Saturday, December 14, 2013

വഴിമുടക്കുന്ന കഴുതകള്‍

ഈ ചിത്രത്തില്‍ കാണുന്നത് ഒരു കഴുത. ഈ കഴുത, അല്ലെങ്കില്‍ ഒരു കൂട്ടം കഴുതകള്‍ വിചാരിച്ചാല്‍ നമ്മുടെ വഴി മുടക്കാന്‍ സാധിക്കും. കഴുതയ്ക്ക് വിവരമില്ലാത്തതിനാല്‍, നമ്മളില്‍ ആരുംതന്നെ, നാം സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി അതിനടുത്ത് ചെന്ന്, അല്ലയോ കഴുതേ, എനിക്ക് അത്യാശ്യമായി റെയില്‍വേ സ്റ്റേഷനില്‍ എത്തണം, എയര്‍പോര്‍ട്ടില്‍ എത്തണം, എന്റെ സുഖമില്ലാത്ത അമ്മയെ കൊണ്ട് ആശുപത്രിയില്‍ പോകണം, പ്രസവിക്കാറായ എന്റെ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കണം, എന്റെ മകളെ അവളുടെ ജോലിക്കുള്ള ഇന്റെര്‍വ്യൂ നടക്കുന്ന സ്ഥലത്ത് എത്തിക്കണം, മകനെ അവന്റെ അവസാനവര്‍ഷ പരീക്ഷയ്ക്ക് പരീക്ഷാഹാളില്‍ എത്തിക്കണം എന്നൊന്നും താണ് വീണു പറയില്ല. കാരണം, അത് കഴുതയാണ്‌. നമ്മള്‍ പറയുന്നതൊന്നും അതിന് മനസില്ലായിക്കൊള്ളണമെന്നില്ല. അതൊരു കഴുതയാണെങ്കില്‍ പോലും, നാം ഹോണടിച്ചാലോ, നമ്മുടെ നിസ്സഹായത കണ്ടാലോ ഒരു പക്ഷെ കുറച്ച് കഴിയുമ്പോള്‍ അത് വഴിമാറിത്തരും.

എന്നാല്‍, ഞാന്‍ പറഞ്ഞുവരുന്നത് ഈ വെറും കഴുതകളെ കുറിച്ചല്ല. എന്തൊക്കെ അത്യാഹിതങ്ങള്‍ കണ്ടാലും, ആരൊക്കെ താണ് വീണു കാല് പിടിച്ചാലും, യാതൊരു സഹാനുഭൂതിയും, അനുകമ്പയും കാണിക്കാത്ത, വഴിമാറിത്തരാന്‍ കൂട്ടാക്കാത്ത, വിദ്യാഭ്യാസവും അറിവും ഉണ്ടെന്ന് തനിയെ പൊങ്ങച്ചം പറയുന്ന, ഇടതെന്നോ, വലതെന്നോ, കുളത്തിലെ താമരയെന്നോ യാതൊരു വ്യത്യാസവുമില്ലാത്ത ഒരു വിഭാഗം മനുഷ്യരെക്കുറിച്ചാണ്‌. ഈ വിഭാഗത്തില്‍ പെടുന്ന മനുഷ്യന്‍ ഭൂഗോളത്തിന്റെ ഒരേയൊരു ഭാഗത്ത് മാത്രമേ കാണപ്പെടുന്നുള്ളൂ. അതാണ്‌ കേരളം. സദ്ദാമിനെ തൂക്കിക്കൊന്നതിനുപോലും ഹര്‍ത്താല്‍ നടത്തിയ ലോകത്തിലെ ഒരേയൊരു ഭൂവിഭാഗം. അതെ, കേരളം. ബുഷിന്റെ ഇറാക്ക് അധിനിവേശത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ അതൃപ്തിയാണത്രേ അന്ന് നടന്ന ഹര്‍ത്താല്‍! ബുഷോ, ഇറാക്കി ജനതയോ, പോട്ടെ സദ്ദാമിന്റെ ആത്മാവെങ്കിലുമോ അതറിഞ്ഞോ ആവോ!

ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസ് ഉപരോധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചില പൊറാട്ട് നാടകങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. ഇതുപോലുള്ള എത്രയോ നാടകങ്ങള്‍ക്ക് തലസ്ഥാനനഗരി സാക്ഷിയായിട്ടുണ്ട്. പതിറ്റാണ്ടുകളായി അതൊക്കെ നേരിട്ടുകണ്ട് മനംമടുത്ത ഒരു തിരുവനന്തപുരം നിവാസിയാണ് ഞാനും. ഇത്തരം നാടകങ്ങള്‍, ഇത്തരം പേക്കൂത്തുകള്‍ കാണുമ്പോള്‍, പലപ്പോഴും സിനിമകളില്‍ സുരേഷ് ഗോപി കാണിക്കുന്നത് പോലെ "ഷിറ്റ്" പറഞ്ഞ് ഇക്കൂട്ടരുടെ മദ്ധ്യേ ചാടിവീഴാനും, ആംഗലേയഭാഷയില്‍ പുളിച്ച തെറിവിളിച്ച് കാസര്‍ഗോഡ്‌ മുതലുള്ള നിരവധി ദേശങ്ങളില്‍ നിന്നും ഈ പൊറാട്ട് നാടകങ്ങളില്‍ പങ്കെടുക്കുവാനും, എന്റെ നഗരത്തെ നാശമാക്കുവാനും എത്തിച്ചേരുന്നവരെ, അവരവരുടെ ദേശങ്ങളിലേയ്ക്ക് ആട്ടിപ്പായിക്കുവാനും എനിക്കും തോന്നിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ മനസ്സില്‍ കടിച്ചമര്‍ത്തി കൊണ്ടുനടന്ന ആ അമര്‍ഷം 'സന്ധ്യ'യെന്ന മിടുമിടുക്കിയായ വീട്ടമ്മയില്‍ നിന്നും അണപൊട്ടി വരുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നുന്നു. ആ സഹോദരിക്ക് നൂറു സല്യൂട്ട്. നൂറു നൂറ് അഭിവാദനങ്ങള്‍. സന്ധ്യ വെറുമൊരു സന്ധ്യയല്ല. അതൊരു ഉഷസാണ്. ആ ഉഷസിന്റെ വെളിച്ചം കേരളത്തിലെ എല്ലാ വീട്ടമ്മമാര്‍ക്കും, സ്ത്രീകള്‍ക്കും, വിവരമുള്ള എല്ലാ സാധാരണ ജനങ്ങള്‍ക്കും വെളിച്ചം പകരട്ടെ എന്നാശംസിക്കുന്നു. മമ്മൂട്ടി പറഞ്ഞ 'നീ വെറും പെണ്ണാണ്, പെണ്ണ്' എന്നത് തിരുത്തി എഴുതേണ്ട സമയമായി.

പ്രതികരിക്കുന്നവരെ അവഹേളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യുക എന്നത് കേരളത്തിലെ എല്ലാ രാഷ്ടീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും, അവരുടെ ശിങ്കിടികളുടെയും ജന്മാവകാശമായി അവര്‍ കരുതികൊണ്ടുനടക്കുന്നു. അവഹേളിക്കുകയോ, അധിക്ഷേപിക്കുകയോ, അതുമല്ലെങ്കില്‍ മറ്റേന്തെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധിയാണ് പ്രതികരിക്കാന്‍ വന്നവര്‍ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ വിവരംകെട്ട പാര്‍ട്ടി അണികളുടെ പിന്തുണ അവര്‍ക്ക് കിട്ടുന്നു. അതുതന്നെയാണ് പ്രസ്തുത വിഷയത്തില്‍ ആമത്തലയുള്ള ഒരു നേതാവും പറഞ്ഞത്. സന്ധ്യ എന്ന സാധാരണ വീട്ടമ്മ മുഖ്യന്റെ ആളാണത്രേ! അത് പറയുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ ആ മാന്യന്‍ ഒന്നുകൂടി ശ്രദ്ധിച്ചാല്‍ അങ്ങിനെ പറയില്ലായിരുന്നു. സന്ധ്യ ചോദിച്ചത് "ഏതു ജനങ്ങള്‍ക്ക്‌ വേണ്ടി, ആര്‍ക്കുവേണ്ടി? നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ പത്തും, പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നവര്‍ക്കെതിരെ വല്ലതും ചെയ്യൂ" എന്നാണ്. പീഡനങ്ങളെ കുറിച്ച് ഇത്രയും രോഷാകുലയായി പറയണമെങ്കില്‍ "സന്ധ്യ" ഭരണപക്ഷത്തിന്റെ ആളല്ല എന്ന് വ്യക്തമല്ലേ? അതെങ്കിലും ആ ആമത്തലയന് ചിന്തിക്കാമായിരുന്നില്ലേ?

മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയില്‍ പ്രതികരിച്ച 'സന്ധ്യ' എന്ന വീട്ടമ്മയെ ഒരു പാരിതോഷികം നല്‍കി അനുമോദിച്ച, കേരളത്തിലെ നോക്കുകൂലി പോലുള്ള തെമ്മാടിത്തരങ്ങളെ ഒറ്റയാന്‍ സമരത്തിലൂടെ നേരിട്ട, സ്വന്തം കിഡ്നി മുറിച്ചു നല്‍കി അവയവദാനത്തിന് മാതൃക കാണിച്ച കൊച്ചൌസേഫ് ചിറ്റിലപ്പള്ളി എന്ന മാന്യനായ വ്യക്തിയും ഇക്കൂട്ടര്‍ അങ്ങേയറ്റം ഹീനമായി അധിക്ഷേപിക്കുവാന്‍ മടിക്കുന്നില്ല. വീഗാലാന്റില്‍ അപകടത്തില്‍പ്പെട്ട് തളര്‍ന്നു കിടക്കുന്ന വിജേഷ് എന്ന ചെറുപ്പക്കാരനെ സഹായിക്കാതെ, സന്ധ്യയ്ക്ക് പാരിതോഷികം നല്‍കുന്നതിലൂടെ ചിറ്റിലപ്പള്ളി ബിസിനസ് തന്ത്രം മെനയുകയാണെന്നാണ് ഇക്കൂട്ടരുടെ ആരോപണം. പതിനൊന്ന് വര്‍ഷമായി ചികിത്സ കിട്ടാതിരുന്ന വിജീഷിനുവേണ്ടി, ഇത്രയും വര്‍ഷം ഇല്ലായിരുന്ന സഹജീവിസ്നേഹം ഇക്കൂട്ടരില്‍ വന്നത് വിജീഷിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. മറിച്ച്, അവര്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ആശയങ്ങള്‍ ഇല്ലാതായി തീര്‍ന്നിരിക്കുന്നു, അവര്‍ ഇന്ന് വിമര്‍ശകരെ നേരിടുന്നത് അതുന്നയിച്ച വ്യക്തികള്‍ക്ക് നേരെ അവരുടെ കാറ്റഗറി അനുസരിച്ച് കായബലം കൊണ്ടോ അല്ലെങ്കില്‍ അവരെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ച് കൊണ്ടോ ആണ്. പ്രസ്തുതവിഷയത്തില്‍ ചിറ്റിലപ്പള്ളിയുടെ മറുപടി താഴെ കൊടുക്കുന്നു.

