മലയാളികള്‍ വിദ്യാസമ്പന്നരാണ്, സംസ്കാരസമ്പന്നരാണ്, ഭയങ്കര ബുദ്ധി ഉള്ളവരാണ്, പുരോഗമന ചിന്താഗതിക്കാരാണ് എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നു. ആണോ? ആവോ... എനിക്കറിയില്ല!!
മനുഷ്യര്‍ മൊബൈല്‍ ഫോണുകള്‍ പോക്കറ്റില്‍ ഇട്ടു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാനങ്ങളില്‍ കേള്‍ക്കുന്ന ഒരു മുന്നറിയിപ്പുണ്ട്. വിമാനം പുറപ്പെടുന്ന സമയത്തും, ലാന്‍ഡ് ചെയ്യുന്ന സമയത്തും കൂടാതെ, യാത്രയിലുടനീളം തന്നെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് മുതലായവ ഓഫ് ചെയ്യണം എന്ന ഒരു മുന്നറിയിപ്പ്. കൂടെ സീറ്റ്ബെല്‍റ്റ് ധരിക്കുവാനുള്ള മുന്നറിയിപ്പ്. വിമാനം റണ്‍വേയില്‍ ചലിക്കുമ്പോള്‍ മുകളില്‍ ബാഗുകള്‍ വയ്ക്കുന്ന അറകള്‍ (overhead lockers) തുറക്കരുത് എന്ന മുന്നറിയിപ്പ്. എത്രയോ അപകടങ്ങള്‍ ഉണ്ടായി. എത്രയോ ബോധവത്കരണങ്ങള്‍ ഉണ്ടായി. ടി.വി.യിലും, റേഡിയോയിലും, പത്രങ്ങളിലും, കമ്പ്യൂട്ടര്‍ മാധ്യമങ്ങളിലും ഒക്കെ അപകടകാരണങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ചകളും, സംവാദങ്ങളും നടക്കുന്നു. എന്നിട്ടുമെന്തേ ഈ മലയാളിക്കു മാത്രം ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ ഒരു വൈമുഖ്യം? എല്ലാത്തിനോടും ഒരു നിഷേധഭാവം? മറ്റുള്ളവരുടെ അവജ്ഞയും, വെറുപ്പും ആവോളം നേടിയാല്‍ മാത്രമേ മലയാളി മലയാളിയാവൂ എന്നാണോ? ഇതിപ്പോള്‍ എഴുതിയ എന്നെക്കുറിച്ച് ചില മലയാളികളുടെ മനസ്സില്‍ വരുന്ന ഒരു കാഴ്ചപ്പാട് എനിക്കൂഹിക്കാം... "ഓ... കുറെനാള്‍ ഗള്‍ഫില്‍ കിടന്ന് ചുമടെടുത്ത് കുറെ അറബികളുടെ കൂടെ ജീവിച്ചപ്പോള്‍ അവന് വലിയ കോപ്പിലെ ആളായീന്നാ അവന്റെ വിചാരം.. ഫൂ...". കരുതിക്കോളൂ. ഒരു കുഴപ്പവുമില്ല. എന്നാലും പറയേണ്ടത് പറയാതിരിക്കാന്‍ വയ്യ.
