Friday, June 25, 2010

എന്നെക്കുറിച്ച് ഹരിയുടെ കവിത


കാലമൊരുപാടു മാഞ്ഞുപോയ് എങ്കിലും;
മാഞ്ഞില്ല കാലിലീ നീളന്‍ മരുപ്പച്ചതന്‍ സ്പര്‍ശനം

വ്യോമയാനത്തിന്റെ പാരാവാരങ്ങള്‍തന്‍
കാര്യകാരാന്വേഷ കാര്യങ്ങള്‍ നോക്കിയും നേടിയും

സായന്തനത്തിലെ കാഴ്ച്ചകള്‍ മാത്രമായ് ജീവിതം
എന്നാലുമോരോയിതളിലും ഓര്‍മ്മയിലും പിന്നെ
ആത്മഹര്‍ഷത്തിന്റെ സംഗീതം സംഗീതം!



ഓര്‍മ്മയിലെന്നുമാ തന്ത്രികള്‍...
ജീവന്റെ ജീവനാം സംഗീതം കൈവിരലില്‍
ആ ദീപ്ത സംഗീതമായിരുന്നീയെന്റെ
യായുരാരോഗ്യത്തിന്‍ ശേഷിപ്പ്, ഞാനെന്നും
ഓര്‍ക്കുന്നു ഓര്‍ക്കുന്നു...

പിന്നെയോ... കാലം വരച്ചിട്ട
രാഗപ്രദീപമാം ദാമ്പത്യം; പിന്നെയെന്‍
മൂന്ന് പൈതല്‍കളും...

വാക്കുകള്‍ തോര്‍ന്നിടയ്‌കാഴ്ചകള്‍ പോയിട്ടും...
നീലനിശീഥിനീകാഴ്ച്ചകള്‍ കാണാതെ,
തോരാതെ, നേരിന്റെ നേര്‍ക്കൊരു
ജാലകം നീട്ടിയും....
ഞാനിരിക്കുന്നു എങ്കിലും ഓര്‍ക്കുന്നു
കാലങ്ങള്‍ കീഴ്പ്പെടുത്താനെന്നെ കാത്തിരിക്കുന്നു.

എങ്കിലും മുഗ്ദ്ധമാം ജീവിതക്കാഴ്ചതന്‍
ജിജ്ഞാസ, രാസത്വരകത്തിന്‍ സൗഗന്ധം
പിന്നെയും മുന്നോട്ട് മുന്നോട്ട്
മുന്നോട്ട് പോകട്ടെ ഞാനുമെന്‍ യാത്രയും..!!


ഹരിമാധവന്‍
ദുബായ്.

Sunday, June 20, 2010

ഈ പ്രവാസഭൂവിലെ എന്റെ 20 വര്‍ഷങ്ങള്‍

ഈ വരുന്ന ജൂണ്‍ 28-ന്, ഞാന്‍ ഈ സ്വപ്നഭൂമിയില്‍ വന്നിറങ്ങിയിട്ടു 20 വര്‍ഷം തികയുന്നു. അതുകൊണ്ട്, ഈ കാലയളവിലെ എന്റെ അനുഭവങ്ങളുടെ ശകലം ഞാന്‍ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. ബോര്‍ ആണെങ്കില്‍ സദയം ക്ഷമിക്കുക. താല്‍പ്പര്യം ഇല്ലായെങ്കില്‍ ഈ മെയില്‍ അവഗണിക്കുക. വളരെയധികം ഒന്നും വിവരിക്കുന്നില്ല. വളരെ കുറച്ചു മാത്രം വിവരങ്ങള്‍.


