Monday, May 24, 2010

പൂരവും ആനച്ചന്തവും വെടിക്കെട്ടും

അടുത്തിടേയായി ടിവിയില്‍ എങ്ങാനും പൂരമോ, ഉത്സവമോ, പെരുന്നാളോ, എഴുന്നള്ളിപ്പോ കാണുമ്പോള്‍ ഭയമാണ്. ഏതു നിമിഷം എന്നറിയില്ല, അതിലെ ഗജവീരന്റെ സ്വഭാവം പെട്ടെന്ന് മാറുകയും പാപ്പാനെയോ, ചെണ്ടക്കാരനെയോ കൊമ്പില്‍ കോര്‍ക്കുകയോ ചെയ്യുന്നത്. പൂരവും, മേളവും ലൈവ് ആയി കാണിക്കുന്ന ചാനലുകാര്‍, മതിലിനപ്പുറത്തേയും, കല്‍മണ്ഡപത്തിനു മുകളിലെയും സുരക്ഷിതമായ തട്ടുകളില്‍ ഇരുന്ന്, ഞങ്ങള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ എന്തെങ്കിലും ഒന്ന് വീണുകിട്ടണേ, എന്ന് പ്രതീക്ഷിക്കുന്നുമുണ്ടാവും. ആഘോഷങ്ങള്‍ കഴിയുന്നത് വരെയും അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് ചങ്കിടിപ്പോടെ തന്നെ പ്രേക്ഷകരായ നാമൊക്കെ ആഗ്രഹിക്കുകയും ചെയ്യുന്നു.


കഴിഞ്ഞ തൃശ്ശൂര്‍പൂരത്തിന്റെ ചില ദൃശ്യങ്ങള്‍ വാര്‍ത്താ മദ്ധ്യേ കാണുവാന്‍ ഇടയായി. വലിയൊരു ജന്തുസ്നേഹി അല്ലെങ്കിലും, ഞാന്‍ കണ്ട ഒരു ദൃശ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ഗജവീരന്‍ തന്റെ അടുത്ത് നില്‍ക്കുന്ന മറ്റൊരു ആനയുടെ മേലേയ്ക്കു കുഴഞ്ഞു വീഴുന്നു. അത് ചാനലുകാര്‍ സ്ലോമോഷനിലും മറ്റും വീണ്ടും വീണ്ടും പുനര്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ദൈന്യതയാര്‍ന്ന ആ മൃഗത്തിന്റെ കിടപ്പ് കണ്ടാല്‍ ഏതൊരു മനുഷ്യജീവിക്കും കുറച്ചു വിഷമം ഉണ്ടാവും. പക്ഷെ, ഈ സാധു ജന്തുക്കളെ ആഘോഷങ്ങള്‍ക്ക് കൂടിയേതീരു എന്ന് അഭിപ്രായമുള്ള "ആനപ്രേമികളുടെ" കാര്യം എനിക്കറിയില്ല. ഈ സംഭവത്തെക്കുറിച്ചു പിന്നാമ്പുറങ്ങളിലെ വര്‍ത്തമാനം എന്താണെന്ന് വച്ചാല്‍, മദപ്പാട് കണ്ട ആനയെ 'വാട്ടാന്‍' (ആനക്കാരുടെ പ്രയോഗം), അവനു വെള്ളം കൊടുക്കാതെയിരുന്നുവത്രേ. കാരണം വെള്ളം കൊടുക്കാതെ വാട്ടിയാല്‍ അവന്‍ പ്രകോപിതനാവാതെ തളര്‍ന്നു പോകുമത്രേ. വരും കാലങ്ങളില്‍ പ്രതിപക്ഷത്തെ വാട്ടാന്‍ ഭരണപക്ഷവും ഈ വിദ്യ പ്രയോഗിക്കുമോ എന്ന് കണ്ടറിയണം. എന്തായാലും കേരളത്തിലെ ജലസേചനവകുപ്പ് ഇടയ്ക്കിടയ്ക്ക് പൊതുജനങ്ങളെ വെള്ളം കൊടുക്കാതെ വാട്ടാറുണ്ട്.


ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നുപേരെ കുത്തിക്കൊന്ന സംഭവത്തില്‍ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ആന മദപ്പാടിലോ മറ്റു പീഡനങ്ങളിലോ ആയിരുന്നില്ലെന്നാണ് പോലീസ് നിഗമനം. കൊമ്പില്‍ പിടിച്ചപ്പോഴുണ്ടായ പ്രകോപനം ആണത്രേ പ്രശ്നത്തിന് തുടക്കം. പാപ്പാന്‍ ഒരടി (എവിടെയാണെന്നറിയില്ല) കൂടി കൊടുത്തതോടെ അവന്‍ കൂടുതല്‍ പ്രകോപിതനായി. എതായാലും എന്തായി? മൂന്ന് ജീവന്‍ പൊലിഞ്ഞു. പിന്നീട് തളച്ച ആനയെ സഹൃദയര്‍ ചേര്‍ന്ന് നല്ലതുപോലെ പെരുമാറിയെന്നും സംസാരം.

ഒന്നിന് പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, അല്ല ആവര്‍ത്തിക്കുമ്പോള്‍, ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ ഞാനും ചിന്തിച്ചു, ഒരു പക്ഷേ ഇത്തരം ഏര്‍പ്പാടുകള്‍ ഇനി നിരോധിക്കുമായിരിക്കും എന്ന്. ഒന്നും നടന്നില്ല. അല്ലെങ്കില്‍ നടക്കാന്‍ സമ്മതിച്ചില്ല. കോടതിയെക്കാളും, നിയമത്തെക്കാളും സ്വാധീനശക്തിയുള്ള ദേശക്കാരും, വിഭാഗക്കാരും, തമ്പ്രാക്കന്മാരും വാഴുന്ന ഈ നാട്ടില്‍ എന്ത് നടക്കാന്‍? അല്ലെങ്കില്‍ അവരുടെ ആജ്ഞാശക്തിക്ക് മുമ്പില്‍ ഓച്ചാനിച്ച്‌ നില്‍ക്കുന്ന ഭരണകര്‍ത്താക്കള്‍ എന്ത് ചെയ്യാന്‍?


ശരിക്കും ആനപ്രേമി, അല്ലെങ്കില്‍ ആനകമ്പം എന്താണെന്ന് എനിക്ക് അറിയില്ല. ആനയോടുള്ള പ്രേമം അല്ലെങ്കില്‍ സ്നേഹമാണോ ഉദ്ദേശിക്കുന്നത്? ഇത് ഈ കമ്പക്കാര്‍ക്ക് തന്നെ അറിയില്ല. മറിച്ച്, തങ്ങളുടെ ഗര്‍വ്വും, പ്രമാണിത്വവും മറ്റുള്ളവരുടെ മുന്നില്‍ കാണിക്കുവാനുള്ള ഒരു കപട നാടകം തന്നെയല്ലേ ഈ ആനകമ്പം? നമ്മുടെ ചില ചലച്ചിത്ര നടന്മാര്‍ക്കും ഉണ്ടല്ലോ ഈ ആനകമ്പം. മറിച്ച്, ശരിക്കും ആനയോടുള്ള സ്നേഹമാണെങ്കില്‍ സുഹൃത്തെ, ആ പാവം വന്യജീവി ജീവിക്കേണ്ടത് വനത്തിലാണ്. നാട്ടാന എന്ന പ്രയോഗം തന്നെ തെറ്റാണ്. നാട്ടില്‍ എവിടെയാ ആനയുള്ളത്? വനത്തില്‍ ആനക്കുഴി നിര്‍മ്മിച്ച് കുടുക്കിലാക്കുന്ന ആനയെ മെരുക്കിയെടുത്തു നാട്ടാനയാക്കുന്നു! നിലമ്പൂരിലെ നെടുങ്കയം പോലുള്ള സ്ഥലങ്ങളില്‍ ആനക്കൂട്ടില്‍ കഴിയുന്ന പുതുതായി പിടികൂടപെട്ട കരിവീരന്മാരുടെ അസ്വസ്ഥത ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷയുള്ള നമ്മുടെ നാട്ടില്‍, ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗജവീരനെ കൈവശം വയ്ക്കുന്നതില്‍ എന്ത് നിയന്ത്രണം ആണ് ഉള്ളത്? അതിനു ലൈസന്‍സ്‌ ഉണ്ടത്രേ. അങ്ങിനെയെങ്കില്‍ കൈയ്യില്‍ കാശുള്ളവനൊക്കെ ലൈസന്‍സ് എടുത്ത് പുലിയെയും, മയിലിനെയും, കരടിയും മറ്റും കാട്ടില്‍നിന്നും പിടിച്ചുകൊണ്ട് വന്നു വീട്ടില്‍ വളര്‍ത്തിക്കൂടെ? അവിടെയെല്ലാം നമ്മുടെ വന്യജീവി സംരക്ഷണനിയമം നിശബ്ദത പാലിക്കുന്നു.


