Wednesday, November 11, 2009

റഹ്മാനിയ അഥവാ രഹ്മാനിയാക്‌

ഡാനിഷ് കഥാകൃത്തായ "ഹാന്‍സ്‌ ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്‍" 1837-ഇല്‍ എഴുതിയ "ചക്രവര്‍ത്തിയുടെ പുത്തന്‍ വസ്ത്രം" എന്നൊരു കഥ നാം എല്ലാവരും വായിച്ചിട്ടുള്ളതാണല്ലോ. കഥയുടെ സാരാംശം ഇതാണ്. പണ്ടൊരു മഹാരാജാവ് ജീവിച്ചിരുന്നു. പുതുപുത്തന്‍ വസ്ത്രങ്ങളില്‍ അതീവ തല്പ്പരന്‍ ആയിരുന്ന രാജാവിനെ മന്ത്രിയും നെയ്തുകാരും ചേര്‍ന്ന്, ലോകത്തിലെ ഏറ്റവും മഹത്തായ വസ്ത്രം അണിയിച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയും, നഗ്നനായി ജനമധ്യത്തിലൂടെ നടത്തുകയും ചെയ്തു. രാജാവ്‌ വിവസ്ത്രന്‍ ആണെന്നറിഞ്ഞിട്ടും, മന്ത്രിയും മറ്റുള്ളവരും രാജാവിന്റെ വസ്ത്രത്തെ പ്രകീര്‍ത്തിക്കുന്നത് കണ്ട്, ജനങ്ങളും "അല്ലയോ രാജാവേ.... എന്ത് നല്ല വസ്ത്രം! ഇത് അങ്ങേയ്ക്ക് എത്ര നന്നായി ഇങ്ങങ്ങുന്നു" എന്ന് ഏറ്റുപറയാന്‍ തുടങ്ങി. എന്നാല്‍ പെട്ടൊന്നൊരു കൊച്ചു ബാലന്‍, "അയ്യോ.... രാജാവിതാ തുണിയില്ലാതെ നടക്കുന്നെ" എന്ന് വിളിച്ചു പറഞ്ഞു. എന്നാല്‍ അത് തന്നെയായിരുന്നില്ലേ സത്യം?

ഞാന്‍ ഇനി കുറിക്കുന്നത് എന്റെ മാത്രം അഭിപ്രായങ്ങള്‍ ആണ്. വെറും ഒരു സാധാരണ സംഗീതാസ്വദകന്റെ അഭിപ്രായം എന്നതിലുപരി ഇതില്‍ മറ്റൊന്നും തന്നെയില്ല. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക. പക്ഷെ വെറുതെ ഒരു തര്‍ക്കത്തിനു വേണ്ടിയുള്ള അഭിപ്രായമാല്ലാതെ, വസ്തുതാപരമായി മറുപടി എഴുതുവാന്‍ ശ്രദ്ധിക്കുമല്ലോ.

മുകളില്‍ ഞാന്‍ പറഞ്ഞതും, നാമെല്ലാം വായിച്ച് അറിഞ്ഞതുമായ രാജാവിന്റെ കഥയില്‍ നഗ്നനായി പട്ടണത്തിലൂടെ നടന്നു നീങ്ങുന്ന രാജാവിനെ നോക്കി മന്ത്രിയും, നെയ്തുകാരും "അല്ലയോ രാജാവേ.... എന്ത് നല്ല വസ്ത്രം! ഇത് അങ്ങേയ്ക്ക് എത്ര നന്നായി ഇങ്ങങ്ങുന്നു" എന്ന് പറയുന്നു. ജനങ്ങള്‍ ആകട്ടെ "നമ്മള്‍ മാത്രം എന്തിനു മിണ്ടാതെ മാറിനില്‍ക്കണം" എന്ന് ചിന്തിച്ചുകൊണ്ട് അതേറ്റു പറയുകയും ചെയ്യുന്നു. അത് പോലെ തന്നെയല്ല, ഇപ്പോഴുള്ള ഇന്ത്യന്‍ സിനിമാസംഗീതവും, സംഗീതസംവിധായകരും അവര്‍ക്ക് സ്തുതി പാടുന്ന നമ്മള്‍ സാധാരണ ജനങ്ങളും?

