Saturday, October 26, 2013

നടതള്ളല്‍



ഒരു പ്രമുഖ ടി.വി.ചാനലില്‍ ഈയടുത്ത് കണ്ട ഒരു വാര്‍ത്തയും, അതിനോടനുബന്ധിച്ച് നടക്കുന്ന നിയമ നടപടികളുമാണ് എനിക്ക് ഇതെഴുതാന്‍ പ്രചോദനമായത്.

കേരളവും മലയാളികളും വളരുകയാണ്. ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മള്‍ കണ്ട കേരളമല്ല ഇപ്പോള്‍ . കുഗ്രാമങ്ങളില്‍ പോലും ഏറ്റവും കമനീയമായ ഇറ്റാലിയന്‍ മാര്‍ബിളില്‍ തീര്‍ത്ത രമ്യഹര്‍മങ്ങള്‍ . നിരത്തില്‍ ബി.എം.ഡബ്ല്യൂ, ബെന്‍സ്, ഓഡി മുതലായ അത്യാഡംബര വാഹനങ്ങള്‍ .  യേശുദാസിനും, മമ്മൂട്ടിക്കും ഒക്കെ  ഫ്ലാറ്റുകളുള്ള കെട്ടിടസമുച്ചയങ്ങളില്‍ കോടികള്‍ മുടക്കിയെങ്കിലും ഒരു ഫ്ലാറ്റ്. അവിടൊക്കെ മനോഹരമായ പൂന്തോട്ടങ്ങള്‍ , ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ , ഗൃഹോപകരണങ്ങള്‍ , വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദേശയാത്രകള്‍ , ഏറ്റവും മികച്ച വിനോദസഞ്ചാരങ്ങളിലേയ്ക് യാത്രകള്‍ .  ആകെ പളപളപ്പുള്ള ജീവിതം. ഞാന്‍ സൂചിപ്പിച്ച ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുന്‍പ്  നമ്മള്‍ കണ്ടിരുന്ന പലതും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. അക്കാലങ്ങളില്‍ നമ്മള്‍ ഒരു സായാഹ്നസവാരിക്കിറങ്ങിയാല്‍ അയല്‍പക്കത്തെ വീടുകള്‍ കാണാമായിരുന്നു, മടലും, കമ്പുകളും വച്ചുകെട്ടിയ ഒരു വേലിയും, ആ വേലിക്കകത്ത് ആ വീടിന്റെ പൂമുഖവും, അവിടെ ഉമ്മറപ്പടിയില്‍ അല്ലെങ്കില്‍ വരാന്തയിലെ ചാരുകസേരയില്‍ ഇരുന്ന് പത്രമോ, ആധ്യാത്മികഗ്രന്ഥങ്ങളോ വായിക്കുന്ന ആ വീട്ടിലെ മുതിര്‍ന്നവര്‍ ! അതൊരുപക്ഷേ അപ്പൂപ്പനാകാം, അമ്മൂമ്മയാകാം, അച്ഛനാകാം, അമ്മയാകാം. എല്ലാ വീടുകളിലും വൃദ്ധരായ കാരണവന്മാര്‍ ഉണ്ടായിരുന്നു. അക്കാലത്ത് കാറുകള്‍ പൊതുവേ കുറവായിരുന്നെങ്കിലും, അപൂര്‍വ്വമായി കാണുന്ന അംബാസിഡര്‍ പോലുള്ള കാറുകളില്‍ സിനിമാകൊട്ടകളിലേയ്ക്കും, കടല്‍ത്തീരത്തേയ്ക്കും, പള്ളികളിലേയ്ക്കും, അമ്പലങ്ങളിലേയ്ക്കും എത്തിച്ചേരുന്ന കുടുംബങ്ങളില്‍ ഇതുപോലുള്ള മുതിര്‍ന്ന കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങിനെയുള്ളവരെ മേല്‍പ്പറഞ്ഞ രമ്യഹര്‍മങ്ങളുടെ പൂമുഖത്ത് കാണാനില്ല. അത്യാഡംബര കാറുകളില്‍ പ്രായമായ കാരണവന്മാരെ കൊണ്ടുപോകുന്നത് കാണാനില്ല. അതെന്തുപറ്റി? ഈ പറഞ്ഞ വീടുകളിലെ തലമൂത്ത കാരണവന്മാരൊക്കെ ഉടലോടെ സ്വര്‍ഗാരോഹണം ചെയ്തോ? അതോ പ്രായമാകാതിരിക്കുവാനുള്ള അമൃത് ജനങ്ങള്‍ സേവിച്ചു തുടങ്ങിയോ? പളപളപ്പുള്ള, വേഗതയേറിയ ജീവിതത്തിനിടയില്‍ ഇത്തരം അവലക്ഷണം കെട്ടവരെ ഒതുക്കാന്‍ മലയാളികള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.