1990 ജൂണ്‍ 27-ന് തിരുവനന്തപുരത്തുനിന്നും രാവിലെ പത്തു മണിക്ക് കൊളംബോയിലെയ്ക്കുള്ള എയര്‍ലങ്ക വിമാനത്തില്‍ ഞാന്‍ കയറി, ഉച്ചയ്ക്ക് 12 മണിയോടെ കൊളംബോ വിമാനത്താവളത്തില്‍ എത്തി. അന്ന് അവിടെ ട്രാന്‍സിറ്റ്‌ പാസഞ്ചര്‍ ആയി ഒരു ഹോട്ടലില്‍ തങ്ങി. മനോഹരമായ ഒരു ഹോട്ടല്‍. അത്ര ആര്‍ഭാടം ഒന്നും ഇല്ല. പക്ഷെ ഹോട്ടലിന്റെ പുറകുവശം ഒരു വലിയ നെല്‍പ്പാടം ആണ്. അവിടെ തെങ്ങില്‍ ചോലയില്‍ ഇരുന്നാണ് ഭക്ഷവും മറ്റും കഴിച്ചിരുന്നത്. മണിക്കൂറുകള്‍ പോയത് അറിഞ്ഞില്ല. പിറ്റേന്ന് വെളുപ്പിന് കൊളംബോയില്‍ നിന്നും എയര്‍ലങ്കയുടെ Lockhead-1011 Tristar വിമാനത്തില്‍, അതായത് 28 June 1990 രാവിലെ 5:30 മണിക്ക് ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങി. എന്‍ട്രി സ്റാമ്പ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍, ഞാനും ഒരു പ്രവാസി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ഏവര്‍ക്കും അറിയാവുന്നതുപോലെ ജൂണ്‍ മാസത്തിലെ ഗള്‍ഫ്‌ മേഖലയിലെ ചൂട് കണ്ടു പുതുതായി കേരളത്തില്‍ നിന്നും അന്ന് വന്നിറങ്ങിയ ഞാനും അമ്പരന്നു. ജോലിസാധ്യതയൊക്കെ അന്നും വളരെ കുറവായിരുന്നു. കോളേജ്‌ കഴിഞ്ഞ്, ഇലക്ട്രിക്കള്‍ ഡിപ്ലോമയും, ടൈപ്പിംഗ് ലോവറും പാസായി വന്നതിനാല്‍, എന്ത് ജോലിയെങ്കിലും കണ്ടുപിടിക്കുക എന്നൊരു വാശി ഉണ്ടായിരുന്നു. അതിനി ഇലക്ട്രിഷ്യന്‍ ആവട്ടെ, ഹെല്‍പ്പര്‍ ആവട്ടെ, അക്കൌണ്ടന്റ് ആവട്ടെ, ക്ലര്‍ക്കോ, സെക്രട്ടറിയോ, പോകട്ടെ ഷവല്‍ ഓപ്പറേറ്റര്‍ എങ്കിലും ആവട്ടെ. എനിക്കൊരു പ്രശ്നം ഇല്ലായിരുന്നു. മറ്റുള്ളവരുടെ സഹതാപത്തിലും, സഹായത്തിലും കഴിയുക എന്നത് വല്ലാത്ത ഒരു വിമ്മിഷ്ടം തന്നെയാണല്ലോ. ജോലി തിരക്കി ആദ്യം ഇറങ്ങിയത്, ഷാര്‍ജയിലെയും, ദുബായിലെയും വ്യവസായ മേഖലകളില്‍ ആണ്.


ഷാര്‍ജയില്‍ താമസം ആയതിനാല്‍, ഷെയറിംഗ്‌ ടാക്സിയില്‍ രണ്ടു ദിര്‍ഹം കൊടുത്താല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു പോയിന്റില്‍ ഇറങ്ങി കമ്പനികള്‍ തോറും കയറി ഇറങ്ങാന്‍ സൗകര്യം ആണ്. എന്നാല്‍ ദുബായിലേക്കുള്ള യാത്ര കുറച്ച് ദുഷ്കരം തന്നെ. ഷാര്‍ജയില്‍ നിന്നും മൂന്ന് ദിര്‍ഹം കൊടുത്താല്‍ ദൈയ്‌ര മുഷ്രിഫ് ബസാറിനടുത്ത് പോയി ഇറങ്ങാം. പിന്നെ 25 ഫില്‍സ്‌ കൊടുത്താല്‍ അബ്ര കടന്നു കിട്ടും. അതിനടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ നിന്നും രണ്ടു രൂപയ്ക്ക് ട്രേഡ് സെന്റര്‍ വരെ എത്താം. ട്രേഡ് സെന്ററിന്റെ തൊട്ടുമുന്നില്‍ ആണ് മറ്റൊരു ടാക്സി സ്റ്റാന്റ്. ദൈയ്‌രയില്‍ നിന്നും, ബര്‍ദുബായില്‍ നിന്നും, സത്-വയില്‍ നിന്നും, കരാമയില്‍ നിന്നും എത്തുന്ന ടാക്സികള്‍ യാത്രക്കാരെ അവിടെ വച്ച് ഷഫിള്‍ ചെയ്യും. അബുദാബിയിലെ പല സ്ഥലങ്ങളിലെയ്ക്കും, അല്‍എയിനിലേയ്ക്കും പോകുന്ന യാത്രക്കാരെ മാറ്റി മാറ്റി ഓരോ ടാക്സിയില്‍ കയറ്റി വിടും. അന്ന് ട്രേഡ് സെന്ററിനു മുന്‍പില്‍ ഒരു റൌണ്ട്എബൌട്ട്‌ മാത്രം. ചിത്രത്തില്‍ കാണുന്നതുപോലെ രണ്ടു വരി പാതകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. ചിത്രത്തില്‍ കാണുന്നത് അന്നത്തെ ഡിഫന്‍സ് റൌണ്ട്എബൌട്ട്‌ ആണ്. വളരെ നിസ്സാരമായി നമുക്ക് റോഡ്‌ മുറിച്ചു കടന്നു അങ്ങുമിങ്ങും പോകാം. പക്ഷെ ഇപ്പോള്‍ അങ്ങിനെയൊരു പ്രവര്‍ത്തി ആ ഭാഗത്ത് സാധാരണ മനുഷ്യനെക്കൊണ്ട് സാധിക്കുമോ എന്ന് സംശയം. ആ ഭാഗത്ത് എത്തിക്കഴിഞ്ഞാല്‍ പിന്നെ എനിക്ക് പോകേണ്ടത് സിമന്റ് ഫാക്ടറി ഭാഗത്തേക്കാണ്. അങ്ങോട്ടൊക്കെ ടാക്സി പിടിച്ചു പോകാന്‍ നല്ല ചിലവാകും. അതുകൊണ്ട്, അതുവഴി പോകുന്ന ട്രെയിലര്‍ വാഹനങ്ങള്‍ക്ക് കൈ കാണിക്കും. നല്ലവരായ പാകിസ്ഥാന്‍, പഞ്ചാബി ഡ്രൈവര്‍മാര്‍ എന്നെ കയറ്റി സിമന്റ് ഫാക്ടറിയുടെ അടുത്തു റോഡ്‌ കടന്നു പോകുന്ന സ്ഥലത്ത് ഇറക്കിവിടും. അവിടുന്ന് റോഡ്‌ മുറിച്ചു കടന്ന്, ഒരു കുപ്പി വെള്ളം വാങ്ങി പ്ലാസ്റ്റിക്‌ കൂടിനകത്താക്കി നടക്കും. കറങ്ങി നടന്ന്, വെള്ളവും കുടിച്ച് കാണുന്ന കമ്പനികളില്‍ ഒക്കെ കയറി ബയോഡാറ്റ കൊടുക്കും. തിരിച്ച് അതുപോലെയൊക്കെ തന്നെ കയറിയിറങ്ങി രാത്രിയോടെ റൂമില്‍ എത്തും. ഇപ്പോള്‍ അത് വഴി കടന്നു പോകുമ്പോള്‍ സിമന്റ് ഫാക്ടറി എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ തന്നെ പ്രയാസം.

