Monday, March 11, 2013

ആണ്‍കുട്ടികള്‍ക്ക് കുറച്ച് സുരക്ഷാ മുന്‍കരുതലുകള്‍

എനിക്കുള്ളത് മൂന്ന്‍ ആണ്‍മക്കള്‍. അതുകൊണ്ട് ആണ്‍കുട്ടികള്‍ക്ക് കുറച്ച് സുരക്ഷാ മുന്‍കരുതലുകള്‍ നല്‍കാം എന്ന് കരുതുന്നു. ഇക്കാലത്ത് ആണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം. മറ്റേതെങ്കിലും വിഷയങ്ങളുമായോ, സംഭവവികാസങ്ങളുമായോ എന്‍റെ ഈ കുറിപ്പിന് ഒരു ബന്ധവുമില്ല. അങ്ങിനെ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അത് യാദൃശ്ചികം മാത്രം.

കാലം മാറിയിരിക്കുന്നു. ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ ആര്‍ക്കും ഒരു സുരക്ഷയുമില്ല. കുറ്റവാളികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. പോലീസ് പരമാവധി ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നു. തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം, പീഡനം, കൊലപാതകം, മോഷണം, ഗുണ്ടായിസം എന്നിവ കൂടുന്നതായി കാണുന്നു. അതുകൊണ്ട് നിങ്ങള്‍ ആണ്‍കുട്ടികള്‍ പരമാവധി ശ്രദ്ധിക്കുക. നിങ്ങളുടെ ഓരോ ചലനത്തിലും, പ്രവര്‍ത്തിയിലും, പെരുമാറ്റത്തിലും ജാഗ്രത പാലിക്കുക.

1) പൊതുസ്ഥലങ്ങളില്‍ മാന്യമായി വേഷം ധരിക്കുക. മാന്യമായ വേഷം എന്നതിന് വ്യക്തമായ ഒരു നിര്‍വചനം ഉണ്ടായിട്ടില്ലെങ്കിലും, വേഷം എന്നത് ശരീര ഭാഗങ്ങള്‍ മറയ്ക്കുവാനും, കാലാവസ്ഥാവ്യതിയാനങ്ങളില്‍ നിന്നുള്ള ആഘാതങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുവാനും, പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന അണുബാധകളില്‍ നിന്നും കുറെയൊക്കെ രക്ഷ നേടാനും ആയതിനാല്‍, കഴിവതും ശരീരം മുഴുവന്‍ മറയ്ക്കുവാന്‍ ഉതകുന്ന വസ്ത്രങ്ങള്‍ ആയിരിക്കും ഉത്തമം. പെണ്ണുങ്ങള്‍ മാറിടവും, കാലുകളുമൊക്കെ കുറച്ച് പുറത്തു കാണിക്കുന്നത് ഫാഷന്‍റെ ഭാഗമായിട്ടാണെങ്കിലും, നിങ്ങള്‍ അതുപോലെ പൃഷ്‌ഠഭാഗമോ, നെഞ്ചോ, six pack വയറോ ഒക്കെ പുറത്തു കാണിച്ചാല്‍ അത് മറ്റെന്തിന്‍റെയോ സൂചനയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത ഉള്ളതുകൊണ്ടും, ചിലര്‍ അതിനുവേണ്ടി നിങ്ങളെ സമീപിക്കുവാന്‍ സാധ്യതയുള്ളത് കൊണ്ടും അതൊക്കെ കഴിവതും ഒഴിവാക്കി മാന്യമായി വസ്ത്രം ധരിച്ച് നടക്കുക.