എ. ആര്‍. റഹ്മാന്‍ എന്നാ സംഗീതസംവിധായകന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും, ഓസ്കാര്‍ അവാര്‍ഡും ലഭിച്ചപ്പോള്‍, രാജ്യം ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ ഗ്രാമി അവാര്‍ഡ്‌ ലഭിക്കുവാന്‍ ഫെബ്രുവരി 22-ന് കൊഡാക് സ്റ്റുഡിയോയിലേക്ക് നടന്നു കയറുമ്പോള്‍ രാജ്യം മൊത്തത്തില്‍ അങ്ങേയറ്റം അഭിമാനിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും നല്ലൊരു കാര്യം തന്നേ. ഭാരതീയര്‍ക്ക് അഹങ്കരിക്കുവാന്‍ വകനല്‍കുന്ന ഒരു നിമിഷം.

ഒരു പക്ഷെ, ഈ കാലഘട്ടത്തിലെ മുന്‍പന്തിയില്‍ തന്നേ നില്‍ക്കുന്ന നല്ല സംഗീതസംവിധായകരില്‍ ഒരാള്‍ ആയിരിക്കാം എ. ആര്‍. റഹ്മാന്‍. എന്നാല്‍, കഴിഞ്ഞ കാലത്തെയും, ഇപ്പോഴുള്ളതിലും ഏറ്റം പ്രഗല്ഭന്‍ അദ്ദേഹം ആണെന്ന് പറയുന്നതിനോട് യോജിക്കാന്‍ വയ്യ. ഭാരതത്തില്‍ നിന്നും, പ്രഗല്‍ഭരായ ധാരാളം സംഗീതസംവിധായകരില്‍ ആരും തന്നെ ഒരു ഓസ്ക്കാറിനോ , ഗ്രാമിക്കോ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് വാസ്തവം തന്നെ. എന്നാല്‍ അവരാരും റഹ്മാന്‍ എന്ന സംഗീതസംവിധായകനേക്കാള്‍ കഴിവ് കുറഞ്ഞവര്‍ ആണെന്ന് കരുതുകവയ്യ.

ഇക്കാലത്തെ റഹ്മാന്റെ സംഗീത സൃഷ്ടികളില്‍ അധികവും അദ്ദേഹത്തിന്‍റെ തന്നെ പഴയ സംഗീതത്തിന്റെ ഒരു റീമിക്സ് തുടര്‍ച്ചയാണ് എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ അദ്ദേഹം പുതുതായി എന്താണ് സ്കോര്‍ ചെയ്തത്? എല്ലാവര്ക്കും ഒരു ഭ്രാന്ത്‌ തന്നെ ആയി മാറിയ "സ്ലം ഡോഗ് മില്യനര്‍ എന്നാ സിനിമയിലെ ജയ്‌ ഹോ" എന്ന ഗാനത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന് സംഗീത നിരൂപകരോ, ആരാധകരോ പറഞ്ഞാല്‍ നന്നായിരുന്നു. കര്‍ണ്ണകടോരകമായ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഈ ഗാനം, ഭാരത സംഗീത ശ്രേണിയില്‍ അരോചകം ആണെന്നത് ഒരു സത്യം തന്നെയാണ്.

എഴുപതുകളില്‍ യുവഹൃദയങ്ങളെ ത്രസിപ്പിച്ചിരുന്ന "ഒസിബിസ" എന്നാ സംഗീതസംഘത്തിന്റെ ആഫ്രിക്കന്‍/കരീബിയന്‍ - റിഥം/ബ്രാസ് പാറ്റേണ്‍ തന്നെയല്ലേ റഹ്മാന്‍ ഈയൊരു ഗാനത്തിനും ഉപയോഗിച്ചിരിക്കുന്നത്? സാങ്കേതികവിദ്യാ സാധ്യതകള്‍ ഇന്നത്തെക്കാള്‍ എത്രയോ കുറവായിരുന്ന അക്കാലത്തെ അടിസ്ഥാനഘടകങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് , നവീന സാങ്കേതികവിദ്യയില്‍ ഒരു "ജയ് ഹോ" പുറത്തു വന്നു. എന്നാലും, ഹൃദയധമനികളെ ഉദ്ദീപിപ്പിക്കുവാന്‍ എഴുപതുകളിലെ "ഒസിബിസ"-യ്ക്കൊപ്പം 'ജയ് ഹോ' കിടപിടിക്കുമോ എന്ന് സംശയം തന്നെ. തീര്‍ച്ചയായും ഈ പറഞ്ഞതിന് എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം.

