Wednesday, October 3, 2012

ശോശാമ്മേ റെഡിയായിരുന്നോ, അച്ചായനിതാ എത്തിപ്പോയി

മലയാളികള്‍ വിദ്യാസമ്പന്നരാണ്, സംസ്കാരസമ്പന്നരാണ്, ഭയങ്കര ബുദ്ധി ഉള്ളവരാണ്, പുരോഗമന ചിന്താഗതിക്കാരാണ്  എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നു. ആണോ? ആവോ... എനിക്കറിയില്ല!!

മനുഷ്യര്‍ മൊബൈല്‍ ഫോണുകള്‍ പോക്കറ്റില്‍ ഇട്ടു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാനങ്ങളില്‍ കേള്‍ക്കുന്ന ഒരു മുന്നറിയിപ്പുണ്ട്. വിമാനം പുറപ്പെടുന്ന സമയത്തും, ലാന്‍ഡ്‌ ചെയ്യുന്ന സമയത്തും കൂടാതെ, യാത്രയിലുടനീളം തന്നെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ മുതലായവ ഓഫ്‌ ചെയ്യണം എന്ന ഒരു മുന്നറിയിപ്പ്. കൂടെ സീറ്റ്ബെല്‍റ്റ് ധരിക്കുവാനുള്ള മുന്നറിയിപ്പ്‌. വിമാനം റണ്‍വേയില്‍ ചലിക്കുമ്പോള്‍ മുകളില്‍ ബാഗുകള്‍ വയ്ക്കുന്ന അറകള്‍ (overhead lockers) തുറക്കരുത് എന്ന മുന്നറിയിപ്പ്‌. എത്രയോ അപകടങ്ങള്‍ ഉണ്ടായി. എത്രയോ ബോധവത്കരണങ്ങള്‍ ഉണ്ടായി. ടി.വി.യിലും, റേഡിയോയിലും, പത്രങ്ങളിലും, കമ്പ്യൂട്ടര്‍ മാധ്യമങ്ങളിലും ഒക്കെ അപകടകാരണങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ചകളും, സംവാദങ്ങളും നടക്കുന്നു. എന്നിട്ടുമെന്തേ ഈ മലയാളിക്കു മാത്രം ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ ഒരു വൈമുഖ്യം? എല്ലാത്തിനോടും ഒരു നിഷേധഭാവം? മറ്റുള്ളവരുടെ അവജ്ഞയും, വെറുപ്പും ആവോളം നേടിയാല്‍ മാത്രമേ മലയാളി മലയാളിയാവൂ എന്നാണോ? ഇതിപ്പോള്‍ എഴുതിയ എന്നെക്കുറിച്ച് ചില മലയാളികളുടെ മനസ്സില്‍ വരുന്ന ഒരു കാഴ്ചപ്പാട് എനിക്കൂഹിക്കാം... "ഓ... കുറെനാള്‍ ഗള്‍ഫില്‍ കിടന്ന് ചുമടെടുത്ത് കുറെ അറബികളുടെ  കൂടെ ജീവിച്ചപ്പോള്‍ അവന്‍ വലിയ കോപ്പിലെ ആളായീന്നാ അവന്‍റെ വിചാരം.. ഫൂ...". കരുതിക്കോളൂ. ഒരു കുഴപ്പവുമില്ല. എന്നാലും പറയേണ്ടത് പറയാതിരിക്കാന്‍ വയ്യ.

ഗള്‍ഫില്‍നിന്നും കേരളത്തിലേയ്ക്കും തിരിച്ചും പലതവണ യാത്രചെയ്തപ്പോള്‍ ശ്രദ്ധിച്ച ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ചയിലെ യാത്ര തന്നെ. കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തില്‍ എന്‍റെ ഇടതുവശത്ത്, നടവഴിക്ക്‌ മറുവശം കാഴ്ചയില്‍ മാന്യനാണെന്ന് തോന്നിക്കുന്ന ഒരാള്‍ ഇരിക്കുന്നു. വിമാനത്തിന്‍റെ പൈലറ്റ് മുതല്‍ സഹയാത്രികര്‍ വരെ എന്‍റെ മുന്നില്‍  വെറും നിസ്സാരജീവികള്‍ എന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ ഇരിപ്പും ഭാവവും പെരുമാറ്റവും. എയര്‍ഹോസ്റ്റസിന്‍റെ നിരന്തരമായ അഭ്യര്‍ത്ഥനയ്ക്കൊടുവില്‍ ഒരു തരത്തില്‍ സീറ്റ്ബെല്‍റ്റ് ധരിച്ചു. വിമാനം ഉയര്‍ന്നുകഴിഞ്ഞ ഉടനടി അത് ഊരി പൃഷ്ടഭാഗത്തിന് കീഴില്‍ പ്രതിഷ്ടിച്ചു. അപ്പോഴും സീറ്റ്ബെല്‍റ്റ്ധരിക്കണം എന്നുള്ള ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്. ഈ ക്യാപ്റ്റന് എന്തറിയാം? അയ്യാള്‍ ഓഫ്‌ ചെയ്യാന്‍ മറന്നുപോയതായിരിക്കും. ഞാന്‍ എന്തുമാത്രം ഇതുവഴി യാത്ര ചെയ്തിരിക്കുന്നു! കുറെ കഴിഞ്ഞു. എന്നിട്ട് വലതുകാല്‍ നടവഴിയിലേയ് എടുത്തുവച്ച് അതിനുമുകളില്‍ ഇടതുകാല്‍ ഷൂസ് ധരിച്ചുകൊണ്ട് തന്നെ കയറ്റി വച്ചു. അതായത് നടവഴിയുടെ മുക്കാല്‍ ഭാഗവും കയ്യടിക്കിയാണ് വിദ്വാന്റെ ഇരിപ്പ്‌. ആരെങ്കിലും നടന്നു വരുന്നത് കണ്ടാല്‍ ദയതോന്നി കാല് മാറ്റിക്കൊടുക്കും എന്ന് കരുതി. എനിക്കു തെറ്റി. എയര്‍ ഹോസ്റ്റസ്സുമാരും, യാത്രക്കാരും അദ്ദേഹത്തിന്‍റെ കോപത്തിന് പാത്രമാകാതെ കഷ്ടപ്പെട്ട് ഒഴിഞ്ഞുമാറി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. തനിക്ക്‌ ഒരു കൂസലുമില്ല. മുതിര്‍ന്ന സ്ത്രീകള്‍ കടന്നുപോകുമ്പോള്‍ പോലും അയ്യാള്‍ക്ക് ഒരു കുലുക്കവുമില്ല. കുറെ കഴിഞ്ഞപ്പോള്‍ അറബി വംശജനായ ഒരു വിമാനജീവനക്കാരന്‍ അതുവഴി വന്നു. കൂസലില്ലാതെ ഇരിക്കുന്ന ഇങ്ങേരുടെ മുഖത്ത് കുറച്ചു നേരം തുറിച്ചുനോക്കി. എന്നിട്ട് തറപ്പിച്ച് കാര്‍ക്കശ്യത്തോടെ പറഞ്ഞു Excuse me, pull your leg please. അപ്പോള്‍ നമ്മുടെ കഥാനായകന് കുറച്ച് വിവരം വച്ചെന്ന് തോന്നുന്നു. അത് ചിലര്‍ക്ക് അങ്ങിനെയാ. വല്ലവന്റെയും വായില്‍നിന്നും വല്ലതും കേട്ടാലേ സമാധാനമാവൂ. എന്തായാലും അങ്ങേര്‍ പതിയെ കാല് വലിച്ച്, ചിത്രത്തില്‍ കാണുന്നതുപോലെ ആസനത്തിന്‍റെ കീഴില്‍ കയറ്റി. എന്നിരുന്നാലും, അതുവഴി നടക്കുന്നവര്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കീഴിലെ ഷൂസിന്‍റെ അടിഭാഗം തുടച്ചു വൃത്തിയാക്കി പോയാല്‍ മതി എന്ന രീതിയിലാണ് അങ്ങേരുടെ ഇരിപ്പ്‌. എന്‍റെ മുഖത്തിനു നേരെ ഷൂസിന്‍റെ അടിഭാഗം കാണിച്ച്, 'നീ കുറെ നേരമായി എന്നെ ശ്രദ്ധിക്കുന്നു. ഇത് നിനക്കിരിക്കട്ടെ' എന്ന് കരുതുന്നതും ആവാം.  ഇതൊരുപക്ഷേ എന്‍റെ തൊട്ടടുത്ത വശത്ത് ഇരുന്നതുകൊണ്ട് ഞാന്‍ ശ്രദ്ധിച്ചതാവാം. ഇതിനേക്കാള്‍ ഭീകരമായ രീതിയില്‍ പെരുമാറുന്ന ആളുകളും കാണുമായിരിക്കാം.

ഇനി, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചു ഷാര്‍ജയിലേയ്ക്ക് വരുന്ന യാത്രയില്‍ കണ്ട കാഴ്ചകള്‍. എന്‍റെ പുറകില്‍ ഒരു സീറ്റിലിരിക്കുന്ന മാന്യന്‍, തലേദിവസം രാത്രി ബാറില്‍ വച്ചുണ്ടായ ഒരു തര്‍ക്കം മൊബൈല്‍ ഫോണിലൂടെ പറഞ്ഞു തീര്‍ക്കുന്നു. മറ്റുള്ളവര്‍ കേള്‍ക്കുന്നതൊന്നും പുള്ളിക്ക് വിഷയമേയല്ല. പറഞ്ഞ് പറഞ്ഞ് സംഗതി ചൂടായി. ഇതിനിടയില്‍ പലതവണ അനൌണ്‍സ്മെന്റ് വന്നു. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യാന്‍. ഇയ്യാള്‍ക്ക് കേള്‍ക്കാനെവിടെ കാതുകള്‍. അതോ മനപ്പൂര്‍വ്വമോ!! അതെ മനപ്പൂര്‍വ്വം തന്നെ. എന്താണെന്നോ? വിമാനം നീങ്ങിത്തുടങ്ങി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ പുള്ളിക്കാരന്‍ ഇയര്‍ഫോണ്‍ എടുത്തു ഫിറ്റ് ചെയ്ത് അതിലൂടെയാണ് സംസാരം. ബുദ്ധിമാന്‍ തന്നെ. അപ്പോള്‍ എയര്‍ഹോസ്റ്റസ് ശ്രദ്ധിക്കില്ലല്ലോ. ടാക്സിവേയിലൂടെ നീങ്ങിയ വിമാനം ടേക്ക്ഓഫ്‌ പൊസിഷനില്‍ എത്തി. അദ്ദേഹം ഫോണിലൂടെ തര്‍ക്കം തുടര്‍ന്നുകൊണ്ടിരുന്നു. സംസാരത്തിന്‍റെ വീര്യം (അതോ അകത്തുള്ളതിന്‍റെയോ?) കൂടിയതുകൊണ്ടാവാം എയര്‍ഹോസ്റ്റസ് ശ്രദ്ധിച്ചു. ഓടി വന്നു, സാര്‍ പ്ലീസ്‌ അതൊന്ന് ഓഫ്‌ ചെയ്യൂ എന്ന് അലറി. മാന്യന്‍ അത് ഫുള്‍ ഓഫ്‌ ചെയ്യുന്നതുവരെ അവര്‍ അവിടെ തന്നെ നിന്നു. അവര്‍ മനസ്സില്‍ കരുതിക്കാണും "ഈ മരങ്ങോടനാണോ God's Own Countryയില്‍ നിന്നും ഉത്ഭവിച്ചവന്‍!"

ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവും കൂടാതെ വിമാനം പറന്നുപൊങ്ങി. ഷാര്‍ജയില്‍ ലാന്‍ഡ്‌ ചെയ്യാന്‍ വരുന്നത് ഒന്ന് ചുറ്റി കടലിനു മുകളിലൂടെ, അതായത് പടിഞ്ഞാറുനിന്നാണ്. രാത്രി ഒന്‍പതു മണിയായതിനാല്‍ ഷാര്‍ജ, അജ്മാന്‍, ദുബായ് നഗരങ്ങള്‍ ദീപപ്രഭയില്‍ മിന്നിത്തിളങ്ങുന്നു. എല്ലാവരും ആ കാഴ്ചകള്‍ ജനാലയിലൂടെ കാണുന്നു. പെട്ടെന്ന്, ഞാന്‍ ശ്രദ്ധിച്ചു. എന്‍റെ വലതുവശത്ത്‌, നടവഴിക്കപ്പുറം ഒരു ഭര്‍ത്താവും ഭാര്യയും, അവരുടെ രണ്ടു മൊബൈല്‍ ഫോണുകളും ഓണ്‍ ചെയ്ത് എന്തോ പരത്തുന്നു. ഒരാള്‍ക്ക്‌ നമ്പര്‍ കിട്ടി. "ഹലോ... ഞങ്ങള്‍ ലാന്‍ഡ്‌ ചെയ്യാണ് കേട്ടോ.... നമ്മുടെ ബില്‍ഡിംഗ് കാണാം." (ശോശാമ്മേ റെഡിയായിരുന്നോ, അച്ചായനിതാ എത്തിപ്പോയി എന്ന മട്ടില്‍!). ഞാന്‍ കയ്യുയര്‍ത്തി അവരോടു ആംഗ്യഭാഷയില്‍ 'എന്തരടേ ഇത്, വിവരംകെട്ട കൂതറകളേ?' എന്ന മട്ടില്‍ കാണിച്ചു. എന്തായാലും ഫോണ്‍വിളി നിര്‍ത്തി, പക്ഷേ എന്നിട്ടും ഓഫ്‌ ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് റണ്‍വേയില്‍ എത്താന്‍ ഏകദേശം വെറും 10knotsന് താഴെ മാത്രം ദൂരം  ഉള്ളപ്പോഴാണ് ഇത്തരം തെമ്മാടിത്തരം എന്ന് ഓര്‍ക്കുക. ഇവരോക്കെയാണോ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും എന്ന് അഭിമാനത്തോടെ പറയുന്നവര്‍? ഇവരാണോ സംസ്കാരസമ്പന്നര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍? ഇവരാണോ നൂറുശതമാനം സാക്ഷരത നേടി എന്ന് വീമ്പടിക്കുന്നവര്‍? അയ്യേ......

മൊബൈല്‍ഫോണ്‍ കാരണം ഏതെങ്കിലും വിമാനാപകടം ഉണ്ടായതായി വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും, പല അപകടങ്ങള്‍ക്കും ശേഷം, വിമാനത്തില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നെറ്റിക് സിഗ്നലുകളിലേയ്ക്ക് അപകടകാരണമായി സംശയത്തിന്‍റെ വിരല്‍ ചൂണ്ടപ്പെടുന്നുണ്ട്. 2003ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ഒരു വിമാനാപകടത്തിന് കാരണം, പൈലറ്റ്‌ അപകടത്തിനു തൊട്ടുമുന്‍പായി തന്‍റെ വീട്ടുകാരുമായി മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതുമൂലം നാവിഗേഷന്‍ സംവിധാനത്തില്‍ ഉണ്ടായ പാകപ്പിഴകള്‍ ആവാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. (ഇവിടെ നോക്കാം) 2012 വരെ മിക്കവാറും എല്ലാ വിമാനക്കമ്പനികളും വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, 2008 March മുതല്‍ യു.എ.യിലെ എമിറേറ്റ്സ് എയര്‍ലൈന്‍ In-flight GSM phones, EASA യുടെ (European Aviation Safety Agency) അംഗീകാരത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. അത് കണ്ടിട്ടാണോ, പിന്നെന്താ ഞങ്ങള്‍ക്കും ആവാം എന്ന രീതിയില്‍ ചില മലയാളികള്‍ പോക്കറ്റില്‍നിന്ന് സ്വന്തം മൊബൈല്‍ഫോണ്‍ എടുത്ത്‌ പ്രസ്തുത വിവരക്കേടുകള്‍ കാണിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍, വിമാനത്തിലെ communication/navigation systems/signals-നെ പ്രതികൂലമായി ബാധിച്ചേയ്ക്കാം എന്ന് വൈമാനികവിദഗ്ധര്‍ തന്നെ പറയുമ്പോള്‍, "ഇതുവരെയും ഇതുകാരണം ആരും താഴെ പോയതായി തെളിവില്ലല്ലോ, ഇനി ഞങ്ങള്‍ ഒന്ന് താഴെ പോകുമോ എന്ന് നോക്കട്ടെ" എന്ന രീതിയില്‍ മലയാളികള്‍ പെരുമാറുന്നത് വിവരക്കേടിന്‍റെ അങ്ങേയറ്റം എന്ന് മാത്രമേ വിശേഷിപ്പിക്കുവാനാകൂ.