2) നേരം ഇരുട്ടുന്നതിന് മുന്‍പ് തന്നെ വീടുകളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കുക. ഇക്കാലത്ത്‌ നമ്മുടെ ചുറ്റുപാടുകള്‍, പ്രത്യേകിച്ച് നഗരങ്ങള്‍ തീരെ സുരക്ഷിതമല്ലാത്തതിനാല്‍, വൈകി മാത്രമേ വീട്ടില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളൂ എങ്കില്‍ അടുത്ത കൂട്ടുകാരെയോ, ബന്ധുക്കളെയോ കൂട്ടിന് വിളിച്ച് പ്രസ്തുത ആവശ്യത്തിന് പോവുക. അതും നിങ്ങളുടെ അംഗബലം കുറവാണെങ്കില്‍, അധികം വൈകാതെ തന്നെ തിരിച്ച് വീട്ടില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക. അടുത്ത വീട്ടിലെ ചിന്നു എന്ന പെണ്‍കുട്ടി രാത്രിയിലും ഒറ്റയ്ക്ക് പുറത്തു പോകുന്നുണ്ടല്ലോ, പിന്നെന്താ എനിക്ക് രാത്രിയില്‍ പുറത്തുപോയാല്‍ എന്നൊന്നും ചിന്തിക്കരുത്. പെണ്‍കുട്ടികള്‍ക്കൊക്കെ ഘടാഘടിയന്മാരായ, ചുണക്കുട്ടികളായ സൈബര്‍ സുരക്ഷാഭടന്മാര്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് അവള്‍ക്ക് വേണ്ട പിന്തുണയും, ധൈര്യവും സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി കൊടുക്കുന്നുണ്ട്. അതൊന്നും നിങ്ങള്‍ക്ക്‌ കിട്ടില്ല.

3) തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമായി സംവരണം ചെയ്തിരിക്കുന്ന കമ്പാര്‍ട്ടുമെന്‍റ് ആണെങ്കില്‍ കൂടി, മറ്റു യാത്രക്കാരൊക്കെ ഇറങ്ങിപ്പോയി, നിങ്ങള്‍ ഒറ്റയ്ക്കായി എന്ന് തോന്നുന്ന അവസരത്തില്‍, ആ സ്റ്റേഷനില്‍ ഇറങ്ങി കുറച്ച് യാത്രക്കാര്‍ കൂടുതലുള്ള മറ്റൊരു കമ്പാര്‍ട്ടുമെന്റില്‍ കയറുവാന്‍ ശ്രദ്ധിക്കുക. കാരണം നിങ്ങള്‍ ഒറ്റയ്ക്കാവുമ്പോള്‍  ആക്രമിക്കപ്പെടാനും, നിങ്ങളുടെ വിലപിടിച്ചതൊക്കെ, മൊബൈല്‍, പേഴ്സ് മുതലായവ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അസമയത്താണെങ്കില്‍ ആരെങ്കിലും കുടുംബസമേതം ആ തീവണ്ടിയില്‍ യാത്ര ചെയ്യുന്നുവെങ്കില്‍, കഴിയുന്നതും അവരുടെ സമീപത്ത് തന്നെ ഇരുന്ന് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക.

4) രാത്രികാലങ്ങളില്‍ പൊതുസ്ഥലത്ത് നിങ്ങള്‍ മാത്രമാവുകയും നിങ്ങള്‍ക്ക് ഒരു ഓട്ടോറിക്ഷയോ, ടാക്സി കാറോ ഉപയോഗിക്കേണ്ട സാഹചര്യമോ വന്നാല്‍, ഒരു ഓട്ടോറിക്ഷ//ടാക്സി സ്റ്റാന്‍ഡില്‍ നിന്നും മാത്രം ആ വാഹനം വിളിക്കുക. അല്ലെങ്കില്‍ ഒരു പോലീസ്‌ വാഹനം അവിടെ എത്തുന്നതുവരെ കാത്തുനിന്ന് അവരുടെ സഹായത്തോടുകൂടി ഒരു വാഹനം തരപ്പെടുത്തുക. പരിസരത്തുള്ള കടകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഹോട്ടലുകള്‍, മറ്റു വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്ന് നിന്നാല്‍ നിങ്ങള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കും.

5) സ്പോര്‍ട്സ്‌ താരങ്ങളും, ജിംനാസ്റ്റിക്സുകളും, മോട്ടോര്‍ സൈക്കിള്‍ അഭ്യാസികളും ചെയ്യുന്നത് പോലെ അവിടെയും ഇവിടെയുമൊക്കെ എടുത്ത്‌ ചാടാനും, മോട്ടോര്‍ സൈക്കിള്‍ പറപ്പിക്കാനുമൊക്കെ തുടങ്ങരുത്‌. അവര്‍ക്ക്‌ ചാടാമെങ്കില്‍ എനിക്ക് ചാടിക്കൂടെ എന്ന് കരുതരുത്. അവരൊക്കെ അതിന് ശരിയായ പരിശീലനം നേടിയാണ് അതൊക്കെ ചെയ്യുന്നത്. മോട്ടോര്‍ സൈക്കിള്‍ അഭ്യാസികള്‍ അതിനുള്ള സുരക്ഷാവസ്ത്രങ്ങളും മറ്റും ധരിച്ചാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. നിങ്ങള്‍ അതുപോലൊക്കെ അനുകരിച്ചാല്‍ അപകടം സംഭവിക്കുകയും, നട്ടെല്ല് തകരുകയും, നിങ്ങളുടെ വൃഷണം (testicles) 'TWIST' ആവുകയോ അല്ലെങ്കില്‍ rupture ആവുകയോ ചെയ്യുകയും, അതുകാരണം ഭാവിയില്‍ നിങ്ങള്‍ക്ക് സന്താനോല്പാദനശേഷിക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അത് ശരിയാക്കിയെടുക്കാന്‍ രണ്ടും മൂന്നും ലക്ഷത്തോളം രൂപ നിങ്ങള്‍ മുടക്കേണ്ടി വരും. എന്നാലും അത് ശരിയാവണം എന്നില്ല.