ഈ അടുത്ത കാലത്ത് ചങ്ങനാശ്ശേരിയിലെ ഒരു ക്രിസ്തീയ കുടുംബത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞെത്തിയ വധൂവരന്മാരെ ഹാരമണിയിച്ചു സ്വീകരിക്കുന്നത് ഒരു ഗജവീരന്‍. ഹാരമെടുത്തു കഴുത്തില്‍ ഇടുന്നതിനു പകരം, ഒരു കുസൃതി തോന്നി അവന്‍ വരന്റെ കഴുത്തിനു പിടിച്ചു തള്ളിയിരുന്നെന്കില്‍ വിവാഹം അത്യാഡംബരപൂര്‍ണ്ണമാകുമായിരുന്നു. അത് നോക്കി നിന്ന എനിക്ക് പഴയ ഒരു സിനിമയിലെ രംഗവും ഓര്മ വന്നു. "പനിനീര് തളിയാനേ..... പനിനീര് തളിയാനേ.....". കരയിലെ വമ്പനായ ഈ വിദ്വാന് കലികയറിയാല്‍, റോക്കറ്റ്‌ എന്‍ജിന്‍ ഘടിപ്പിച്ചു നിയന്ത്രണം കൈവിട്ട ബുള്‍ഡോസര്‍ പോലെയാവും സ്ഥിതി. പിന്നെ ആ പരിസരം എന്താണെന്ന് പറയണ്ടല്ലോ? പത്തു കാശ് കയ്യില്‍ ഉണ്ടെങ്കില്‍ എന്തെല്ലാം പുകിലുകള്‍! മുന്‍ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാറിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കിനിര്‍ത്തിയിരുന്ന കന്യാകുമാരി ദേവസ്വം വക ഗോപാലന്‍ എന്ന ആന ഇടഞ്ഞ് എട്ടുപേര്‍ക്ക് പരിക്കേറ്റ സംഭവവും ആരും മറന്നിട്ടില്ല.


പേരില്‍ സൗന്ദര്യമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ ഒരു അമരക്കാരന്‍ പറഞ്ഞത് ഇതാണ്. "തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത് സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്‌". ആയിക്കൊള്ളു സുഹൃത്തേ, അതിനു പൊരിവെയിലത്ത് ഈ പാവങ്ങളെ എഴുന്നള്ളിച്ചു നിര്‍ത്തണോ?. പിന്നെ അദ്ദേഹത്തിന്‍റെ മറ്റൊരു നിര്‍ദേശം: വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. എഴുന്നള്ളിക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. എന്തൊരു കഷ്ടപ്പാട്! എന്നാലും അതുങ്ങളെ വെറുതെ വിടില്ല എന്ന് തന്നെ. ടൂറിസം സാധ്യതകള്‍ ആണ് ഇതിന്റെ മുഖ്യലക്‌ഷ്യം എന്ന് അവകാശപ്പെടുന്ന ആ സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കുക. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടക്കുന്ന പൂരം കാണാന്‍ വരുന്ന സംസ്കാരസമ്പന്നരായ വിദേശികളുടെ സ്വന്തം രാജ്യങ്ങളില്‍ ഇത്തരം കാടത്തങ്ങള്‍ പണ്ട് തന്നെ നിയമം കൊണ്ട് നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അവര്‍ ആസ്വദിക്കുന്നത്, അവരുടെ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഒഴിവാക്കപ്പെട്ട ചില കസര്‍ത്തുകള്‍ അത്ഭുതത്തോടെ നേരിട്ട് കാണുന്നതായിരിക്കും.