ഇനി അടുത്തത്‌. വിമാനത്തിന്‍റെ ടയര്‍ റണ്‍വേയില്‍ തൊടേണ്ട താമസം, ക്ലിക്ക്, ക്ലിക്ക്, ടക് ടക് ശബ്ദങ്ങള്‍ കേള്‍ക്കാം. സീറ്റ്ബെല്‍റ്റ് ഊരിയെറിയുന്നതാണ് സംഭവം! ഊരിയെറിയുക മാത്രമല്ല, എഴുന്നേറ്റ് overhead locker തുറക്കാനും തുടങ്ങുന്നു. പാവം വിമാനജോലിക്കാര്‍ പരിഭ്രാന്തരായി "അയ്യോ സാറേ  അവിടിരി.... അവിടിരി... ചാവാന്‍ ഒരുങ്ങല്ലേ... മറ്റുള്ളവന്‍റെ തലമണ്ട പൊളിക്കല്ലേ..." എന്നൊക്കെ വിളിച്ചുകൂവി പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍!  പ്രസ്തുതസംഭവങ്ങള്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പ്രവാസജീവിതം തുടങ്ങിയപ്പോള്‍ കണ്ട സംഭവങ്ങളല്ല, മറിച്ച്, ഇക്കഴിഞ്ഞ ദിവസം, അതായത് 01/10/2012-ല്‍ ഉണ്ടായ സംഭവങ്ങളാണ്. ഇത്, ഇപ്പോഴും, എല്ലാ ദിവസവും, കേരളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇത് ഇപ്പോള്‍ വിദ്യാഭാസപരമായി വളരെയധികം മുന്നേറി എന്ന് നാം തന്നെ അവകാശപ്പെടുന്ന ഒരു സംസ്ഥാനത്തില്‍ നിന്നും വരുന്നവര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളാണ്.

മുകളില്‍ പറഞ്ഞ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്ന വേളയില്‍, A320 പോലുള്ള ഫുള്‍ ലോഡ്‌ ആയ ഒരു  വിമാനം പറന്നിറങ്ങുമ്പോള്‍ അതിന്‍റെ വേഗത മണിക്കൂറില്‍ 140Miles/Hour എന്നാണ് എന്‍റെ അറിവ്‌. അതായത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനത്തിനുള്ളില്‍ യാത്ര ചെയ്യുന്നത് പോലെ. മണിക്കൂറില്‍ വെറും 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന നമ്മുടെ KSRTC ബസ്സില്‍, നിന്നു യാത്രചെയ്യുന്ന ആളുകള്‍, ഞാന്‍ ഉള്‍പ്പെടെ, വണ്ടി ഒരു വളവ് തിരിഞ്ഞാല്‍ തന്‍റെ വൃത്തികെട്ട പൃഷ്ടം ഇരുന്ന് യാത്ര ചെയ്യുന്ന മറ്റു യാത്രക്കാരുടെ മുഖത്തും, തോളിലും കൊണ്ട് സ്ഥാപിക്കുന്നത് വളരെ സാധാരണമാണെന്ന് ഓര്‍ക്കുക. അപ്പോള്‍ അത്രയും പോലും കണ്ട്രോള്‍ ഇല്ലാത്തവര്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിമാനം ഒരു അടിയന്തിരഘട്ടത്തില്‍ ബ്രേക്ക്‌ ഇടുന്നത് പോയിട്ട്, ഒന്ന് ചാഞ്ചാടിയാല്‍ എന്ത് സംഭവിക്കും എന്ന് ഊഹിക്കാനേയുള്ളൂ. ഓ... എന്ത് ഊഹിക്കാന്‍, ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു അല്ലേ? ഹല്ലാ പിന്നെ...

ഇതൊക്കെ കഴിഞ്ഞ്, കയ്യിലെടുത്ത ലഗേജുമായി നില്‍ക്കുന്ന നില്‍പ്പാണ് ദയനീയം. വിമാനം ടാക്സിവേയിലേയ്ക്ക് കടക്കുന്ന വേളയില്‍ തന്നെ. ബാഗൊക്കെ തൂക്കി, സീറ്റിനും മുകളിലത്തെ ലോക്കറിനും ഇടയില്‍ വളഞ്ഞ് "S" ഷേപ്പില്‍ (കേരളാ പോലീസിനോട് കടപ്പാട്) ഒരു നില്‍പ്പുണ്ട്. അപ്പോഴും, സീറ്റ്ബെല്‍റ്റ് അഴിക്കാതെയും, സീറ്റില്‍ നിന്നും എഴുന്നെല്‍ക്കാതെയും ഇരിക്കുന്നവരെ നോക്കി, ഒരു ചെറുപുഞ്ചിരിയോടെ 'എടെയ് നിനക്കൊക്കെ ഇവിടെയല്ലേ  ഇറങ്ങണ്ടത്? അതോ അടുത്ത സ്റ്റോപ്പിലോ? അടുത്ത സ്റ്റോപ്പ്‌ ഇനി അടുത്തൊന്നും ഇല്ലഡേയ്?' എന്ന ചോദ്യം മനസ്സില്‍ ചോദിച്ച് പുച്ഛഭാവത്തില്‍ നമ്മെ നോക്കിനില്‍ക്കും. ഇതിനിടയില്‍, ഹോ.. ഈ വിവരം കെട്ടതിനോടൊക്കെ അലച്ചു മടുത്തു, എന്ന രീതിയില്‍ തോറ്റ മുഖഭാവത്തോടെ വിമാനജോലിക്കാര്‍ ഇളിഭ്യരായി നില്‍ക്കുന്നത് കാണാം. ഈ "S" ഷേപ്പിലേ നില്‍പ്പ് അടുത്ത ഒരു പതിനഞ്ചു മിനിറ്റ് തുടരും. അതായത്, വിമാനം ടാക്സിവേയിലൂടെ നീങ്ങി, പാര്‍ക്കിംഗ് ബേയില്‍ എത്തി, എയര്‍ ബ്രിഡ്ജ്/ഗോവണി വന്നുചേര്‍ന്നു വിമാന വാതില്‍ തുറക്കുന്നത് വരെ, ഈ നില്‍പ്പ് തുടരും. പാവങ്ങള്‍.. എന്തോരം കഷ്ടപ്പെട്ടാ ഗള്‍ഫില്‍ എത്തുന്നതും, നാട്ടില്‍ തിരിച്ചെത്തുന്നതുമെന്ന് നാട്ടിലിരിക്കുന്നവര്‍ക്ക് വല്ലതും അറിയാമോ!! ഇവരെന്തിനാ ഇത്രയും കഷ്ടപ്പെട്ട് ഇങ്ങിനെ നില്‍ക്കുന്നതെന്ന് എനിക്കോ സഹായാത്രികരില്‍ ഒരു വിഭാഗത്തിനോ, വിമാനജോലിക്കാര്‍ക്കോ ഇതുവരെ മനസ്സിലായിട്ടില്ല. ഇങ്ങിനെ വെപ്രാളം പിടിച്ചു ഇറങ്ങിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ഈ നില്‍പ്പ് നില്‍ക്കുന്നവര്‍ക്കും അറിയാമോ എന്നെനിക്കറിയില്ല.

മേല്‍പ്പറഞ്ഞ വസ്തുതകള്‍ ഏതൊരു പ്രവാസിയും അനുഭവിച്ച്, നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഇതൊന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുവാനുള്ള കുറിപ്പല്ല. പല്ലിട കുത്തി നാറ്റിക്കുവാനുള്ള ഒരു ശ്രമവും അല്ല. അങ്ങിനെയാണെങ്കില്‍ ഞാന്‍ ഇത് മലയാളത്തില്‍ എഴുതേണ്ടിയിരുന്നില്ല. ഇത്തരം പ്രവര്‍ത്തികള്‍ കാട്ടുന്നവര്‍ വിദ്യാഭ്യാസപരമായി പിന്നിലുള്ള ഒരു വിഭാഗം മാത്രമാണ് എന്നെനിക്ക്‌ തോന്നിയിട്ടില്ല. പലരും, ഉന്നത ഉദ്യോഗങ്ങളില്‍ ജോലി ചെയ്യുന്നവരും, ബിസിനസ് ഒക്കെ നടത്തി നല്ല നിലയില്‍ കഴിയുന്നവരും, നാട്ടിലും പ്രവാസലോകത്തിലും സമൂഹത്തിന്‍റെ മേല്‍ത്തട്ടില്‍ കഴിയുന്നവരും കൂടിയുള്ളതാണ്. കുറച്ചുപേരെ നേരിട്ട് കണ്ടിട്ടുമുണ്ട്.  മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ ഭൂരിഭാഗവും പിഴിഞ്ഞെടുത്ത് അതില്‍നിന്നും ഡോളറുകള്‍ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമാര്‍ക്ക് "ടിപ്സ്"  ആയി കൊടുത്ത് മാസത്തില്‍ രണ്ടും മൂന്നും തവണ യാത്രചെയ്യുന്നവരേയും എന്‍റെ വിമാനയാത്രകള്‍ക്കിടയില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

ഇതൊക്കെ അറിവില്ലായ്മ കൊണ്ടാണെന്ന അഭിപ്രായം എനിക്കില്ല. മറിച്ച്, ഇതൊരു മാനസിക പ്രശ്നമാണ്. മറ്റുള്ളവരുടെയും, തന്‍റെയും സുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയില്‍ മേല്‍പ്പറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടം? ലോകം മുഴുവന്‍ അംഗീകരിക്കുന്ന പെരുമാറ്റച്ചട്ടങ്ങളെ ധിക്കരിക്കുന്നതിലൂടെ മറ്റുള്ളവരുടെ അവജ്ഞയും, വെറുപ്പും, അവഹേളനവും നേടിയിട്ട്, അല്ലെങ്കില്‍  നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ജനവിഭാഗത്തിന് മുഴുവന്‍ നേടിക്കൊടുത്തിട്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടം?

നിങ്ങള്‍ ഇതേക്കുറിച്ച് ബോധവാനാണെങ്കില്‍ മറ്റുള്ളവരെയും ബോധവാന്‍മാരാക്കുക.

നന്ദി

ജസ്റ്റിന്‍ പെരേര
ഷാര്‍ജ.




Saturday, September 15, 2012

ശുഭസ്യ ശീഘ്രം.....!!!!!

ശുഭസ്യ ശീഘ്രം.....!!!!!        

എമേര്‍ജിംഗ് കേരളയ്ക്ക് എതിരെ സംസാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....

തനിക്കൊക്കെ എന്തിന്‍റെ കേടാടോ കൂവ്വേ? എനിക്ക് ദുഃഖം സഹിക്കാനാവുന്നില്ല. അതുകൊണ്ട് പറഞ്ഞുപോകുന്നതാ. ഞാന്‍ തിരുവനന്തപുരത്തുകാരന്‍. മറ്റു ജില്ലക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'തിരോന്തോരത്തെ ഒരു ചീള് പൈല്'. കണ്ടോ...!!! അത് വായിച്ചപ്പോള്‍ തന്നെ കുറെ അണ്ണന്മാരുടെ മോന്ത ചെന്താമര പോലെ ചുവന്നു. ആ ചിരി കണ്ടാ? മറ്റുള്ളവനെ ഒന്ന് താറടിച്ചു കാണുമ്പോള്‍ മലയാളിക്ക് എന്താ സന്തോഷം! അതങ്ങിനെ തന്നെ ഇരിക്കട്ടെ. നിങ്ങളുടെ സന്തോഷമാണ് എന്‍റെയും സന്തോഷം.


എമേര്‍ജിംഗ് കേരളയുടെ ഭാഗമായി തിരുവനന്തപുരത്ത്, വേളിയില്‍ നിശാക്ലബ്, കാബറെ ഡാന്‍സ്‌, ബാര്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന "നൈറ്റ്‌ ലൈഫ് സോണ്‍" എന്ന പദ്ധതി വരുന്നെന്ന് കേട്ടപ്പോള്‍, സന്തോഷത്താല്‍ എന്‍റെ മനസ്സ്‌ തുള്ളിച്ചാടിയതായിരുന്നു. ചുരുക്കം പറഞ്ഞാല്‍ നിരവധി ലഡ്ഡു/ജില്ലെബികള്‍ മനസ്സില്‍ ഒന്നിച്ചു പൊട്ടി. ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍, അച്ചന്‍മാരും, കന്യാസ്ത്രീകളും, മെത്രാന്‍മാരും, പ്രസ്തുതപ്രദേശവാസികളായ സദാചാര കുഞ്ഞാടുകളും പ്രതിഷേധവുമായി ഇറങ്ങുമെങ്കിലും, അവരെയൊക്കെ നേരിട്ടുകണ്ട് അനുനയിപ്പിച്ച് ഒരു തരത്തില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ഞാന്‍ മനസ്സില്‍ കണക്കുകൂട്ടിയിരിക്കുകയായിരുന്നു. അതിനായി പല നേര്‍ച്ചകളും, വഴിപാടുകളും നടത്തി. എന്‍റെ കണക്കുകൂട്ടലുകള്‍, സ്വപ്നങ്ങള്‍ എല്ലാം വൃഥാവിലായി. കഷ്ടം! സര്‍ക്കാര്‍ തന്നെ ആ പദ്ധതി പിന്‍വലിച്ചു. എന്‍റെ നെഞ്ചു തകര്‍ന്നുപോയി! പലരും വിമാനത്തില്‍ കയറി ഇതൊക്കെ സുലഭമായി ലഭിക്കുന്ന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പറക്കുമ്പോള്‍, എനിക്ക് വീട്ടില്‍നിന്നും സൈക്കിളില്‍ എത്തിച്ചേരേണ്ട ദൂരമേ വേളി എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് ഉള്ളൂ. അതുകൊണ്ട് അത്യധികം ക്ഷോഭത്തോടെയാണ് ഞാന്‍ ചോദിക്കുന്നത്. തനിക്കൊക്കെ എന്തിന്‍റെ കേടാടോ വികസനവിരോധികളെ? എന്നെ സൈക്കിള്‍ ചവിട്ടാന്‍ സമ്മതിക്കില്ലേ? വിമാനം കയറ്റിയേ അടങ്ങൂ നിങ്ങള്‍?


മലേഷ്യ, തായ്‌ലാന്റ്, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, എന്നീ വിശുദ്ധനാടുകളിലേയ്ക്കുള്ള യാത്രക്കൂലി വിമാനക്കമ്പനികള്‍ കുത്തനെ കുറച്ചതിനുശേഷം, പ്രസ്തുത നാടുകളിലേയ്ക്കുള്ള യുവാക്കളും, മധ്യവയസ്കരുമായ പുരുഷതീര്‍ഥാടകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത പുണ്യസ്ഥലങ്ങള്‍, ഇടത്തരക്കാരുടെ  Las Vegas-ഉം  പുത്തന്‍ പണക്കാരുടെ Casino de Monte Carlo-ഉം ഒക്കെ ആണെന്നും,  ഈ ദേശങ്ങളില്‍ ഇവരൊക്കെ തീര്‍ഥാടനത്തിന് പോകുന്നത് ശരിയായ വഴിപാടുകളും, നേര്‍ച്ചകളും നടത്താതെ വെറും "തുലാഭാരവും, ശയനപ്രദക്ഷിണവും" നടത്താന്‍ വേണ്ടി മാത്രമാണെന്നും അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നുണ്ട്. അതിലൊന്നും വിശ്വസിക്കരുതേ. എന്തായാലും, അവിടൊക്കെ ചെന്നുചേരുന്ന കോടികള്‍ നമ്മുടെ ആഭ്യന്തര വരുമാനത്തില്‍ വന്നുചേരുന്നതില്‍ എന്താണ് തെറ്റ് എന്ന് ഞാന്‍ ചിന്തിക്കുന്നു.