Dear Friends,

By way of an answer to these allegations I would like to draw your attention to my July 2012 post on the same Issue.

"It is noticed that a post has been circulating in the Facebook and the virtual media disparaging Veegaland and claiming that one Vijesh Vijayan had fallen from a ride causing serious spinal injury and that there was ill treatment from the authorities of Veega Land. 

The fact, as understood, is that Vijesh Vijayan, under the influence of alcohol, had dived into the family pool having only a depth of 2 feet of water, contrary to notices exhibited warning against diving. Our visitors would know that the family pool is intended only for playing around in the water and not for jumping or diving. But, he and his friends, who were also intoxicated, concealed the said facts, at that time. As such, he was given immediate first aid and left, on their own volition. It is learnt that his friends left Vijesh , unattended in a car, in the parking area and returned to the Park to have fun. They must have left, much later. Later, his relatives requested us for financial help and purely out of sympathy and as an act of grace, an amount of Rs.60,000 was disbursed, though there were no legal obligations. On false allegations, his father filed a criminal complaint against us but the police had, after an investigation, filed their final report, finding absolutely no negligence on our part. Later, raising false allegations, Vijesh Vijayan had filed W.P. (C) No. 1107 of 2007 before the High Court arraying us, the State of Kerala and others as respondents and seeking a direction to the respondents to pay compensation. The said Writ Petition is pending consideration before the High Court of Kerala. These are the real facts." - Kochouseph Chittilappilly

"കേരളാസ്റ്റൈല്‍ ഹര്‍ത്താല്‍" എന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ല എന്ന്‍ കാലവും,
അനുഭവങ്ങളും കാണിച്ചു തന്നിരിക്കുന്നു. ബംഗ്ലാദേശ് പോലുള്ള അവികസിതരാജ്യങ്ങളില്‍ മാത്രമേ, "കേരളാ മോഡലില്‍ ഉള്ള പ്രാകൃതമായ ഹര്‍ത്താല്‍" എന്ന സംഭവം നടക്കുന്നുള്ളൂ എന്നാണ് എന്റെ അറിവ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആണത്രേ ഇത്തരം സമരങ്ങള്‍. സമ്മതിച്ചു. എന്നാല്‍, സഹനസമരങ്ങളിലൂടെ കഴിഞ്ഞകാലങ്ങളില്‍ നേടിയെടുത്തതെല്ലാം എന്റെയും, എന്റെ കാരണവന്മാരുടേയും മാത്രം കഴിവുകൊണ്ടാണെന്ന് ഗീര്‍വ്വാണം വിടുന്നത് വിശ്വസിക്കാന്‍ നിങ്ങളിലെ കുറച്ച് ഊച്ചാളികളും, കിങ്കരന്മാരും മാത്രമേ കാണൂ. ലോകചലനങ്ങളെ അറിയുന്ന, സമകാലീന പ്രശ്നങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന, എല്ലാവിധ മാധ്യമങ്ങളും കണ്ടറിയുന്ന, കേട്ടറിയുന്ന നിക്ഷ്പക്ഷരായ ഒരു ജനത ഇവിടുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കുന്നില്ല. നിങ്ങള്‍ക്ക് രണ്ടു മുന്നണികള്‍ക്കും വോട്ടുകള്‍ നല്‍കി മാറി മാറി നിങ്ങളെ അധികാരകസേരകളില്‍ പിടിച്ചിരുത്തുമ്പോള്‍, നിങ്ങള്‍ കരുതുന്നുണ്ടാവും നിങ്ങള്‍ പറയുന്നതൊക്കെ അപ്പാടെ വിശ്വസിക്കുന്ന, നിങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരു ജനവിഭാഗം ഇവിടെ ഉള്ളതുകൊണ്ടാണെന്ന്. ഒരിക്കലും അല്ല. ഞങ്ങള്‍ക്ക് മറ്റൊരു നിവൃത്തിയില്ലാത്തതിനാല്‍ മാത്രമാണ് നിങ്ങളെ രണ്ടുപേരെയും സഹിക്കേണ്ടി വരുന്നത്. നിങ്ങള്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എന്ന പേരില്‍ നടത്തുന്ന ഇത്തരം സഹനസമരങ്ങള്‍, സഹിക്കേണ്ടിവരുന്നത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരാണ്. എന്റെ സുഹൃത്ത് ദ്വിതീയന്‍ പ്രഹ്ലാദന്‍ എഴുതിയത് ഇപ്രകാരമാണ്. "സമരം / തടയൽ / ഹർത്താൽ / ഉപരോധം / വളയൽ ഇത്തരം പേരും പറഞ്ഞ് കാസര്‍ഗോഡ്‌ നിന്ന് തുടങ്ങി തിരുവനന്തപുരം വരെയുള്ള എമ്പോക്കികൾ തലസ്ഥാനത്ത് വന്ന് മുള്ളിയും തൂറിയും നിങ്ങളെ വഴിതടയുന്നു എങ്കിൽ അത് തിരുവനന്തപുരം നിവാസികൾക്ക് ചുണ ഇല്ലാത്തത് കൊണ്ടാണ്. തല്ലി ഓടിക്കണം ഇത്തരം എഭ്യന്മാരെ". ശരിയാണ്. പലരും പ്രതികരിക്കാന്‍ മടിക്കുന്നത് പേടികൊണ്ട് മാത്രമാണ്. പ്രതികരിച്ച 'സന്ധ്യയുടെ' വീടും, കൃഷിയിടങ്ങളും ഇന്നാരൊക്കെയോ ഉഴുതുമറിച്ചു എന്ന് കേട്ടു.

സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഇക്കൂട്ടരുടെ വഴിതടയല്‍ സമരങ്ങള്‍ മാത്രമല്ല, റോഡുകളും, വഴികളും കൊട്ടിയടച്ച്, സമീപവാസികള്‍ക്ക് പോലും നരകയാതന സംഭാവന ചെയ്യുന്ന, ഭക്തി എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന അടുപ്പുകൂട്ടല്‍, പ്രദക്ഷിണങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം തന്നെ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാത്തിനും കാലോചിതമായ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അനാവശ്യസമരങ്ങള്‍ എന്തിനാണെന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍, അതിനെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോള്‍, സ്വാതന്ത്ര്യസമരവും, പീഡനങ്ങളും, ഗാന്ധിജിയെയും ഉയര്‍ത്തിക്കാട്ടി അതിനെ ന്യായീകരിക്കാന്‍ ബദ്ധപ്പെടുന്ന ഈ നേതാക്കളെ കുറിച്ച് കുറച്ച് നല്ല അഭിപ്രായം പറയട്ടെ. കുറഞ്ഞപക്ഷം 'ഗാന്ധിജി'യെ അവര്‍ അംഗീകരിക്കുന്നുണ്ടല്ലോ!

നന്ദി
ജസ്റ്റിന്‍ പെരേര

Saturday, October 26, 2013

നടതള്ളല്‍



ഒരു പ്രമുഖ ടി.വി.ചാനലില്‍ ഈയടുത്ത് കണ്ട ഒരു വാര്‍ത്തയും, അതിനോടനുബന്ധിച്ച് നടക്കുന്ന നിയമ നടപടികളുമാണ് എനിക്ക് ഇതെഴുതാന്‍ പ്രചോദനമായത്.

കേരളവും മലയാളികളും വളരുകയാണ്. ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മള്‍ കണ്ട കേരളമല്ല ഇപ്പോള്‍ . കുഗ്രാമങ്ങളില്‍ പോലും ഏറ്റവും കമനീയമായ ഇറ്റാലിയന്‍ മാര്‍ബിളില്‍ തീര്‍ത്ത രമ്യഹര്‍മങ്ങള്‍ . നിരത്തില്‍ ബി.എം.ഡബ്ല്യൂ, ബെന്‍സ്, ഓഡി മുതലായ അത്യാഡംബര വാഹനങ്ങള്‍ .  യേശുദാസിനും, മമ്മൂട്ടിക്കും ഒക്കെ  ഫ്ലാറ്റുകളുള്ള കെട്ടിടസമുച്ചയങ്ങളില്‍ കോടികള്‍ മുടക്കിയെങ്കിലും ഒരു ഫ്ലാറ്റ്. അവിടൊക്കെ മനോഹരമായ പൂന്തോട്ടങ്ങള്‍ , ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ , ഗൃഹോപകരണങ്ങള്‍ , വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദേശയാത്രകള്‍ , ഏറ്റവും മികച്ച വിനോദസഞ്ചാരങ്ങളിലേയ്ക് യാത്രകള്‍ .  ആകെ പളപളപ്പുള്ള ജീവിതം. ഞാന്‍ സൂചിപ്പിച്ച ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുന്‍പ്  നമ്മള്‍ കണ്ടിരുന്ന പലതും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. അക്കാലങ്ങളില്‍ നമ്മള്‍ ഒരു സായാഹ്നസവാരിക്കിറങ്ങിയാല്‍ അയല്‍പക്കത്തെ വീടുകള്‍ കാണാമായിരുന്നു, മടലും, കമ്പുകളും വച്ചുകെട്ടിയ ഒരു വേലിയും, ആ വേലിക്കകത്ത് ആ വീടിന്റെ പൂമുഖവും, അവിടെ ഉമ്മറപ്പടിയില്‍ അല്ലെങ്കില്‍ വരാന്തയിലെ ചാരുകസേരയില്‍ ഇരുന്ന് പത്രമോ, ആധ്യാത്മികഗ്രന്ഥങ്ങളോ വായിക്കുന്ന ആ വീട്ടിലെ മുതിര്‍ന്നവര്‍ ! അതൊരുപക്ഷേ അപ്പൂപ്പനാകാം, അമ്മൂമ്മയാകാം, അച്ഛനാകാം, അമ്മയാകാം. എല്ലാ വീടുകളിലും വൃദ്ധരായ കാരണവന്മാര്‍ ഉണ്ടായിരുന്നു. അക്കാലത്ത് കാറുകള്‍ പൊതുവേ കുറവായിരുന്നെങ്കിലും, അപൂര്‍വ്വമായി കാണുന്ന അംബാസിഡര്‍ പോലുള്ള കാറുകളില്‍ സിനിമാകൊട്ടകളിലേയ്ക്കും, കടല്‍ത്തീരത്തേയ്ക്കും, പള്ളികളിലേയ്ക്കും, അമ്പലങ്ങളിലേയ്ക്കും എത്തിച്ചേരുന്ന കുടുംബങ്ങളില്‍ ഇതുപോലുള്ള മുതിര്‍ന്ന കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങിനെയുള്ളവരെ മേല്‍പ്പറഞ്ഞ രമ്യഹര്‍മങ്ങളുടെ പൂമുഖത്ത് കാണാനില്ല. അത്യാഡംബര കാറുകളില്‍ പ്രായമായ കാരണവന്മാരെ കൊണ്ടുപോകുന്നത് കാണാനില്ല. അതെന്തുപറ്റി? ഈ പറഞ്ഞ വീടുകളിലെ തലമൂത്ത കാരണവന്മാരൊക്കെ ഉടലോടെ സ്വര്‍ഗാരോഹണം ചെയ്തോ? അതോ പ്രായമാകാതിരിക്കുവാനുള്ള അമൃത് ജനങ്ങള്‍ സേവിച്ചു തുടങ്ങിയോ? പളപളപ്പുള്ള, വേഗതയേറിയ ജീവിതത്തിനിടയില്‍ ഇത്തരം അവലക്ഷണം കെട്ടവരെ ഒതുക്കാന്‍ മലയാളികള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.