6) നിങ്ങള്‍ നിങ്ങളെ സൂക്ഷിക്കുക. നിങ്ങളുടെ വെറും 'പത്തുമിനിറ്റിന്‍റെ' ഒരു സന്തോഷത്തിനുവേണ്ടി ഒരു പെണ്‍കുട്ടിയെയും സമീപിക്കാതിരിക്കുക. അവരെ പ്രലോഭനങ്ങളില്‍ പെടുത്താതിരിക്കുക. നിങ്ങളില്‍ നിന്നും ഒരു ചെറിയ അബദ്ധം പിണഞ്ഞാല്‍ ആ കുറ്റബോധം ജീവിതകാലം മുഴുവന്‍ നിങ്ങളുടെ മനസമാധാനം നഷ്ടപ്പെടുത്തും എന്ന് എപ്പോഴും ഓര്‍ക്കുക.

7) പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരെ ബഹുമാനിക്കുക. നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്ത എന്തെങ്കിലും ആ വേദികളില്‍ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍, അവിടം ഒഴിവാക്കി പോവുക. എന്നിട്ട്, മാതാപിതാക്കളുമായോ, അധ്യാപരുമായോ അതെക്കുറിച്ച് ചര്‍ച്ച നടത്തുക. എന്നിട്ട് നിങ്ങള്‍ കേട്ടതും, ആ വ്യക്തി പറഞ്ഞതും ശരിയാണോ എന്ന് വിശകലനം ചെയ്യുക.  അതല്ലാതെ അവിടെയിരുന്ന് കൂവുകയോ, ബഹളമുണ്ടാക്കുകയോ ചെയ്യുന്നത് നല്ലതല്ല. നല്ല വീട്ടിലെ കുട്ടികള്‍ക്ക്‌ അതൊന്നും ചേര്‍ന്നതല്ല.

8)  അവരവര്‍ കുറച്ച് സൂക്ഷിക്കുക. സുരക്ഷിതമല്ലെന്ന് തോന്നുന്ന അവസരത്തില്‍, അത്തരം ചുറ്റുപാടുകള്‍ ഒഴിവാക്കുക. ഞാന്‍ ഒരു ആണ്‍കുട്ടിയാണ്, എനിക്ക് ഏതു സമയവും, ഏതു വേഷത്തിലും, എവിടെയും, എങ്ങിനെയും കറങ്ങി നടക്കാം എന്ന ചിന്ത ആദ്യം മനസ്സില്‍നിന്നും കളയുക. രാത്രിയില്‍ മൂക്കുമുട്ടെ മദ്യപിച്ച് ലക്ക് കെട്ടു നടക്കുന്ന ക്രിമിനലുകള്‍ക്ക് കുറ്റവാസന കൂടുതലായിരിക്കും. അവര്‍ക്ക് നിയമവും, പോലീസും, ശിക്ഷയും ഒന്നും ആ സമയത്ത് മനസ്സില്‍ കാണില്ല. അവര്‍ നിങ്ങളെ ഉപദ്രവിക്കുകയും, നിങ്ങളുടെ പക്കലുള്ളതൊക്കെ തട്ടിയെടുക്കുകയും ചെയ്യും. തിരുവനന്തപുരത്ത് ഒരു കരാട്ടെക്കാരന്‍ ശശിയണ്ണന്‍, ഒരു തട്ടുകടയില്‍ വച്ച് തന്റെ പോക്കറ്റടിക്കാന്‍ വന്ന മൂന്ന് നാല് ഗുണ്ടകളെ ഇടിച്ചു നിരപ്പാക്കിയതായി പത്രവാര്‍ത്ത വന്നത് വായിച്ച് മനസ്സില്‍ വച്ചിട്ട്, ഞാനും കരാട്ടെ പഠിച്ചതല്ലേ  അതുപോലെ ഞാനും എനിക്കെതിരി വരുന്നവനെ അടിച്ചുനിരത്താം എന്നു മനസ്സില്‍ കരുതി നടക്കരുത്. കാരണം, നിങ്ങളുടെ എതിരാളി അതിനപ്പുറത്തെ കരാട്ടെ പഠിച്ചിട്ടാണ് നടക്കുന്നതെങ്കില്‍ നിങ്ങളുടെ പണി പാളും. നല്ലതുപോലെ വാങ്ങിക്കൂട്ടേണ്ടിവരും. മാത്രമല്ല, അവന്റെ കയ്യില്‍ കരാട്ടെ മാത്രമല്ല, പൊട്ടുന്ന വല്ല സാധങ്ങളും കൂടി ഉണ്ടെങ്കില്‍ അത് അതിനപ്പുറത്തെ പ്രശ്നമാവും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളില്‍ നിന്നും വേഗം ഒഴിഞ്ഞുമാറി പോവുക.