അതിവേഗ റെയില്‍വേ കോറിഡോര്‍ വരുന്നതോടെ, കാസര്‍ഗോഡ് ജില്ല മുതലുള്ള തീര്‍ഥാടകര്‍ക്ക് വെറും അഞ്ചുമണിക്കൂറിനുള്ളില്‍ കൊച്ചുവേളിയില്‍ എത്തി ഓട്ടോറിക്ഷ പിടിച്ച് വേളിയില്‍ എത്തി "വഴിപാട്" നടത്തുവാനും, ഉടനടി തിരിച്ചുപോകുവാനുള്ള അവസരമല്ലേ വികസനവിരോധികളായ നിങ്ങള്‍ കളഞ്ഞുകുളിച്ചത്? ശംഖുമുഖത്ത് ഉണ്ടായിരുന്ന നല്ലൊരു ഫാമിലി ഹോട്ടല്‍/ബാര്‍, സദാചാര കുഞ്ഞാടുകളും, അച്ചന്മാരും, മെത്രാന്‍മാരും ചേര്‍ന്ന് ധര്‍ണ്ണയും, സത്യാഗ്രഹവും നടത്തി പൂട്ടിച്ചു. പ്രമുഖരായ പല സിനിമാതാരങ്ങളുടേയും, രാഷ്ട്രീയനേതാക്കന്‍മാരുടെയും പ്രിയങ്കരമായ ഒരു ഹോട്ടല്‍ ആയിരുന്നു അത്. ബോംബെയിലേയ്ക്കും, മദ്രാസിലേക്കും, ഡല്‍ഹിയിലേയ്ക്കും, ഹൈദരാബാദിലേയ്ക്കും വിമാനം കയറാന്‍ വരുന്ന ഇവര്‍ക്ക്, രണ്ടെണ്ണം വീശി നല്ലൊരു ഊണും കഴിച്ചു പോകാന്‍ ഇത്രയും സൗകര്യമുള്ള മറ്റൊരു ഹോട്ടലും തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നില്ല എന്നത് സത്യം! ആ ഓര്‍മ്മകള്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴും അയവിറക്കാറുണ്ട്.


മദ്യവിമുക്ത ദേശം എന്ന് വിഭാവനം ചെയ്ത പ്രസ്തുത മേഖല ഇപ്പോള്‍ എയര്‍ഫോഴ്സ് ജവാന്‍മാരുടെ ചാകര കേന്ദ്രമാണ്. പെര്‍മിറ്റില്‍ കിട്ടുന്നതും, വീട്ടിലിട്ടു വാറ്റുന്നതും, എവിടുന്നെങ്കിലും ഒപ്പിക്കുന്നതും എല്ലാം മിലിട്ടറി സാധനം എന്ന പേരില്‍ വിറ്റഴിക്കുന്നു. സാധനത്തിന് വന്‍ ഡിമാന്‍ഡ്! ആര്‍ക്കു ചേതം? വൈകുന്നേരമാവുമ്പോള്‍ പഴയ ബീച്ച് ഹോട്ടലില്‍ എത്തി രണ്ടെണ്ണം വീശി എട്ടുമണിയോടെ വീട്ടില്‍ കയറിയിരുന്ന ഗൃഹനാഥന്‍മാര്‍, പാതിരാത്രിയാവുമ്പോള്‍ സ്റ്റാച്യൂവിലും, പാളയത്തും, കിഴക്കേക്കോട്ടയിലും പോയി അടിച്ചുപാമ്പായി ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ വരുന്നു. കണക്ക് നോക്കൂ..
സമയം+മദ്യത്തിന്‍റെ വില+അപരിചിതരുമായുള്ള വാക്പയറ്റ്+ആട്ടോ ചാര്‍ജ്+ടിപ്സ് = ഒരു ദിവസത്തെ മദ്യപാനം!! ആര്‍ക്കു ചേതം? ബ്രാണ്ടി പാതാളത്തില്‍ ഒളിപ്പിച്ചാലും, മലയാളിക്ക്‌ വീശണമെന്ന് തോന്നിയാല്‍, പാതാളത്തില്‍ എത്തി വീശും എന്ന് ഐസക് ന്യൂട്ടന്‍ പറഞ്ഞത് എത്ര സത്യം!! (നിങ്ങള്‍ ഉദ്ദേശിക്കുന്ന ഐസക് ന്യൂട്ടനല്ല കേട്ടോ).

അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ. പിഴയാവേണ്ടവന്‍ എങ്ങിനെയും പിഴയാവും. അല്ലെങ്കില്‍ സ്വന്തമായി വിമാനം പറത്തിക്കൊണ്ട് എവിടെയെങ്കിലും പോയി പിഴയാവും. ഓ പിന്നെ... അല്ലെങ്കില്‍ എല്ലാം 24 കാരറ്റ്‌ തങ്കക്കട്ടികള്‍ ആണല്ലോ അല്ലേ? വാക്കുകളിലും, പ്രസംഗങ്ങളിലും മാത്രം കാണിക്കുന്ന സദാചാര ബോധവും, സംസ്കാരം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയാതെ "നമ്മുടെ സംസ്കാരം" എന്ന് ഇടയ്ക്കിടെ എടുത്തു വിളമ്പുന്ന "പൈതൃക/സംസ്കാര/സദാചാര" കാവല്‍ക്കാരും.

സഹിച്ചതിന് താങ്ക്സ്...

ജസ്റ്റിന്‍ പെരേര
നര്‍മ്മശകലങ്ങള്‍ക്ക് രമേശന്‍ പൊതുവാളിനോടും കടപ്പാട്.

Saturday, August 25, 2012

അഭിനവ ഇടയന്‍മാര്‍

ഗള്‍ഫ്‌ മേഘലകളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇടയന്‍മാര്‍ക്ക് പഞ്ഞമില്ല, പ്രത്യേകിച്ച് കത്തോലിക്കാ ദേവാലയങ്ങളില്‍. ഞാന്‍ ഉദ്ദേശിക്കുന്ന ഇടയന്‍മാര്‍ എന്നത് ദേവാലയങ്ങളില്‍ സേവനം അനുഷ്ടിക്കുന്ന വൈദികര്‍ ആണെന്ന് തെറ്റിദ്ധരിക്കരുതെ. ഞാന്‍ പറയുന്നത് "അഭിനവ ഇടയന്‍മാരെ" കുറിച്ചാണ്.

എവിടൊക്കെ ധ്യാനമുണ്ടോ അവിടെല്ലാം പോയി അതില്‍ കൂടും. കാറില്‍ എപ്പോഴും വചനപ്രഘോഷണവും, ഭക്തിഗാനങ്ങളും മാത്രമേ കേള്‍ക്കൂ. ഒരു അഞ്ചു ധ്യാനങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ അവര്‍ മറ്റൊരു ഇടയനായി സ്വയം അവരോധിക്കും. പിന്നെ, കാണുന്നവരെയെല്ലാം ഉപദേശിക്കാന്‍ തുടങ്ങും. നമ്മെ അഭിസംബോധന ചെയ്യുന്നത് തന്നെ "ഹല്ലോ പ്രൈസ്‌ ദി ലോര്‍ഡ്‌" എന്നാണ്. അതിനി റോഡിലെന്നില്ല, പാര്‍ക്കിലെന്നില്ല, പൊതു കക്കൂസ്സിനുള്ളില്‍ വച്ചായിരുന്നാലും ശരി, അതെടുത്ത് താങ്ങും.


"ദൈവനാമം പൂജിതമാണ്. അത് വൃഥാ പ്രയോഗിക്കരുത്" എന്ന കല്‍പ്പന പോലും ഇങ്ങിനെ ധിക്കരിച്ച്,  ഇത്തരം അഭിനവ ഇടയന്‍മാര്‍ പള്ളിപ്പരിസരത്ത് എപ്പോഴും കറങ്ങി നടക്കുന്നത് കാണാം.

ആവശ്യത്തിന് ദൈവസ്തുതിയും, ദേവാലയശുശ്രൂഷയും, കുടുംബപ്രാര്‍ത്ഥനയും നടത്തുന്ന എന്നെ കാണുമ്പോഴും, "ഹല്ലോ.. പ്രൈസ്‌ ദി ലോര്‍ഡ്‌ ഒണ്ട് കേട്ടാ" പള്ളിയും പ്രാര്‍ത്ഥനയും ഒക്കെ ഉണ്ടോ? "ഉണ്ട്" എന്ന് എന്‍റെ മറുപടി.... അദ്ദേഹം ഉടന്‍, എന്ത് പ്രാര്‍ത്ഥന? ആത്മാവില്‍ രക്ഷ നേടാതെ എന്ത് പ്രാര്‍ത്ഥന? താന്‍ ധ്യാനം കൂടണം, മാനസാന്തരപ്പെട്ടു പ്രാര്‍ഥിക്കണം, കര്‍ത്താവില്‍ രക്ഷ നേടണം, മനസ്സില്‍ അനുഭവം ഉണ്ടാവണം. എന്നാലേ പ്രാര്‍ത്ഥന ഫലവത്താവൂ. 

കര്‍ത്താവേ! എന്‍റെയും എന്‍റെ അപ്പനപ്പൂപ്പന്‍മാരുടെയും ഒക്കെ, ഈ ചേട്ടന്‍ പറഞ്ഞതുപോലുള്ള "ആത്മാവില്‍ രക്ഷയും മനസ്സില്‍ അനുഭവവും" നേടാതെയുള്ള പ്രാര്‍ത്ഥന ഇതുവരെ ഫലവത്തായില്ലല്ലോ എന്ന ദുഖത്തില്‍ ഞാന്‍  തലകുനിച്ച് വീട്ടിലേയ്ക്ക് മടങ്ങും.


പിന്നൊരു കാര്യം. ഈ മുകളില്‍ പറഞ്ഞ ചേട്ടനും, ചേടത്തിയും കഴിഞ്ഞ വര്‍ഷം മുതലാ പള്ളീല്‍ വരാന്‍ തുടങ്ങിയത്. കഴിഞ്ഞ 33 കൊല്ലം ഗാനശുശ്രൂഷയുമായി നടന്ന ഞാന്‍ ഇവരുടെയൊക്കെ മുന്നില്‍ എന്ത്?  ഇതുപോലുള്ള ചേട്ടന്‍മാരെയും, ചേടത്തിമാരെയും ഈ ഗള്‍ഫിലെ പള്ളിപ്പരിസരങ്ങളില്‍ എപ്പോഴും കാണാം. സംശയമുണ്ടോ? ഷാര്‍ജ, ദുബായ്, അബുദാബി കത്തോലിക്കാ ദേവാലയങ്ങളില്‍ വൈകുന്നേരം ആവുമ്പോള്‍ ഒന്ന് ചെന്ന് എത്തിനോക്കിയാല്‍ ഇക്കൂട്ടരെ  കാണാം. അഞ്ചു ധ്യാനം കൂടിയാല്‍ അവരും ധ്യാനഗുരുക്കന്‍മാരായി. പിന്നെ, ബൈബിളിനെക്കുറിച്ചും, സഭയെക്കുറിച്ചും, ആരാധനാക്രമങ്ങള്‍, അള്‍ത്താര എന്നുവേണ്ട സര്‍വ്വതിനെക്കുറിച്ചും അവര്‍ മഹാജ്ഞാനികളായി. അവര്‍ പറയുന്നതാണ് ആധികാരികം, അതാണ്‌ സഭാ നിയമം എന്ന മട്ടിലാണ് അവരുടെ സംസാരങ്ങള്‍. അതിനി എന്ത് മണ്ടത്തരമായാലും അവരുടെ കണ്ടെത്തലുകള്‍ പൊതുജനങ്ങളുടെ മുന്നില്‍ പൊതുവേദിയില്‍ നിന്നു തന്നെ സംസാരിക്കാനും അവര്‍ക്ക്‌ ഒരു മടിയുമില്ല.


ഇക്കഴിഞ്ഞ ആഗസ്റ്റ് പത്താം തിയതി ജബല്‍ അലി ഫ്രാന്‍സിസ്‌ അസിസി ദേവാലയത്തില്‍ വച്ചു നടന്ന CST (Charismatic Service Team-Catholic)ന്‍റെ യോഗത്തില്‍ വച്ചു കേട്ട രസകരമായ ഒരു പ്രസംഗത്തെക്കുറിച്ച് എന്‍റെ ഒരു സുഹൃത്ത് എന്നോട് വിവരിക്കുകയുണ്ടായി. പ്രാസംഗികന്‍റെ വിവരക്കേട് നേരത്തെ തന്നെ (കു)പ്രസിദ്ധമാണ്. അദ്ദേഹം "കത്തോലിക്കാസഭ" യെക്കുറിച്ച് പറയുമ്പോള്‍ സഭയെന്നു പറയേണ്ട വേളയില്‍ എല്ലാം "സീറോമലബാര്‍" സഭയെന്നാണ് പറയുന്നത്. ഇനി കത്തോലിക്കാ സഭയെന്നാല്‍ അത് സീറോമലബാര്‍ സഭയെന്നാണാവോ ഇദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്! ആയിരിക്കാം. കാരണം "റോമന്‍ കത്തോലിക്കാസഭ" എന്നാല്‍ "സീറോമലബാര്‍" സഭയെന്നാണല്ലോ ഇങ്ങേരെപ്പോലെ വിവരമില്ലാത്തവര്‍ പറഞ്ഞുപരത്തുന്നത്!! "കിണറ്റില്‍ കിടക്കുന്ന തവളയ്ക്ക് കിണറും, മുകളില്‍ കാണുന്ന ആകാശവുമാണ് മുഴുവന്‍ പ്രപഞ്ചം" എന്നു പറയുന്നത് എത്ര സത്യം!! പിന്നെ, കുറെ നാളുകള്‍ക്ക്‌ മുന്‍പ്  ഇങ്ങേര്‍ മറ്റൊരു ദേവാലയ പരിസരത്ത്‌ പ്രാത്ഥനായോഗത്തിനിടയില്‍, ക്രൈസ്തവദേവാലയങ്ങളില്‍ നിലവിളക്ക് വയ്ക്കുന്നതിനെയും, നിലവിളക്ക് കത്തിക്കുന്നതിനെയും ക്കുറിച്ച് എന്തൊക്കെയോ വിഡ്ഢിത്തം എഴുന്നള്ളിച്ചു എന്നും കേട്ടു. അതിനുള്ള ഒരു മുഖവുര ഞാന്‍ താഴെ പറയുന്നു.


ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, എനിക്കൊരു ഇമെയില്‍ കിട്ടി. കൊച്ചിക്കാരനും, യൂറോപ്പിലെ ഏതോ ഒരു രാജ്യത്തേയ്ക്ക് കുടിയേറി വസിക്കുന്നതുമായ ഒരു വിദ്വാന്‍ ഒരു കണ്ടുപിടിത്തം നടത്തി. അദ്ദേഹത്തിന്‍റെതാണ് പ്രസ്തുത ഇമെയില്‍. അതില്‍ വിശദമാക്കിയിരുന്ന ചില കാര്യങ്ങള്‍ ഇവയാണ്.  "നിലവിളക്കിന്‍റെ രൂപവും, അതിന്‍റെ അടയാളവും ക്രൈസ്തവസഭയ്ക്ക് പൂര്‍ണ്ണമായും വിജാതിയമാണെന്നും, അത് ശിവപാര്‍വ്വതി ലൈംഗികബന്ധത്തിന്‍റെ പ്രതീകമാണെന്നും, നിലവിളക്കില്‍ എണ്ണയൊഴിക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയും, മുകളിലേയ്ക്ക് നില്‍ക്കുന്ന ഭാഗം ശിവന്‍റെ ലിംഗവും ആണെന്നും" ഒക്കെയാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതുകൊണ്ട് ശിവലിംഗത്തിന് മുകളില്‍ കുരിശു സ്ഥാപിക്കുന്നതും, ആ നിലവിളക്ക് ദേവാലയത്തിനുള്ളില്‍ വയ്ക്കുന്നതും മഹാ പാപവും ആണെന്ന് ആ വിദ്വാന്‍ കണ്ടുപിടിച്ചു. കൂടാതെ, ശിവപാര്‍വ്വതി സംഭോഗത്തില്‍ നിന്നുണ്ടാകുന്ന തീപ്പൊരി (സ്പാര്‍ക്ക്) ആണത്രേ "വിശ്വപ്രകാശം"! ഹമ്പട വീരാ... അത് ലോകം മുഴുവന്‍ ആ ജ്ഞാനി ഇമെയില്‍ ആയി എത്തിച്ചു. എനിക്കും കിട്ടി. എന്നാല്‍, ശുദ്ധ വിവരക്കേട് ആയതുകൊണ്ട് ഞാന്‍ അത് അപ്പോള്‍ത്തന്നെ ചവറ്റുകുട്ടയില്‍ എറിഞ്ഞു.