നല്ല സാമ്പത്തികസ്ഥിതി ഉള്ളവരാണെങ്കില്‍ ഏതെങ്കിലും ഉള്‍നാട്ടില്‍ ഒരു ഒറ്റമുറി വീട് വിലയ്ക്ക് വാങ്ങി, ഒരു ജോലിക്കാരിയെ അല്ലെങ്കില്‍ ഹോംനേഴ്സിനെ ജോലിക്ക് വച്ച്, ഈ അവലക്ഷണം കെട്ട കാരണവന്മാരെ അങ്ങോട്ട്‌ താമസിപ്പിക്കുക. അപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കിയ വീടിന്റെ ഉമ്മറത്തിരുന്ന്, ആ മാര്‍ബിളില്‍ ഒക്കെ തുപ്പി/മൂത്രമൊഴിച്ച് വൃത്തികേടാക്കും എന്ന ടെന്‍ഷന്‍ വേണ്ട. തൊട്ടതിനും പിടിച്ചതിനും, നമ്മുടെ സ്വകാര്യ വിഷയങ്ങളില്‍ അവര്‍ തലയിടും എന്ന ടെന്‍ഷനും വേണ്ട. അതിനുതാഴെ സാമ്പത്തികനിലവാരം ഉള്ളവരാണെങ്കില്‍ വൃദ്ധസദനങ്ങളില്‍ കൊണ്ടുചെന്നാക്കുക. കൃത്യമായി ഫീസ്‌ കൊടുത്താല്‍ മതി. ഇനി ധര്‍മ്മസ്ഥാപനങ്ങള്‍ ആണെങ്കിലോ, അവിടെ അഡ്മിഷന്‍ കിട്ടാനും ഇപ്പോള്‍ ഉയര്‍ന്ന ശുപാര്‍ശയൊക്കെ വേണമെന്ന് ഈയിടെ തിരുവനന്തപുരത്തെ സാമൂഹ്യപ്രവര്‍ത്തക Aswathi Nair എഴുതിയത് വായിച്ചു. നന്മ മാത്രം പ്രതീക്ഷിച്ച് നടത്തി കൊണ്ട് പോകുന്ന സ്ഥാപനങ്ങൾ പോലും അര്‍ഹത ഇല്ലാത്തവരെ പ്രവേശിപ്പിക്കാൻ നിര്‍ന്ധിതരകുന്നുണ്ടെന്ന് അശ്വതി പറയുന്നു.

ഇനി മറ്റൊരു വിഭാഗം. അവരാണ് ഏറ്റവും ബുദ്ധിമാന്മാര്‍ . അവര്‍ കണ്ടുപിടിച്ച മാര്‍ഗമാണ് "നടതള്ളല്‍ ". പ്രാര്‍ത്ഥനയിലും, ജപത്തിലുമൊക്കെ കുറച്ച് താല്പര്യമുള്ള കാരണവന്മാരെ, അവരുടെ പ്രാര്‍ത്ഥനയിലെ ബലഹീനത മുതലാക്കി അമ്പലങ്ങളുടെയും, ചില ക്രിസ്ത്യന്‍/മുസ്ലീം പള്ളികളുടെയും മുറ്റത്ത് കൊണ്ടുചെന്ന് നടയ്ക്കിരുത്തുക. ക്ലീന്‍ പരിപാടി. ഒരു ടെന്‍ഷനും ഇല്ല. ഭക്ഷണം എങ്ങിനെയെങ്കിലും കിട്ടിക്കോളും. ഒന്ന് വീണാലോ, അസുഖമായാലോ ധാരാളം ജനങ്ങളുണ്ടല്ലോ, അവര്‍ നോക്കിക്കോളും. നല്ല മനസ്സുള്ള ക്ഷേത്രകമ്മിറ്റി ഭാരവാഹികളും, സന്നദ്ധപ്രവര്‍ത്തകരും ഉള്ളതുകാരണം ഒക്കെ അവര്‍ ചെയ്തോളും. അമ്പലം എന്ന് മാത്രം ഞാന്‍ പറയുന്നതിനും ഒരു കാരണമുണ്ട്. പണ്ടുകാലങ്ങളില്‍ കേരളത്തിലെ തീര്‍ഥാടനകേന്ദ്രങ്ങളായ പല ക്രൈസ്തവദേവാലയങ്ങളുടെ പരിസരത്തും ഇങ്ങിനെ അടിമ ഇരുത്തിയിരിക്കുന്നവരെ കാണാനുണ്ടായിരുന്നു. അതിനുവേണ്ടി, അക്കാലത്തെ നല്ലവരായ പള്ളികമ്മിറ്റി ആരും തിരിഞ്ഞുനോക്കാനില്ലാത്ത അനാഥര്‍ക്കുവേണ്ടി അഗതിശാലകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടും, ക്രിസ്ത്യന്‍ പള്ളികളുടെ പരിസരങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം അഗതിശാലകളും, ഈ ഒരു സമ്പ്രദായവും കാണാനുള്ളൂ. പണ്ടുണ്ടായിരുന്നത് പോലും പല സ്ഥലങ്ങളിലും പൊളിച്ചുകളഞ്ഞിരിക്കുന്നു.

എന്തായാലും, മാധ്യമങ്ങളില്‍ കൂടി ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ ഇപ്പോള്‍ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇങ്ങിനെ മാതാപിതാക്കളെ നടയ്ക്ക് 'തള്ളുന്ന' നല്ല സന്താനങ്ങളെ തിരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുന്ന കേരളാപോലീസിന് അഭിവാദ്യങ്ങള്‍ !  മക്കളെ വിളിച്ചുവരുത്തി ഈ മാതാപിതാക്കളെ അവരോടൊപ്പം നിര്‍ബന്ധപ്പൂര്‍വ്വം അയക്കുന്നു. നല്ല കാര്യം. പക്ഷെ വീണ്ടും സംശയം. ഇങ്ങിനെ നിര്‍ബന്ധിച്ചു വിടുമ്പോള്‍ ,  മനസ്സില്ലാമനസ്സോടെ ആ സന്തതികള്‍ അവരെ കൊണ്ടുപോകുമ്പോള്‍ , അവരുടെ ബാക്കിജീവിതം നരകതുല്യം ആവുമോ എന്നുകൂടി അധികാരികള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

കുറിപ്പ്: സമാനമായ ഒരു കുറിപ്പ് ഞാന്‍ ഇതിനുമുന്‍പ് എഴുതിയപ്പോള്‍ കുറച്ചുപേര്‍ എന്നോട് ഒരു സംശയം ഉന്നയിച്ചു. കഷ്ടപ്പെട്ട് നേടിയ ഉദ്യോഗമൊക്കെ വലിച്ചെറിഞ്ഞ് വീട്ടില്‍ പോയി നില്‍ക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? അത് ജീവിതം കൂടുതല്‍ നരകതുല്യം ആക്കില്ലേ? സ്വന്തം കടമകളില്‍ നിന്നും തന്ത്രപൂര്‍വ്വം തലയൂരാനുള്ള ഒരു ചോദ്യം മാത്രമാണിത്. ഉത്തരം ഇതാണ്. മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ ഉദ്യോഗവും, വരുമാനവും ഉപേക്ഷിക്കണം എന്നാരും പറയുന്നില്ല. അവരെ സ്നേഹിക്കുവാനുള്ള മനസ്സുണ്ടാവനം, അവരെ സംരക്ഷിക്കുവാള്ള സാഹചര്യം ഒരുക്കണം. അവര്‍ക്ക് നല്ലൊരു കിടപ്പാടം നല്‍കണം. അത്രയെങ്കിലും മതി.

നന്ദി
ജസ്റ്റിന്‍

Wednesday, April 3, 2013

ദേവാലയങ്ങളിലെ ഗാനശ്രുശ്രൂഷകള്‍


ഈ കുറിപ്പ്‌ പ്രത്യേകിച്ച് ഒരു നാടിനേയും, ദേശത്തെയും, വിഭാഗങ്ങളെയും ഉദ്ദേശിച്ചല്ല. വിശുദ്ധവാരത്തോടനുബന്ധിച്ച് നാട്ടിലേയ്ക്ക് പോയ ഞാന്‍  പല ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടുത്തെ വിശുദ്ധ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ, എന്റേതു മാത്രമായ ചില മാനുഷികമായ ചിന്തകള്‍..... അത് മാത്രമാണ്.

ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. കാളവണ്ടി തെളിച്ചുകൊണ്ട് പോകുന്നവരെ വിമാനം പറപ്പിക്കാന്‍ ഏല്‍പ്പിച്ചാല്‍ അത് ഒരു ദുരന്തമായിരിക്കും. തിരിച്ചും അങ്ങിനെയൊക്കെ തന്നെ. കച്ചേരികള്‍ നടത്തുന്ന പ്രഗല്‍ഭനായ ഒരു സംഗീതജ്ഞന്, ഒരു ക്രൈസ്തവദേവാലയത്തിലെ Choral Singing-ല്‍ വിജയിക്കാന്‍  കഴിയണമെന്നില്ല. കാരണം അതുരണ്ടും തികച്ചും വെവ്വേറെ രീതിയാണ്. (അത്രത്തോളം ജ്ഞാനമുള്ളവരെ ഞാന്‍ ഇവിടെ ഈ പരാമര്‍ശത്തില്‍ നിന്നും ഒഴിവാക്കുന്നു). പാട്ടുകാരന്‍ പാട്ടുകാരന്റെ സ്ഥാനത്ത് നില്‍ക്കണം. കുറച്ചുകാലം പള്ളിപ്പാട്ടുകള്‍ പാടി നടന്നതുകൊണ്ട്, അതിന്‍റെ പിന്തുണയില്‍ മാത്രം, സംഗീതജ്ഞനായി, അല്ലെങ്കില്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവനായി, അല്ലെങ്കില്‍ കൊയര്‍ മാസ്റ്ററായി പോലും സ്വയം അവരോധിച്ചാല്‍ അത് കുറച്ച് ദയനീയം തന്നെയാണെന്ന് മാത്രമേ പറയാനൊക്കൂ. അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് ആദ്യം വേണ്ടത്.