മനുഷ്യന്‍ കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്ന് തന്നെയാണ് ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഉത്സവങ്ങളും, പെരുന്നാളുകളും, പൂരങ്ങളും. ചൂട് തീരെ സഹിക്കാന്‍ പറ്റാത്ത ഒരു ജീവിയാണ് ആന. വിയര്‍പ്പുഗ്രന്ധികള്‍ കുറവായതിനാലോ മറ്റോ ആവാം അത്. അതൊക്കെ ശാസ്ത്രീയ വശങ്ങള്‍. അതുകൊണ്ടാണ് മൂപ്പര്‍ ഇടയ്ക്കിടെ തനിയെ മണ്ണോ, ചെളിയോ, വെള്ളമോ വാരി അഭിഷേകം നടത്തുന്നത്. ആ പാവത്തിന് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെയാണ് ദേവപ്രീതിക്കായി മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുന്നത്. ചൂട് സഹിക്കാനാവാതെ പുള്ളിക്കാരന്‍ ചെവിയാട്ടുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള വിഡ്ഢികള്‍ കരുതുന്നത്, അവന്‍ മട്ടന്നൂരിന്റെ തായമ്പക ആസ്വദിക്കുകയാണെന്നാണ്.


ഇക്കാര്യം ഞാന്‍ ഈയിടെ എന്റെ ഒരു സുഹൃത്തിനോട് സൂചിപ്പിച്ചപ്പോള്‍ അത്യന്തം ക്ഷുഭിതനായ അദ്ദേഹം എന്നോട് കയര്‍ത്തു. എന്താ ഹേ? ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കാര്യത്തെ പറ്റിയാണോ താന്‍ ഇങ്ങനെ സംസാരിക്കുന്നത്? ആനകളും, വെടിക്കെട്ടും ഇല്ലാത്ത എന്ത് പൂരമാ? അതൊക്കെ കാണാന്‍ എന്തുമാത്രം ടൂറിസ്റ്റുകള്‍ ആണെന്നോ വന്നെത്തുന്നത്? കഷ്ടം! വര്ഷം മുഴുവന്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലും, കോവളത്തും, ആലപ്പുഴയിലും ആനയെ നിര്‍ത്തിയും, വെടിക്കെട്ട് നടത്തിയുമാണോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്? എന്നാല്‍ ഇപ്പോഴുള്ള പൂരങ്ങളിലും, ഉത്സവങ്ങളിലും, പള്ളിപ്പെരുന്നാളുകളിലും, വെടിക്കെട്ട്‌, കമ്പം എന്നിവ ഒരുതരം ബോംബ്‌ സ്ഫോടനം തന്നെയാണെന്ന് പറയാതെ വയ്യ. ചിരട്ടയ്ക്ക് പകരം ലോഹം ഉപയോഗിച്ചാല്‍ അത് ഉഗ്രശേഷിയുള്ള ബോംബുകള്‍ തന്നെയാണ്. ഈ വെടിക്കെട്ടുകള്‍ക്ക് ഉഗ്രസ്ഫോടനശബ്ദം ഉണ്ടാക്കുവാന്‍ പൊട്ടാഷ്യം ക്ലോറൈഡ് വരെ ഉപയോഗിക്കുന്നതായി കേട്ടിരിക്കുന്നു. ചെകിടടപ്പിക്കുന്ന ഇത്തരം പേക്കൂത്തുകളും അവസാനിപ്പിക്കണം. വികസിതരാജ്യങ്ങളില്‍ ശബ്ദങ്ങള്‍ക്ക് വളരെ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അവിടെ ശബ്ദം കൂടുതല്‍ ഉള്ള വിമാനങ്ങള്‍ക്ക് പോലും സര്‍ച്ചാര്‍ജ്‌ ഏര്‍പ്പെടുത്തുന്നു. ആ നാട്ടില്‍ നിന്നും വരുന്നവര്‍ക്കുവേണ്ടി ഉഗ്രസ്ഫോടനങ്ങള്‍ നടത്തുക എന്ന് വച്ചാല്‍ അത് വിശ്വസിക്കാന്‍ കുറച്ചു പ്രയാസം തന്നെ. വിദേശരാജ്യങ്ങളില്‍ കാതടപ്പിക്കുന്ന ശബ്ദങ്ങളും, വെടിക്കെട്ടുകളും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ലേസര്‍ ഷോയ്ക്കും മറ്റും വഴിമാറിയിരിക്കുന്നു. പിന്നെ നമ്മുടെ പ്രാകൃതമായ വെടിക്കെട്ട്‌ കാണാന്‍ വിദേശികള്‍ എത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റത്തെ മണ്ടത്തരമാണെന്ന് പറയാതെ വയ്യ. സിഡ്നിയില്‍ പുതുവര്‍ഷത്തിലും, അമേരിക്കയില്‍ സ്വാതന്ത്ര്യദിനത്തിലും "Fireworks" നടക്കാറുണ്ട്. നമ്മുടെ പൂരങ്ങളില്‍ നടക്കുന്നതിനെക്കാള്‍ പതിന്മടങ്ങ്‌ നയനാനന്ദകരമായി തന്നെ. അവിടെ വെടിക്കെട്ടിനെക്കാള്‍ ഉയരത്തില്‍, സംഗീതവും, ആരവങ്ങളും കേള്‍ക്കാം. അതില്‍നിന്നും മനസ്സിലാകുന്നത് എത്രമാത്രം ശബ്ദം കുറച്ചാണ് അവര്‍ അത് നടത്തുന്നത് എന്നാണു.