ഇന്ത്യം സിനിമാസംഗീതത്തെ ഇരുപത്തിരണ്ടു വര്‍ഷം അടക്കിവാണ ശങ്കര്‍ ജയ്‌കിഷന്‍, അതുപോലെ നൌഷാദ്, ഓ. പി. നയ്യാര്‍, എസ്. ഡി. ബര്‍മന്‍, മദന്‍ മോഹന്‍, റോഷന്‍, സി. രാമചന്ദ്രന്‍, ഹേമന്ത്‌ കുമാര്‍, സലില്‍ ചൌധരി എന്നിവരുടെ സ്വര്‍ഗീയ സംഗീതവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍, ഒരു "ജയ് ഹോ"-യുടെ സ്ഥാനം എവിടിയാണ്? മേല്‍പ്പറഞ്ഞ സംഗീതസംവിധായകരുടെ, രാഗങ്ങളെ പുണര്‍ന്നു നിന്നുള്ള സംഗീതവും, സംഗീതോപകരണങ്ങളുടെ മിതമായും, മനോഹരമായുമുള്ള കൂട്ടിച്ചേര്‍ക്കലും ഇവരെയൊക്കെ റഹ്മാനെ പോലുള്ള സംവിധായകരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.

ഏതൊരു ഗാനത്തിലാണ്‌ റഹ്മാന്‍ നല്ലൊരു ഗായകന്റെ അല്ലെങ്കില്‍ ഗായികയുടെ കഴിവിനെ ഉപയോഗിച്ചിട്ടുള്ളത്? മലയാളത്തിന്റെ വാനമ്പാടി ചിത്ര പോലും പറഞ്ഞിരിക്കുന്നു, റിക്കോര്‍ഡിങ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഗാനവും ഞാന്‍ പാടിയതുമായി യാതൊരു ബന്ധവും ഇല്ല എന്ന്. ഇലക്ട്രോണിക്സിന്റെയും, കമ്പ്യൂട്ടറിന്റെയും, മിക്സിംഗ് യന്ത്രങ്ങളുടെയും, ഫ്രീക്വന്‍സി - മോഡുലേഷന്‍ വിദ്യയുടെയും സഹായത്തോടെ ഗായകരുടെ ശബ്ദം തന്നെ മാറ്റിമറിക്കുന്ന ഒരു വിദ്യയാണോ സംഗീതസംവിധാനം? ഒരു പക്ഷെ, അതുകൊണ്ട് തന്നെയാവണം, സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാകാത്തതും!