പ്രാര്‍ഥനയ്ക്കും, ശ്രമങ്ങള്‍ക്കും ഒടുവില്‍ ഒരു മാസത്തിനു ശേഷം ഷാര്‍ജയില്‍ തന്നെ ETPM എന്ന പ്രമുഖ ഫ്രഞ്ച് കമ്പനിയില്‍ ഇലക്ട്രിഷ്യന്‍ ആയി ജോലി കിട്ടി. ഒരുമാതിരി ജീവിതം പച്ചപിടിച്ചു വരുന്നു. പാപി പോകുന്നിടം പാതാളം. എന്നോട് എന്തോ പൂര്‍വ്വവൈരാഗ്യം ഉള്ളതുപോലെ, 1990, August 2-ന് സദ്ദാം കുവൈറ്റ്‌ ആക്രമിക്കുവാന്‍ തുടങ്ങി. മൊത്തം അരക്ഷിതാവസ്ഥ. കമ്പനി യാര്‍ഡില്‍ ഇരുന്നാല്‍ ആകാശം മുഴുവന്‍ കറുത്ത പുക നിറഞ്ഞു നില്‍ക്കുന്നത് കാണാം. കുവൈറ്റിലെ 600-ല്‍ പരം എണ്ണക്കിണറുകള്‍ കത്തിച്ചു വിട്ടാല്‍ പിന്നെ എന്തായിരിക്കും സ്ഥിതി! സഹമുറിയന്‍മാര്‍ ഒക്കെ കിട്ടിയ വിമാനങ്ങളില്‍ നാട്ടിലേക്ക്‌ പോകുവാന്‍ തുടങ്ങി. എന്റെ മനസ്സില്‍ അങ്ങിനെ ഒരു ചിന്ത ഇല്ലേ ഇല്ല. നനഞ്ഞാല്‍ കുളിച്ച് കയറുക തന്നെ. എന്നാലും വിശ്രമവേളകളില്‍ കറുത്തിരുണ്ട ആകാശം നോക്കിയിരിക്കുമ്പോള്‍ അത് വഴി കടന്നു പോകുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ്‌, എയര്‍ ഇന്ത്യ വിമാനങ്ങള്‍ കാണുമ്പോള്‍ ഉള്ളില്‍ ചെറിയൊരു തേങ്ങല്‍ ഇല്ലാതില്ല.