പ്രാകൃതമായ ഈ വെടിക്കെട്ട്‌ നിര്‍മാണത്തിനിടയില്‍ എത്ര ജീവനാണ് നഷ്ടപ്പെടുന്നത് എന്ന് ഒരു കണക്കുമില്ല. മരിക്കുന്നവരുടെ കൂട്ടത്തില്‍ തമിഴ്നാട്ടില്‍നിന്നും, ആന്ധ്രയില്‍ നിന്നും, ബീഹാറില്‍ നിന്നുമുള്ള ബാലവേലക്കാരും ഉണ്ടാവും. അവരുടെയൊക്കെ കണക്ക് ആര് നോക്കാന്‍! പാലക്കാട് തൃത്താല മേഴത്തൂരിനടുത്തു മുടവന്നൂര്‍ ചെങ്കല്‍ ക്വാറിക്ക് അടുത്തുള്ള പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ചു മരിച്ചത് അഞ്ചുപേര്‍ ആണ്. കോഴിക്കോട് മിട്ടായി തെരുവിലാണെങ്കില്‍ പൊലിഞ്ഞത് ഏഴു ജീവനുകള്‍. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ അമ്പലങ്ങളിലും, പള്ളികളിലും വെടിക്കെട്ടിന് ഒരു പഞ്ഞവുമില്ല. തിരുവനതപുരത്ത് തന്നെ വെടിവഴിപാടു മാത്രം നടത്തുവാനുള്ള ഒരു ക്ഷേത്രം തന്നെയുണ്ട്. ഓരോ അഞ്ചു നിമിഷത്തിലും രണ്ടോ അതിലധികമോ വെടിവഴിപാട് കാണും.


ഉത്സവങ്ങളും, പൂരങ്ങളും, പെരുന്നാളുകളും നടക്കട്ടെ. എത്ര മെരുക്കി എടുത്താലും ആന ഒരു വന്യ മൃഗം തന്നെയാണ്. ആയിരങ്ങള്‍ കൂടുന്ന ഒരു സ്ഥലത്ത് ജനങ്ങള്‍ക്ക്‌ ഭീഷണി ആയേക്കാവുന്ന ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഒഴിവാക്കണം. പ്രകൃതിക്കും, അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്കും, ജീവനും, ശരീരത്തിനും, നിര്മ്മിതികള്‍ക്കും കേടു വരുത്തുന്ന രീതിയില്‍ ഉള്ള ഉഗ്ര ശബ്ദ സ്ഫോടനങ്ങളും ഒഴിവാക്കണം. പാരമ്പര്യങ്ങളും, അനുഷ്ടാനങ്ങളും, വിശ്വാസങ്ങളും എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. സാക്ഷരത വാക്കില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രവര്‍ത്തിയില്‍ വരുത്തുക. എന്നിട്ട് ഉദ്ഘോഷിക്കുക, "ഞങ്ങള്‍ സംസ്കാര സമ്പന്നര്‍ ആണെന്ന്".


"ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ട്‌ നടക്കാറുണ്ടിവിടേ"..... അതേ, ഹൃദയത്തില്‍....
നല്ലൊരു ഹൃദയം നമുക്കുണ്ടെങ്കില്‍ ആനയും, വെടിക്കെട്ടും ഇല്ലാതെ തന്നെ നമുക്ക് ആഘോഷങ്ങള്‍ നടത്താം.


നന്ദി


ജസ്റ്റിന്‍ പെരേര