എന്നാല്‍ പ്രസ്തുത വിവരക്കേട് ഉള്‍പ്പെട്ട ഇ-മെയില്‍ മുകളില്‍ ഞാന്‍ പറഞ്ഞ, ജബല്‍ അലി പള്ളിയില്‍ പ്രസംഗിച്ച മാന്യദേഹത്തിനും കിട്ടിക്കാണണം. യൂറോപ്പിലെ മലയാളി ഗവേഷകന്‍റെ പ്രസ്തുത കണ്ടുപിടിത്തം അതുപോലെ ഈ വിദ്വാനും CST യോഗത്തില്‍ പൊതുവേദിയില്‍ ഒരു പ്രബന്ധമായി തന്നെ അവതരിപ്പിച്ചു. പങ്കെടുത്ത ആളുകള്‍ കരുതിക്കാണും "എന്‍റെ ഈശോ.. ഈ അച്ചായന് എന്നാ വിജ്ഞാനം!!". 


നിലവിളക്ക് ക്രൈസ്തവ ദേവാലയത്തില്‍ വയ്ക്കുന്നതും, കത്തിക്കുന്നതും ശരിയോ തെറ്റോ എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് അത് പറയേണ്ട കാര്യമില്ല. എന്നാല്‍, വിവാഹത്തിന് താലി കെട്ടുന്നതും, മന്ത്രകോടി അണിയിക്കുന്നതും ഭാരത സംസ്കാരത്തിന്റെ ഭാഗമാകുന്നത് പോലെ, ഈ നിലവിളക്കും ആ സംസ്കാരത്തിന്‍റെ ഒരു ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ഹിന്ദുത്വം ഒരു മതമല്ല, മറിച്ച് ഒരു സംസ്കാരം ആണെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, നിലകളായി കത്തിക്കാവുന്ന ഒരു പ്രത്യേകത ഉള്ളതുകൊണ്ടാണ് ഇതിനു "നിലവിളക്ക്" എന്ന പേര് വന്നത് തന്നെ. അപ്പോള്‍ ഒരു ശിവന് എത്ര പാര്‍വ്വതി ആവും? ഹിന്ദു വിശ്വാസപ്രകാരം പാദങ്ങളില്‍ ബ്രഹ്മാവും, മദ്ധ്യേ വിഷ്ണുവും, മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതാണ് നിലവിളക്ക്. എന്നാല്‍, മേല്‍പ്പറഞ്ഞ ഇമെയിലില്‍ പ്രസ്താവിച്ച മണ്ടത്തരം ഒരു പൊതുവേദിയില്‍, അതും ഒരു ക്രൈസ്തവദേവാലയ ചുറ്റുപാടില്‍ പ്രസംഗിച്ച ഈ മഹാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്താണ്? സീറോമലബാര്‍ സഭയുടെ മേലധ്യക്ഷനായ കര്‍ദ്ദിനാള്‍ തിരുമേനിക്കും വിവരമില്ല എന്നാണോ? കാരണം, മറ്റു രൂപതകളെയും, മെത്രാന്മാരെയും, സഭാവിഭാഗങ്ങളെയും ഒഴിച്ചു നിര്‍ത്തിയാലും, ഏറണാകുളത്തെ St. Mary's Syro-Malabar Catholic Cathedral Basilica-യിലെ അള്‍ത്താരയിലും  ഒരു അഞ്ചടിയോളം ഉയരമുള്ള "നിലവിളക്ക്" കാണാം. കൂടാതെ, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മിക്കവാറും എല്ലാ ദേവാലയങ്ങളിലും ഇപ്പോള്‍ നിലവിളക്കുണ്ട്. അതിന്‍റെ തെറ്റിലേയ്ക്കും, ശരിയിലേയ്ക്കും ഞാന്‍ കടക്കുന്നില്ല. അതെന്‍റെ വിഷയവുമല്ല. എന്നാല്‍, പന്ത്രണ്ടു വര്‍ഷത്തോളം Biblical studies, liturgy, ethics, pastoral studies, church history and preaching. എന്നിവ ഉള്‍ക്കൊള്ളുന്ന സെമിനാരി പഠനവും, പിന്നെ ബിരുദവും കൂടാതെ, English, philosophy, psychology, religion, communications or history, പിന്നെ ദൈവശാസ്ത്രവും ഒക്കെ പഠിച്ചുകഴിഞ്ഞു വന്നാലാണ് ഒരു വൈദികന്‍ ആവുന്നതും, അതിനുശേഷം എത്രയോ അനുഭവജ്ഞാനവും, പ്രവര്‍ത്തിപരിചയവും, പിന്നെയും പഠിച്ചു ഡോക്ടറേറ്റ്‌ വരെയൊക്കെ നേടി ഒരു മെത്രാനോ, അതിനുശേഷം ഒരു കര്‍ദ്ദിനാളോ ആവുന്നതും. നാല് ദിവസം ധ്യാനവും കൂടിക്കഴിഞ്ഞ്, ബൈബിളിലെ കുറച്ചു ഭാഗങ്ങളും മനസിലാക്കി "ഇടയനായി" സ്വയം അവരോധിക്കുന്ന ഇക്കൂട്ടര്‍ എന്ത് ധൈര്യത്തിലാണ് ഒരു പൊതുജന മധ്യത്തില്‍ ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കര്‍ദ്ദിനാള്‍ തിരുമേനിക്ക് ഇത്തരം വിഷയങ്ങളില്‍ ഉള്ളതിനേക്കാള്‍ ജ്ഞാനം തനിക്കുണ്ടെന്ന് തെളിയിക്കാനാണോ? ഇത് കേട്ടുകൊണ്ടിരുന്ന മരങ്ങോടന്‍മാര്‍ക്ക്‌ എന്തുകൊണ്ട് "വല്ല സ്തോത്രവും ഹല്ലേലുയ്യായും പറഞ്ഞ് ഇറങ്ങിപ്പോടോ കൂവേ" എന്ന് പറയാനുള്ള ധൈര്യം ഇല്ലാതെപോയി? 


ഇതിപ്പോള്‍ ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഗള്‍ഫിലെ, പ്രത്യേകിച്ച് യു.എ.യി-യിലെ മിക്കവാറും കത്തോലിക്കാ ദേവാലയ പരിസരങ്ങളില്‍ ഇതുപോലുള്ളവരെ ധാരാളം കാണാം. ബൈബിളിലെ വചനങ്ങളെ തന്‍റെതായ തെറ്റായി വ്യാഖ്യാനിക്കുകയും, തന്‍റെ ചിന്താഗതികള്‍ സഭയുടെ നിയമങ്ങള്‍ ആണെന്ന രീതിയില്‍ വളച്ചൊടിക്കുകയും, അതിന്‍റെ ഫലമായി മതസ്പര്‍ദ്ധ ഉണ്ടാക്കുകയും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ വിശ്വാസികളുടെ മനസ്സില്‍ തീവ്രചിന്താഗതിയുടെ വിത്തു വിതയ്ക്കുകയും ചെയ്യുന്ന ഇത്തരക്കാരെ എന്തുകൊണ്ട് പള്ളി അധികൃതര്‍ ഒഴിവാക്കുന്നില്ല?

ഷാര്‍ജയിലേയും, ദുബായിലെയും, (അബുദാബിയിലെ സ്ഥിതി എനിക്കറിയില്ല) മുതല്‍ യൂറോപ്പിലേയും, അമേരിക്കയിലെയും വരെ കത്തോലിക്കാ ദേവാലയങ്ങളില്‍ ലത്തീനെന്നും, സുറിയാനിയെന്നും, മലങ്കരയെന്നും വേര്‍തിരിച്ച്, അസോസിയേഷനുകള്‍ ഉണ്ടാക്കി, സ്പര്‍ദ്ധയും, വിദ്വേഷവും മെനഞ്ഞ്‌, ആരാധനാക്രമങ്ങളെ പോലും തരംതിരിച്ചു കത്തോലിക്കാസഭാ വിശ്വാസികളെപ്പോലും തമ്മിലടിപ്പിക്കുകയും, ഖത്തറിലേത്  പോലെ വിശ്വാസികളെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെ കത്തോലിക്കാദേവാലയത്തില്‍ നിന്നും അകറ്റിനിര്‍ത്തി, അവരുടെ കുര്‍ബ്ബാന ഒരു വില്ലയില്‍ വച്ച്, അതും വാടക കൊടുത്ത്, നടത്തുവാന്‍ പോലും തുനിഞ്ഞിറങ്ങിയ ഇവരെ  വിശ്വാസികള്‍ എന്തുകൊണ്ട് പൊതു വേദികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നില്ല? വിഷസര്‍പ്പങ്ങളെ പുണ്ണ്യസ്ഥലങ്ങളില്‍ നിന്നും എന്തുകൊണ്ട് ആട്ടിയോടിക്കുന്നില്ല?

തങ്ങളുടെ അറിവില്ലായ്മയെക്കുറിച്ച് ബോധം ഇല്ലാത്ത ഇക്കൂട്ടര്‍ പൊതുവേദികളില്‍ പ്രത്യക്ഷപെട്ട് ഇത്തരത്തില്‍ ഉണ്ടാക്കാവുന്ന വിപത്തുകള്‍ ഭീതീജനകമാണ്. ഇതൊക്കെ, എന്തെങ്കിലും വരുമാനം പള്ളിക്ക് കിട്ടിക്കോട്ടെ എന്ന് കരുതി കണ്ണടയ്ക്കുന്ന പള്ളി അധികാരികളും, സഭാമേലധ്യക്ഷന്‍മാരും ക്രൈസ്തവസഭയുടെ നാശത്തിന് ഒരുപോലെ ഉത്തരവാദികള്‍ ആണെന്ന് പറയാതെവയ്യ!


ജസ്റ്റിന്‍ പെരേര
ഷാര്‍ജ

Friday, August 24, 2012

കേരളത്തിലെ വിവാഹധൂര്‍ത്ത്‌!!

കേരളത്തിലെ വിവാഹധൂര്‍ത്ത്‌!!

"വിവാഹാഘോഷങ്ങള്‍ അടിച്ചുപൊളിക്കുന്നു, 

ശേഷം വിവാഹിതര്‍ അടിച്ചു പിരിയുന്നു!"


ഇത് ഞാന്‍ പറഞ്ഞതല്ല. വനിതാകമ്മീഷന്‍റെ ധനസഹായത്തോടെ, കേരളത്തിലെ ഒരു സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമായ ഒരു കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ പ്രതിവര്‍ഷം 6800 കോടിയിലേറെ രൂപയുടെ "വിവാഹധൂര്‍ത്ത്‌" നടക്കുന്നതായി, കേരള ശാസ്തസാഹിത്യ പരിഷത്ത്‌ നടത്തിയ ഗവേഷണഫലങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു.

കേരളത്തില്‍ പ്രതിവര്‍ഷം 25,000ല്‍പ്പരം വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ പകുതിയിലധികം കുടുംബകോടതികള്‍ വഴിയും, കുറെ മതസംവിധാനങ്ങള്‍ക്ക് കീഴിലും, ബാക്കി "ചുമ്മാ" കളഞ്ഞിട്ട് പോവുകയും ആണ്. ഇതിനൊക്കെ പുറമേ, സാക്ഷര കേരളത്തില്‍ സ്ത്രീധന മരണങ്ങള്‍ക്കും പഞ്ഞമില്ല. അത്യാര്‍ഭാടപ്പൂര്‍വ്വം കെട്ടിച്ചു വിടുന്ന പെണ്‍കുട്ടികളില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, 99 പേര്‍ക്ക്  ജീവന്‍ നഷ്ടപ്പെട്ടതായി പോലീസിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത്‌ അഞ്ചുമാസത്തിനിടെ സ്ത്രീധനത്തിന്‍റെ പേരില്‍ പൊലിഞ്ഞത് 17 ജീവനുകള്‍!! സ്ത്രീധനവും, വിവാഹധൂര്‍ത്തുമാണ് ഇതിനൊക്കെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

സ്ത്രീധനവും, വിവാഹധൂര്‍‍ത്തും ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു എന്നതില്‍ സംശയമില്ല. രാഷ്ട്രീയ നേതാക്കന്‍‍മാരും, മതപുരോഹിതന്‍മാരും സ്ത്രീധനത്തിനും, അത്യാഡംബര വിവാഹാഘോഷങ്ങള്‍‍ക്കും എതിരായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്നുണ്ടെങ്കിലും, ഇത്തരം വിവാഹങ്ങള്‍‍ക്ക് ഇവരുടെ, പ്രത്യേകിച്ച് ക്രൈസ്തവസഭകളിലെ പിതാക്കന്‍മാരുടെയും, പാതിരിമാരുടേയും അകമഴിഞ്ഞ സഹകരണം കാണാം. മുന്തിയ ഹോട്ടലുകളിലെ പുല്‍‍ത്തകിടികളിലും, ബാള്‍‍ റൂമുകളിലും (ballroom), ബാങ്കറ്റ് ഹാളുകളിലും (banquet halls)  നടക്കുന്ന ഇത്തരം ധൂര്‍‍ത്തുകളില്‍‍ ഇവരുടെ പ്രത്യേക സാന്നിധ്യം ശ്രദ്ധേയമാണ്. ഇക്കൂട്ടര്‍‍ മൈക്കിനു മുന്നില്‍‍ നിന്ന് പ്രസംഗിക്കുന്നതിന് ഒരു തരിയെങ്കിലും ആത്മാര്‍‍ത്ഥതയുണ്ടെങ്കില്‍‍, ഇത്തരം ലക്ഷുറി വിവാഹസല്‍‍ക്കാരങ്ങളില്‍‍ നിന്നും അവര്‍‍ വിട്ടുനില്‍‍ക്കണം. അല്ലെങ്കില്‍‍, യൂദാസിന്‍റെ പുത്തന്‍‍ പതിപ്പുകളായി മാത്രമേ ഞങ്ങള്‍ക്ക് നിങ്ങളെ കാണാന്‍‍ സാധിക്കൂ. കൂടാതെ, മാധ്യമങ്ങളും, പരസ്യങ്ങളും, സീരിയലുകളും മറ്റും ഇത്തരം ആഡംബരങ്ങള്‍‍ക്ക്, അഥവാ ധൂര്‍‍ത്തുകള്‍‍ക്ക് കാരണമാകുന്നു എന്ന് പറയാതെ വയ്യ.


സൂപ്പര്‍താരം സരോജ് കുമാറിന്‍റെ മകളുടെ വിവാഹം നടന്ന അതേ സ്ഥലത്താണ് എന്‍റെയും മകളുടെ വിവാഹം ഞങ്ങള്‍ നടത്തിയത് എന്ന് പറയാന്‍ ചിലര്‍ക്ക് താല്പര്യം ഉണ്ടാവാം. എന്നാല്‍, സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിനെ കുറെ ജനങ്ങള്‍ക്ക്‌ അറിയാം, അവര്‍ക്ക്‌ അതിനുള്ള സാമ്പത്തിക ബലവും ഉണ്ട്. എന്നാല്‍ നിങ്ങളെ നിങ്ങള്‍ക്ക്‌ ചുറ്റുവട്ടത്തുള്ള കുറച്ച് സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കുമല്ലാതെ ഏതു ഡോഗിനറിയാം? ആന എന്തോ ചെയ്യുന്നത് പോലെ ആട് അത് ചെയ്യരുത് എന്നൊരു ചൊല്ലും ഉണ്ടല്ലോ! അതിന് വേണ്ടി ലോണ്‍ എടുക്കുക. അല്ലെങ്കില്‍ വീടും സ്ഥലവും പണയം വയ്ക്കുക. ജീവിതകാലം മുഴുവന്‍ രക്തം വിയര്‍പ്പാക്കി സമ്പാദിച്ചതൊക്കെ പൊടിക്കുക. എന്താ ഇതിനര്‍ത്ഥം? ഞങ്ങള്‍ നടത്തിയ സല്‍ക്കാരത്തില്‍ ഒരു പ്ലേറ്റിന് 2000 രൂപയായി, എന്ന് പറയുന്നവരോട് ഒരു ചോദ്യം. കേരളത്തിലെ ഒരു ശരാശരി മനുഷ്യന്‍ ഈ 2000 രൂപയ്ക്ക് എത്ര ആഹാരം കഴിക്കും? ഏതൊരു മനുഷ്യനായാലും, കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? അതില്‍ ചിലര്‍ ഫാഷനുവേണ്ടി ഒന്ന് രണ്ട് കഷണങ്ങള്‍ അവിടുന്നും, ഇവിടുന്നും പെറുക്കിയെടുത്ത് ആഹരിച്ചതായി നടിക്കും. അവിടെയും ഹോട്ടലുകാരന്‍ ബില്ലിടുന്നത് 2000 തന്നെ. കഷ്ടം!!