ഗള്‍ഫില്‍നിന്നും കേരളത്തിലേയ്ക്കും തിരിച്ചും പലതവണ യാത്രചെയ്തപ്പോള്‍ ശ്രദ്ധിച്ച ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ചയിലെ യാത്ര തന്നെ. കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തില്‍ എന്റെ ഇടതുവശത്ത്, നടവഴിക്ക് മറുവശം കാഴ്ചയില്‍ മാന്യനാണെന്ന് തോന്നിക്കുന്ന ഒരാള്‍ ഇരിക്കുന്നു. വിമാനത്തിന്റെ പൈലറ്റ് മുതല്‍ സഹയാത്രികര്‍ വരെ എന്റെ മുന്നില്‍ വെറും നിസ്സാരജീവികള്‍ എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഇരിപ്പും ഭാവവും പെരുമാറ്റവും. എയര്‍ഹോസ്റ്റസിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയ്ക്കൊടുവില്‍ ഒരു തരത്തില്‍ സീറ്റ്ബെല്‍റ്റ് ധരിച്ചു. വിമാനം ഉയര്‍ന്നുകഴിഞ്ഞ ഉടനടി അത് ഊരി പൃഷ്ടഭാഗത്തിന് കീഴില്‍ പ്രതിഷ്ടിച്ചു. അപ്പോഴും സീറ്റ്ബെല്‍റ്റ്ധരിക്കണം എന്നുള്ള ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്. ഈ ക്യാപ്റ്റന്‍ എന്തറിയാം? അയ്യാള് ഓഫ് ചെയ്യാന്‍ മറന്നുപോയതായിരിക്കും. ഞാന്‍ എന്തുമാത്രം ഇതുവഴി യാത്ര ചെയ്തിരിക്കുന്നു! കുറെ കഴിഞ്ഞു. എന്നിട്ട് വലതുകാല്‍ നടവഴിയിലേയ് എടുത്തുവച്ച് അതിനുമുകളില്‍ ഇടതുകാല് ഷൂസ് ധരിച്ചുകൊണ്ട് തന്നെ കയറ്റി വച്ചു. അതായത് നടവഴിയുടെ മുക്കാല്‍ ഭാഗവും കയ്യടിക്കിയാണ് വിദ്വാന്റെ ഇരിപ്പ്. ആരെങ്കിലും നടന്നു വരുന്നത് കണ്ടാല്‍ ദയതോന്നി കാല് മാറ്റിക്കൊടുക്കും എന്ന് കരുതി. എനിക്കു തെറ്റി. എയര്‍ ഹോസ്റ്റസ്സുമാരും, യാത്രക്കാരും അദ്ദേഹത്തിന്റെ കോപത്തിന് പാത്രമാകാതെ കഷ്ടപ്പെട്ട് ഒഴിഞ്ഞുമാറി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. തനിക്ക് ഒരു കൂസലുമില്ല. മുതിര്‍ന്ന സ്ത്രീകള്‍ കടന്നുപോകുമ്പോള്‍ പോലും അയ്യാള്‍ക്ക് ഒരു കുലുക്കവുമില്ല. കുറെ കഴിഞ്ഞപ്പോള്‍ അറബി വംശജനായ ഒരു വിമാനജീവനക്കാരന് അതുവഴി വന്നു. കൂസലില്ലാതെ ഇരിക്കുന്ന ഇങ്ങേരുടെ മുഖത്ത് കുറച്ചു നേരം തുറിച്ചുനോക്കി. എന്നിട്ട് തറപ്പിച്ച് കാര്‍ക്കശ്യത്തോടെ പറഞ്ഞു Excuse me, pull your leg please. അപ്പോള്‍ നമ്മുടെ കഥാനായകന് കുറച്ച് വിവരം വച്ചെന്ന് തോന്നുന്നു. അത് ചിലര്‍ക്ക് അങ്ങിനെയാ. വല്ലവന്റെയും വായില്‍നിന്നും വല്ലതും കേട്ടാലേ സമാധാനമാവൂ. എന്തായാലും അങ്ങേര് പതിയെ കാല് വലിച്ച്, ചിത്രത്തില്‍ കാണുന്നതുപോലെ ആസനത്തിന്റെ കീഴില്‍ കയറ്റി. എന്നിരുന്നാലും, അതുവഴി നടക്കുന്നവര്‍ അദ്ദേഹത്തിന്റെ കാല്‍ക്കീഴിലെ ഷൂസിന്റെ അടിഭാഗം തുടച്ചു വൃത്തിയാക്കി പോയാല്‍ മതി എന്ന രീതിയിലാണ് അങ്ങേരുടെ ഇരിപ്പ്. എന്റെ മുഖത്തിനു നേരെ ഷൂസിന്റെ അടിഭാഗം കാണിച്ച്, 'നീ കുറെ നേരമായി എന്നെ ശ്രദ്ധിക്കുന്നു. ഇത് നിനക്കിരിക്കട്ടെ' എന്ന് കരുതുന്നതും ആവാം. ഇതൊരുപക്ഷേ എന്റെ തൊട്ടടുത്ത വശത്ത് ഇരുന്നതുകൊണ്ട് ഞാന്‍ ശ്രദ്ധിച്ചതാവാം. ഇതിനേക്കാള്‍ ഭീകരമായ രീതിയില്‍ പെരുമാറുന്ന ആളുകളും കാണുമായിരിക്കാം.