ETPM കമ്പനി സ്ഥിതി ചെയ്യുന്നത് ഷാര്‍ജ പോര്‍ട്ടിന് തൊട്ടടുത്താണ്. ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോള്‍ സന്ധ്യയാകുമ്പോള്‍ കാണാം മികച്ച ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ വഴി നീളെ പാര്‍ക്ക് ചെയ്തിരിക്കുന്നു. യുദ്ധം ഭയന്ന് കുവൈറ്റില്‍ നിന്നും രക്ഷപ്പെട്ടു വന്നവരും, അവരുടെ കുടുംബങ്ങളും, കുട്ടികളും, വേലക്കാരും... ദയനീയമായ കാഴ്ച. രാത്രി പത്തുമണി അടുക്കുമ്പോള്‍ ഷാര്‍ജ റോള പാര്‍ക്കും പരിസരവും ഈ വാഹനങ്ങളെക്കൊണ്ട് നിറയും. അവര്‍ രാത്രി തങ്ങുന്നത് ആ പാര്‍ക്കിലും, മല്‍സ്യമാര്‍ക്കറ്റിന് അടുത്തുള്ള ഇത്തിഹാദ്‌ പാര്‍ക്കിലുമാണ്. ഒക്ടോബര്‍ ഒക്കെ ആയപ്പോള്‍, ചൂടിന് കുറച്ചു ശമനം ഉണ്ട്. കെട്ടുകണക്കിന് അവരുടെ കയ്യില്‍ ഇരിക്കുന്ന കുവൈറ്റി ദിനാറിന് ഒരു വിലയുമില്ല. കച്ചവടക്കാര്‍ ആരും അത് സ്വീകരിക്കുന്നില്ല. ജോലി കഴിഞ്ഞു റൂമിലേയ്ക്ക് നടക്കുന്ന നമ്മോട് ഒരു കെട്ടു കുവൈറ്റി ദിനാര്‍ വച്ചു നീട്ടിയിട്ടു പത്തു ദിര്‍ഹം ചോദിക്കുന്നവര്‍! റോളക്ക് സമീപമുള്ള ക്ലോക്ക്‌ ടവറിന്റെ പ്ലാട്ഫോര്മില്‍ തുണി വിരിച്ചു ദിനാറിന്റെ കെട്ടുകള്‍ നിരത്തി വച്ചു വില പേശുന്നവര്‍! കൈവശം ഇരിക്കുന്ന പേനയോ, വാച്ചോ, എന്തെന്കിലുമോ വിറ്റ് ഒരു നേരത്തെ ആഹാരം വാങ്ങാന്‍ കൈ നീട്ടുന്നവര്‍. രാത്രിയില്‍ വെറും ലേബര്‍ കാറ്റഗറിയില്‍ ജോലി ചെയ്യുന്ന നമ്മുടെ മുറിയിലേക്ക് ഒരു കുബ്ബൂസ്സിനും, കുറച്ചു തൈരിനും വേണ്ടി ആരെയെങ്കിലും പറഞ്ഞു വിടുന്നവര്‍! ഇത്രയൊക്കെ അനുഭവിച്ചിട്ടും, ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് കഴിഞ്ഞതൊക്കെ മറന്നു ജീവിക്കുന്ന നാം മനുഷ്യര്‍! വിവരിക്കുവാന്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എന്റെ വിഷയം മാറണ്ട.