ആഡംബരവിവാഹവും, വമ്പന്‍ സ്ത്രീധനവും, ധൂര്‍ത്തുമാണ് കുടുംബത്തിന്‍റെ അന്തസ്സിന് മാനദണ്ഡമായി പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. അത്തരം ചിന്താഗതികള്‍ ഒരു കാലത്തുണ്ടായിരുന്നു സുഹൃത്തുക്കളെ. ഇപ്പോള്‍ അങ്ങിനെ ഒരു ധാരണ മറ്റുള്ളവര്‍ക്ക് ഉണ്ടാവുമെന്ന് കരുതുന്ന നിങ്ങളാണ് വിഡ്ഢികള്‍! എന്റ്റപ്പൂപ്പനൊരാനയുണ്ടായിരുന്നു, അതുകൊണ്ട് എനിക്കും അതിലിരുന്നതിന്‍റെ തഴമ്പ് കാണും, ദാ നോക്കിക്കോ എന്നും പറഞ്ഞ് പൃഷ്ഠം കാണിച്ചാല്‍ ഇപ്പോഴത്തെ ജനങ്ങള്‍ മുഖം പൊത്തി കൂക്കിവിളിക്കുകയേയുള്ളൂ. കാരണം ലോകം മാറി. പുത്തന്‍ അറിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പാരമ്പര്യവാദങ്ങളും ഒക്കെ വെറും പൊള്ളയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ഈ ജാഡകള്‍ക്കൊന്നും ഒരു വിലയും കൊടുക്കാന്‍ കൂട്ടാക്കാത്ത ഒരു പുത്തന്‍ തലമുറ വളര്‍ന്നുവരുന്നു. ഞങ്ങള്‍ക്ക് കയ്യില്‍ കാശുണ്ട്, ഞങ്ങള്‍ അത് ഞങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ചിലവാക്കും. തനിക്കെന്താടോ കുവ്വേ? എന്ന് ചോദിക്കുന്നവരോട് എനിക്ക് സഹതാപം മാത്രം.



പിന്നെ സ്ത്രീധനം ചോദിക്കുന്ന, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന, പുരുഷകേസരികളോട് ഒരു വാക്ക്. ഒരു ഇണയെ, തുണയെ വേണ്ടത് നിന്‍റെ ആവശ്യമാണ്‌. ഒരു കുടുംബം വേണ്ടത് നിന്‍റെ ആവശ്യമാണ്‌. നിന്നെ പരിചരിക്കാനും, സ്നേഹിക്കാനും, മാനസികവും ശാരീരികവുമായ നിന്‍റെ സന്തോഷത്തിന് നിനക്ക് ഒരു പങ്കാളിയെ വേണ്ടത് നിന്‍റെ ആവശ്യമാണ്‌. നിന്‍റെ സന്തതിപരമ്പരകളെ നിന്‍റെ ചോരയില്‍ സൃഷിക്കേണ്ടത് നിന്‍റെ ആവശ്യമാണ്‌. അതിനാണോ ഏതോ ഒരു സാധു മനുഷ്യനും, ഒരു സാധുസ്ത്രീയും നൊന്തുപെറ്റ്‌, വിദ്യാഭ്യാസം നല്‍കി, വളര്‍ത്തി വലുതാക്കിയ അവരുടെ പൊന്നുമകളെ നിനക്ക് തരുന്നതിന് പുറമേ,  അവരുടെ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് കൂടി നീ ചോദിക്കുന്നത്? നിന്‍റെ വീട്ടുകാര്‍ക്ക്‌, ബന്ധുക്കള്‍ക്ക് അതിനോട് അത്യാഗ്രഹം തോന്നുന്നുവെങ്കില്‍, നിനക്ക് അവരെ പറഞ്ഞു മനസിലാക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, നിന്‍റെ നട്ടെല്ല് നീ ഒന്ന് എക്സ്റേ ചെയ്തു നോക്കുക. അത് റബ്ബര്‍ കൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നതെന്ന്!!


ഇതിനൊക്കെ വേണ്ടത് ബോധവത്കരണവും, ശരിയായ വിദ്യാഭ്യാസവും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വഴി ഉണ്ടാവണം. ആര്‍ഭാടവിവാഹങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമവ്യവസ്ഥ ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് ഭരണകര്‍ത്താക്കളുടെയും, ഭരണകൂടത്തിന്റെയും, നിയമസംവിധാനത്തിന്റെയും പൂര്‍ണ്ണ സഹകരണവും ആവശ്യമാണ്‌. എല്ലാത്തിനും ഉപരി, പൊതുജനങ്ങളുടെ ആത്മാര്‍ത്ഥതയും.

ഇടത്തരക്കാരും, പാവങ്ങളും കൂടി ഈ ഭൂമിയില്‍ ജീവിച്ചോട്ടെ. മക്കളുടെ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനെക്കാളും കൂടുതല്‍ അവരുടെ വിവാഹം ആഡംബരമാക്കാന്‍ ചിലവിടുമ്പോള്‍, നിങ്ങളുടെ മക്കളുടെ വിവാഹം നിങ്ങളുടെ പ്രതാപം മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു ധൂര്‍ത്താക്കി മാറ്റുമ്പോള്‍, ഒരു കാര്യം കൂടി ഓര്‍ക്കുക. നിങ്ങളുടെ മക്കളുടെ പ്രായത്തിലുള്ള അനേകായിരം അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ഒരു ജോലിയോ, എന്തെങ്കിലും വരുമാനമോ ഇല്ലാത്തതുകൊണ്ട് മാത്രം അവരുടെ വിവാഹവും, മണിയറയും ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. 



പണ്ടൊരു കള്ളുകച്ചവടക്കാരന്‍ കൊച്ചിയില്‍ തന്‍റെ മകളുടെ വിവാഹം നടത്തിയ കഥ കേട്ടിട്ടുണ്ട്. വധൂവരന്മാരെ കൊണ്ടുപോകാന്‍ വെള്ളക്കുതിരകള്‍ വലിച്ചുകൊണ്ടുപോകുന്ന രഥവും, മദ്രാസില്‍ നിന്നും ഇറക്കുമതി ചെയ്ത സിനിമാ ഫോട്ടോഗ്രാഫര്‍മാരും, അതിനുള്ള ക്രെയിനും അങ്ങിനെ അങ്ങിനെ. എന്തൊക്കെയോ ആര്‍ഭാടങ്ങള്‍! അത് പിന്നെ, ജനങ്ങളുടെ കുടുംബവും, കരളും, വൃക്കയും ഒക്കെ തുലച്ചു കിട്ടിയ കാശ് കൊണ്ട് കാട്ടിക്കൂട്ടുന്നതെന്ന് പറയാം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന കാശ്കൊണ്ട്,  നിങ്ങളും അതുപോലെ തരം താഴണോ? 


ജസ്റ്റിന്‍ പെരേര
ഷാര്‍ജ

Monday, September 5, 2011

തിരോന്തരത്തെ രാജഭക്തി

ജില്ലെല്ലേ ജില്ലേലെ 'ജുംതലക്കിട' ജില്ലേലെ.

ഓ, തന്ന. ഇനി ആ 'ജുംതലക്കിട' ജില്ലയിലെ അണ്ണന്മാരു കൂടിയെ ബാക്കി ഒള്ളപ്പീ, തിരോന്തരത്തുകാരെ ചീത്ത വിളിക്കാന്‍. അറിഞ്ഞില്ലേ, ഇപ്പം എല്ലാ ജില്ലാക്കാര്‍ക്കും തിരോന്തരത്തെ പൈലുകളെ ചീത്ത വിളിക്കാനേ നേരം ഉള്ളൂ. കട്ടകലിപ്പുകളാണ് കേട്ടാ. നേരത്തേതന്ന ഭരണയന്ത്രം തിരോന്തരത്ത് തിരിഞ്ഞോണ്ടിരിക്കുന്നതിന്റെ കലിപ്പുകള് ആയിരുന്നു. ദാണ്ടെ ഇപ്പം കുറെ നിധിയെന്നോ, ക്ഷേത്രസമ്പത്തെന്നോ, ഒക്കെ പേരുള്ള എന്താരോക്കെയോ നല്ല പൊളപ്പന്‍ സാധനങ്ങള് കുഴികളീന്നു തോണ്ടി കിട്ടി. തള്ളേ, കലിപ്പ് കൂടി. നിന്റെയൊക്കെ രാജാവ് പണ്ട് ഞങ്ങടെ പെരേല് കേറി അടിച്ചോണ്ട് പോയ സാധനങ്ങളാണ് അതെല്ലാം എന്നാണു ഭൂമിയുടെ അച്ചുതണ്ട്‌ കറങ്ങുന്ന ഏരിയായിലെ ചില കിടിലം അണ്ണന്‍മാര് പറയുന്നത്! എന്റെ പഴവങ്ങാടി ഗണപതീ... ഇതിന്റെ കണക്കൊക്കെ യവന്മാര്‍ടെല് ഒണ്ടായിരിന്നാടെ? പണ്ട് തലക്കരം, മുലക്കരം തുടങ്ങിയ നികുതികള്‍ ബലമായി പിടിച്ച്‌വാങ്ങി ഉണ്ടാക്കിയതാണ് ഇതെല്ലാം എന്ന് മറ്റു ചില അണ്ണന്മാര്. ഇപ്പോഴും, നല്ല വലിപ്പമുള്ള ബ്രാ വാങ്ങണമെങ്കില് തുട്ട് കൂടുതല്‍ കൊടുക്കണമെന്നും, അതിനനുസരിച്ചു നികുതി കൊടുക്കണമെന്നും, ഇതിരിപ്പൂലം ബുത്തി ഒള്ളവന് മനസിലാവൂല്ലെടെ അപ്പികളേ? അതുപോലെ, നിങ്ങടെ രാജാവ് മഹാ കന്നംതിരിവുകള് കാണിച്ചില്ലായിരുന്നേല്, തലസ്ഥാനം തിരോന്തരത്തിനു പകരം തിരുവല്ലേല്‍ ആയിരുന്നേനെ എന്ന കിണ്ണം ഡയലോഗുകള് വരെ ചെല സാറന്മാര് അടിച്ചുവിട്ടു.. ഓ, അമ്മച്ചിയാണേ തന്ന. എന്തരെങ്കിലും വാ തൊറന്ന് പറഞ്ഞാല്‍ മണ്ടയില്‍ തോണ്ടു വാങ്ങിച്ചോണ്ടിരുന്ന നിരീശ്വരവാദി പൈലുകള് വരെ നാക്കുകളിട്ടടിക്കാനും, ആളാവാനും തൊടങ്ങി. "ഡേയ്" എന്ന് വിളിച്ചാല്‍ ഓടിത്തപ്പിക്കളയുന്ന ചെല പേടിത്തൂറി നാട്ടുരാജാക്കന്മാര് ഭരിച്ചോണ്ടിരുന്ന സ്ഥലത്തെ ഊപ്പകളാണ് ഇപ്പം വലിയ ആളുകളായി ഇറങ്ങിയിരിക്കുന്നത്. ഇതൊന്നും തിരോന്തരുത്തുകാര് മൈന്‍ഡ്‌ ചെയ്യൂല്ല കേട്ടാ. കാര്യം, ആനപ്പൊറത്ത് ഇരിക്കുന്നവന്, താഴെ കെടക്കുന്ന പട്ടി കൊരച്ചാല്‍ എന്തരാവാനകൊണ്ട്!

തിരുവനന്തപുരത്തുകാര്‍ക്ക് രാജഭക്തി ആണത്രേ. കൊള്ളാം. 'നന്ദി' എന്നതിന് ഭക്തി എന്നാണോ ഇക്കൂട്ടര്‍ കണ്ടുവച്ചിരിക്കുന്ന അര്‍ത്ഥം? പത്തുമാസം ചുമന്ന് പ്രസവിച്ച അമ്മയോടോ, അതിനു കാരണഭൂതനായ അച്ഛനോടോ നന്ദിയോ, ബഹുമാനമോ കാട്ടിയാല്‍ അതിനും കുറ്റം കണ്ടുപിടിക്കുമോ ആവോ! അതെവിടെ? പെറ്റമ്മയെ തൊഴുത്തില്‍ ആടിനോപ്പം താമസിപ്പിക്കുകയും, പിതാവിനെ ചങ്ങലക്കിടുകയും ചെയ്യുന്ന കേരളത്തിലെ പ്രബുദ്ധജനങ്ങളില്‍ നിന്നും "നന്ദി" എന്നൊരു സംഭവം പ്രതീക്ഷിക്കണ്ട. ഇനി നന്ദി എന്തിനാണന്നല്ലേ? പറയാം. ഒരു തിരുവനന്തപുരം നിവാസി എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാം. അതിനി രാജഭക്തി കൂടിപ്പോയത് കൊണ്ട് രാജാവിനെ പ്രകീര്‍ത്തിക്കുന്നു എന്ന് ആക്ഷേപിച്ചാലും ഒരു കുഴപ്പവും ഇല്ല. ആദ്യത്തെ ഖണ്ഡികയുടെ അടിവരയിട്ടിരിക്കുന്ന അവസാനവാക്യം ഉത്തരം. അത്ര തന്നെ.

ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ ജീവിക്കുന്ന എനിക്ക് രാജഭക്തി അശേഷം കാണിക്കേണ്ട ആവശ്യമില്ല. രാജഭരണം അവസാനിച്ചിട്ടു വര്‍ഷം 50 കഴിഞ്ഞു. എന്റെ കുടുംബത്തിലെ ആരെങ്കിലും തിരുവിതാംകൂര്‍ രാജാവിന്റെ അടുത്തൂണ്‍ പറ്റിയിരുന്നതായും എനിക്ക് അറിവില്ല. ചരിത്രം എന്ന് നാം പഠിക്കുന്നത് രാജാക്കന്മാര്‍ ചെല്ലും, ചെലവും കൊടുത്ത് നിര്‍ത്തിയവര്‍ എഴുതിപ്പിടിപ്പിച്ച വാഴ്ത്തുപാട്ടുകള്‍ ആണെന്നും, ചരിത്രകാരന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില മഹാപ്രതിഭകള്‍ കണ്ടെത്തിയെങ്കില്‍, അതിനെയും ഞാന്‍ ഖണ്ഡിക്കുന്നില്ല. ഒരുപക്ഷെ സത്യം ആയിരിക്കാം. എന്നാല്‍ കണ്‍മുന്‍പില്‍ തെളിവായി ഇപ്പോഴും കാണുന്ന വസ്തുതകള്‍ എഴുതിപ്പിടിപ്പിച്ച കാര്യം ആണെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ജനിച്ചുവളര്‍ന്ന തിരുവനന്തപുരത്ത് ഞാന്‍ കാണുന്ന, അനുഭവിച്ചറിഞ്ഞ വളരെ കുറച്ചു ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാനുള്ള അറിവ് എനിക്കില്ല. എന്നാലും.

തിരുവനന്തപുരം ജില്ലയുടെ അങ്ങോളം ഇങ്ങോളം കാണുന്ന പല പരിഷ്ക്കാരങ്ങളും രാജഭരണകാലത്ത് വന്നതാണ്. കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ നിലകൊള്ളുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രൌഡിയുള്ള എല്ലാ കെട്ടിടസമുച്ചയങ്ങളും രാജകുടുംബമല്ല ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് ഓര്‍ക്കുക. ഈ പറയുന്ന എച്ചുകെട്ടിയ ജനാധിപത്യ സര്‍ക്കാരിന്റെ പല ആപ്പീസുകളും ഇവിടുങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേരളാ പോലീസിന്റെ ആസ്ഥാനമന്ദിരം വരെ. കൂടാതെ, നിരവധി പ്രമുഖ കോളേജുകള്‍, ആശുപത്രി കെട്ടിടങ്ങള്‍, ലൈബ്രറി കെട്ടിടങ്ങള്‍, സെക്രട്ടറിയേറ്റ്, യൂണിവേര്‍സിറ്റി, മ്യൂസിയം, ഇന്ത്യയിലെ തന്നെ നല്ലൊരു മൃഗശാല, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ആപ്പീസ്, നക്ഷത്രബംഗ്ലാവ്‌ അങ്ങിനെ പോകുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ഉദ്ദേശ്യം ഇല്ല.