ഇനി, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചു ഷാര്‍ജയിലേയ്ക്ക് വരുന്ന യാത്രയില്‍ കണ്ട കാഴ്ചകള്‍. എന്റെ പുറകില്‍ ഒരു സീറ്റിലിരിക്കുന്ന മാന്യന്, തലേദിവസം രാത്രി ബാറില്‍ വച്ചുണ്ടായ ഒരു തര്‍ക്കം മൊബൈല്‍ ഫോണിലൂടെ പറഞ്ഞു തീര്‍ക്കുന്നു. മറ്റുള്ളവര്‍ കേള്‍ക്കുന്നതൊന്നും പുള്ളിക്ക് വിഷയമേയല്ല. പറഞ്ഞ് പറഞ്ഞ് സംഗതി ചൂടായി. ഇതിനിടയില്‍ പലതവണ അനൌണ്സ്മെന്റ് വന്നു. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍. ഇയ്യാള്‍ക്ക് കേള്‍ക്കാനെവിടെ കാതുകള്‍. അതോ മനപ്പൂര്‍വ്വമോ!! അതെ മനപ്പൂര്‍വ്വം തന്നെ. എന്താണെന്നോ? വിമാനം നീങ്ങിത്തുടങ്ങി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ പുള്ളിക്കാരന് ഇയര്‍ഫോണ്‍ എടുത്തു ഫിറ്റ് ചെയ്ത് അതിലൂടെയാണ് സംസാരം. ബുദ്ധിമാന് തന്നെ. അപ്പോള്‍ എയര്‍ഹോസ്റ്റസ് ശ്രദ്ധിക്കില്ലല്ലോ. ടാക്സിവേയിലൂടെ നീങ്ങിയ വിമാനം ടേക്ക്ഓഫ് പൊസിഷനില്‍ എത്തി. അദ്ദേഹം ഫോണിലൂടെ തര്‍ക്കം തുടര്‍ന്നുകൊണ്ടിരുന്നു. സംസാരത്തിന്റെ വീര്യം (അതോ അകത്തുള്ളതിന്റെയോ?) കൂടിയതുകൊണ്ടാവാം എയര്‍ഹോസ്റ്റസ് ശ്രദ്ധിച്ചു. ഓടി വന്നു, സാര്‍ പ്ലീസ് അതൊന്ന് ഓഫ് ചെയ്യൂ എന്ന് അലറി. മാന്യന് അത് ഫുള്‍ ഓഫ് ചെയ്യുന്നതുവരെ അവര്‍ അവിടെ തന്നെ നിന്നു. അവര്‍ മനസ്സില്‍ കരുതിക്കാണും "ഈ മരങ്ങോടനാണോ God's Own Countryയില്‍ നിന്നും ഉത്ഭവിച്ചവന്‍!"

ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവും കൂടാതെ വിമാനം പറന്നുപൊങ്ങി. ഷാര്‍ജയില്‍ ലാന്‍ഡ് ചെയ്യാന്‍ വരുന്നത് ഒന്ന് ചുറ്റി കടലിനു മുകളിലൂടെ, അതായത് പടിഞ്ഞാറുനിന്നാണ്. രാത്രി ഒന്‍പതു മണിയായതിനാല്‍ ഷാര്‍ജ, അജ്മാന്, ദുബായ് നഗരങ്ങള്‍ ദീപപ്രഭയില്‍ മിന്നിത്തിളങ്ങുന്നു. എല്ലാവരും ആ കാഴ്ചകള്‍ ജനാലയിലൂടെ കാണുന്നു. പെട്ടെന്ന്, ഞാന്‍ ശ്രദ്ധിച്ചു. എന്റെ വലതുവശത്ത്, നടവഴിക്കപ്പുറം ഒരു ഭര്‍ത്താവും ഭാര്യയും, അവരുടെ രണ്ടു മൊബൈല്‍ ഫോണുകളും ഓണ്‍ ചെയ്ത് എന്തോ പരത്തുന്നു. ഒരാള്‍ക്ക് നമ്പര്‍ കിട്ടി. "ഹലോ... ഞങ്ങള്‍ ലാന്‍ഡ് ചെയ്യാണ് കേട്ടോ.... നമ്മുടെ ബില്‍ഡിംഗ് കാണാം." (ശോശാമ്മേ റെഡിയായിരുന്നോ, അച്ചായനിതാ എത്തിപ്പോയി എന്ന മട്ടില്‍!). ഞാന്‍ കയ്യുയര്‍ത്തി അവരോടു ആംഗ്യഭാഷയില്‍ 'എന്തരടേ ഇത്, വിവരംകെട്ട കൂതറകളേ?' എന്ന മട്ടില്‍ കാണിച്ചു. എന്തായാലും ഫോണ്‍വിളി നിര്‍ത്തി, പക്ഷേ എന്നിട്ടും ഓഫ് ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് റണ്‍വേയില്‍ എത്താന്‍ ഏകദേശം വെറും 10knotsന് താഴെ മാത്രം ദൂരം ഉള്ളപ്പോഴാണ് ഇത്തരം തെമ്മാടിത്തരം എന്ന് ഓര്‍ക്കുക. ഇവരോക്കെയാണോ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും എന്ന് അഭിമാനത്തോടെ പറയുന്നവര്‍? ഇവരാണോ സംസ്കാരസമ്പന്നര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍? ഇവരാണോ നൂറുശതമാനം സാക്ഷരത നേടി എന്ന് വീമ്പടിക്കുന്നവര്‍? അയ്യേ......