നല്ല സാമ്പത്തികസ്ഥിതി ഉള്ളവരാണെങ്കില്‍ ഏതെങ്കിലും ഉള്‍നാട്ടില്‍ ഒരു ഒറ്റമുറി വീട് വിലയ്ക്ക് വാങ്ങി, ഒരു ജോലിക്കാരിയെ അല്ലെങ്കില്‍ ഹോംനേഴ്സിനെ ജോലിക്ക് വച്ച്, ഈ അവലക്ഷണം കെട്ട കാരണവന്മാരെ അങ്ങോട്ട്‌ താമസിപ്പിക്കുക. അപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കിയ വീടിന്റെ ഉമ്മറത്തിരുന്ന്, ആ മാര്‍ബിളില്‍ ഒക്കെ തുപ്പി/മൂത്രമൊഴിച്ച് വൃത്തികേടാക്കും എന്ന ടെന്‍ഷന്‍ വേണ്ട. തൊട്ടതിനും പിടിച്ചതിനും, നമ്മുടെ സ്വകാര്യ വിഷയങ്ങളില്‍ അവര്‍ തലയിടും എന്ന ടെന്‍ഷനും വേണ്ട. അതിനുതാഴെ സാമ്പത്തികനിലവാരം ഉള്ളവരാണെങ്കില്‍ വൃദ്ധസദനങ്ങളില്‍ കൊണ്ടുചെന്നാക്കുക. കൃത്യമായി ഫീസ്‌ കൊടുത്താല്‍ മതി. ഇനി ധര്‍മ്മസ്ഥാപനങ്ങള്‍ ആണെങ്കിലോ, അവിടെ അഡ്മിഷന്‍ കിട്ടാനും ഇപ്പോള്‍ ഉയര്‍ന്ന ശുപാര്‍ശയൊക്കെ വേണമെന്ന് ഈയിടെ തിരുവനന്തപുരത്തെ സാമൂഹ്യപ്രവര്‍ത്തക Aswathi Nair എഴുതിയത് വായിച്ചു. നന്മ മാത്രം പ്രതീക്ഷിച്ച് നടത്തി കൊണ്ട് പോകുന്ന സ്ഥാപനങ്ങൾ പോലും അര്‍ഹത ഇല്ലാത്തവരെ പ്രവേശിപ്പിക്കാൻ നിര്‍ന്ധിതരകുന്നുണ്ടെന്ന് അശ്വതി പറയുന്നു.