രാജഭരണകാലത്തെ ജലവിതരണസംവിധാനം തന്നെയാണ് കുറ്റമറ്റതായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഓടകള്‍, ജലഗതാഗത സംവിധാനങ്ങള്‍, വള്ളക്കടവ് മുതല്‍ ആലപ്പുഴ വരെ. പണ്ടുകാലത്ത് സാങ്കേതികവൈദഗ്ധ്യത്തോടെ നിര്‍മ്മിച്ച ഇത്തരം കാര്യങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി കൊണ്ടുപോകാന്‍ പോലും നമ്മുടെ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല എങ്കില്‍, ജനാധിപത്യം എന്നത് കോണകം ആയി ഉപയോഗിക്കാം. വിഴിഞ്ഞം തുറമുഖം, വലിയതുറ തുറമുഖം, തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം എന്നിവയെല്ലാം ജനാധിപത്യസര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത മഹാസംഭവങ്ങള്‍ അല്ല. മറിച്ച്, രാജഭരണകാലത്തെ സംഭാവനകള്‍ ആണ്. വ്യാവസായികമായി ആണെങ്കില്‍ ഇപ്പോഴും ലാഭത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് , ചില റബ്ബര്‍ അച്ചായന്മാരുടെ അപ്രീതിക്ക് പാത്രമായി അടച്ചു പൂട്ടേണ്ടി വന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ഫാക്ടറി, ഇവയൊക്കെ ചിലത് മാത്രം.

പറയാനാണെങ്കില്‍ ഒരുപാട് പറയാന്‍ കാണും. തിരുവനന്തപുരത്തുക്കാര്‍, മറ്റ് നാട്ടുകാരെപ്പോലെ അയല്‍ക്കാരോട് എന്തുകൊണ്ട് അസഹിഷ്ണുത കാണിക്കുന്നില്ല എന്ന സംശയം എല്ലാവര്‍ക്കും ന്യായമായും ഉണ്ടാവാം. അതിനുകാരണം, കാലാകാലങ്ങളായി പലവിധ ജനസമൂഹങ്ങളെയും, അവരുടെ സംസ്കാരങ്ങളെയും, ജീവിതരീതികളെയും, ആഹാരശൈലികളേയും, സംസാരശൈലികളെയും, ആരാധനാരീതികളേയും അംഗീകരിക്കുകയും, ബഹുമാനിക്കുകയും, ആതിഥ്യമരുളുകയും ചെയ്തിട്ടുള്ള ഒരു പാരമ്പര്യമാണ് യഥാര്‍ത്ഥ തിരുവനന്തപുരം നിവാസിയുടെത്. കാരണം തലസ്ഥാനം അവിടെയാണല്ലോ. അതല്ലാതെ, കൂട്ടില്‍ കിടക്കുന്ന കുരങ്ങന്‍ സന്ദര്‍ശകരോട് പല്ലിളിച്ചു കാട്ടി കോപ്രായം കാണിക്കുന്നതുപോലെ, ചില ദേശക്കാര്‍ മറ്റ് നാട്ടുകാരോട് പെരുമാറുന്നതുപോലെ തങ്ങളുടെ നാട് സന്ദര്‍ശിക്കുന്നവരോട് അവര്‍ പെരുമാറാറില്ല. എന്തെങ്കിലും അപകര്‍ഷതാബോധം ഉള്ളവര്‍ക്ക് ഇതിനും പ്രതികരിക്കണം എന്ന് തോന്നുക സ്വാഭാവികം. അവരെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല.

ഇത്രയും പറഞ്ഞു എന്ന് കരുതി ഇവന്‍ രാജഭക്തി കൂടി ഇനി കവടിയാര്‍ കൊട്ടാരത്തിന്റെ ഗേറ്റില്‍ ചെന്ന് കുന്തവും പിടിച്ചു കാവല്‍ നില്‍ക്കും എന്നൊന്നും പറഞ്ഞേക്കല്ലേ. അതിനൊന്നും എന്നെ കിട്ടില്ല. എന്നാലും, ആര് നമുക്ക് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് നല്ലതാണെന്ന് പറയാനുള്ള മനസ്സ്‌ വേണം. അല്ലാതെ, കഴിഞ്ഞതൊക്കെ മറന്ന് അവരെ തെറി വിളിക്കുന്നത്‌ സംസ്കാരശൂന്യമായ തത്വചിന്തയാണ്. നാട്ടില്‍ പോയിരുന്നപ്പോള്‍ ഒരു നേതാവിന്റെ പ്രസ്താവന ടി.വിയില്‍ കേള്‍ക്കാന്‍ ഇടയായി. രാജാവ് പായസപാത്രത്തില്‍ സ്വര്‍ണ്ണം കടത്തിയിരുന്നു എന്ന്! ഇത് ശ്രദ്ധിച്ച എന്റെ 84 വയസുള്ള പിതാവ് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു. അയ്യോ.. ഛെ... ഇതുപോലൊരു ഒരു മണ്ടന്‍!



ജസ്റ്റിന്‍ പെരേര
ഷാര്‍ജ

Monday, June 6, 2011

നമ്മുടെ പൈതൃകബോധം




എന്റെ ഈ കുറിപ്പ് അത്ര പ്രസക്തിയുള്ള ഒരു വിഷയമേ അല്ല. ഇത് എന്‍റെ മാത്രം സൃഷ്ടി എന്നും അവകാശപ്പെടുന്നില്ല. ചുറ്റും നടക്കുന്നതും, വായിച്ചറിഞ്ഞതും, അനുഭവിച്ചറിഞ്ഞതും. കേള്‍ക്കുന്നതും, കാണുന്നതുമായ ചില വിഷയങ്ങള്‍ ഒരു അവിയല്‍ പരുവത്തില്‍ കോര്‍ത്തിണക്കി കുറിച്ചു വയ്ക്കുന്നു. ഇത് വായിച്ച് ആസ്വദിക്കുന്നവര്‍ ഉണ്ടാവാം, ചിന്തിക്കുന്നവര്‍ ഉണ്ടാവാം, കോപം വരുന്നവര്‍ ഉണ്ടാവാം, എനിക്കിട്ടു രണ്ടു തരണം എന്ന് കരുതുന്നവര്‍ ഉണ്ടാവാം. പക്ഷെ വെറുതെ കോപിക്കാതെ ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അന്വേഷിക്കുക, നോക്കുക. തെറ്റുണ്ടെങ്കില്‍, തെളിവ് സഹിതം പറഞ്ഞാല്‍ തിരുത്താം. എന്നോട് പിണങ്ങാന്‍ വരരുതേ. ഇനി പിണങ്ങിയാലും... ഓ... പിന്നെ.... എനിക്ക് ഒന്നുമില്ല. "മല്ലൂസ് " എന്ന ഓമനപ്പേരില്‍ മറ്റുള്ളവര്‍ വിളിക്കുന്ന മലയാളികളെ കുറിച്ച തന്നെയാണ് ഈ കുറിപ്പ്.

ഓണം ഇങ്ങെത്തി. പ്രവാസികള്‍ക്ക് ഓണം, ക്രിസ്തുമസ് എന്നൊക്കെ പറഞ്ഞാല്‍ രണ്ടുമൂന്നു മാസം അറമാദിച്ചു നടക്കാനുള്ള പരിപാടികളാണ്. 2011-ല്‍ സെപ്റ്റംബര്‍ 9-നാണ് ഓണം. അതിന്റെ ആഘോഷങ്ങള്‍ ക്രിസ്തുമസ് വരെ നീളും. അത് കഴിഞ്ഞാല്‍ പിന്നെ ക്രിസ്തുമസ് ആഘോഷങ്ങള്‍. അതും കാണും രണ്ടുമൂന്ന് മാസം. പറയാന്‍ വരുന്നത് ഈ വിശേഷങ്ങള്‍ ഒന്നുമല്ല. ഈ വിശേഷങ്ങളുമായി കുറച്ചു ബന്ധപ്പെട്ടു കിടക്കുന്ന മലയാളികളുടെ ചില രീതികളും, ശീലങ്ങളും.

ഗള്‍ഫില്‍ കൂണു പോലെയാണ് ഇന്ത്യന്‍, പ്രത്യേകിച്ചു മലയാളി സംഘടനകള്‍. ആദ്യമൊക്കെ ഉണ്ടായിരുന്നത് ഇന്ത്യന്‍ അസോസിയേഷന്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ മുതലായ മാത്രമാണ്. പണ്ട് കാലത്ത് ബോംബേയില്‍ നിന്നും ഗുജറാത്തില്‍ നിന്നും കള്ള ഉരുവിലും, പിന്നെ നേരായ മാര്‍ഗ്ഗത്തിലും ഒക്കെ ഗള്‍ഫില്‍ വന്നവര്‍ തുടങ്ങി വച്ച ചില മഹാസംഭവങ്ങള്‍ ആണ് ഇതൊക്കെ. ഇന്ത്യന്‍ അസോസിയേഷന്‍ എന്നാണു പേര്‍ എങ്കിലും, ഇതില്‍ ഇന്ത്യാക്കാര്‍ ഉണ്ടോ എന്ന് സംശയമാണ്. ഒരു സ്ഥലത്ത് മലയാളികളും കുറച്ചു മംഗലാപുരത്തുകാരും, മറ്റൊരിടത്ത് കുറെ ഗുജറാത്തികളും മറ്റു കുറച്ചു പേരും ആണ് ഈ ഇന്ത്യന്‍ അസോസിയേഷനുകള്‍ നടത്തിക്കൊണ്ട് പോകുന്നത്. ഈ സംഘടനകള്‍ കൊണ്ട് ഇത് നടത്തിക്കൊണ്ട് പോകുന്നവര്‍ക്കല്ലാതെ ഇന്ത്യാക്കാര്‍ക്ക് അഞ്ചു പൈസയുടെ ഗുണം ഉണ്ടോ എന്ന് എനിക്കറിയില്ല. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷനില്‍ മലയാളികളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. എന്നിട്ടും എന്തിനാണാവോ ഇതിന്റെ പേര് ഇന്ത്യന്‍ അസോസിയേഷന്‍! ഒരു പക്ഷെ ഇതില്‍ നിന്നും പ്രചോദനം ഉണ്ടായിട്ടാവാം "പാണ്ടിപ്പട" എന്ന സിനിമയില്‍ കൊച്ചിന്‍ ഹനീഫ ഒരു ഡയലോഗ് പറയുന്നത്. "നിന്റെയൊക്കെ കളി ഈ തമിഴ്‌നാട്ടില്‍ അല്ലെ നടക്കൂ? നിനക്കൊക്കെ ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വാ".

പിന്നെ ഈ അസോസിയേഷനുകള്‍, ഇതിന്റെ സ്ഥാപകര്‍ക്കും, അവരുടെ സന്തതി പരമ്പരകള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. അതില്‍ മെമ്പര്‍ ആവാനോ, പരിസരത്തു പോകാനോ ശ്രമിക്കരുത്. അവിടെ അപരിചിതരെ കണ്ടാല്‍ ഇതിന്റെ മുത്തപ്പന്മാരുടെ ഒരു വക പുച്ഛം നിറഞ്ഞ ഒരു നോട്ടമുണ്ട്. "തനിക്കെന്തു കോപ്പാടാ ഇവിടെ എന്‍റെ തറവാട്ടില്‍ കാര്യം" എന്ന മട്ടില്‍. ഗള്‍ഫില്‍ നിന്നും വിരമിച്ചു പോകുന്ന ഇന്ത്യന്‍ അസോസിയേഷന്‍ മെമ്പര്‍മാരായ ഇന്ത്യാക്കാര്‍ക്ക് (സോറി, മലയാളികള്‍ക്ക്) അവരുടെ മക്കളെ, അല്ലെങ്കില്‍ മരുമക്കളെ, അതുമല്ലെങ്കില്‍ വളരെ വിശ്വാസവും അടുപ്പവും ഉള്ളവരെ ഇതിലേയ്ക്ക് നാമനിര്‍ദേശം ചെയ്യാം. ബാക്കിയുള്ള ബ്ലഡി ഇന്ത്യന്‍സ് അതിനെതിരെ മിണ്ടിപ്പോകരുത്. വിവരവും, വിദ്യാഭ്യാസവും ഉള്ളവന്‍ വന്നു കയറിയാല്‍ കണക്ക് നോക്കലും, ചോദ്യങ്ങളും ഉണ്ടാവുമോ എന്ന് ഭയന്നിട്ടാവണം ഇങ്ങിനെ ഒരു നിയമം അവര്‍ തന്നെ ഉണ്ടാക്കി വച്ചിരിക്കുന്നത്! അത് വിടൂ, വീണ്ടും നമുക്ക് കഥ വഴി തിരിക്കാം.

ഇന്ത്യന്‍ അസോസിയേഷന്‍ എന്ന മഹാസംഭവം ഇന്ത്യാക്കാര്‍ക്ക് വേണ്ടി അല്ലാത്തത് കാരണം, പ്രവാസി ഇന്ത്യാക്കാര്‍ പല പ്രാദേശിക സംഘടനകളും തുടങ്ങി. അതിലും മുന്‍പന്തിയില്‍ മലയാളികള്‍ തന്നെ. വേലിപത്തല്‍ കൂട്ടായ്മ, ആറ്റിന്‍ കര അസോസിയേഷന്‍, കിണറ്റിന്‍കര സംഘടന എന്ന് തുടങ്ങി പല കൂട്ടായ്മകളും ഇന്ന് ഗള്‍ഫില്‍ സജീവമാണ്. ഇതില്‍ പല സംഘടനകളും ഓണമോ, വിഷുവോ, ക്രിസ്തുമസോ ഒന്നും ഇല്ലെങ്കില്‍ പിന്നെ പൈതൃകം, പാരമ്പര്യം, സംസ്കാരം, സംഗീതം, കവിത മുതലായ വിഷയങ്ങളില്‍ സെമിനാറുകളും, മീറ്റിങ്ങുകളും ഒക്കെ സംഘടിപ്പിക്കുവാന്‍ തുടങ്ങും. അതിനൊക്കെ എത്ര കാശ് മുടക്ക് വന്നാലും അവര്‍ക്ക് അതൊരു പ്രശ്നമല്ല. ഇതിലൊക്കെ എന്തെങ്കിലും വിവരം ഉള്ളവര്‍ വളരെ ചുരുക്കം. എന്നാലും കൂട്ടായ്മക്ക് മുന്നോടിയായി ഫീസ് കൊടുത്തെങ്കിലും പ്രസ്തുത വിഷയത്തില്‍ അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കി വച്ചിരിക്കും. ദാരിദ്ര്യവും, കഷ്ടപ്പാടുമായി നാട്ടില്‍ കഴിഞ്ഞവര്‍, ഇവിടെ വന്നു കഷ്ടപ്പെട്ട് കണ്ടുപിടിച്ച ജോലി ചെയ്തു പത്തു തുട്ട് കയ്യില്‍ വന്ന് കുറച്ചു രക്ഷപ്പെട്ട് കഴിയുമ്പോള്‍ അവരുടെ പൈതൃകബോധവും, സാംസ്കാരിക ചിന്തകളും, പാരമ്പര്യ വികാരവും ഉണരുകയായി. പിന്നെയാണ് ക്ലൈമാക്സ്!