മൊബൈല്‍ഫോണ്‍ കാരണം ഏതെങ്കിലും വിമാനാപകടം ഉണ്ടായതായി വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും, പല അപകടങ്ങള്‍ക്കും ശേഷം, വിമാനത്തില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നെറ്റിക് സിഗ്നലുകളിലേയ്ക്ക് അപകടകാരണമായി സംശയത്തിന്റെ വിരല്‍ ചൂണ്ടപ്പെടുന്നുണ്ട്. 2003ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ഒരു വിമാനാപകടത്തിന് കാരണം, പൈലറ്റ് അപകടത്തിനു തൊട്ടുമുന്‍പായി തന്റെ വീട്ടുകാരുമായി മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതുമൂലം നാവിഗേഷന്‍ സംവിധാനത്തില്‍ ഉണ്ടായ പാകപ്പിഴകള്‍ ആവാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. (
ഇവിടെ നോക്കാം) 2012 വരെ മിക്കവാറും എല്ലാ വിമാനക്കമ്പനികളും വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്
നിരോധിച്ചിട്ടുണ്ട്. എന്നാല്‍, 2008 March മുതല്‍ യു.എ.യിലെ എമിറേറ്റ്സ് എയര്‍ലൈന്‍ In-flight GSM phones, EASA യുടെ (European Aviation Safety Agency) അംഗീകാരത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. അത് കണ്ടിട്ടാണോ, പിന്നെന്താ ഞങ്ങള്‍ക്കും ആവാം എന്ന രീതിയില്‍ ചില മലയാളികള്‍ പോക്കറ്റില്‍നിന്ന് സ്വന്തം മൊബൈല്‍ഫോണ്‍ എടുത്ത് പ്രസ്തുത വിവരക്കേടുകള്‍ കാണിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍, വിമാനത്തിലെ communication/navigation systems/signals-നെ പ്രതികൂലമായി ബാധിച്ചേയ്ക്കാം എന്ന് വൈമാനികവിദഗ്ധര്‍ തന്നെ പറയുമ്പോള്‍, "ഇതുവരെയും ഇതുകാരണം ആരും താഴെ പോയതായി തെളിവില്ലല്ലോ, ഇനി ഞങ്ങള്‍ ഒന്ന് താഴെ പോകുമോ എന്ന് നോക്കട്ടെ" എന്ന രീതിയില്‍ മലയാളികള്‍ പെരുമാറുന്നത് വിവരക്കേടിന്റെ അങ്ങേയറ്റം എന്ന് മാത്രമേ വിശേഷിപ്പിക്കുവാനാകൂ.
ഇനി അടുത്തത്. വിമാനത്തിന്റെ ടയര്‍ റണ്‍വേയില്‍ തൊടേണ്ട താമസം, ക്ലിക്ക്, ക്ലിക്ക്, ടക് ടക് ശബ്ദങ്ങള്‍ കേള്‍ക്കാം. സീറ്റ്ബെല്‍റ്റ് ഊരിയെറിയുന്നതാണ് സംഭവം! ഊരിയെറിയുക മാത്രമല്ല, എഴുന്നേറ്റ് overhead locker തുറക്കാനും തുടങ്ങുന്നു. പാവം വിമാനജോലിക്കാര്‍ പരിഭ്രാന്തരായി "അയ്യോ സാറേ അവിടിരി.... അവിടിരി... ചാവാന്‍ ഒരുങ്ങല്ലേ... മറ്റുള്ളവന്റെ തലമണ്ട പൊളിക്കല്ലേ..." എന്നൊക്കെ വിളിച്ചുകൂവി പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍! പ്രസ്തുതസംഭവങ്ങള്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പ്രവാസജീവിതം തുടങ്ങിയപ്പോള്‍ കണ്ട സംഭവങ്ങളല്ല, മറിച്ച്, ഇക്കഴിഞ്ഞ ദിവസം, അതായത് 01/10/2012-ല്‍ ഉണ്ടായ സംഭവങ്ങളാണ്. ഇത്, ഇപ്പോഴും, എല്ലാ ദിവസവും, കേരളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇത് ഇപ്പോള്‍ വിദ്യാഭാസപരമായി വളരെയധികം മുന്നേറി എന്ന് നാം തന്നെ അവകാശപ്പെടുന്ന ഒരു സംസ്ഥാനത്തില്‍ നിന്നും വരുന്നവര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളാണ്.