ഒരു പാട്ടുകാരന്‍ സംഗീതം പഠിച്ച് സാധകം ചെയ്യുന്നത് പോലെത്തന്നെയാണ് സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരും. വളരെയധികം കഷ്ടപ്പെട്ട് പഠിച്ചെടുത്ത പാഠങ്ങള്‍ ദിവസവും പരിശീലിച്ച് വളരെനാളുകള്‍ക്ക് ശേഷം അവര്‍ അതില്‍ പ്രാവീണ്യം നേടുന്നു. ഒരു കീബോര്‍ഡോ, വയലിനോ, ഗിത്താറോ, തബലയോ കുറച്ചുകാലം തോളില്‍ ചുമന്നുകൊണ്ടു കൊണ്ട് നടന്നാല്‍, അല്ലെങ്കില്‍ ഇതൊക്കെ വീട്ടില്‍ വാങ്ങിവച്ചാല്‍ ആരും ഒരു കീബോര്‍ഡിസ്റ്റോ, വയലിനിസ്റ്റോ, ഗിത്താറിസ്റ്റോ, തബലിസ്റ്റോ ആവില്ല. ഇനി, വെറുമൊരു കീബോര്‍ഡിസ്റ്റിനോ, വയലിനിസ്റ്റിനോ, ഒരു പാട്ടുകാരനോ ചുമ്മാതങ്ങ്‌ സ്വയം അവരോധിച്ചാല്‍ പോലും, വളരെ മിതമായ അറിവ് കൊണ്ട് പെട്ടെന്നൊരു ദിവസം ഒരു കൊയര്‍ മാസ്റ്റര്‍ (choral director, chorus master, or choirmaster) ആവാന്‍ സാധിക്കില്ല. കാരണം, അത് മറ്റൊരു തലമാണ്. സംഗീതത്തിലും, സാഹിത്യത്തിലും, ഒരു ദേവാലയത്തില്‍ ആണെങ്കില്‍, അധ്യാത്മികകാര്യങ്ങളിലും, ഗായകരുടെ സ്വരവിന്യാസം അനുസരിച്ച് ക്രമപ്പെടുത്തുന്നതിലും, സംഗീതോപകരണങ്ങളുടെ എകോപനത്തിലും ഒക്കെ കുറെയെങ്കിലും അറിവ് നേടിക്കഴിഞ്ഞുള്ള ഒരു ഉയര്‍ന്ന തലം.

ഇതിത്രയും എഴുതാന്‍ ഒരു കാരണമുണ്ട്. ദേവാലയങ്ങളിലെ,
പ്രത്യേകിച്ച് വളരെ അടുത്തറിയാവുന്ന ചില ഇടവക പള്ളികളിലെ സംഗീതശുശ്രൂഷകള്‍ തീരെ നിലവാരം കുറഞ്ഞ്, ദയനീയമായി കേട്ടുകഴിഞ്ഞപ്പോള്‍, ഇതെന്തുകൊണ്ടാണ് ഇത്തരത്തില്‍ അധപ്പതിച്ചു എന്ന കാരണം അറിഞ്ഞുകഴിഞ്ഞപ്പോള്‍, മനസ്സ്‌ വല്ലാതെ വേദനിച്ചു. അതിനു കാരണം, വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറിയത്രേ...! പുതുപണക്കാര്‍ പണാധിപത്യം കൊണ്ട് പള്ളികമ്മിറ്റിയില്‍ കയറിപ്പറ്റുക വളരെ സാധാരണമായ ഒരു നാട്ടുനടപ്പാണ്. കാരണം, പുതുപ്പണക്കാര്‍ക്ക് പെട്ടെന്ന് പേരെടുക്കാന്‍ പള്ളിപോലൊരു സ്ഥലം വേറെയില്ല. എന്നാല്‍ അവരുടെ സ്വാധീനം കമ്മിറ്റിയും, പള്ളിഭരണവും, ഇടവകാംഗങ്ങളുടെ നെഞ്ചില്‍ കുതിരകയറ്റവും ഒക്കെ കഴിഞ്ഞ്, ആധ്യാത്മിക കാര്യങ്ങളിലും, ദേവാലയ ശുശ്രൂഷകളിലും, ദേവാലയ ഗായകസംഘത്തിന്‍റെ സാങ്കേതിക വശങ്ങളിലേയ്ക്കും വരെ കടക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങേയറ്റം ദയനീയമാവുന്നു. വിശ്വാസികളുടെ  മനസ്സ് മടുക്കുന്നത് കാരണം സഭയില്‍നിന്ന് പോലും കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാവുന്നു. ഇത്തരം പുതുപണക്കാരുടെ നിര്‍ദേശങ്ങള്‍ ആണത്രേ ഇക്കാണുന്ന, കേള്‍ക്കുന്ന പേക്കൂത്തുകള്‍!!

പുതുപണക്കാര്‍ നിര്‍ദേശിക്കുന്നവര്‍ പള്ളികമ്മിറ്റിയില്‍ അംഗങ്ങള്‍ ആവുന്നു.  അവരൊക്കെ നിര്‍ദേശിക്കുന്നവര്‍ ആധ്യാത്മിക തലത്തില്‍ നേതൃത്വം നല്‍കുന്നു. അവരൊക്കെ നിര്‍ദേശിക്കുന്നവര്‍ ദേവാലയ ശുശ്രൂഷകളില്‍ നേതൃത്വസ്ഥാനം വഹിക്കുന്നു. അവരൊക്കെ നിര്‍ദേശിക്കുന്നവര്‍ ഗായകസംഘത്തില്‍ അംഗമാകുന്നു. അവരൊക്കെ നിര്‍ദ്ദേശിക്കുന്നവര്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നു. അവരൊക്കെ നിര്‍ദ്ദേശിക്കുന്നവര്‍ ഗായകരെ പരിശീലിപ്പിക്കുന്നു, ഗായകസംഘത്തെ നയിക്കുന്നു! കഷ്ടം! യോഗ്യരായുള്ളവര്‍ ഇക്കൂട്ടരുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ തൂക്കി ദൂരെയെറിഞ്ഞു കളയും. പുത്തന്‍പണക്കാരുടെ പണത്തിന്‍റെ പിന്‍ബലത്തില്‍ ഗായകസംഘാംഗങ്ങള്‍ പോലും ഗുരുവിന്‍റെ സ്ഥാനത്ത്‌ കാണേണ്ടവരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. അതിന് വളരെ ബാലിശമായ കാരണം പറയലും. ഈ പുതുപണക്കാരൊക്കെ പള്ളിക്ക് വേണ്ടി ധാരാളം ധനസഹായം നല്‍കുന്നത്രേ!  ഒരു ചോദ്യം. ഇക്കണക്കിന്  നല്ലൊരു തുക വാഗ്‌ദാനം ചെയ്‌താല്‍ അംബാനിമാര്‍ക്ക് മെത്രാപ്പൊലീത്ത പദവിയോ, വിജയ്മല്യക്ക് കര്‍ദ്ദിനാള്‍ പദവിയോ നല്‍കുമോ?

ഒരു Church Choir എന്നുവച്ചാല്‍ ഗാനമേളയല്ല. ഒരാളുടെ ശബ്ദമികവില്‍ മാത്രം ഒപ്പിക്കേണ്ട ഒരു സംഗതിയുമല്ല. ഒരു Church Choir-ല്‍, Choral Singing-ല്‍ എല്ലാവരോടുമൊപ്പം ചേര്‍ന്ന് പാടുക എന്നത് അത്ര നിസ്സാര കാര്യമല്ല. ഒരുപക്ഷെ ഒരു സോളോ പാടുന്നതിനേക്കാള്‍ പാടവം അതിനാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതൊരു പരിചയസമ്പന്നനായ ഗുരുവിന്റെ ശിക്ഷണത്തിന്‍ കീഴില്‍ മാത്രമേ സാദ്ധ്യമാകൂ. കുറഞ്ഞപക്ഷം alto, tenor and bass എന്നിവയൊക്കെ എന്താണെന്നെങ്കിലും ഒരു അറിവ് വേണം. അതല്ലാതെ കുറച്ചുനാള്‍ ഗായകസംഘാംഗം ആയിരുന്നതുകൊണ്ടോ, അതിനുശേഷം കുറച്ചുനാള്‍ ഏതെങ്കിലും സംഗീതോപകരണം കൈകാര്യം ചെയ്തതുകൊണ്ടോ ഒരാള്‍ പെട്ടെന്നൊരു ദിവസം choirmaster-ന്റെ റോള്‍ ഏറ്റെടുത്താല്‍ അത് അങ്ങേയറ്റം വിവേകശൂന്യമായ ഒരു നീക്കമായിരിക്കും. പഠിച്ചുവളരുന്നവരെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. എന്നാല്‍ MBBSന് എന്ട്രന്‍സ് എഴുതിക്കഴിഞ്ഞാല്‍ ഉടനെ ചികിത്സ തുടങ്ങുന്നത് അങ്ങേയറ്റം അപകടകരമായ ഒരു പ്രവണതയാണ്.

ദേവാലയ/സംഗീതശുശ്രൂഷ എന്ന പേരില്‍ എന്ത് കോപ്രായം കാട്ടിക്കൂട്ടിയാലും, അതൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന കുറെ ധൂമകേതുക്കളും, ബന്ധുമിത്രാദികളും ഇവരുടെയൊക്കെ ചുറ്റും കാണുമായിരിക്കും. എന്നാല്‍, വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍, കാലത്തിനനുസരിച്ച് സഞ്ചരിക്കുകയും, പുത്തന്‍ അറിവുകള്‍ നേടുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ വേറെയുണ്ട്. അവരും ഇതൊക്കെ കാണുകയും, കേള്‍ക്കുകയും ചെയ്യുന്നുണ്ട്.അവരുടെ മുന്നില്‍ ഒരു നാടും,ആ നാട്ടിലെ ഇതിലൊന്നും ഭാഗഭാക്കാവാത്ത നാട്ടാരും തലകുനിക്കേണ്ടി വരുന്നു.

നന്ദി
Justin Pereira

Monday, March 11, 2013

ആണ്‍കുട്ടികള്‍ക്ക് കുറച്ച് സുരക്ഷാ മുന്‍കരുതലുകള്‍

എനിക്കുള്ളത് മൂന്ന്‍ ആണ്‍മക്കള്‍. അതുകൊണ്ട് ആണ്‍കുട്ടികള്‍ക്ക് കുറച്ച് സുരക്ഷാ മുന്‍കരുതലുകള്‍ നല്‍കാം എന്ന് കരുതുന്നു. ഇക്കാലത്ത് ആണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം. മറ്റേതെങ്കിലും വിഷയങ്ങളുമായോ, സംഭവവികാസങ്ങളുമായോ എന്‍റെ ഈ കുറിപ്പിന് ഒരു ബന്ധവുമില്ല. അങ്ങിനെ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അത് യാദൃശ്ചികം മാത്രം.

കാലം മാറിയിരിക്കുന്നു. ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ ആര്‍ക്കും ഒരു സുരക്ഷയുമില്ല. കുറ്റവാളികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. പോലീസ് പരമാവധി ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നു. തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം, പീഡനം, കൊലപാതകം, മോഷണം, ഗുണ്ടായിസം എന്നിവ കൂടുന്നതായി കാണുന്നു. അതുകൊണ്ട് നിങ്ങള്‍ ആണ്‍കുട്ടികള്‍ പരമാവധി ശ്രദ്ധിക്കുക. നിങ്ങളുടെ ഓരോ ചലനത്തിലും, പ്രവര്‍ത്തിയിലും, പെരുമാറ്റത്തിലും ജാഗ്രത പാലിക്കുക.