സന്ധ്യയായാല്‍ കഴിയുന്നതും വീട്ടിലോ, അതുപോലെ സുരക്ഷിതമായ ഇടങ്ങളിലോ ഒതുങ്ങിക്കൂടുക. ജോലികഴിഞ്ഞോ, പഠനം കഴിഞ്ഞോ കുറച്ചു നേരം വൈകിയാണ് യാത്രയെങ്കില്‍, എപ്പോഴും ഒരു അപകടം മനസ്സില്‍ പ്രതീക്ഷിച്ച് യാത്ര ചെയ്യുക. മൊബൈല്‍ ഫോണ്‍, MP3 മുതലായവ ചെവിയില്‍ തിരുകി നടന്നാല്‍, നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടോ, നിങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ, ആ പരിസരത്തു എന്തെങ്കിലും അപകടം പതിയിരിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. നിയമങ്ങളും പോലീസും ജാഗരൂഗരാണെങ്കിലും ഒരു അപകടം അല്ലെങ്കില്‍ കുറ്റകൃത്യം നടക്കുമ്പോള്‍, അത് ആകാശത്തുനിന്നും കണ്ടുപിടിക്കാനും, ആ കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് മിന്നല്‍പ്പിണരുകളുടെ വേഗത്തില്‍ എത്തിച്ചേരാനുള്ള മാന്ത്രിക കഴിവ് ലോകത്തിലെ ഒരു പോലീസിനും ഇല്ലെന്ന സത്യം ഉള്‍ക്കൊള്ളുക.

__________________________________________________________________
ഈ  കുറിപ്പ് പെണ്‍കുട്ടികള്‍ക്കും പ്രയോജനപ്രദമാണല്ലോ, പിന്നെന്താ ഇങ്ങേര്‍ 'ആണ്‍കുട്ടികള്‍ക്ക്' മാത്രമാണെന്ന് പറയുന്നത് എന്നാരും ചിന്തിക്കണ്ട. പെണ്‍കുട്ടികളെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. അങ്ങിനെ വല്ലോം പറഞ്ഞുപോയാല്‍. സ്ത്രീത്വത്തെ അപമാനിച്ചു. സ്ത്രീയെ വെറും പെണ്ണായി കണ്ടുകളഞ്ഞു. അവളെന്താ വീട്ടില്‍ തന്നെ അടങ്ങിയിരിക്കേണ്ട ഒരു ചരക്ക്‌ മാത്രമാണോ, എന്നൊക്കെ ചോദിച്ച് ഫേസ്ബുക്ക് ജഡ്ജിമാര്‍, ബുദ്ധിജീവി ചേട്ടന്മാര്‍, സ്ത്രീശാക്തീകരണ നേതാക്കള്‍ മുതലായവര്‍ എന്നെ കുരിശില്‍ തറയ്ക്കാന്‍ വരും. ഇതാവുമ്പോള്‍, പാവം ആണ്‍പിള്ളാര്‍. ആരും ചോദിക്കാനും പറയാനും വരില്ല.

നന്ദി

ജസ്റ്റിന്‍
ഷാര്‍ജ