മുകളില്‍ പറഞ്ഞ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്ന വേളയില്‍, A320 പോലുള്ള ഫുള്‍ ലോഡ് ആയ ഒരു വിമാനം പറന്നിറങ്ങുമ്പോള്‍ അതിന്റെ വേഗത മണിക്കൂറില്‍ 140Miles/Hour എന്നാണ് എന്റെ അറിവ്. അതായത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനത്തിനുള്ളില്‍ യാത്ര ചെയ്യുന്നത് പോലെ. മണിക്കൂറില്‍ വെറും 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന നമ്മുടെ KSRTC ബസ്സില്‍, നിന്നു യാത്രചെയ്യുന്ന ആളുകള്‍, ഞാന്‍ ഉള്‍പ്പെടെ, വണ്ടി ഒരു വളവ് തിരിഞ്ഞാല്‍ തന്റെ വൃത്തികെട്ട പൃഷ്ടം ഇരുന്ന് യാത്ര ചെയ്യുന്ന മറ്റു യാത്രക്കാരുടെ മുഖത്തും, തോളിലും കൊണ്ട് സ്ഥാപിക്കുന്നത് വളരെ സാധാരണമാണെന്ന് ഓര്‍ക്കുക. അപ്പോള്‍ അത്രയും പോലും കണ്ട്രോള് ഇല്ലാത്തവര്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിമാനം ഒരു അടിയന്തിരഘട്ടത്തില്‍ ബ്രേക്ക് ഇടുന്നത് പോയിട്ട്, ഒന്ന് ചാഞ്ചാടിയാല്‍ എന്ത് സംഭവിക്കും എന്ന് ഊഹിക്കാനേയുള്ളൂ. ഓ... എന്ത് ഊഹിക്കാന്‍, ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു അല്ലേ? ഹല്ലാ പിന്നെ...

ഇതൊക്കെ കഴിഞ്ഞ്, കയ്യിലെടുത്ത ലഗേജുമായി നില്ക്കുന്ന നില്‍പ്പാണ് ദയനീയം. വിമാനം ടാക്സിവേയിലേയ്ക്ക് കടക്കുന്ന വേളയില്‍ തന്നെ. ബാഗൊക്കെ തൂക്കി, സീറ്റിനും മുകളിലത്തെ ലോക്കറിനും ഇടയില്‍ വളഞ്ഞ് "S" ഷേപ്പില്‍ (കേരളാ പോലീസിനോട് കടപ്പാട്) ഒരു നില്‍പ്പുണ്ട്. അപ്പോഴും, സീറ്റ്ബെല്‍റ്റ് അഴിക്കാതെയും, സീറ്റില്‍ നിന്നും എഴുന്നെല്‍ക്കാതെയും ഇരിക്കുന്നവരെ നോക്കി, ഒരു ചെറുപുഞ്ചിരിയോടെ 'എടെയ് നിനക്കൊക്കെ ഇവിടെയല്ലേ ഇറങ്ങണ്ടത്? അതോ അടുത്ത സ്റ്റോപ്പിലോ? അടുത്ത സ്റ്റോപ്പ് ഇനി അടുത്തൊന്നും ഇല്ലഡേയ്?' എന്ന ചോദ്യം മനസ്സില്‍ ചോദിച്ച് പുച്ഛഭാവത്തില്‍ നമ്മെ നോക്കിനില്ക്കും. ഇതിനിടയില്‍, ഹോ.. ഈ വിവരം കെട്ടതിനോടൊക്കെ അലച്ചു മടുത്തു, എന്ന രീതിയില്‍ തോറ്റ മുഖഭാവത്തോടെ വിമാനജോലിക്കാര്‍ ഇളിഭ്യരായി നില്‍ക്കുന്നത് കാണാം. ഈ "S" ഷേപ്പിലേ നില്‍പ്പ് അടുത്ത ഒരു പതിനഞ്ചു മിനിറ്റ് തുടരും. അതായത്, വിമാനം ടാക്സിവേയിലൂടെ നീങ്ങി, പാര്‍ക്കിംഗ് ബേയില്‍ എത്തി, എയര്‍ ബ്രിഡ്ജ്/ഗോവണി വന്നുചേര്‍ന്നു വിമാന വാതില്‍ തുറക്കുന്നത് വരെ, ഈ നില്‍പ്പ് തുടരും. പാവങ്ങള്‍.. എന്തോരം കഷ്ടപ്പെട്ടാ ഗള്‍ഫില്‍ എത്തുന്നതും, നാട്ടില്‍ തിരിച്ചെത്തുന്നതുമെന്ന് നാട്ടിലിരിക്കുന്നവര്‍ക്ക് വല്ലതും