1) പൊതുസ്ഥലങ്ങളില്‍ മാന്യമായി വേഷം ധരിക്കുക. മാന്യമായ വേഷം എന്നതിന് വ്യക്തമായ ഒരു നിര്‍വചനം ഉണ്ടായിട്ടില്ലെങ്കിലും, വേഷം എന്നത് ശരീര ഭാഗങ്ങള്‍ മറയ്ക്കുവാനും, കാലാവസ്ഥാവ്യതിയാനങ്ങളില്‍ നിന്നുള്ള ആഘാതങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുവാനും, പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന അണുബാധകളില്‍ നിന്നും കുറെയൊക്കെ രക്ഷ നേടാനും ആയതിനാല്‍, കഴിവതും ശരീരം മുഴുവന്‍ മറയ്ക്കുവാന്‍ ഉതകുന്ന വസ്ത്രങ്ങള്‍ ആയിരിക്കും ഉത്തമം. പെണ്ണുങ്ങള്‍ മാറിടവും, കാലുകളുമൊക്കെ കുറച്ച് പുറത്തു കാണിക്കുന്നത് ഫാഷന്‍റെ ഭാഗമായിട്ടാണെങ്കിലും, നിങ്ങള്‍ അതുപോലെ പൃഷ്‌ഠഭാഗമോ, നെഞ്ചോ, six pack വയറോ ഒക്കെ പുറത്തു കാണിച്ചാല്‍ അത് മറ്റെന്തിന്‍റെയോ സൂചനയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത ഉള്ളതുകൊണ്ടും, ചിലര്‍ അതിനുവേണ്ടി നിങ്ങളെ സമീപിക്കുവാന്‍ സാധ്യതയുള്ളത് കൊണ്ടും അതൊക്കെ കഴിവതും ഒഴിവാക്കി മാന്യമായി വസ്ത്രം ധരിച്ച് നടക്കുക.

2) നേരം ഇരുട്ടുന്നതിന് മുന്‍പ് തന്നെ വീടുകളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കുക. ഇക്കാലത്ത്‌ നമ്മുടെ ചുറ്റുപാടുകള്‍, പ്രത്യേകിച്ച് നഗരങ്ങള്‍ തീരെ സുരക്ഷിതമല്ലാത്തതിനാല്‍, വൈകി മാത്രമേ വീട്ടില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളൂ എങ്കില്‍ അടുത്ത കൂട്ടുകാരെയോ, ബന്ധുക്കളെയോ കൂട്ടിന് വിളിച്ച് പ്രസ്തുത ആവശ്യത്തിന് പോവുക. അതും നിങ്ങളുടെ അംഗബലം കുറവാണെങ്കില്‍, അധികം വൈകാതെ തന്നെ തിരിച്ച് വീട്ടില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക. അടുത്ത വീട്ടിലെ ചിന്നു എന്ന പെണ്‍കുട്ടി രാത്രിയിലും ഒറ്റയ്ക്ക് പുറത്തു പോകുന്നുണ്ടല്ലോ, പിന്നെന്താ എനിക്ക് രാത്രിയില്‍ പുറത്തുപോയാല്‍ എന്നൊന്നും ചിന്തിക്കരുത്. പെണ്‍കുട്ടികള്‍ക്കൊക്കെ ഘടാഘടിയന്മാരായ, ചുണക്കുട്ടികളായ സൈബര്‍ സുരക്ഷാഭടന്മാര്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് അവള്‍ക്ക് വേണ്ട പിന്തുണയും, ധൈര്യവും സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി കൊടുക്കുന്നുണ്ട്. അതൊന്നും നിങ്ങള്‍ക്ക്‌ കിട്ടില്ല.

3) തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമായി സംവരണം ചെയ്തിരിക്കുന്ന കമ്പാര്‍ട്ടുമെന്‍റ് ആണെങ്കില്‍ കൂടി, മറ്റു യാത്രക്കാരൊക്കെ ഇറങ്ങിപ്പോയി, നിങ്ങള്‍ ഒറ്റയ്ക്കായി എന്ന് തോന്നുന്ന അവസരത്തില്‍, ആ സ്റ്റേഷനില്‍ ഇറങ്ങി കുറച്ച് യാത്രക്കാര്‍ കൂടുതലുള്ള മറ്റൊരു കമ്പാര്‍ട്ടുമെന്റില്‍ കയറുവാന്‍ ശ്രദ്ധിക്കുക. കാരണം നിങ്ങള്‍ ഒറ്റയ്ക്കാവുമ്പോള്‍  ആക്രമിക്കപ്പെടാനും, നിങ്ങളുടെ വിലപിടിച്ചതൊക്കെ, മൊബൈല്‍, പേഴ്സ് മുതലായവ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അസമയത്താണെങ്കില്‍ ആരെങ്കിലും കുടുംബസമേതം ആ തീവണ്ടിയില്‍ യാത്ര ചെയ്യുന്നുവെങ്കില്‍, കഴിയുന്നതും അവരുടെ സമീപത്ത് തന്നെ ഇരുന്ന് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക.

4) രാത്രികാലങ്ങളില്‍ പൊതുസ്ഥലത്ത് നിങ്ങള്‍ മാത്രമാവുകയും നിങ്ങള്‍ക്ക് ഒരു ഓട്ടോറിക്ഷയോ, ടാക്സി കാറോ ഉപയോഗിക്കേണ്ട സാഹചര്യമോ വന്നാല്‍, ഒരു ഓട്ടോറിക്ഷ//ടാക്സി സ്റ്റാന്‍ഡില്‍ നിന്നും മാത്രം ആ വാഹനം വിളിക്കുക. അല്ലെങ്കില്‍ ഒരു പോലീസ്‌ വാഹനം അവിടെ എത്തുന്നതുവരെ കാത്തുനിന്ന് അവരുടെ സഹായത്തോടുകൂടി ഒരു വാഹനം തരപ്പെടുത്തുക. പരിസരത്തുള്ള കടകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഹോട്ടലുകള്‍, മറ്റു വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്ന് നിന്നാല്‍ നിങ്ങള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കും.

5) സ്പോര്‍ട്സ്‌ താരങ്ങളും, ജിംനാസ്റ്റിക്സുകളും, മോട്ടോര്‍ സൈക്കിള്‍ അഭ്യാസികളും ചെയ്യുന്നത് പോലെ അവിടെയും ഇവിടെയുമൊക്കെ എടുത്ത്‌ ചാടാനും, മോട്ടോര്‍ സൈക്കിള്‍ പറപ്പിക്കാനുമൊക്കെ തുടങ്ങരുത്‌. അവര്‍ക്ക്‌ ചാടാമെങ്കില്‍ എനിക്ക് ചാടിക്കൂടെ എന്ന് കരുതരുത്. അവരൊക്കെ അതിന് ശരിയായ പരിശീലനം നേടിയാണ് അതൊക്കെ ചെയ്യുന്നത്. മോട്ടോര്‍ സൈക്കിള്‍ അഭ്യാസികള്‍ അതിനുള്ള സുരക്ഷാവസ്ത്രങ്ങളും മറ്റും ധരിച്ചാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. നിങ്ങള്‍ അതുപോലൊക്കെ അനുകരിച്ചാല്‍ അപകടം സംഭവിക്കുകയും, നട്ടെല്ല് തകരുകയും, നിങ്ങളുടെ വൃഷണം (testicles) 'TWIST' ആവുകയോ അല്ലെങ്കില്‍ rupture ആവുകയോ ചെയ്യുകയും, അതുകാരണം ഭാവിയില്‍ നിങ്ങള്‍ക്ക് സന്താനോല്പാദനശേഷിക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അത് ശരിയാക്കിയെടുക്കാന്‍ രണ്ടും മൂന്നും ലക്ഷത്തോളം രൂപ നിങ്ങള്‍ മുടക്കേണ്ടി വരും. എന്നാലും അത് ശരിയാവണം എന്നില്ല.

6) നിങ്ങള്‍ നിങ്ങളെ സൂക്ഷിക്കുക. നിങ്ങളുടെ വെറും 'പത്തുമിനിറ്റിന്‍റെ' ഒരു സന്തോഷത്തിനുവേണ്ടി ഒരു പെണ്‍കുട്ടിയെയും സമീപിക്കാതിരിക്കുക. അവരെ പ്രലോഭനങ്ങളില്‍ പെടുത്താതിരിക്കുക. നിങ്ങളില്‍ നിന്നും ഒരു ചെറിയ അബദ്ധം പിണഞ്ഞാല്‍ ആ കുറ്റബോധം ജീവിതകാലം മുഴുവന്‍ നിങ്ങളുടെ മനസമാധാനം നഷ്ടപ്പെടുത്തും എന്ന് എപ്പോഴും ഓര്‍ക്കുക.

7) പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരെ ബഹുമാനിക്കുക. നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്ത എന്തെങ്കിലും ആ വേദികളില്‍ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍, അവിടം ഒഴിവാക്കി പോവുക. എന്നിട്ട്, മാതാപിതാക്കളുമായോ, അധ്യാപരുമായോ അതെക്കുറിച്ച് ചര്‍ച്ച നടത്തുക. എന്നിട്ട് നിങ്ങള്‍ കേട്ടതും, ആ വ്യക്തി പറഞ്ഞതും ശരിയാണോ എന്ന് വിശകലനം ചെയ്യുക.  അതല്ലാതെ അവിടെയിരുന്ന് കൂവുകയോ, ബഹളമുണ്ടാക്കുകയോ ചെയ്യുന്നത് നല്ലതല്ല. നല്ല വീട്ടിലെ കുട്ടികള്‍ക്ക്‌ അതൊന്നും ചേര്‍ന്നതല്ല.

8)  അവരവര്‍ കുറച്ച് സൂക്ഷിക്കുക. സുരക്ഷിതമല്ലെന്ന് തോന്നുന്ന അവസരത്തില്‍, അത്തരം ചുറ്റുപാടുകള്‍ ഒഴിവാക്കുക. ഞാന്‍ ഒരു ആണ്‍കുട്ടിയാണ്, എനിക്ക് ഏതു സമയവും, ഏതു വേഷത്തിലും, എവിടെയും, എങ്ങിനെയും കറങ്ങി നടക്കാം എന്ന ചിന്ത ആദ്യം മനസ്സില്‍നിന്നും കളയുക. രാത്രിയില്‍ മൂക്കുമുട്ടെ മദ്യപിച്ച് ലക്ക് കെട്ടു നടക്കുന്ന ക്രിമിനലുകള്‍ക്ക് കുറ്റവാസന കൂടുതലായിരിക്കും. അവര്‍ക്ക് നിയമവും, പോലീസും, ശിക്ഷയും ഒന്നും ആ സമയത്ത് മനസ്സില്‍ കാണില്ല. അവര്‍ നിങ്ങളെ ഉപദ്രവിക്കുകയും, നിങ്ങളുടെ പക്കലുള്ളതൊക്കെ തട്ടിയെടുക്കുകയും ചെയ്യും. തിരുവനന്തപുരത്ത് ഒരു കരാട്ടെക്കാരന്‍ ശശിയണ്ണന്‍, ഒരു തട്ടുകടയില്‍ വച്ച് തന്റെ പോക്കറ്റടിക്കാന്‍ വന്ന മൂന്ന് നാല് ഗുണ്ടകളെ ഇടിച്ചു നിരപ്പാക്കിയതായി പത്രവാര്‍ത്ത വന്നത് വായിച്ച് മനസ്സില്‍ വച്ചിട്ട്, ഞാനും കരാട്ടെ പഠിച്ചതല്ലേ  അതുപോലെ ഞാനും എനിക്കെതിരി വരുന്നവനെ അടിച്ചുനിരത്താം എന്നു മനസ്സില്‍ കരുതി നടക്കരുത്. കാരണം, നിങ്ങളുടെ എതിരാളി അതിനപ്പുറത്തെ കരാട്ടെ പഠിച്ചിട്ടാണ് നടക്കുന്നതെങ്കില്‍ നിങ്ങളുടെ പണി പാളും. നല്ലതുപോലെ വാങ്ങിക്കൂട്ടേണ്ടിവരും. മാത്രമല്ല, അവന്റെ കയ്യില്‍ കരാട്ടെ മാത്രമല്ല, പൊട്ടുന്ന വല്ല സാധങ്ങളും കൂടി ഉണ്ടെങ്കില്‍ അത് അതിനപ്പുറത്തെ പ്രശ്നമാവും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളില്‍ നിന്നും വേഗം ഒഴിഞ്ഞുമാറി പോവുക.