എന്റെ ഒരു സുഹൃത്ത്‌ ഈയിടെ എന്നോട് പറയുകയുണ്ടായി. റഹ്മാന്‍ എന്നാല്‍ ഒരു സാധാരണ സംഗീതസംവിധായകന്‍ അല്ലെന്നും, അന്തര്‍ദേശീയ തലത്തില്‍ മറ്റുള്ളവരോട് സാങ്കേതികപരമായി കിടപിടിക്കുവാന്‍ കഴിവുള്ള "സൌണ്ട് ഡിസൈനര്‍" ആണെന്നും. എന്നാല്‍ എന്നെപോലുള്ള ഒരു സാധാരണക്കാരന് വേണ്ടത് നല്ല സംഗീതമാണ്, അല്ലാതെ അതിലെ സാങ്കേതികത അല്ല. ദേവതയെ പ്രീതിപ്പെടുത്തുവാനും, അപ്സരസ്സിനെ പടവൃക്ഷത്തില്‍ നിന്നും ഭൂമിയിലേക്ക്‌ കൊണ്ടുവരുവാനും, ഉഗ്രനായ സര്‍പ്പത്തെ ശാന്തനാക്കാനും, മേഘങ്ങളെക്കൊണ്ട് മഴ പെയ്യിക്കുവാനും, പിരിഞ്ഞു പോയ ഒരാത്മാവിനെ നമ്മിലേക്ക് ആവാഹിക്കുവാനും, കരയുന്ന കുഞ്ഞിനെ ശാന്തനാക്കി ഉറക്കുവാനും, കുറഞ്ഞപക്ഷം, രണ്ടു വര്‍ഷമെങ്കിലും കേട്ടാസ്വദിക്കുവാന്‍ ഇമ്പമുള്ള ഗാനങ്ങള്‍. ചെറിയൊരു ഉദാഹരണത്തിന്, പഴയൊരു മലയാളം സിനിമാഗാനമായ "വസുമതി ഋതുമതി" എന്ന ഗാനം കേട്ടുകഴിഞ്ഞു നിലാവുള്ള രാത്രിയില്‍ തനിയെ പുറത്തിറങ്ങി നിന്നാല്‍, ഒരു ഗന്ധര്‍വ സാമീപ്യം അനുഭവപ്പെടുന്നതായി തീര്‍ച്ചയായും തോന്നും. ഇപ്പറഞ്ഞതൊക്കെ മനുഷ്യന്റെ സാങ്കല്പ്പികത മാത്രമാണെങ്കിലും, പഴയ ഗാനങ്ങള്‍ അത്തരം ഒരു അനുഭൂതി നമുക്ക് നല്‍കുന്നില്ല എന്ന് ആര്‍ക്കും പറയുവാന്‍ കഴിയില്ല.

ഇപ്പോള്‍ മുഖ്യധാരയിലുള്ള മിക്ക സംഗീതസംവിധായകരും തങ്ങളുടെ ഗാനങ്ങള്‍ക്ക് വേണ്ടി സംഗീത ശകലങ്ങള്‍ അവിടുന്നും, ഇവിടുന്നും പെറുക്കിയെടുക്കുമ്പോള്‍ റഹ്മാന്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് തന്നെ സൃഷ്ടികള്‍ മെനയുന്നു എന്നൊരു കാര്യം റഹ്മാനെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. എന്തുതന്നെയായാലും, "ചൊട്ടമുതല്‍ ചുടലവരെ" സംഗീതം തപസ്യയാക്കിയ മഹാനായ സംഗീതസംവിധായകന്‍ ആര്‍. കെ. ശേഖറിന്റെ രക്തത്തിലുള്ള മകന് ചുവടു പിഴക്കുല്ലല്ലോ. ശേഖറിന്റെ ജീനുകള്‍ ആ ശരീരത്തില്‍ ഉള്ളത് തന്നെയാണ് ആ വിജയരഹസ്യവും . അല്ലാതെ അതൊരു മന്ത്രവാദിക്കോ, മറ്റു മതപരികര്‍മ്മികള്‍ക്കോ അവകാശപ്പെടാനുള്ളതല്ല .


എന്നിരുന്നാലും, റഹ്മാന്റെ ഒരു സൃഷ്ടിക്കും, നൌഷാദിന്റെ "മന്‍ തര്പത്‌ ഹരി ദര്‍ശന്‍ കോ ആജ്", സലില്‍ ചൌധരിയുടെ "ആരെ ഉദ് ജ രെ പഞ്ചി", ശങ്കര്‍ ജയ്‌കിഷന്റെ "രസിക് ബല്‍മ" എസ്.ഡി. ബര്‍മന്റെ "ആജ് ഫിര്‍ ജീനേ കി തമന്ന ഹെ", ഒ. പി. നയ്യരുടെ "ആംഖോം സെ ജോ ഉത്രി" എന്നീ മനോഹര ഗാനങ്ങളോട് കിടപിടിക്കുവാന്‍ കഴിയുമെന്ന് ആരും പറയില്ല. ഹേമന്ത്‌ കുമാറിന്റെ "വന്ദേ മാതരം" മരവിച്ചു കിടക്കുന്ന ശവ ശരീരങ്ങള്‍ക്ക് പോലും രാജ്യസ്നേഹത്തിന്റെ നവജീവന്‍ നല്‍കുന്നു. എന്നാല്‍, റഹ്മാന്റെ വന്ദേ മാതരം ഒരുതരം അക്രമവാസനയാണ് നമ്മില്‍ ഉണ്ടാക്കുന്നത്‌. എന്റെ സുഹൃത്തും, നിരൂപകനും, എഴുത്തുകാരനുമായ ശ്രീ രാജീവ്‌ ചെലാനത്ത് പറഞ്ഞതുപോലെ, ശിവസേനക്കാര്‍ക്കും മറ്റും ഒരു ലഹളയ്ക്ക് പുറപ്പെടുന്നതിനു മുന്‍പുള്ള പശ്ചാത്തല സംഗീതമായി കാണാം ഇതിനെ.