ഇനി മറ്റൊരു വിഭാഗം. അവരാണ് ഏറ്റവും ബുദ്ധിമാന്മാര്‍ . അവര്‍ കണ്ടുപിടിച്ച മാര്‍ഗമാണ് "നടതള്ളല്‍ ". പ്രാര്‍ത്ഥനയിലും, ജപത്തിലുമൊക്കെ കുറച്ച് താല്പര്യമുള്ള കാരണവന്മാരെ, അവരുടെ പ്രാര്‍ത്ഥനയിലെ ബലഹീനത മുതലാക്കി അമ്പലങ്ങളുടെയും, ചില ക്രിസ്ത്യന്‍/മുസ്ലീം പള്ളികളുടെയും മുറ്റത്ത് കൊണ്ടുചെന്ന് നടയ്ക്കിരുത്തുക. ക്ലീന്‍ പരിപാടി. ഒരു ടെന്‍ഷനും ഇല്ല. ഭക്ഷണം എങ്ങിനെയെങ്കിലും കിട്ടിക്കോളും. ഒന്ന് വീണാലോ, അസുഖമായാലോ ധാരാളം ജനങ്ങളുണ്ടല്ലോ, അവര്‍ നോക്കിക്കോളും. നല്ല മനസ്സുള്ള ക്ഷേത്രകമ്മിറ്റി ഭാരവാഹികളും, സന്നദ്ധപ്രവര്‍ത്തകരും ഉള്ളതുകാരണം ഒക്കെ അവര്‍ ചെയ്തോളും. അമ്പലം എന്ന് മാത്രം ഞാന്‍ പറയുന്നതിനും ഒരു കാരണമുണ്ട്. പണ്ടുകാലങ്ങളില്‍ കേരളത്തിലെ തീര്‍ഥാടനകേന്ദ്രങ്ങളായ പല ക്രൈസ്തവദേവാലയങ്ങളുടെ പരിസരത്തും ഇങ്ങിനെ അടിമ ഇരുത്തിയിരിക്കുന്നവരെ കാണാനുണ്ടായിരുന്നു. അതിനുവേണ്ടി, അക്കാലത്തെ നല്ലവരായ പള്ളികമ്മിറ്റി ആരും തിരിഞ്ഞുനോക്കാനില്ലാത്ത അനാഥര്‍ക്കുവേണ്ടി അഗതിശാലകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടും, ക്രിസ്ത്യന്‍ പള്ളികളുടെ പരിസരങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം അഗതിശാലകളും, ഈ ഒരു സമ്പ്രദായവും കാണാനുള്ളൂ. പണ്ടുണ്ടായിരുന്നത് പോലും പല സ്ഥലങ്ങളിലും പൊളിച്ചുകളഞ്ഞിരിക്കുന്നു.

എന്തായാലും, മാധ്യമങ്ങളില്‍ കൂടി ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ ഇപ്പോള്‍ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇങ്ങിനെ മാതാപിതാക്കളെ നടയ്ക്ക് 'തള്ളുന്ന' നല്ല സന്താനങ്ങളെ തിരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുന്ന കേരളാപോലീസിന് അഭിവാദ്യങ്ങള്‍ !  മക്കളെ വിളിച്ചുവരുത്തി ഈ മാതാപിതാക്കളെ അവരോടൊപ്പം നിര്‍ബന്ധപ്പൂര്‍വ്വം അയക്കുന്നു. നല്ല കാര്യം. പക്ഷെ വീണ്ടും സംശയം. ഇങ്ങിനെ നിര്‍ബന്ധിച്ചു വിടുമ്പോള്‍ ,  മനസ്സില്ലാമനസ്സോടെ ആ സന്തതികള്‍ അവരെ കൊണ്ടുപോകുമ്പോള്‍ , അവരുടെ ബാക്കിജീവിതം നരകതുല്യം ആവുമോ എന്നുകൂടി അധികാരികള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

കുറിപ്പ്: സമാനമായ ഒരു കുറിപ്പ് ഞാന്‍ ഇതിനുമുന്‍പ് എഴുതിയപ്പോള്‍ കുറച്ചുപേര്‍ എന്നോട് ഒരു സംശയം ഉന്നയിച്ചു. കഷ്ടപ്പെട്ട് നേടിയ ഉദ്യോഗമൊക്കെ വലിച്ചെറിഞ്ഞ് വീട്ടില്‍ പോയി നില്‍ക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? അത് ജീവിതം കൂടുതല്‍ നരകതുല്യം ആക്കില്ലേ? സ്വന്തം കടമകളില്‍ നിന്നും തന്ത്രപൂര്‍വ്വം തലയൂരാനുള്ള ഒരു ചോദ്യം മാത്രമാണിത്. ഉത്തരം ഇതാണ്. മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ ഉദ്യോഗവും, വരുമാനവും ഉപേക്ഷിക്കണം എന്നാരും പറയുന്നില്ല. അവരെ സ്നേഹിക്കുവാനുള്ള മനസ്സുണ്ടാവനം, അവരെ സംരക്ഷിക്കുവാള്ള സാഹചര്യം ഒരുക്കണം. അവര്‍ക്ക് നല്ലൊരു കിടപ്പാടം നല്‍കണം. അത്രയെങ്കിലും മതി.

നന്ദി
ജസ്റ്റിന്‍