സന്ധ്യയായാല്‍ കഴിയുന്നതും വീട്ടിലോ, അതുപോലെ സുരക്ഷിതമായ ഇടങ്ങളിലോ ഒതുങ്ങിക്കൂടുക. ജോലികഴിഞ്ഞോ, പഠനം കഴിഞ്ഞോ കുറച്ചു നേരം വൈകിയാണ് യാത്രയെങ്കില്‍, എപ്പോഴും ഒരു അപകടം മനസ്സില്‍ പ്രതീക്ഷിച്ച് യാത്ര ചെയ്യുക. മൊബൈല്‍ ഫോണ്‍, MP3 മുതലായവ ചെവിയില്‍ തിരുകി നടന്നാല്‍, നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടോ, നിങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ, ആ പരിസരത്തു എന്തെങ്കിലും അപകടം പതിയിരിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. നിയമങ്ങളും പോലീസും ജാഗരൂഗരാണെങ്കിലും ഒരു അപകടം അല്ലെങ്കില്‍ കുറ്റകൃത്യം നടക്കുമ്പോള്‍, അത് ആകാശത്തുനിന്നും കണ്ടുപിടിക്കാനും, ആ കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് മിന്നല്‍പ്പിണരുകളുടെ വേഗത്തില്‍ എത്തിച്ചേരാനുള്ള മാന്ത്രിക കഴിവ് ലോകത്തിലെ ഒരു പോലീസിനും ഇല്ലെന്ന സത്യം ഉള്‍ക്കൊള്ളുക.

__________________________________________________________________
ഈ  കുറിപ്പ് പെണ്‍കുട്ടികള്‍ക്കും പ്രയോജനപ്രദമാണല്ലോ, പിന്നെന്താ ഇങ്ങേര്‍ 'ആണ്‍കുട്ടികള്‍ക്ക്' മാത്രമാണെന്ന് പറയുന്നത് എന്നാരും ചിന്തിക്കണ്ട. പെണ്‍കുട്ടികളെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. അങ്ങിനെ വല്ലോം പറഞ്ഞുപോയാല്‍. സ്ത്രീത്വത്തെ അപമാനിച്ചു. സ്ത്രീയെ വെറും പെണ്ണായി കണ്ടുകളഞ്ഞു. അവളെന്താ വീട്ടില്‍ തന്നെ അടങ്ങിയിരിക്കേണ്ട ഒരു ചരക്ക്‌ മാത്രമാണോ, എന്നൊക്കെ ചോദിച്ച് ഫേസ്ബുക്ക് ജഡ്ജിമാര്‍, ബുദ്ധിജീവി ചേട്ടന്മാര്‍, സ്ത്രീശാക്തീകരണ നേതാക്കള്‍ മുതലായവര്‍ എന്നെ കുരിശില്‍ തറയ്ക്കാന്‍ വരും. ഇതാവുമ്പോള്‍, പാവം ആണ്‍പിള്ളാര്‍. ആരും ചോദിക്കാനും പറയാനും വരില്ല.

നന്ദി

ജസ്റ്റിന്‍
ഷാര്‍ജ

Monday, October 22, 2012

Air India Hijack Drama


Hmm…. Interesting. Some people trying to defend passengers  and others defending the pilot’s and crew’s actions. Everyone jumping into conclusion even before the inquiry on the incident or study on evidences completed.

The frustration of passengers should be taken into consideration after a flight (of course plight) journey which stretched over 16 hours, or more from Abu Dhabi to Cochin. Air India and its staff’s irresponsible and arrogant business are notorious.

Did the passengers try to enter into the cockpit forcefully? Or did they actually enter the cockpit? It is obviously a serious concern. If something happened like this, of course the responsible passengers should be held responsible for a serious breach of security.

However, my uncertainties:-

Cockpit doors on most commercial airliners have been strengthened and are now bullet resistant (secured by pass word). How can a group of 4 unarmed ordinary passengers could forcefully break the bulletproof door forced their way into the cockpit, which is impossible even by trained hardcore terrorist hijackers!

To communicate with air traffic control that an aircraft is being hijacked, a pilot under duress should squawk 7500 or vocally, by radio communication. An air traffic controller who suspects an aircraft may have been hijacked may ask the pilot to confirm "squawking assigned code." If the aircraft is not being hijacked, the pilot should not squawk 7500 and should inform the controller accordingly.

In this situation, why the pilot should transmit “squawk 7500”, when the aircraft was on the ground, and there were only protesting from the upset passengers which involves pregnant women, children and infants! Rather the commander could request the airport security through control tower to intervene in the situation by simply conveying a radio message, or bring down the weightiness of alarm by sending a distress call. A “Squawk Seven Five Zero Zero”, could send panic across the airports in the country, and a captain definitely aware of that. Hence, one should believe that the pilot had some premeditated assumptions.

How the commander and the crew members failed to properly inform the passengers about the situation and console them. Definitely uncertainty leads them to react aggressively inside the aircraft. Rather, the commander inconsiderately announced a message to the hapless passengers that, they should continue their journey to Cochin by road! However, the passengers also have the responsibility to assess the situation calmly and protest wisely, by keeping in mind that they are inside a flying machine, which has many security regulations.

How a responsible commander could easily abandon the aircraft with full of passengers by declaring that, “crew duty time/shift is over”! Poor visibility is not a fault of airline, airport, pilot or passengers. Diverting the landing of an aircraft to nearby airports due to poor landing conditions happening all around the world.  However, at this juncture why the captain can’t spare few more minutes to fly the aircraft, after refuelling from TVM to COK for the benefit of the passengers and her employer?

Air India’s egotistical ( step-motherly attitude ) approach to the Kerala sectors is not an unfamiliar topic to Gulf NRIs.

Regards

Justin Pereira
Sharjah

Wednesday, October 3, 2012

ശോശാമ്മേ റെഡിയായിരുന്നോ, അച്ചായനിതാ എത്തിപ്പോയി

മലയാളികള്‍ വിദ്യാസമ്പന്നരാണ്, സംസ്കാരസമ്പന്നരാണ്, ഭയങ്കര ബുദ്ധി ഉള്ളവരാണ്, പുരോഗമന ചിന്താഗതിക്കാരാണ്  എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നു. ആണോ? ആവോ... എനിക്കറിയില്ല!!

മനുഷ്യര്‍ മൊബൈല്‍ ഫോണുകള്‍ പോക്കറ്റില്‍ ഇട്ടു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാനങ്ങളില്‍ കേള്‍ക്കുന്ന ഒരു മുന്നറിയിപ്പുണ്ട്. വിമാനം പുറപ്പെടുന്ന സമയത്തും, ലാന്‍ഡ്‌ ചെയ്യുന്ന സമയത്തും കൂടാതെ, യാത്രയിലുടനീളം തന്നെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ മുതലായവ ഓഫ്‌ ചെയ്യണം എന്ന ഒരു മുന്നറിയിപ്പ്. കൂടെ സീറ്റ്ബെല്‍റ്റ് ധരിക്കുവാനുള്ള മുന്നറിയിപ്പ്‌. വിമാനം റണ്‍വേയില്‍ ചലിക്കുമ്പോള്‍ മുകളില്‍ ബാഗുകള്‍ വയ്ക്കുന്ന അറകള്‍ (overhead lockers) തുറക്കരുത് എന്ന മുന്നറിയിപ്പ്‌. എത്രയോ അപകടങ്ങള്‍ ഉണ്ടായി. എത്രയോ ബോധവത്കരണങ്ങള്‍ ഉണ്ടായി. ടി.വി.യിലും, റേഡിയോയിലും, പത്രങ്ങളിലും, കമ്പ്യൂട്ടര്‍ മാധ്യമങ്ങളിലും ഒക്കെ അപകടകാരണങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ചകളും, സംവാദങ്ങളും നടക്കുന്നു. എന്നിട്ടുമെന്തേ ഈ മലയാളിക്കു മാത്രം ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ ഒരു വൈമുഖ്യം? എല്ലാത്തിനോടും ഒരു നിഷേധഭാവം? മറ്റുള്ളവരുടെ അവജ്ഞയും, വെറുപ്പും ആവോളം നേടിയാല്‍ മാത്രമേ മലയാളി മലയാളിയാവൂ എന്നാണോ? ഇതിപ്പോള്‍ എഴുതിയ എന്നെക്കുറിച്ച് ചില മലയാളികളുടെ മനസ്സില്‍ വരുന്ന ഒരു കാഴ്ചപ്പാട് എനിക്കൂഹിക്കാം... "ഓ... കുറെനാള്‍ ഗള്‍ഫില്‍ കിടന്ന് ചുമടെടുത്ത് കുറെ അറബികളുടെ  കൂടെ ജീവിച്ചപ്പോള്‍ അവന്‍ വലിയ കോപ്പിലെ ആളായീന്നാ അവന്‍റെ വിചാരം.. ഫൂ...". കരുതിക്കോളൂ. ഒരു കുഴപ്പവുമില്ല. എന്നാലും പറയേണ്ടത് പറയാതിരിക്കാന്‍ വയ്യ.