ഇങ്ങിനെ കൂടുന്നവര്‍ക്ക് സ്വന്തം നാടല്ലാതെ, മറ്റു നാട്ടുകാരെ എല്ലാം പുച്ഛമാണ്. ബുദ്ധന്‍ ഞങ്ങളുടെ നാട്ടിലൂടെ പോയി, തോമാസ്ലീഹ വീടിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു, ശ്രീരാമനുമായി ഹനുമാന്‍ സീതയെ പിക്ക്‌ ചെയ്യാന്‍ കൊളംബോയിലേക്ക് പോകുന്ന വഴി എന്‍റെ അപ്പൂപ്പന്‍റെ വകയിലെ അളിയന്‍റെ വീട് ഇപ്പോള്‍ ഇരിക്കുന്ന മലയില്‍ വിശ്രമിച്ചു (അത് കണ്ടാല്‍ മനസ്സിലാവും!) എന്നുള്ള കാര്യങ്ങള്‍ വളരെ സമര്‍ഥമായി അവര്‍ അവകാശപ്പെടും. പാവം ബുദ്ധനും, തോമാസ്ലീഹയും, ശ്രീരാമനും ഇത് വല്ലതും അറിഞ്ഞതാണോ ആവോ!

ഒരു ക്രിസ്ത്യാനി ആയതിനാല്‍ എനിക്ക് ഒരു കാര്യം ധൈര്യമായി പറയാം. ആരും എന്നെ വര്‍ഗ്ഗീയത പറഞ്ഞു എന്ന പേരില്‍ തല്ലാന്‍ വരില്ല. പാരമ്പര്യം, പൈതൃകം എന്നിവ വാദിക്കാനും, അവകാശപ്പെടാനും കേരളത്തിലെ ക്രിസ്ത്യാനികളെ വെല്ലാന്‍ ഭൂമുഖത്ത് മറ്റൊരു മനുഷ്യസമൂഹവും ഇല്ലെന്നു വേണം കരുതാന്‍. കൂട്ടം കൂടിനിന്ന് സംസാരിക്കുന്ന വിഷയങ്ങളില്‍ എല്ലാം പ്രെയ്സ് ദി ലോര്‍ഡ്‌ എന്ന മുദ്രാവാക്യവും, നമ്പൂതിരിയും, തോമാസ്ലീഹായും, പോത്ത് ഫ്രൈയും, എല്ലും കപ്പയും, റബ്ബറും ഒക്കെ കടന്നു വരും, അല്ലെങ്കില്‍ വരുത്തും. എന്നതാ അച്ചായോ, എന്നതാടാ കൂവേ, ഓ.. എന്നീ പദങ്ങള്‍ അനര്‍ഗളം പ്രവഹിക്കുന്നത് കേള്‍ക്കാം. "ഓ.." എന്നത് പറയുന്നതിന് ഒരു പ്രത്യേക രീതി തന്നെയുണ്ട്. "ഓ.." എന്ന് ഒന്നാം ശ്രുതിയില്‍ നീട്ടി പറഞ്ഞാല്‍ അത് തിരോന്തരം ഭാഷ ആയിപ്പോവും. "ഓ" എന്ന് കുറുക്കിപ്പറയുക. അതും, ഏഴാമത്തെ ശ്രുതിയില്‍, ഹൈ ഡെസിബലില്‍ തന്നെ പറയണം. കോഴി മുട്ടയിട്ടതിനുശേഷം കൊ, കൊ കൊ എന്ന ഒരു ഒച്ച ഉണ്ടാക്കുന്നത്‌ കേട്ടിട്ടില്ലേ? അത് തന്നെ. അത് 'കൊ കൊ കൊ'... ഇതേ ടോണില്‍ 'ഓ' മാത്രം. Just remember that! ഈ സ്വരം വരുത്തിയാല്‍ പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, ആലുവ, തൃശ്ശൂര്‍ മുതലായ സ്ഥലങ്ങളുടെ ഒരു ലേബല്‍ വീണോളും. ഇനിയിപ്പോള്‍ തമിഴ്‌ നാട്ടുകാരന്‍ പ്രഭുദേവ ചങ്ങനാശ്ശേരിക്കാരി ഡയാനയെ (നയന്‍താര) കെട്ടിയാല്‍ ഈ ഭാഷകളില്‍ പ്രാവീണ്യം നേടേണ്ടി വരും തീര്‍ച്ച.

"തോമാശ്ലീഹാ ഹാനാന്‍ വെള്ളത്തില്‍ മുക്കിയ ഒന്നാന്തരം നമ്പൂതിരി കുടുംബമാടോ ഉവ്വേ ഞങ്ങളുടെത്" എന്നൊക്കെ പറയുന്നത് കേള്‍ക്കാം. നമ്പൂതിരിമാര്‍ കൂട്ടത്തോടെ മതം മാറിക്കൊണ്ടിരുന്ന ആ സമയത്ത് ആര്‍. എസ്. എസ്.-ന്‍റെ ദേശീയ സമ്മേളനം അയോധ്യയില്‍ നടന്നോണ്ടിരുന്നത് ഭാഗ്യം! തോമാശ്ലീഹായാണ് തങ്ങളുടെ സഭാസ്ഥാപകന്‍ എന്നാണു പേര്‍ഷ്യയിലെ പാര്‍സ് പ്രവിശ്യയിലുള്ളവരും അവകാശപ്പെടുന്നത്. ഇതേ അവകാശവാദം പഴയ പാര്‍ത്ത്യാക്കാരും, എത്യോപ്യരും, മെഥ്യാക്കാരും, പ്രാചീന ചൈനീസ്‌ ക്രൈസ്തവരും ഉന്നയിക്കുന്നു എന്നുകൂടി ഓര്‍ക്കുക.



സ്വന്തം അപ്പന്റെ പേര് പറഞ്ഞില്ലെങ്കിലും, നമ്പൂതിരിയുടെ വിത്താണെന്ന് പറയാന്‍ ചിലര്‍ക്ക് ഉത്സാഹമാണ്. ഇനി, ഏഴാം/എട്ടാം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കേരളത്തില്‍ നമ്പൂതിരി പോയിട്ട് ഒരു കമ്പിത്തിരി പോലും ഇല്ലായിരുന്നു എന്ന് ആരെങ്കിലും ശാസ്ത്ര/ചരിത്ര തെളിവുകള്‍ നിരത്തി പറഞ്ഞാലും, അതൊക്കെ ഞങ്ങളുടെ ജില്ലയുടെ തെക്കോട്ടും, വടക്കോട്ടും ഉള്ള ഡേര്‍ട്ടി ഫെലോസിനു മാത്രമേ ബാധകമുള്ളു, ഞങ്ങളൊക്കെ അത് തന്നാ, എന്ന രീതിയില്‍ ആയിരിക്കും ഇവരുടെ വാദം. സസ്യഭുക്കുകളായ നമ്പൂതിരി മാറി വന്ന ജെനുസില്‍ ഉള്ളവര്‍ക്ക് പോത്ത് ഫ്രൈയിലും, എല്ലും കപ്പയിലും, മീന്‍ കറിയിലും, കള്ളിലും, പാതി വെന്ത താറാവിന്റെ കരളിലും, മാടിന്റെ ബോട്ടിയിലും, ആടിന്റെ ഫ്രൂട്ടിയിലും ഇത്ര കമ്പം കയറിയത് എങ്ങിനെയാണെന്ന് പരിണാമ സിദ്ധാന്തത്തിന്റെ ഉടയോന്‍ ഡാര്‍വിന്‍ വിചാരിച്ചാല്‍ പോലും കണ്ടെത്താനാവും എന്ന് എനിക്ക് തോന്നുന്നില്ല.

ഈ കൂട്ടായ്മക്കിടയില്‍ ഒരു കുടുംബത്തെ പരിചയപ്പെട്ടു എന്നിരിക്കട്ടെ. സംസാരത്തിനിടയില്‍ അവരുടെ വീടും സ്ഥലവും ചോദിക്കുമ്പോള്‍, അതേ സ്ഥലത്ത് എനിക്ക് പരിചയമുള്ള ഒരു രാജുവിനെ അറിയാമോ എന്ന് ഞാന്‍ ചോദിക്കും. അച്ചായന്‍ "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന് പ്രാര്‍ഥിക്കുന്നത് പോലെ, ദൃഷ്ടി ആകാശത്തേയ്ക്ക് ഉയര്‍ത്തും, ഒന്ന് ചിന്തിക്കും, എന്നിട്ട് പെണ്ണുമ്പിള്ളയെ വിളിക്കും.... എടിയേ, ഇത് നമ്മുടെ ഏഴാം മൈലിലെ, വടക്കേവാതിലേലെ തങ്കച്ചന്റെ മോനെപ്പറ്റി അല്ല്യോടീ ചോദിക്കുന്നെ... ഉടന്‍ പെണ്ണുമ്പിള്ള, ഓ... അതിയാനെപ്പറ്റിയായിരുന്നോ നിങ്ങളിത്രേം നേരം സംസാരിച്ചേ. എന്റെ ജസ്റ്റിനെ (അതെന്തിനാ!!).... ഈ എന്റെ അമ്മച്ചി ഈ തങ്കച്ചന് ഞങ്ങട മുറ്റത്ത് കുഴിയില്‍ വച്ചേക്കുന്ന ചേമ്പിലേല് എന്തോരം കഞ്ഞീം, പുഴുക്കുമാ കൊടുത്തെക്കുന്നതെന്നു അറിയാവോ. എന്റെ പാറേ മാതാവേ... അവരൊക്കെ ഇപ്പൊ വലിയ നിലയിലായില്ല്യോ!

ഇത് കേള്‍ക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ കരുതും... ഹോ! രാജുവിനെ പോലത്തെ അധ:കൃത സുഹൃത് വലയത്തില്‍ നിന്നും, എന്നെ കര കയറ്റി ഇതുപോലുള്ള മഹാന്മാരുടെ ചങ്ങാതിവലയത്തില്‍ എത്തിച്ച ദൈവത്തിനു സ്തോത്രം! ഹലേലൂയ!! പക്ഷേങ്കില് കുറച്ചു കഴിഞ്ഞു എനിക്കോര്‍മ്മ വന്നു.... അല്ലേ.... ഈ അച്ചായന്‍റെ അപ്പന്‍ പണ്ട് മണര്‍കാട് പാപ്പന്റെ തോട്ടത്തില് പണിക്ക് പോയ്ക്കൊണ്ടിരുന്നത് ഞാന്‍ കണ്ടിട്ടുള്ളതാ. ഹല്ലാ പിന്നെ.... എന്നോടാ വര്‍ത്തമാനം! ഞാന്‍ ആരാ മോന്‍!!

ഇനി കേരളത്തിന്റെ ഏറ്റവും വടക്കുള്ള ജില്ലകളില്‍ നിന്നുള്ളവരുടെ കൂട്ടായ്മകള്‍! അവരുടെ പ്രസ്താവനകളും, ചര്‍ച്ചകളും കേട്ടാല്‍ അവര്‍ കേരളത്തിനോ, ഇന്ത്യക്ക് പുറത്തോ തന്നെയുള്ള മറ്റൊരു രാജ്യത്തുള്ളവര്‍ ആണെന്ന് തോന്നും. അവര്‍ക്ക് അവരുടെതായ ബാങ്കിംഗ് സംവിധാനങ്ങളും നിയമവ്യവസ്ഥകളും ഉണ്ട്. നമ്മോട് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ ഇപ്രകാരമാണ്. "ങ്ങടെ സര്ക്കാര് ശരിയല്ലപ്പാ". എന്റെ ഗവണ്‍മെന്റ്‌ ശരിയല്ല എന്നാണു പുള്ളി പറഞ്ഞത്. അപ്പൊ അവരുടെ ഗവണ്‍മെന്റ് ഏതാ? പിന്നെ വളരെ ആകര്‍ഷണീയതയുള്ള സംസാരരീതിയാണ് ഇക്കൂട്ടരുടെ. തെക്കോട്ട് ഉള്ളവര്‍ക്ക് മനസ്സിലാവാന്‍ കുറച്ചു പ്രയാസം വരും. ഉദാഹരണത്തിന് ഒരിക്കല്‍ ഞാന്‍ കേട്ടതാ. ഒരു ബസ്സ്‌ വന്നു നില്‍ക്കുന്നു. അതില്‍ നിന്നും മുതിര്‍ന്ന ഒരു സ്ത്രീ ഇറങ്ങി. എന്നിട്ട് പുറകെ ഇറങ്ങുന്ന കൊച്ചു മകളോട് പറയുന്നു. "ബേം ബേം കീ കീ ബൂം ബൂം......" വല്ലോം മനസ്സിലായാ? "വേഗം വേഗം ഇറങ്ങു അല്ലെങ്കില്‍ വീഴും" എന്നാണു പറഞ്ഞത്. ഇത് ഞാന്‍ ഒരു വിവര്‍ത്തകന്റെ സഹായത്തോടുകൂടി മനസ്സിലാക്കി.

ഇനി തിരുവനന്തപുരം, വര്‍ക്കല, കൊല്ലം വരെയുള്ളവരുടെ കൂട്ടായ്മകള്‍ ആണെങ്കില്‍ കുറച്ചുകൂടി വ്യത്യസ്തമാണ് ആണ്. പരിപാടികള്‍ തുടങ്ങുന്ന സമയത്ത് വളരെ കണ്ട്രോള്‍ ചെയ്തായിരിക്കും മാന്യദേഹങ്ങള്‍ സംസാരിക്കുന്നത്. കാരണം അവര്‍ ചിന്തിക്കുന്നത്, തിരോന്തരം 'ബാഷ' വെറും അയ്യം ആണെന്നും, അവര്‍ക്ക് വടക്കോട്ട് കൂട് കൂട്ടിയിരിക്കുന്നവര് നല്ല പൊളപ്പന്‍ ബാഷ ആണ് പുറപ്പെടുവിക്കുന്നതും എന്നാണ്. തുടക്കത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബവും, കവടിയാര്‍/ശ്രീ പത്മനാഭ കൊട്ടാരവും, കുതിരമാളികയും ഇതൊക്കെയുമായുള്ള തങ്ങളുടെ വളരെ അടുത്ത ബന്ധവും ഒക്കെ ആയിരിക്കും വിഷയം. ഇത് പറയുന്നത് കേട്ടാല്‍ ശ്രീ മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ അടുത്തൂണ്‍ പറ്റിയിരുന്നവനാണ് തന്‍റെ അപ്പൂപ്പന്‍ എന്ന് പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നും. ഇവിടെ ഗള്‍ഫില്‍ വന്നു നാല് ചക്രം ഉണ്ടാക്കി കഴിഞ്ഞാല്‍ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്‍പ്പിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ തോളോട് തോള്‍ ചേര്‍ന്ന് നിന്നത് തന്റെ അപ്പൂപ്പന്‍ ആണെന്ന് വരെ ചിലര്‍ പറഞ്ഞുകളയും.

മീറ്റിങ്ങും കലാപരിപാടിയും ഒക്കെ തുടങ്ങി ഒരു നാലെണ്ണം വിട്ടുകഴിഞ്ഞാല്‍ ഇവരുടെ തനി സ്വഭാവം ഇങ്ങു വരും. ഹാളില്‍ ബഹളം വയ്ക്കുന്ന മക്കളോട് ഒരു അലര്‍ച്ച... "ഡേയ്, കന്നം തിരിവുകള് കാണിക്കാതടെയ്‌, അടിച്ച് മൂക്കാമണ്ട തിരിക്കും കേട്ടാ....". അടുത്തിരിക്കുന്ന വിദേശികള്‍ (തിരോന്തരത്തിനു ഒരു 70 കിലോമീറ്റര്‍ വടക്കോട്ട് വസിക്കുന്നവര്‍) ആരെങ്കിലും ചോദിക്കും. "തിരോന്തരം ബാഷ വന്നല്യെ"? മറുപടി.... "ഓ.... തന്ന തന്ന...".

പ്രവാസി മലയാളികളില്‍ ഏറ്റവും സഹതാപം അര്‍ഹിക്കുന്നത് ഹിന്ദുക്കള്‍ ആണെന്ന് തോന്നുന്നു. ഇവര്‍ക്ക് ഒത്തുകൂടാന്‍ പ്രത്യേകിച്ച് വേദി ഒന്നുമില്ല. അമേരിക്കയില്‍ പോലും, ക്ഷേത്രങ്ങള്‍ ഉത്തരേന്ത്യന്‍ ലോബിയുടെ കൈകളില്‍ ആണ്. ക്രിസ്ത്യാനികള്‍ പള്ളികളില്‍ കൂടും. ഇന്ത്യയില്‍ രാം ദേവിനെ പോലുള്ള ശുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ ഒന്ന് അണിചേരാം എന്ന് വച്ചാല്‍ ആ മാഡം സമ്മതിക്കില്ല. യു.എ.ഇ.യിലെ ദുബായില്‍ അമ്പലം ഉണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് ഇങ്ങിനെ സംഘടിക്കുവാന്‍ ഉള്ള സാഹചര്യം തീരെ ഇല്ലെന്നു വേണം കരുതാന്‍. അതുകൊണ്ട് ഇവര്‍ ഇത്തരം പൈതൃക/പാരമ്പര്യ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കേട്ടിട്ടില്ല. എന്നാലും, ഓണത്തിനും വിഷുവിനും മേല്‍പ്പറഞ്ഞ പ്രാദേശിക അസോസിയേഷനുകള്‍ അവരുടെ തുണയ്ക്ക് എത്തുന്നു.