അറിയാമോ!! ഇവരെന്തിനാ ഇത്രയും കഷ്ടപ്പെട്ട് ഇങ്ങിനെ നില്‍ക്കുന്നതെന്ന് എനിക്കോ സഹായാത്രികരില്‍ ഒരു വിഭാഗത്തിനോ, വിമാനജോലിക്കാര്‍ക്കോ ഇതുവരെ മനസ്സിലായിട്ടില്ല. ഇങ്ങിനെ വെപ്രാളം പിടിച്ചു ഇറങ്ങിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ഈ നില്‍പ്പ് നില്‍ക്കുന്നവര്‍ക്കും അറിയാമോ എന്നെനിക്കറിയില്ല.
മേല്‍പ്പറഞ്ഞ വസ്തുതകള്‍ ഏതൊരു പ്രവാസിയും അനുഭവിച്ച്, നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഇതൊന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുവാനുള്ള കുറിപ്പല്ല. പല്ലിട കുത്തി നാറ്റിക്കുവാനുള്ള ഒരു ശ്രമവും അല്ല. അങ്ങിനെയാണെങ്കില്‍ ഞാന്‍ ഇത് മലയാളത്തില്‍ എഴുതേണ്ടിയിരുന്നില്ല. ഇത്തരം പ്രവര്‍ത്തികള്‍ കാട്ടുന്നവര്‍ വിദ്യാഭ്യാസപരമായി പിന്നിലുള്ള ഒരു വിഭാഗം മാത്രമാണ് എന്നെനിക്ക് തോന്നിയിട്ടില്ല. പലരും, ഉന്നത ഉദ്യോഗങ്ങളില്‍ ജോലി ചെയ്യുന്നവരും, ബിസിനസ് ഒക്കെ നടത്തി നല്ല നിലയില്‍ കഴിയുന്നവരും, നാട്ടിലും പ്രവാസലോകത്തിലും സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ കഴിയുന്നവരും കൂടിയുള്ളതാണ്. കുറച്ചുപേരെ നേരിട്ട് കണ്ടിട്ടുമുണ്ട്. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഭൂരിഭാഗവും പിഴിഞ്ഞെടുത്ത് അതില്‍നിന്നും ഡോളറുകള്‍ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമാര്‍ക്ക് "ടിപ്സ്" ആയി കൊടുത്ത് മാസത്തില്‍ രണ്ടും മൂന്നും തവണ യാത്രചെയ്യുന്നവരേയും എന്റെ വിമാനയാത്രകള്‍ക്കിടയില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
ഇതൊക്കെ അറിവില്ലായ്മ കൊണ്ടാണെന്ന അഭിപ്രായം എനിക്കില്ല. മറിച്ച്, ഇതൊരു മാനസിക പ്രശ്നമാണ്. മറ്റുള്ളവരുടെയും, തന്റെയും സുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയില്‍ മേല്‍പ്പറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടം? ലോകം മുഴുവന്‍ അംഗീകരിക്കുന്ന പെരുമാറ്റച്ചട്ടങ്ങളെ ധിക്കരിക്കുന്നതിലൂടെ മറ്റുള്ളവരുടെ അവജ്ഞയും, വെറുപ്പും, അവഹേളനവും നേടിയിട്ട്, അല്ലെങ്കില്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ജനവിഭാഗത്തിന് മുഴുവന്‍ നേടിക്കൊടുത്തിട്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടം?
നിങ്ങള്‍ ഇതേക്കുറിച്ച് ബോധവാനാണെങ്കില്‍ മറ്റുള്ളവരെയും ബോധവാന്മാരാക്കുക.
നന്ദി
ജസ്റ്റിന് പെരേര
ഷാര്‍ജ.