ഗള്‍ഫില്‍നിന്നും കേരളത്തിലേയ്ക്കും തിരിച്ചും പലതവണ യാത്രചെയ്തപ്പോള്‍ ശ്രദ്ധിച്ച ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ചയിലെ യാത്ര തന്നെ. കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തില്‍ എന്‍റെ ഇടതുവശത്ത്, നടവഴിക്ക്‌ മറുവശം കാഴ്ചയില്‍ മാന്യനാണെന്ന് തോന്നിക്കുന്ന ഒരാള്‍ ഇരിക്കുന്നു. വിമാനത്തിന്‍റെ പൈലറ്റ് മുതല്‍ സഹയാത്രികര്‍ വരെ എന്‍റെ മുന്നില്‍  വെറും നിസ്സാരജീവികള്‍ എന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ ഇരിപ്പും ഭാവവും പെരുമാറ്റവും. എയര്‍ഹോസ്റ്റസിന്‍റെ നിരന്തരമായ അഭ്യര്‍ത്ഥനയ്ക്കൊടുവില്‍ ഒരു തരത്തില്‍ സീറ്റ്ബെല്‍റ്റ് ധരിച്ചു. വിമാനം ഉയര്‍ന്നുകഴിഞ്ഞ ഉടനടി അത് ഊരി പൃഷ്ടഭാഗത്തിന് കീഴില്‍ പ്രതിഷ്ടിച്ചു. അപ്പോഴും സീറ്റ്ബെല്‍റ്റ്ധരിക്കണം എന്നുള്ള ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്. ഈ ക്യാപ്റ്റന് എന്തറിയാം? അയ്യാള്‍ ഓഫ്‌ ചെയ്യാന്‍ മറന്നുപോയതായിരിക്കും. ഞാന്‍ എന്തുമാത്രം ഇതുവഴി യാത്ര ചെയ്തിരിക്കുന്നു! കുറെ കഴിഞ്ഞു. എന്നിട്ട് വലതുകാല്‍ നടവഴിയിലേയ് എടുത്തുവച്ച് അതിനുമുകളില്‍ ഇടതുകാല്‍ ഷൂസ് ധരിച്ചുകൊണ്ട് തന്നെ കയറ്റി വച്ചു. അതായത് നടവഴിയുടെ മുക്കാല്‍ ഭാഗവും കയ്യടിക്കിയാണ് വിദ്വാന്റെ ഇരിപ്പ്‌. ആരെങ്കിലും നടന്നു വരുന്നത് കണ്ടാല്‍ ദയതോന്നി കാല് മാറ്റിക്കൊടുക്കും എന്ന് കരുതി. എനിക്കു തെറ്റി. എയര്‍ ഹോസ്റ്റസ്സുമാരും, യാത്രക്കാരും അദ്ദേഹത്തിന്‍റെ കോപത്തിന് പാത്രമാകാതെ കഷ്ടപ്പെട്ട് ഒഴിഞ്ഞുമാറി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. തനിക്ക്‌ ഒരു കൂസലുമില്ല. മുതിര്‍ന്ന സ്ത്രീകള്‍ കടന്നുപോകുമ്പോള്‍ പോലും അയ്യാള്‍ക്ക് ഒരു കുലുക്കവുമില്ല. കുറെ കഴിഞ്ഞപ്പോള്‍ അറബി വംശജനായ ഒരു വിമാനജീവനക്കാരന്‍ അതുവഴി വന്നു. കൂസലില്ലാതെ ഇരിക്കുന്ന ഇങ്ങേരുടെ മുഖത്ത് കുറച്ചു നേരം തുറിച്ചുനോക്കി. എന്നിട്ട് തറപ്പിച്ച് കാര്‍ക്കശ്യത്തോടെ പറഞ്ഞു Excuse me, pull your leg please. അപ്പോള്‍ നമ്മുടെ കഥാനായകന് കുറച്ച് വിവരം വച്ചെന്ന് തോന്നുന്നു. അത് ചിലര്‍ക്ക് അങ്ങിനെയാ. വല്ലവന്റെയും വായില്‍നിന്നും വല്ലതും കേട്ടാലേ സമാധാനമാവൂ. എന്തായാലും അങ്ങേര്‍ പതിയെ കാല് വലിച്ച്, ചിത്രത്തില്‍ കാണുന്നതുപോലെ ആസനത്തിന്‍റെ കീഴില്‍ കയറ്റി. എന്നിരുന്നാലും, അതുവഴി നടക്കുന്നവര്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കീഴിലെ ഷൂസിന്‍റെ അടിഭാഗം തുടച്ചു വൃത്തിയാക്കി പോയാല്‍ മതി എന്ന രീതിയിലാണ് അങ്ങേരുടെ ഇരിപ്പ്‌. എന്‍റെ മുഖത്തിനു നേരെ ഷൂസിന്‍റെ അടിഭാഗം കാണിച്ച്, 'നീ കുറെ നേരമായി എന്നെ ശ്രദ്ധിക്കുന്നു. ഇത് നിനക്കിരിക്കട്ടെ' എന്ന് കരുതുന്നതും ആവാം.  ഇതൊരുപക്ഷേ എന്‍റെ തൊട്ടടുത്ത വശത്ത് ഇരുന്നതുകൊണ്ട് ഞാന്‍ ശ്രദ്ധിച്ചതാവാം. ഇതിനേക്കാള്‍ ഭീകരമായ രീതിയില്‍ പെരുമാറുന്ന ആളുകളും കാണുമായിരിക്കാം.

ഇനി, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചു ഷാര്‍ജയിലേയ്ക്ക് വരുന്ന യാത്രയില്‍ കണ്ട കാഴ്ചകള്‍. എന്‍റെ പുറകില്‍ ഒരു സീറ്റിലിരിക്കുന്ന മാന്യന്‍, തലേദിവസം രാത്രി ബാറില്‍ വച്ചുണ്ടായ ഒരു തര്‍ക്കം മൊബൈല്‍ ഫോണിലൂടെ പറഞ്ഞു തീര്‍ക്കുന്നു. മറ്റുള്ളവര്‍ കേള്‍ക്കുന്നതൊന്നും പുള്ളിക്ക് വിഷയമേയല്ല. പറഞ്ഞ് പറഞ്ഞ് സംഗതി ചൂടായി. ഇതിനിടയില്‍ പലതവണ അനൌണ്‍സ്മെന്റ് വന്നു. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യാന്‍. ഇയ്യാള്‍ക്ക് കേള്‍ക്കാനെവിടെ കാതുകള്‍. അതോ മനപ്പൂര്‍വ്വമോ!! അതെ മനപ്പൂര്‍വ്വം തന്നെ. എന്താണെന്നോ? വിമാനം നീങ്ങിത്തുടങ്ങി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ പുള്ളിക്കാരന്‍ ഇയര്‍ഫോണ്‍ എടുത്തു ഫിറ്റ് ചെയ്ത് അതിലൂടെയാണ് സംസാരം. ബുദ്ധിമാന്‍ തന്നെ. അപ്പോള്‍ എയര്‍ഹോസ്റ്റസ് ശ്രദ്ധിക്കില്ലല്ലോ. ടാക്സിവേയിലൂടെ നീങ്ങിയ വിമാനം ടേക്ക്ഓഫ്‌ പൊസിഷനില്‍ എത്തി. അദ്ദേഹം ഫോണിലൂടെ തര്‍ക്കം തുടര്‍ന്നുകൊണ്ടിരുന്നു. സംസാരത്തിന്‍റെ വീര്യം (അതോ അകത്തുള്ളതിന്‍റെയോ?) കൂടിയതുകൊണ്ടാവാം എയര്‍ഹോസ്റ്റസ് ശ്രദ്ധിച്ചു. ഓടി വന്നു, സാര്‍ പ്ലീസ്‌ അതൊന്ന് ഓഫ്‌ ചെയ്യൂ എന്ന് അലറി. മാന്യന്‍ അത് ഫുള്‍ ഓഫ്‌ ചെയ്യുന്നതുവരെ അവര്‍ അവിടെ തന്നെ നിന്നു. അവര്‍ മനസ്സില്‍ കരുതിക്കാണും "ഈ മരങ്ങോടനാണോ God's Own Countryയില്‍ നിന്നും ഉത്ഭവിച്ചവന്‍!"

ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവും കൂടാതെ വിമാനം പറന്നുപൊങ്ങി. ഷാര്‍ജയില്‍ ലാന്‍ഡ്‌ ചെയ്യാന്‍ വരുന്നത് ഒന്ന് ചുറ്റി കടലിനു മുകളിലൂടെ, അതായത് പടിഞ്ഞാറുനിന്നാണ്. രാത്രി ഒന്‍പതു മണിയായതിനാല്‍ ഷാര്‍ജ, അജ്മാന്‍, ദുബായ് നഗരങ്ങള്‍ ദീപപ്രഭയില്‍ മിന്നിത്തിളങ്ങുന്നു. എല്ലാവരും ആ കാഴ്ചകള്‍ ജനാലയിലൂടെ കാണുന്നു. പെട്ടെന്ന്, ഞാന്‍ ശ്രദ്ധിച്ചു. എന്‍റെ വലതുവശത്ത്‌, നടവഴിക്കപ്പുറം ഒരു ഭര്‍ത്താവും ഭാര്യയും, അവരുടെ രണ്ടു മൊബൈല്‍ ഫോണുകളും ഓണ്‍ ചെയ്ത് എന്തോ പരത്തുന്നു. ഒരാള്‍ക്ക്‌ നമ്പര്‍ കിട്ടി. "ഹലോ... ഞങ്ങള്‍ ലാന്‍ഡ്‌ ചെയ്യാണ് കേട്ടോ.... നമ്മുടെ ബില്‍ഡിംഗ് കാണാം." (ശോശാമ്മേ റെഡിയായിരുന്നോ, അച്ചായനിതാ എത്തിപ്പോയി എന്ന മട്ടില്‍!). ഞാന്‍ കയ്യുയര്‍ത്തി അവരോടു ആംഗ്യഭാഷയില്‍ 'എന്തരടേ ഇത്, വിവരംകെട്ട കൂതറകളേ?' എന്ന മട്ടില്‍ കാണിച്ചു. എന്തായാലും ഫോണ്‍വിളി നിര്‍ത്തി, പക്ഷേ എന്നിട്ടും ഓഫ്‌ ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് റണ്‍വേയില്‍ എത്താന്‍ ഏകദേശം വെറും 10knotsന് താഴെ മാത്രം ദൂരം  ഉള്ളപ്പോഴാണ് ഇത്തരം തെമ്മാടിത്തരം എന്ന് ഓര്‍ക്കുക. ഇവരോക്കെയാണോ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും എന്ന് അഭിമാനത്തോടെ പറയുന്നവര്‍? ഇവരാണോ സംസ്കാരസമ്പന്നര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍? ഇവരാണോ നൂറുശതമാനം സാക്ഷരത നേടി എന്ന് വീമ്പടിക്കുന്നവര്‍? അയ്യേ......

മൊബൈല്‍ഫോണ്‍ കാരണം ഏതെങ്കിലും വിമാനാപകടം ഉണ്ടായതായി വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും, പല അപകടങ്ങള്‍ക്കും ശേഷം, വിമാനത്തില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നെറ്റിക് സിഗ്നലുകളിലേയ്ക്ക് അപകടകാരണമായി സംശയത്തിന്‍റെ വിരല്‍ ചൂണ്ടപ്പെടുന്നുണ്ട്. 2003ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ഒരു വിമാനാപകടത്തിന് കാരണം, പൈലറ്റ്‌ അപകടത്തിനു തൊട്ടുമുന്‍പായി തന്‍റെ വീട്ടുകാരുമായി മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതുമൂലം നാവിഗേഷന്‍ സംവിധാനത്തില്‍ ഉണ്ടായ പാകപ്പിഴകള്‍ ആവാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. (ഇവിടെ നോക്കാം) 2012 വരെ മിക്കവാറും എല്ലാ വിമാനക്കമ്പനികളും വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, 2008 March മുതല്‍ യു.എ.യിലെ എമിറേറ്റ്സ് എയര്‍ലൈന്‍ In-flight GSM phones, EASA യുടെ (European Aviation Safety Agency) അംഗീകാരത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. അത് കണ്ടിട്ടാണോ, പിന്നെന്താ ഞങ്ങള്‍ക്കും ആവാം എന്ന രീതിയില്‍ ചില മലയാളികള്‍ പോക്കറ്റില്‍നിന്ന് സ്വന്തം മൊബൈല്‍ഫോണ്‍ എടുത്ത്‌ പ്രസ്തുത വിവരക്കേടുകള്‍ കാണിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍, വിമാനത്തിലെ communication/navigation systems/signals-നെ പ്രതികൂലമായി ബാധിച്ചേയ്ക്കാം എന്ന് വൈമാനികവിദഗ്ധര്‍ തന്നെ പറയുമ്പോള്‍, "ഇതുവരെയും ഇതുകാരണം ആരും താഴെ പോയതായി തെളിവില്ലല്ലോ, ഇനി ഞങ്ങള്‍ ഒന്ന് താഴെ പോകുമോ എന്ന് നോക്കട്ടെ" എന്ന രീതിയില്‍ മലയാളികള്‍ പെരുമാറുന്നത് വിവരക്കേടിന്‍റെ അങ്ങേയറ്റം എന്ന് മാത്രമേ വിശേഷിപ്പിക്കുവാനാകൂ.