2010 ജനുവരി മാസം 9-ന് ഇന്ത്യയിലെ പ്രമുഖമായ പല പത്രങ്ങളിലും വന്ന ഒരു വാര്‍ത്ത ശ്രദ്ധിച്ചു. മഹാനായ നടനും, എഴുത്തുകാരനും, സിനിമാസംവിധായകനും, തിരകഥാകൃത്തും, പല ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനുമായ. ശ്രീ ഗിരീഷ്‌ കര്‍ണ്ണാട് പറയുകയുണ്ടായി. "ഓസ്കാര്‍ എന്നോ, ഗ്രാമി എന്നോ കേള്‍ക്കുമ്പോള്‍ ഒരുതരം 'ഒബ്സഷന്‍ അല്ലെങ്കില്‍ മാനിയ അല്ലെങ്കില്‍ ഭ്രാന്ത്' ഉണ്ടാകേണ്ട കാര്യം ഭാരത സിനിമകള്‍ക്ക് ഇല്ല. മാത്രമല്ല, ഓസ്കാറിനു വേണ്ടിയുള്ള നമ്മുടെ ആര്‍ത്തി, നമ്മുടെതന്നെ ഒരുതരം അപകര്‍ഷതാബോധം ആണ് വെളിവാക്കുന്നത്. എന്താ സത്യമല്ലേ? അല്ലെങ്കില്‍ തന്നെ, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ തപസ്യയിലൂടെയും, ഉപാസനയിലൂടെയും കലര്‍പ്പില്ലാതെ, മഞ്ഞിന്റെ വെണ്മയോടും, അഗ്നിയുടെ പരിശുദ്ധിയോടും, മഹാന്മാര്‍ നമുക്ക് പകര്‍ന്നു നല്‍കിയ സംഗീതത്തെ അളന്നു തിട്ടപ്പെടുത്തുവാന്‍ മാത്രം, സായിപ്പിന്റെ ഓസ്കാറും, ഗ്രാമിയും വളര്‍ന്നോ?

മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അത് കാലാനുസൃതവും, പാരമ്പര്യാനുസൃതവുമായി ആയിരിക്കണം. ലോകസാഹിത്യത്തിലെ മുടിചൂടാമന്നനായ, വില്യം ഷേക്സ്പിയര്‍ കഥയെഴുതുന്ന രീതിയും, ഭാഷയും നവീനസാഹിത്യ സൃഷ്ടാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍, കാലാഹരണപ്പെട്ടിരിക്കുന്നു. എന്നാല്‍, 'ബാര്‍ട് ഓഫ് എവോണ്‍" അവതരിപ്പിച്ച, കഥയും, കഥാപാത്രങ്ങളെയും പോലെ, ജനഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ നവീനസാഹിത്യ സൃഷ്ടാക്കളില്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്?

എന്റെ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ കുറിച്ചു എന്നുമാത്രം. ദശലക്ക്ഷം ജനങ്ങള്‍ പുതിയ റഹ്മാന്‍ ട്രെണ്ടിനു പുറകെ പരക്കം പായുമ്പോള്‍, റഹ്‌മാന്‍ എന്ന ആഴിയെ അളക്കാന്‍ ജസ്റ്റിന്‍ എന്ന നാഴിയോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എങ്കിലും രാജാവ് നഗ്നനാണെന്നു പറയാനും ആരെങ്കിലും ഒരാള്‍ എവിടെയെങ്കിലും വേണ്ടേ?

ജസ്റ്റിന്‍ പെരേര
ഷാര്‍ജ
hugjustin@gmail.com