എന്തായാലും കുറച്ചു നാള്‍ അവിടെ ജോലി ചെയ്തു. ETPM/Mcdermott കമ്പനികള്‍ ലയിച്ചു. ETPM യൂറോപ്പില്‍ മാത്രം ജോലികള്‍ തുടരാന്‍ വ്യവസ്ഥ. എന്റെ ജോലി പോയി. പിന്നെയും ജോലി തേടി യാത്ര. ദുബായിലെ ജെദ്ദാഫ് പോര്‍ട്ടിലെ Goltens എന്ന കപ്പല്‍ അറ്റകുറ്റ പണികള്‍ നടത്തുന്ന കമ്പനിയില്‍ ജോലി കിട്ടി. ഏറ്റവും കഠിനമായ ജോലി ചെയ്യേണ്ടി വന്ന അവസരം. കുവൈറ്റ്‌ യുദ്ധത്തില്‍ കേടുപാട് പറ്റിയ ഭീമന്‍ കപ്പലുകള്‍ക്ക് അറ്റകുറ്റ പണികള്‍. എന്നെ നിയോഗിച്ചത് ജെബല്‍-അലി പോര്‍ട്ടില്‍ വന്നിരിക്കുന്ന ഒരു ഭീമാകാരന്‍ ഓയില്‍ ടാങ്കറിന്റെ പണികള്‍ക്ക്. സദ്ദാമിന്റെ മിസൈല്‍ കൊണ്ട് മുക്കാലും കത്തിക്കരിഞ്ഞ ഒരു കപ്പല്‍. എണ്ണയൊക്കെ കത്തി ടാര്‍ പോലെയായി കിടക്കുന്നു. ഗംബൂട്റ്റ്‌ ഇട്ടാലും മുട്ടുവരെ മുങ്ങി നില്‍ക്കും. പഴയ കേബിള്‍ ഒക്കെ അഴിച്ചു മാറ്റണം. കേബിള്‍ പോകുന്ന ട്രേയുടെ ഉയരങ്ങളില്‍ കൂനിക്കൂടിയിരുന്ന്, സേഫ്ടി ബെല്‍റ്റ്‌ ധരിച്ച്, കത്തിയ എണ്ണയുടെയും, റബ്ബറിന്റെയും അസ്വസ്ഥമായ ദുര്‍ഗന്ധം ശ്വസിച്ചു അത്യധികം ഭാരമുള്ള കത്തിക്കരിഞ്ഞ കേബിള്‍ അറുത്തു മുറിച്ച് ഇളക്കി മാറ്റുമ്പോള്‍ നട്ടെല്ല് പലപ്പോഴും തകരുന്നതായി തോന്നിയിരുന്നു. കപ്പലിന്റെ കണ്ട്രോള്‍ റൂമിന്റെ അടിവശത്ത് കേബിള്‍ ഒക്കെ വന്നു കയറുന്ന ഒരു അറയുണ്ട്. ഒരു നാലടി ഉയരം മാത്രമുള്ള ഒരു അറ. പല വശത്തു നിന്നും ഇവിടെ എത്തിച്ചേരുന്ന കൂറ്റന്‍ കേബിളുകള്‍ ഈ അറയ്ക്കുള്ളിലൂടെ വലിച്ചുകൊണ്ട് ഇഴഞ്ഞു നീങ്ങണം. എന്നിട്ടത് കണ്ട്രോള്‍ റൂമിലേയ്ക്കുള്ള ദ്വാരം വഴി കടത്തി വിട്ടു കേബിള്‍ ഗ്ലാന്‍റ് ചെയ്യണം. ഇടുങ്ങിയ ആ അറയ്ക്കുള്ളിലൂടെ ഇഴഞ്ഞു നീങ്ങുമ്പോള്‍ ശ്വാസം മുട്ടാതിരിക്കുവാന്‍ പുറത്തു വച്ചിരിക്കുന്ന ഓക്സിജന്‍ സിലിണ്ടറില്‍ നിന്നും ഒരു നീളന്‍ ടൂബ്‌ മൂക്കില്‍ ഫിറ്റ്‌ ചെയ്യാം. എന്നിട്ട് ഇഴയാം. ഇത് എന്റെ മാത്രം അനുഭവം അല്ല. ഇത് പോലെ ജോലി ചെയ്യുന്ന ആയിരങ്ങളുടെ കഥയാണ്. മണിക്കൂറുകളോളം മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള ആ കേബിള്‍ ട്രേകളില്‍ വേദന സഹിച്ചിരിക്കുമ്പോള്‍, തിരുവനന്തപുരം മുതല്‍ കൊച്ചി വരെയും, മധുരമീനാക്ഷി ക്ഷേത്രം മുതല്‍ ബാന്ഗ്ലൂര്‍ വരെയും കീബോര്‍ഡും വായിച്ചു ബാധ്യതകള്‍ ഇല്ലാതെ കറങ്ങി നടന്നിരുന്ന കാലങ്ങളെ ഓര്‍ത്ത്‌ എന്റെ കണ്ണ് അറിയാതെ നിറഞ്ഞിരുന്നോ?