ഇനി അടുത്തത്‌. വിമാനത്തിന്‍റെ ടയര്‍ റണ്‍വേയില്‍ തൊടേണ്ട താമസം, ക്ലിക്ക്, ക്ലിക്ക്, ടക് ടക് ശബ്ദങ്ങള്‍ കേള്‍ക്കാം. സീറ്റ്ബെല്‍റ്റ് ഊരിയെറിയുന്നതാണ് സംഭവം! ഊരിയെറിയുക മാത്രമല്ല, എഴുന്നേറ്റ് overhead locker തുറക്കാനും തുടങ്ങുന്നു. പാവം വിമാനജോലിക്കാര്‍ പരിഭ്രാന്തരായി "അയ്യോ സാറേ  അവിടിരി.... അവിടിരി... ചാവാന്‍ ഒരുങ്ങല്ലേ... മറ്റുള്ളവന്‍റെ തലമണ്ട പൊളിക്കല്ലേ..." എന്നൊക്കെ വിളിച്ചുകൂവി പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍!  പ്രസ്തുതസംഭവങ്ങള്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പ്രവാസജീവിതം തുടങ്ങിയപ്പോള്‍ കണ്ട സംഭവങ്ങളല്ല, മറിച്ച്, ഇക്കഴിഞ്ഞ ദിവസം, അതായത് 01/10/2012-ല്‍ ഉണ്ടായ സംഭവങ്ങളാണ്. ഇത്, ഇപ്പോഴും, എല്ലാ ദിവസവും, കേരളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇത് ഇപ്പോള്‍ വിദ്യാഭാസപരമായി വളരെയധികം മുന്നേറി എന്ന് നാം തന്നെ അവകാശപ്പെടുന്ന ഒരു സംസ്ഥാനത്തില്‍ നിന്നും വരുന്നവര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളാണ്.

മുകളില്‍ പറഞ്ഞ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്ന വേളയില്‍, A320 പോലുള്ള ഫുള്‍ ലോഡ്‌ ആയ ഒരു  വിമാനം പറന്നിറങ്ങുമ്പോള്‍ അതിന്‍റെ വേഗത മണിക്കൂറില്‍ 140Miles/Hour എന്നാണ് എന്‍റെ അറിവ്‌. അതായത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനത്തിനുള്ളില്‍ യാത്ര ചെയ്യുന്നത് പോലെ. മണിക്കൂറില്‍ വെറും 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന നമ്മുടെ KSRTC ബസ്സില്‍, നിന്നു യാത്രചെയ്യുന്ന ആളുകള്‍, ഞാന്‍ ഉള്‍പ്പെടെ, വണ്ടി ഒരു വളവ് തിരിഞ്ഞാല്‍ തന്‍റെ വൃത്തികെട്ട പൃഷ്ടം ഇരുന്ന് യാത്ര ചെയ്യുന്ന മറ്റു യാത്രക്കാരുടെ മുഖത്തും, തോളിലും കൊണ്ട് സ്ഥാപിക്കുന്നത് വളരെ സാധാരണമാണെന്ന് ഓര്‍ക്കുക. അപ്പോള്‍ അത്രയും പോലും കണ്ട്രോള്‍ ഇല്ലാത്തവര്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിമാനം ഒരു അടിയന്തിരഘട്ടത്തില്‍ ബ്രേക്ക്‌ ഇടുന്നത് പോയിട്ട്, ഒന്ന് ചാഞ്ചാടിയാല്‍ എന്ത് സംഭവിക്കും എന്ന് ഊഹിക്കാനേയുള്ളൂ. ഓ... എന്ത് ഊഹിക്കാന്‍, ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു അല്ലേ? ഹല്ലാ പിന്നെ...

ഇതൊക്കെ കഴിഞ്ഞ്, കയ്യിലെടുത്ത ലഗേജുമായി നില്‍ക്കുന്ന നില്‍പ്പാണ് ദയനീയം. വിമാനം ടാക്സിവേയിലേയ്ക്ക് കടക്കുന്ന വേളയില്‍ തന്നെ. ബാഗൊക്കെ തൂക്കി, സീറ്റിനും മുകളിലത്തെ ലോക്കറിനും ഇടയില്‍ വളഞ്ഞ് "S" ഷേപ്പില്‍ (കേരളാ പോലീസിനോട് കടപ്പാട്) ഒരു നില്‍പ്പുണ്ട്. അപ്പോഴും, സീറ്റ്ബെല്‍റ്റ് അഴിക്കാതെയും, സീറ്റില്‍ നിന്നും എഴുന്നെല്‍ക്കാതെയും ഇരിക്കുന്നവരെ നോക്കി, ഒരു ചെറുപുഞ്ചിരിയോടെ 'എടെയ് നിനക്കൊക്കെ ഇവിടെയല്ലേ  ഇറങ്ങണ്ടത്? അതോ അടുത്ത സ്റ്റോപ്പിലോ? അടുത്ത സ്റ്റോപ്പ്‌ ഇനി അടുത്തൊന്നും ഇല്ലഡേയ്?' എന്ന ചോദ്യം മനസ്സില്‍ ചോദിച്ച് പുച്ഛഭാവത്തില്‍ നമ്മെ നോക്കിനില്‍ക്കും. ഇതിനിടയില്‍, ഹോ.. ഈ വിവരം കെട്ടതിനോടൊക്കെ അലച്ചു മടുത്തു, എന്ന രീതിയില്‍ തോറ്റ മുഖഭാവത്തോടെ വിമാനജോലിക്കാര്‍ ഇളിഭ്യരായി നില്‍ക്കുന്നത് കാണാം. ഈ "S" ഷേപ്പിലേ നില്‍പ്പ് അടുത്ത ഒരു പതിനഞ്ചു മിനിറ്റ് തുടരും. അതായത്, വിമാനം ടാക്സിവേയിലൂടെ നീങ്ങി, പാര്‍ക്കിംഗ് ബേയില്‍ എത്തി, എയര്‍ ബ്രിഡ്ജ്/ഗോവണി വന്നുചേര്‍ന്നു വിമാന വാതില്‍ തുറക്കുന്നത് വരെ, ഈ നില്‍പ്പ് തുടരും. പാവങ്ങള്‍.. എന്തോരം കഷ്ടപ്പെട്ടാ ഗള്‍ഫില്‍ എത്തുന്നതും, നാട്ടില്‍ തിരിച്ചെത്തുന്നതുമെന്ന് നാട്ടിലിരിക്കുന്നവര്‍ക്ക് വല്ലതും അറിയാമോ!! ഇവരെന്തിനാ ഇത്രയും കഷ്ടപ്പെട്ട് ഇങ്ങിനെ നില്‍ക്കുന്നതെന്ന് എനിക്കോ സഹായാത്രികരില്‍ ഒരു വിഭാഗത്തിനോ, വിമാനജോലിക്കാര്‍ക്കോ ഇതുവരെ മനസ്സിലായിട്ടില്ല. ഇങ്ങിനെ വെപ്രാളം പിടിച്ചു ഇറങ്ങിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ഈ നില്‍പ്പ് നില്‍ക്കുന്നവര്‍ക്കും അറിയാമോ എന്നെനിക്കറിയില്ല.

മേല്‍പ്പറഞ്ഞ വസ്തുതകള്‍ ഏതൊരു പ്രവാസിയും അനുഭവിച്ച്, നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഇതൊന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുവാനുള്ള കുറിപ്പല്ല. പല്ലിട കുത്തി നാറ്റിക്കുവാനുള്ള ഒരു ശ്രമവും അല്ല. അങ്ങിനെയാണെങ്കില്‍ ഞാന്‍ ഇത് മലയാളത്തില്‍ എഴുതേണ്ടിയിരുന്നില്ല. ഇത്തരം പ്രവര്‍ത്തികള്‍ കാട്ടുന്നവര്‍ വിദ്യാഭ്യാസപരമായി പിന്നിലുള്ള ഒരു വിഭാഗം മാത്രമാണ് എന്നെനിക്ക്‌ തോന്നിയിട്ടില്ല. പലരും, ഉന്നത ഉദ്യോഗങ്ങളില്‍ ജോലി ചെയ്യുന്നവരും, ബിസിനസ് ഒക്കെ നടത്തി നല്ല നിലയില്‍ കഴിയുന്നവരും, നാട്ടിലും പ്രവാസലോകത്തിലും സമൂഹത്തിന്‍റെ മേല്‍ത്തട്ടില്‍ കഴിയുന്നവരും കൂടിയുള്ളതാണ്. കുറച്ചുപേരെ നേരിട്ട് കണ്ടിട്ടുമുണ്ട്.  മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ ഭൂരിഭാഗവും പിഴിഞ്ഞെടുത്ത് അതില്‍നിന്നും ഡോളറുകള്‍ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമാര്‍ക്ക് "ടിപ്സ്"  ആയി കൊടുത്ത് മാസത്തില്‍ രണ്ടും മൂന്നും തവണ യാത്രചെയ്യുന്നവരേയും എന്‍റെ വിമാനയാത്രകള്‍ക്കിടയില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

ഇതൊക്കെ അറിവില്ലായ്മ കൊണ്ടാണെന്ന അഭിപ്രായം എനിക്കില്ല. മറിച്ച്, ഇതൊരു മാനസിക പ്രശ്നമാണ്. മറ്റുള്ളവരുടെയും, തന്‍റെയും സുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയില്‍ മേല്‍പ്പറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടം? ലോകം മുഴുവന്‍ അംഗീകരിക്കുന്ന പെരുമാറ്റച്ചട്ടങ്ങളെ ധിക്കരിക്കുന്നതിലൂടെ മറ്റുള്ളവരുടെ അവജ്ഞയും, വെറുപ്പും, അവഹേളനവും നേടിയിട്ട്, അല്ലെങ്കില്‍  നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ജനവിഭാഗത്തിന് മുഴുവന്‍ നേടിക്കൊടുത്തിട്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടം?

നിങ്ങള്‍ ഇതേക്കുറിച്ച് ബോധവാനാണെങ്കില്‍ മറ്റുള്ളവരെയും ബോധവാന്‍മാരാക്കുക.

നന്ദി

ജസ്റ്റിന്‍ പെരേര
ഷാര്‍ജ.