ടെന്നു കരുതി മറ്റുള്ളവരുടെ അവജ്ഞക്ക് പാത്രമാകുന്നു.
ഈയിടെ, ആംഗ്ലോ ഇന്ത്യാക്കാരെ കുറച്ചു മോശമായി ചിത്രീകരിക്കുന്ന ഒരു ലേഘനം വായിക്കുവാന്‍ ഇടയായി. ഇംഗ്ലീഷുകാര്‍ വിട്ടിട്ട് പോയ ഒരു പരമ്പര ആണത്രേ. അങ്ങിനെയെങ്കില്‍, അതിനും മുന്‍പ് കച്ചവടത്തിന് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക്, പേര്‍ഷ്യയില്‍ നിന്നും ഇതര ദേശങ്ങളില്‍ നിന്നും കച്ചവടത്തിനായി വന്നു വിത്തുകള്‍ വിതച്ചു പോയവരുടെ സന്തതി പരമ്പരകളെ എന്ത് വിളിക്കണം? അവര്‍ കച്ചവടത്തിന് വന്നപ്പോള്‍ ഫാമിലിയേയും കൊണ്ടല്ലല്ലോ ഇങ്ങോട്ട് വന്നത്! അതുകൊണ്ട്, സ്വയം മുകളിലേയ്ക്ക് തുപ്പുന്ന ഈ പ്രവണത അവസാനിപ്പിക്കാം. അല്ലെ?
ജസ്റ്റിന് പെരേര
ഷാര്‍ജ