Sunday, March 8, 2009

നാം "മലയാളികള്‍ക്ക്" എന്താണ് കുറവുള്ളത്?

"ഒന്നുമില്ല" എന്ന് പറയാന്‍ വരട്ടെ.

By: Justin - Sharjah
ഈ കുറിപ്പ്‌ ഞാന്‍ എഴുതുവാന്‍ ഒരു കാരണമുണ്ട്. അടുത്തകാലത്ത് യു.എ.യി.-യിലെ ഒരു എമിരേറ്റില്‍ തികച്ചും സ്വകാര്യമായ ഒരു സുഹൃത്ത് സംഭാഷണത്തില്‍ ഏര്‍പ്പെടുവാന്‍ ഇടയായി. അതിനിടയ്ക്ക്‌ ഉയര്‍ന്നു വന്ന ചില പരാമര്‍ശങ്ങള്‍ എന്നെ അത്ഭുതപെടുത്തുന്നുണ്ടായിരുന്നു. മലയാളിയായ ഒരു വ്യക്തിക്ക് മറ്റുള്ളവരുടെ മുന്‍പില്‍ താനും ഒരു യഥാര്‍ഥ മലയാളി ആണെന്ന് വാദിക്കുവാന്‍ തെളിവുകള്‍ നിരത്തേണ്ട ഗതികേട്. ഒരു കൂട്ടര്‍ ഒരിക്കലും തെളിയിക്കപ്പെടാത്തതും, മറ്റുള്ളവര്‍ പുച്ചിച്ച്ചു തള്ളുന്നതുമായ ചില പാരമ്പര്യ വാദങ്ങള്‍ ഉന്നയിച്ചത് ഞാന്‍ കേമന്‍ എന്ന അവകാശവാദം ഉന്നയിക്കുന്നു. കഷ്ടം പ്രിയ മലയാളി കൂട്ടുകാരെ, നിങ്ങള്‍ എന്നാണിനി ഉണരാന്‍ പോകുന്നത്? സംസ്കാരവും, അറിവും, ബുദ്ധിയും, കഴിവും, പാരമ്പര്യവാദത്തില്‍ നിന്നോ, പ്രാദേശികവാദത്തില്‍ നിന്നോ, ഉരുത്തിരിയേണ്ട ഒന്നല്ല. പകരം, നാം ആര്‍ജ്ജിച്ച അറിവിലൂടെ സമൂഹ നന്മയ്ക്ക് എന്ത് ചെയ്യുന്നു എന്നതിലൂടെയാണ്‌. അത് ആരംഭിക്കേണ്ടതും സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ്. സ്വന്തം വീടും, കുടുംബവും നന്നാക്കുവാണോ, ശ്രദ്ധിക്കുവാണോ കഴിയാത്തവന്‍ നാട്ടുകാരെ നന്നാക്കുവാന്‍ ഇറങ്ങിത്തിരിക്കുകയും വാഗ്ഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍, അത് നോക്കി ഊറി ചിരിക്കുകയല്ലാതെ മറ്റൊരു നിവര്‍ത്തിയുമില്ല. സ്വന്തം വീടിന്റെ പരിസരത്തെ കൂത്താടി നശിപ്പിക്കുവാന്‍ മിനക്കെടാത്തവാന്‍, കൊച്ചിയിലെ കൊതുകിനെ പറ്റി സംസാരിച്ച് കൊച്ചിക്കാരെ വിമര്‍ശിക്കുന്നു. സ്വന്തം വീട്ടിലെ കക്കൂസിലെ പൊട്ടിയ സ്ലാബ്‌ മാറിയിടുവാന്‍ മിനക്കെടാത്തവാന്‍, ആലപ്പുഴയിലെ പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസ്സര്‍ജ്ജനത്തെ കുറിച്ച് സംസാരിച്ച് അവരെ കളിയാക്കുന്നു. സ്വന്തം വീട്ടിലെ ഇളകിയ തറയോട്‌ ഉറപ്പിക്കുവാന്‍ സമയം കണ്ടെത്താത്തവന്‍, തിരുവനന്തപുരത്തെ അടഞ്ഞുപോയ ഓടകളെ കുറിച്ച് വ്യാകുലപ്പെടുന്നു. സ്വന്തം മക്കള്‍ കാംപസ്‌ രാഷ്ട്രീയത്തിലെ ചട്ടുകങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍, ചിലര്‍ കണ്ണൂരില്‍ എങ്ങനെ സമാധാനം പുനസ്ഥാപിക്കാം എന്ന് സംസാരിക്കുന്നു. കയ്യില്‍ യാതൊന്നും ഇല്ലാത്തവന്, അത് സമ്പത്ത്‌ ആയികൊള്ളട്ടെ, വിദ്യാഭ്യാസം ആയികൊള്ളട്ടെ, അറിവ് ആയികൊള്ളട്ടെ, മറ്റു കഴിവുകള്‍ ആയികൊള്ളട്ടെ, അത് ഉള്ളവനോട് തോന്നുന്ന, പരസ്യമായി പുറത്തു കാണിക്കാന്‍ പറ്റാത്ത, ഒരുതരം വില കുറഞ്ഞ പ്രതികാരം. ആദ്യം കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചു പിടിക്കൂ. എന്നിട്ട് സ്വയം ചിന്തിക്കൂ, ഞാന്‍ എന്താണെന്നും, എനിക്കുള്ള കുറവുകള്‍ എന്താണെന്നും. കൂട്ടുകാരെ, ഇനിയെങ്കിലും നമ്മുക്ക് ഒരു അവബോധം ഉണ്ടാകേണ്ടത്‌, നാമെല്ലാം ഒന്നാണെന്നും, ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമ്മുടെ വരും തലമുറയ്ക്കെങ്കിലും ഒരു നല്ല കേരളം കൈമാറുവാനും സാധിക്കുകയുള്ളൂ എന്നുമാണ്. അമ്പിളി അമ്മാവനെ കാട്ടിതന്നും അതിനെ പിടിച്ചു തരാം എന്ന് വ്യാമോഹം തന്നും നമ്മെ അന്നം ഊട്ടി തന്നുകൊണ്ടിരുന്ന ചെറുപ്പകാലത്തില്‍ നിന്നും നാം വളരെയധികം വളര്‍ന്നിരിക്കുന്നു. അമ്പിളിയമ്മാവാന്‍ എന്നത് ഒരു ഗ്രഹം ആണെന്നും, ആ ഗ്രഹത്തില്‍ ജലാംശം ഉണ്ടെന്നും തെളിവുസഹിതം ശാസ്ത്രം നമ്മുക്ക് കാണിച്ചു തന്നിരിക്കുന്ന ഒരു യുഗത്തിലേക്ക് നാം വളര്‍ന്നിരിക്കുന്നു. ഈ മഹാലോകത്തില്‍ നമ്മുടെ വലിപ്പം എത്ര ചെറുതാണ് എന്ന സത്യം സ്വയം മനസ്സിലാക്കുവാനുള്ള സാമാന്യബോധം നമുക്ക് ഉണ്ടോ എന്ന് നാം സ്വയം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ലോകഭൂപടത്തില്‍ ചെറിയൊരു നേര്‍രേഖയായി മാത്രം കാണപ്പെടുന്ന കേരളമെന്ന കൊച്ചു ഭൂപ്രദേശം, ലോകജനതയ്ക്ക് മുന്‍പില്‍ ഒരു അത്ഭുതം തന്നെയാണെന്ന് പറയാതെ വയ്യ. നമ്മുടെ വൃത്തി, ആഥിത്യമര്യാദ, സത്യസന്ധത, ലോകത്തിലെ ഏതൊരു ജനവിഭാകങ്ങളുമായും