എന്നിരുന്നാലും, എനിക്ക് കേരളത്തിലെ പാര്‍ട്ടി പ്രസ്ഥാനങ്ങളിലെ അനുകൂലികളെപോലെ യാതൊരു പരാതിയോ, പരിഭവമോ ഉണ്ടായിരുന്നില്ല. വെട്ടിയിട്ട കേബിള്‍ കഷണങ്ങള്‍ എടുത്തുമാറ്റുവാന്‍ മുകളില്‍ ഉള്ളവന്‍ ആജ്ഞകള്‍ നല്‍കുമ്പോള്‍ കൂലി വാങ്ങുന്നതിന്റെ കടമയായി ഞാന്‍ അത് കണ്ടു. അല്ലാതെ എ.സി.റൂമുകളില്‍ ഇരുന്ന് പാലസ്തീനിലെയും, ഇറാക്കിലെയും, ജ്ജാര്ഖണ്ടിലെയും, ബീഹാറിലെയും, പാവപ്പെട്ടവനുവേണ്ടിയും, അടിച്ചമര്‍ത്തപ്പെട്ടവന് വേണ്ടിയും, കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും മുതലക്കണ്ണീര്‍ ഒഴുക്കി, സാഹിത്യ ഭാഷകളില്‍ ബ്ലോഗും, ലേഖനവും എഴുതി ബുദ്ധിജീവി അഭിനയിക്കുന്നവരെ എനിക്ക് പുച്ഛമാണ്. ഈ പറഞ്ഞ കൂട്ടര്‍ക്കു അധ്വാനം എന്താണെന്ന് അറിയില്ല, കണ്ണിനു മുന്നില്‍ കഷ്ടപ്പെടുന്നവരെ അറിയില്ല. വായിച്ചറിഞ്ഞ മാത്രം കുറെ വിവരങ്ങളും മുരടിച്ച കുറെ ആദര്‍ശങ്ങളും പെറുക്കി ഇറങ്ങും. കണ്ണിനു തൊട്ടുമുന്നില്‍, കഷ്ടപ്പാടും, വേദനകളും അനുഭവിക്കുന്ന ആയിരങ്ങള്‍ ഉണ്ട് ഈ പ്രവാസലോകത്തില്‍. ആദ്യം അവരുടെ കണ്ണീര്‍ നമുക്ക് ഒപ്പിയെടുക്കാം. അതിനു ശേഷം അന്തര്‍ദേശീയ കണ്ണീര്‍ കാണാം. ആദ്യം അവനവന്റെ കടമ ശമ്പളം തരുന്നവന്റെ ഇഷ്ടം അനുസരിച്ചു നിറവേറ്റുക. മിച്ചഭൂമി, പാട്ടഭൂമി, കുടിയാന്‍, തമ്പുരാന്‍ ഇതൊക്കെ എപ്പോഴാ നമ്മെ വിട്ടുപോവുക? ഉള്ള സാഹചര്യങ്ങളില്‍ നിന്ന് അധ്വാനിച്ച് വളരുക. വളര്‍ന്നിട്ടു മാറി ജീവിക്കുക. അല്ലാതെ അന്നം തരുന്നവന്റെ അന്നത്തില്‍ കൈയിട്ടു വാരുകയും, അവകാശം പറയുകയും, പിടലിക്ക് കയറുകയുമല്ല വേണ്ടത്. ഇക്കൂട്ടത്തിലുള്ളവര്‍ ഈ ഗള്‍ഫില്‍ എന്തുകൊണ്ട് പഞ്ചപുച്ച്ചമടക്കി കിട്ടുന്നതും കൊണ്ട് ജീവിക്കുന്നു? അപ്പോള്‍ അവര്‍ക്ക് വര്‍ഗ്ഗബോധം ഇല്ല. അവകാശബോധം ഇല്ല. ജോലി പോകുമോ എന്ന ഭയം. അതിനി ഇടതായാലും, വലതായാലും എല്ലാം കണക്ക് തന്നെ. നാം കഷ്ടപെട്ടാല്‍ മാത്രമേ നമുക്ക് ഉന്നതിയുള്ളൂ, കുടുംബത്തിന് ഉന്നതിയുള്ളൂ, സമൂഹത്തിനും, രാജ്യത്തിനും ഉന്നതിയുള്ളൂ.