ഈയിടെ ഏതോ ഒരു കരക്കാരുടെ "പൈതൃക/പാരമ്പര്യ സംരക്ഷണ" വിഷയത്തില്‍ ഇവിടുള്ള ഒരു പള്ളിയില്‍ ഒരു കൂട്ടായ്മ നടന്നു. മക്കളെ വളര്‍ത്തുന്നതില്‍, വസ്ത്രം ധരിക്കുന്നതില്‍, സംസാരിക്കുന്നതില്‍ എന്ന് വേണ്ട, സകല സംഭവങ്ങളെക്കുറിച്ചും വികാരഭരിതനായി ഒരു മാന്യദേഹം സംസാരിച്ചു. ഒരേ നാട്ടില്‍ നിന്നും വന്നതാണെങ്കിലും മറ്റു സഭയില്‍ ഉള്ള (ഒരേ പള്ളിയില്‍ ആണെങ്കില്‍ പോലും) കുട്ടികളുമായി ഇടപഴകുമ്പോള്‍ പുള്ളിക്കാരന്റെ കുട്ടികളുടെ ജന്മസിദ്ധമായി പകര്‍ന്നു കിട്ടിയ പൈതൃക/സാംസ്കാരിക/പാരമ്പര്യ സമ്പത്ത് നഷ്ടപ്പെട്ടു പോകുന്നത്രേ! ആ പരിപാടിക്കിടയില്‍ മാര്‍ഗ്ഗം കളി എന്ന നൃത്തം അവതരിപ്പിക്കുന്നതിനു മുന്നോടിയായി ചട്ടയും മുണ്ടും കേരളത്തിലെ ക്രിസ്ത്യാനിപെണ്ണുങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട ഒരു വേഷവിധാനം ആണെന്ന് ഒരു മാന്യന്‍ വച്ചു കാച്ചി. ദയവു ചെയ്തു നിങ്ങളുടെ മണ്ടത്തരങ്ങള്‍ മൈക്കിലൂടെ എങ്കിലും പറയാതിരിക്കൂ. ക്രിസ്തുവിനു മുന്‍പ് തന്നെ, ബുദ്ധമതത്തിനു പ്രചാരം ഏറെയുണ്ടായിരുന്ന പ്രസ്തുത മേഘലകളില്‍, ബുദ്ധഭിക്ഷുണികളുടെ വേഷമായിരുന്നു ഈ ചട്ടയും മുണ്ടും. ബുദ്ധമതത്തിനു കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുള്ള ശ്രീലങ്ക, ബര്‍മ്മ, ചൈന, ഇന്തോനേഷ്യ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ ഒക്കെ എടുത്തു നോക്കിയാല്‍ സ്ത്രീകളുടെ പാരമ്പര്യ വസ്ത്ര രീതി കുറച്ചു നിറമാറ്റങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇതുതന്നെയാണ്. ജപ്പാനിലെ കിമോണ ഉള്‍പ്പെടെ.

പൈതൃക/സംസ്കാര പാരമ്പര്യം കൂടെ കൊണ്ട് നടക്കുന്ന ചില പെണ്ണുങ്ങളുടെ കാര്യം ഒന്ന് സൂചിപ്പിക്കട്ടെ. "കാച്ചിയ എണ്ണയുടെ മണം", "പിച്ചിപ്പൂവിന്റെ ഗന്ധം" എന്നൊക്കെ പണ്ട് കവികള്‍ പാടിയിട്ടുണ്ട്. ഈ "കാച്ചിയ എണ്ണയുടെ മണം" എന്ത് മണം ആണെന്ന് എനിക്ക് ഇതുവരെയും പിടി കിട്ടിയിട്ടില്ല. ഒരു പാട്ട് കേട്ടിട്ടില്ലേ?

"കാച്ചെണ്ണ തേച്ച നിന്‍ കാര്‍ക്കൂന്തളത്തിന്റെ..
കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം... ഉന്മാദം..
ഉം. ഹൂം... ഉം. ഹൂം... (ഇതാണോ ഉന്മാദത്തിന്റെ സൌണ്ട്?)

ഈ "ഉന്മാദം" മലയാളി ആണുങ്ങള്‍ക്ക് മാത്രമേ ഉള്ളൂ.. ചില തരുണീമണികള്‍ ഈ കാച്ചിയ എണ്ണയും തേച്ചുകുളിച്ച്(ഷാംപൂ തേയ്ക്കാതെ) , മുല്ലപ്പൂവും, പിച്ചിപ്പൂവും ഒക്കെ ചൂടി മേല്‍പ്പറഞ്ഞ കൂട്ടായ്മകള്‍ക്ക് എത്തിച്ചേരാറുണ്ട്. രാവിലെ വരുമ്പോള്‍ നല്ല കിടിലം ആണ്. സത്യം പറഞ്ഞാല്‍, ഏകദേശം ഉച്ചയൂണ് ഒക്കെ കഴിഞ്ഞു ഈ വനിതകള്‍ അടുത്തുകൂടി പോയാല്‍ ഒരുതരം അവിഞ്ഞ മണം ആണെന്ന് പറയുന്നതില്‍ ഖേദമുണ്ട്. ഈ എണ്ണയും, വാടിയ മുല്ലപ്പൂവും, ഊണ് സംഘടിപ്പിക്കാന്‍ ഓടിനടന്ന് ഉണ്ടായ വിയര്‍പ്പും ഒക്കെ ചേര്‍ന്ന് ഒരു പ്രത്യേക ഗന്ധം. അതും കൊണ്ട് മുഴുവന്‍ ശീതീകരിച്ച ഹാളില്‍ നമ്മുടെ തൊട്ടുമുന്നില്‍ വന്നിരിക്കുമ്പോള്‍ ഓക്കാനിക്കണോ, ചാടി പുറത്തിറങ്ങണോ എന്ന് കണ്ഫ്യൂഷന്‍! മറ്റൊരു സത്യം... ഇങ്ങിനെ എണ്ണയും തേച്ചു നടക്കുന്ന മലയാളികള്‍ക്ക് മറ്റുള്ളവര്‍ ഇട്ടിരിക്കുന്ന ഒരു പേരുണ്ട്.. "ഓയില്‍ മങ്കി"!

പിന്നെ വീട്ടില്‍ ഇരിക്കുന്ന മുഴുവന്‍ സ്വര്‍ണ്ണവും എടുത്തണിയും. "താലി വിറ്റും സ്വര്‍ണ്ണം വാങ്ങുക" എന്നൊരു തത്വം ആണ് ചില പെണ്ണുങ്ങള്‍ക്ക്‌. പുതിയൊരു ഫാഷന്‍ കണ്ടാല്‍ വീട്ടില്‍ ഇരിക്കുന്നതൊക്കെ പെറുക്കി വില്‍ക്കും, എന്നിട്ട് പുതിയത് വാങ്ങും. മേല്‍പ്പറഞ്ഞ കൂട്ടായ്മകളില്‍ ഇതുപോലെ സര്‍വാഭരണ വിഭൂഷിതരായ പെണ്ണുമ്പിള്ളമാരെയും കൊണ്ട് ഭര്‍ത്താക്കന്മാര്‍ വരും. ആറാട്ടിനു നെറ്റിപ്പട്ടവും, വെഞ്ചാമരവും കെട്ടി ആനയെ പാപ്പാന്‍ എഴുന്നള്ളിക്കുന്നതുപോലെ. അല്ലെങ്കില്‍ സ്വര്‍ണ്ണാഭരണശാലയിലെ പരസ്യ മോഡലിനെ പോലെ. നമ്മുടെ സംസ്കാരത്തിലും, പൈതൃകത്തിലും പെണ്ണുങ്ങളായാല്‍ നിറയെ ആഭരണം അണിയണമത്രേ! ഹോ.. ഇങ്ങിനെയും ഒരു സംസ്കാരമോ! നല്ല വിലകൂടിയ പട്ടു സാരികള്‍ ഒക്കെ ഉടുത്താണ് വരുന്നത്. ഈ വക വേഷങ്ങള്‍ ധരിച്ചു ഇവരൊക്കെ എങ്ങിനെയാണ് ഇത്രയും സമയം ഇരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. അസ്വസ്ഥത തോന്നില്ലേ? ഓ. സംസ്കാരം ആണല്ലോ. കാലവും, സാഹചര്യവും മാറുമ്പോള്‍ കോലത്തിലും കുറച്ചു മാറ്റം വരുത്താം. ആഫിക്കക്കാര്‍ പോലും, കാലാവസ്ഥയ്ക്കും, സാഹചര്യങ്ങള്‍ക്കും അനുസരിച്ചു വേഷം മാറാന്‍ ശ്രദ്ധിക്കാറുണ്ട്.

പിന്നെ, പുരുഷന്മാര്‍ ഇവിടൊക്കെ വരുന്നത് മിക്കവാറും വെള്ള മുണ്ട്, വെള്ള ജുബ്ബാ അല്ലെങ്കില്‍ ഖദര്‍ ഉടുപ്പ്, അതിന്റെ പോക്കറ്റില്‍ ഒരു പേഴ്സ്, വെള്ള ബനിയന്‍, വെള്ള അണ്ടര്‍വെയര്‍ (അല്ലെങ്കില്‍ പെട്ടെന്ന് അറിയും), സ്ട്രാപ്പുള്ള വാച്ച്, ഊണിനു നേരം ആവുമ്പോള്‍ തലയില്‍ ഒരു തോര്‍ത്ത് കെട്ടും, സദ്യ വിളമ്പാന്‍. കാറിലൊക്കെ വരുകയാണെങ്കില്‍ മാത്രം ഈ വക വേഷങ്ങള്‍ ധരിക്കാം. അല്ലാതെ ഈ വേഷവും കെട്ടി പുറത്തിറങ്ങിയാല്‍, ഗള്‍ഫില്‍ ആണെങ്കില്‍ വട്ടന്‍ ആണെന്ന് കരുതി പോലീസ്‌ പൊക്കും. വിളമ്പാന്‍ ഓടി നടക്കുന്നതിനിടയില്‍ നമ്മെ കാണുമ്പോള്‍ ഉരുവിടുന്ന ചില ഡയലോഗുകള്‍ ഉണ്ട്. ഹല്ലോ, നിങ്ങളുടെ നാട്ടുകാരന്‍ അപ്പുറത്ത് ഇരിപ്പുണ്ട്. നിങ്ങളുടെ നാട്ടില്‍ ഊണ് ഇങ്ങിനെയാണോ? ഞങ്ങളുടെ നാട്ടിലെ സദ്യ കണ്ടോ... ഇലയുടെ മുകളില്‍ ഒരു തേങ്ങ ഇതുപോലെ വയ്ക്കും . ഇതൊക്കെ പറയുന്നത് കേട്ടാല്‍ ഞാനേതോ അന്റാര്‍ട്ടിക്കയില്‍ നിന്നും വന്ന ആരോ ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും.
___________________________________________________________

ഊഹാപോഹങ്ങളും, കെട്ടുകഥകളും, കേട്ടുകേള്‍വികളും, ഒക്കെ ഊടും പാവും നെയ്തെടുത്ത ഒരു സംസ്കാരവും, ചരിത്രവും, പാരമ്പര്യവും മാത്രമേ കേരളത്തിനുള്ളൂ എന്ന് ശാസ്ത്രവും, ചരിത്രവും അനേക തവണ തെളിയിച്ചു കഴിഞ്ഞു. എന്നാലും, ഇരുന്ന ആനപ്പുറത്ത് നിന്നും താഴെ ഇറങ്ങാന്‍ ഒരു മടി അതാണ്‌ മലയാളിയുടെ ഏച്ചുകെട്ടിയ പാരമ്പര്യ വാദങ്ങള്‍. ഓരോ പ്രദേശത്തിനും അവരുടെതായ സംസാര രീതികളും, പാചകരീതികളും, ആതിഥേയത്വ മര്യാദയും ഒക്കെ കാണും. അതിനു അതിന്റെ വിലയും, ആദരവും കൊടുക്കുക, അതിനെ മാനിക്കുക. അല്ലാത്തെ അതിനെ പുച്ഛത്തോടെ കാണുകയും, തന്റെ കീഴ്വഴക്കങ്ങളെയും, ഭാഷാരീതിയെയും, ആഹാരരീതികളെയും സ്വയം ശ്ലാഘിക്കുകയും, പാടിപ്പുകഴ്ത്തുകയും ചെയ്യുന്നത് ഭോഷത്തരമാണ്, ഇടുങ്ങിയ കാഴ്ചപ്പാടാണ്, അപക്വമായ മാനസിക പ്രവണതയാണ്. മലയാളികള്‍ തമ്മില്‍ തമ്മില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം സ്വയം മറന്നുപോകുന്നു. ലോകത്തിന്റെ ഏതു കോണിലേയ്ക്കും ചേക്കേറിയിരിക്കുന്ന ഒരു വര്‍ഗ്ഗമാണല്ലോ മലയാളികള്‍. മറ്റുള്ളവരുടെ മുന്നില്‍ മറ്റേതു വിഭാഗത്തെക്കാളും, എപ്പോഴും അവജ്ഞയ്ക്കും, അവഹേളനത്തിനും പാത്രമാകുന്നതും മലയാളികള്‍ തന്നെയാണ്. ഗള്‍ഫ് മേഘലയില്‍ ആണെങ്കില്‍ 'മലബാറി' എന്ന പേരിലും, മറ്റു വിദേശരാജ്യങ്ങളില്‍ മല്ലു എന്ന പേരിലും, ഉത്തരേന്ത്യയില്‍ 'മദ്രാസി' എന്ന പേരിലും. അതിനു കാരണം മറ്റൊന്നുമല്ല. സ്വയം നന്നാവാന്‍, പുരോഗമിക്കാന്‍ മറന്നുപോകുന്നു. കിണറ്റില്‍ കിടക്കുന്ന തവളകളുടെ ചിന്താഗതിയില്‍ ജീവിക്കുന്നു. പാരമ്പര്യവും, സംസ്കാരവും അന്വേഷിക്കാനും, അത് സ്ഥാപിക്കാനും മെനെക്കെടാതെ പുരോഗതിയിലേക്ക് മറ്റ് ജനവിഭാഗങ്ങള്‍ കുതിക്കുമ്പോള്‍, നാം മാത്രം ഇതിലൊക്കെ എന്തോ വലിയ കാര്യം ഉണ്ടെന്നു കരുതി മറ്റുള്ളവരുടെ അവജ്ഞക്ക് പാത്രമാകുന്നു.

ഈയിടെ, ആംഗ്ലോ ഇന്ത്യാക്കാരെ കുറച്ചു മോശമായി ചിത്രീകരിക്കുന്ന ഒരു ലേഘനം വായിക്കുവാന്‍ ഇടയായി. ഇംഗ്ലീഷുകാര്‍ വിട്ടിട്ട് പോയ ഒരു പരമ്പര ആണത്രേ. അങ്ങിനെയെങ്കില്‍, അതിനും മുന്‍പ് കച്ചവടത്തിന് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക്, പേര്‍ഷ്യയില്‍ നിന്നും ഇതര ദേശങ്ങളില്‍ നിന്നും കച്ചവടത്തിനായി വന്നു വിത്തുകള്‍ വിതച്ചു പോയവരുടെ സന്തതി പരമ്പരകളെ എന്ത് വിളിക്കണം? അവര്‍ കച്ചവടത്തിന് വന്നപ്പോള്‍ ഫാമിലിയേയും കൊണ്ടല്ലല്ലോ ഇങ്ങോട്ട് വന്നത്! അതുകൊണ്ട്, സ്വയം മുകളിലേയ്ക്ക് തുപ്പുന്ന ഈ പ്രവണത അവസാനിപ്പിക്കാം. അല്ലെ?


ജസ്റ്റിന്‍ പെരേര
ഷാര്‍ജ