സൗഹൃദമായി ഇടപഴകുവാനുള്ള മനസ്ഥിതിയും കഴിവും, നമ്മുടെ മാത്രമായ പൈതൃക സംസ്കാരങ്ങള്‍ ആയ, സംസ്കൃതം, ആയുര്‍വേദം, കളരിപയറ്റ് മുതലായ ആയോധന കലകള്‍, നൃത്തരൂപങ്ങള്‍, ശാസ്ത്രീയസംഗീതം, എന്നിവയെ സ്നേഹിക്കുവാനും താലോലിക്കുവാനും ഉള്ള കഴിവ് എന്നിവ ലോകപ്രശസ്തം ആണെന്നതിന് പുറമേ, ഏതൊരു അന്യസംസ്ഥാനത്ത്‌ ഉള്ളവര്‍ക്കും, വിദേശികള്‍ക്കും ബാല്‍താക്കറെമാരുടെ ഭീഷണി ഇല്ലാതെ തൊഴില്‍ ചെയ്യാനും, ജീവിക്കുവാനും പറ്റിയ കൊച്ചു കേരളം. എന്നാല്‍, ലോകജനതയെ മുഴുവന്‍ സ്നേഹിക്കുവാനും, അവരാല്‍ സ്നേഹിക്കപെടുവാനും കഴിവുള്ള മലയാളികളായ നമുക്ക് സ്വന്തം മലയാളി സഹോദരങ്ങളെ സ്നേഹിക്കുവാനും, ബഹുമാനിക്കുവാനുമുള്ള കഴിവ് അല്ലെങ്കില്‍ മന:സ്ഥിതി ഉണ്ടോ? ഇല്ല എന്ന് വേണം കരുതുവാന്‍. വടക്കനെന്നും, തെക്കനെന്നും, ജാതിയില്‍ കൂടിയവനെന്നും, കുറഞ്ഞവന്‍ എന്നും, പ്രമാണി എന്നും, പ്രഭുജനമെന്നും, കുടിയാനെന്നും വേര്‍തിരിവ് നടത്തുന്ന നാം മലയാളികള്‍, വെറും പത്തോ ഇരുപതോ നാഴികകള്‍ ദിശ മാറി പാര്‍ക്കുന്നവനെ അധ:കൃതന്‍ എന്നോ ഹീനന്‍ എന്നോ വിളിച്ചോ, കരുതിയോ തരാം താഴ്ത്തി അധി:ക്ഷേപിക്കുന്നു. ലോകത്തില്‍ ഏതൊരു ഭൂവിഭാഗത്തിലും വസിക്കുന്നവര്‍ക്ക്‌ അവരവരുടേതായ ശീലങ്ങളും, അനുഷ്ടാനങ്ങളും, സംസാരശൈലികളും ഉണ്ട്. എന്നാല്‍ ഞാന്‍ അനുഷ്ടിക്കുന്ന ശീലങ്ങളും, എന്റെ സംസാരശൈലിയും, ഞാന്‍ പിന്തുടരുന്ന ഭക്ഷണക്രമങ്ങളും മാത്രമാണ് ശരിയെന്നും, ആധികാരികമെന്നും, ശാഠ്യം പിടിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ വിഡ്ഢികളുടെ മൂഡസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് പറയാതെ വയ്യ. പ്രധാനപെട്ട എല്ലാ മതങ്ങളെയും, മതപ്രവര്‍ത്തനങ്ങളെയും, മതവിശ്വാസങ്ങളെയും, യാതൊരു അധിനിവേശത്തിന്റെ പിന്‍ബലം കൂടാതെതന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുള്ള കേരളജനതയ്ക്ക് എന്തുകൊണ്ട് സ്വന്തം നാട്ടുകാരന്‍റെ വിശ്വാസങ്ങളെയും, ശീലങ്ങളെയും, ഭാഷാശൈലിയെയും അംഗീകരിച്ചുകൂടാ? അത് മറ്റൊന്നും കൊണ്ടല്ല.