ഇനി എന്റെ കാര്യത്തിലേയ്ക്ക് വീണ്ടും. കുറച്ചു നാള്‍ Goltens-ലെ പണി നടന്നു. പണി കഴിഞ്ഞു കപ്പല്‍ പോയി. എന്റെ ജോലിയും പോയി. അതിനു ശേഷം ഷാര്‍ജയിലെ Lamprell Jumairah എന്ന കമ്പനിയില്‍ വീണ്ടും ജോലി കിട്ടി. ജോലിക്ക് വലിയ മാറ്റം ഒന്നും ഇല്ല. പഴയത് കപ്പല്‍ ആണെങ്കില്‍ ഇതൊരു പഴയ റിഗ്ഗ്. റിഗ്ഗിന്റെ ഓരോ കാലിലും അതിന്റെ ഏറ്റവും മുകളില്‍ Aircraft Warning Signal Lights ഉണ്ട്. അതിനു കണക്ഷന്‍ കൊടുക്കാനും മറ്റും ഏണി വഴി മുകളില്‍ കയറണം. അതിന്റെ ഉയരം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ഏകദേശം 400 മുതന്‍ 500 അടി വരെ ഉയരം. കുഞ്ഞു നാളിലേ എനിക്ക് ഉയരം എന്ന് വച്ചാല്‍ തല കറങ്ങും. പക്ഷെ പണി ചെയ്തല്ലേ ഒക്കൂ? ഈ പണികള്‍ ഒക്കെ കഴിഞ്ഞു വരുന്ന എന്റെ വേഷവും, ഭാവവും കണ്ട് എന്റെ പെങ്ങളുടെ ഹൃദയം തകര്‍ന്നു. ശമ്പളം കുറഞ്ഞാലും കുഴപ്പമില്ല. നീ ഇനി ഈ പണിക്ക് പോവണ്ട. ഏതെന്കിലും ഓഫീസില്‍ കിട്ടുമോ എന്ന് നോക്ക്. എന്തായാലും ഷാര്‍ജയിലെ തന്നെ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ കാഷിയര്‍ ആയി ജോലി കിട്ടി. എന്റെ സ്വഭാവത്തിനു അവിടെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. അതുകഴിഞ്ഞ് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍. റസാന കണ്‍സ്ട്രക്ഷന്‍! പര്‍ച്ചെസര്‍ ആയി അവിടെ ഒരു കൊല്ലം. നല്ല കമ്പനി ഉടമയും, ജീവനക്കാരും. എന്റെ സുഹൃത്തായ ജിമ്മി പായിക്കാടന്റെ ഭാര്യ ജയ്നി ചേച്ചിയും കൂടെ ഓഫീസില്‍ ഉള്ളത് കാരണം സ്വന്തം വീട്ടില്‍ തന്നെ കഴിയുന്ന ഒരു പ്രതീതി. എന്നാല്‍ ഒരു ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ Accounts-ല്‍ ഒരു സാധ്യത വന്നു. അങ്ങിനെ 1993, മെയ്‌ മാസം ഒന്നാം തിയതി അവിടെ ജോലിക്ക് കയറി. ഇപ്പോള്‍ അതില്‍ നിന്നും ഒരു പടി മാറി, ഷാര്‍ജ ഭരണാധികാരിയും, കുടുംബാങ്ങങ്ങളും മാത്രം ഉപയോഗിക്കുന്ന സ്വകാര്യ വ്യോമയാന വിഭാഗത്തിന്റെ സീനിയര്‍ അക്കൌണ്ടന്റ് ആയി സേവനം ചെയ്യുന്നു.

ഈ കാലഘട്ടത്തിനിടയില്‍ എന്തൊക്കെ കാഴ്ചകള്‍! അനുഭവങ്ങള്‍! സന്തോഷങ്ങള്‍! ദുഃഖങ്ങള്‍! നന്മകള്‍! ഈ പ്രവാസ ജീവിതത്തിനിടയില്‍ ഏറ്റവും അധികം നേടാനായത് അനേകം സുഹൃത്തുക്കള്‍. അതില്‍ ഞാന്‍ സമ്പന്നന്‍ ആണ്. നേരിട്ട് കാണുവാന്‍ സാധിക്കാത്ത സുഹൃത്തുക്കള്‍ മുതല്‍, ദിനംപ്രതി വിവരങ്ങളും, വിശേഷങ്ങളും, രാഷ്ട്രീയവും, സംഗീതവും, പൊതുവിജ്ഞാനവും പങ്കുവയ്ക്കുന്ന അനേകം സുഹൃത്തുക്കള്‍. കൃതാര്‍ത്ഥനാണ്.

ദുബായില്‍ ജോലി നോക്കുന്നതിനിടയില്‍, ഞാന്‍ താമസിച്ചിരുന്നത്, എന്റെ കുറെ സുഹൃത്തുക്കളോടൊപ്പം മുര്‍ഷിദ് ബസാറിനകത്തെ ഒരു ഫ്ലാറ്റില്‍ ആയിരുന്നു. ആ സമയത്ത് കുറെ നല്ല വിശേഷങ്ങള്‍ ഉണ്ടെങ്കിലും രസകരമായ ഒരു അനുഭവം പറയട്ടെ. ഇവിടെ എല്ലാ മുറികളിലും പുതുതായി വരുന്നവര്‍ക്ക് ഒരു ട്രെയിനിംഗ് പീരീഡ്‌ ഉണ്ട്. അതിന്റെ ഭാഗമായി ഒരിക്കല്‍ മല്‍സ്യം വാങ്ങാന്‍ എന്നെ നിയോഗിച്ചു. അവര്‍ എന്നോട് പറഞ്ഞു. മീന്‍ചന്ത "അല്‍ സിന്ദഗാ ടണലിന്" അടുത്താണ്. മച്ചീ മാര്‍ക്കറ്റ് വരെ ടാക്സി കൂലി കൂടും. ടണലിന്റെ അടുത്തു ഇറങ്ങിയാല്‍ അതിനു മുകളിലൂടെ ക്രോസ് ചെയ്തു നടന്നു മാര്‍ക്കറ്റില്‍ എത്താം. ടാക്സി പിടിച്ച് ഡ്രൈവറോട് പറയുക; "മുച്ച്ചേ സിന്ദഗാ സാമ്നെ ജാനാ ഹെ?" ഞാന്‍ ടാക്സി പിടിച്ചു കയറിയിരുന്നു. മുന്നോട്ടെടുത്ത ഡ്രൈവറോട് ഞാന്‍ പറഞ്ഞു; "സിന്ദഗീ മേം ജാവോ?" ഡ്രൈവര്‍ ഞെട്ടി. വണ്ടി നിര്‍ത്തി എന്നെ തുറിച്ചു നോക്കി. "ക്യാ"? ഞാന്‍ വീണ്ടും പറഞ്ഞു "സിന്ദഗീ സിന്ദഗീ... ഫിഷ്‌...". ഹൊ അങ്ങേര്‍ക്കു കാര്യം മനസിലായി. "മച്ചീ മാര്‍ക്കറ്റ്‌"?