മലയാളിക്കു വന്നു ചേര്‍ന്നിരിക്കുന്ന പുതിയ ഒരു സ്വഭാവസമ്മിശ്രണം കൊണ്ടാണ് അതുണ്ടാകുന്നത്. വിഭാഗീയത, അസഹിഷ്ണുത, തെറ്റിധാരണ, കിംവദന്തി, വിനാശകരമായ വിമര്‍ശനങ്ങള്‍, മനുഷ്യത്വം ഇല്ലായ്മ, പൊങ്ങച്ചം, മറ്റുള്ളവരെ അംഗീകരിക്കുവാന്‍ ഉള്ള വിമുഖത, അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തി എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ് ആ സ്വഭാവസമ്മിശ്രണം. ഇക്കഴിഞ്ഞ നാള്‍ വരെ എന്നെക്കാള്‍ അധമന്‍ എന്ന് ഞാന്‍ തെറ്റിദ്ധരിച്ച്‌ ഇരുന്നവന്‍, ഇപ്പോള്‍ എന്നെക്കാള്‍ ഉയരത്തിലും, പ്രശസ്തിയിലും എന്ന് അറിയുമ്പോഴുള്ള ഒരുതരം മരവിപ്പും, അപകര്‍ഷതാബോധവും. ഈ അവസരത്തില്‍ നാം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. നാം ജീവിക്കുന്ന ഈ ഭൂമിയുടെ വലിപ്പം ശാസ്ത്രസാങ്കേതികവിദ്യയുടെയും, വിദ്യാഭ്യാസമേന്മയുടെയും ഫലമായി, ഒരു തരത്തില്‍ നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നു. ഇത്തിരിപോന്ന കൊച്ചു കേരളത്തിനകത്ത്‌ നാം നിര്‍ബന്ധപ്പൂര്‍വ്വം പിടിച്ചു വാങ്ങുന്ന ഈ അന്തസ്സും, ആഭിജാത്യവും, ബഹുമാനവും, പുറംരാജ്യങ്ങളില്‍, പോകട്ടെ കേരളത്തിനു പുറത്തെങ്കിലും നമുക്ക് ലഭിക്കുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല. ലോകമെന്ന തട്ടകത്തില്‍ മറ്റുള്ളവരോടൊപ്പം ആടിത്തിമിര്‍ക്കണമെങ്കില്‍, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഭാരതം എന്ന നമ്മുടെ മഹാരാജ്യം മാത്രമേ ആദ്യത്തെ ചവിട്ടുപടി ആകാവൂ, അത് മാത്രമേ ലോകം അംഗീകരിക്കൂ. അവിടെ കേരളവും, കേരളം എന്ന കൊച്ചു പ്രദേശത്തിനകത്തെ വടക്കനും, തെക്കനും, കിഴക്കനും മറ്റും അപ്രസക്തരായി മാറും. ലോകരാജ്യങ്ങളും, ലോകജനതയും ബുദ്ധിയും, സാമര്‍ത്ഥ്യവും, കഴിവും, സ്ഥിരോല്‍സാഹവും ഉള്ള ചുണക്കുട്ടന്മാരെയും, ചുണക്കുട്ടികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതിനിടയ്ക്ക്‌ മേല്‍പ്പറഞ്ഞ പാരമ്പര്യവാദവും, പിടിച്ചുവാങ്ങിയ ആഢ്യത്തവും നെറ്റിയില്‍ ഒട്ടിച്ചത് കയറി ചെന്നാല്‍, അവജ്ഞയും, അവഹേളനവും ഇടനെയ്ത പൂച്ചെണ്ട് കൊണ്ടാല്ലാതെ ഉള്ള ഒരു സ്വീകരണവും പ്രതീക്ഷിക്കണ്ട.
ആശംസകളോടെ, ജസ്റിന്‍ - ഷാര്‍ജ