ഇനി എന്റെ കാഴ്ചകള്‍! അനുഭവങ്ങള്‍! സന്തോഷങ്ങള്‍!


1990 June 28-നു ദുബായില്‍ വന്നിറങ്ങിയ അവസരത്തില്‍ തന്നെ, കുട്ടിക്കാലം മുതലുള്ള എന്നെക്കാള്‍ മുന്‍പ്‌ ഇവിടെ എത്തിച്ചേര്‍ന്ന സുഹൃത്തുക്കള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ വരിക പതിവായിരുന്നു. അങ്ങിനെ ആ വര്‍ഷത്തെ ഈദ്‌ അവധിദിവസം, അതായത് ഞാന്‍ വന്നിറങ്ങിയത്തിനു ഒരു പത്തു ദിവസത്തിനകം തന്നെ, അവര്‍ എല്ലാം കൂടി ഒരു വാടക വണ്ടി എടുത്തു മൂന്നു ദിവസം കൊണ്ട് യു.എ.യി. മൊത്തം കറങ്ങിയടിക്കുവാന്‍ തീരുമാനിച്ചു. അത് ശരിക്കും വളരെ നല്ല ഒരു അനുഭവം തന്നെ ആയിരുന്നു. ഈ ലോകത്ത് വന്നിറങ്ങിയ ഉടനെ അങ്ങിനെ ഒരു ഭാഗ്യം, അതിപ്പോഴും നന്ദിയോടെ ഓര്‍ക്കുന്നു. വളരെ വിരളമായി ആര്‍ക്കെങ്കിലും ലഭിക്കുവാന്‍ സാധ്യതയുള്ള ഒരു ഭാഗ്യം.

മുകളില്‍ പറഞ്ഞിരിക്കുന്ന കായികാധ്വാനം കൂടുതല്‍ വേണ്ട പുറം ജോലികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്നിലുള്ള കുറച്ചു കലാവാസന മിക്കവാറും നശിച്ചു പോവുകയായിരുന്നു. പകലന്തിയോളം പണി ചെയ്തിട്ട്, രണ്ടു വരി പാട്ട് പാടാനോ, കീബോര്‍ഡ്‌ വായിക്കാനോ എവിടെ സമയം? അല്ലെങ്കില്‍ കീബോര്‍ഡ്‌ എവിടെ? എന്റെ സുഹൃത്തിന്റെ ജേഷ്ടന്‍ വഴി കിട്ടിയ ചെറിയൊരു അക്കോര്‍ഡിയന്‍ ഉണ്ടായിരുന്നു. സഹമുറിയന്‍മാര്‍ വൈകുന്നേരങ്ങളിലെ കത്തെഴുത്തിലും, പാചകത്തിലും ഏര്‍പ്പെടുമ്പോള്‍ കുറച്ചു നേരം പാട്ട് പാടി അക്കോര്‍ഡിയന്‍ വായിക്കാം. അവര്‍ക്കും അതൊരു നേരമ്പോക്കായിരുന്നു. അക്കാലത്ത് തന്നെ ഷാര്‍ജ പള്ളിയില്‍ ഓര്‍ഗന്‍ വായിക്കുവാന്‍ അന്നത്തെ വികാരിയായിരുന്ന ആഞ്ചലോ അച്ചന്‍ വഴി അവസരവും വന്നു. അങ്ങിനെ വെള്ളിയാഴ്ച വൈകുന്നേരത്തെ ഇംഗ്ളീഷ് കുര്‍ബ്ബാനയ്ക്ക് കൊയറില്‍ കൂടി. അതൊരു വലിയ ആശ്വാസം തന്നെ ആയിരുന്നു. ഓഫീസിലേയ്ക്ക് ജോലി മാറിയപ്പോള്‍ കീബോര്‍ഡ്‌ വായനക്കുള്ള അവസരം കൂടി. ഹോട്ടലില്‍ തന്നെ കീബോര്‍ഡ്‌ ഉണ്ട്. ഒഴിവുസമയങ്ങളില്‍ വായിക്കാം.


ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഷാര്‍ജ പള്ളിയില്‍ നടന്ന ഒരു ധ്യാനപ്രഘോഷണത്തിനു നാട്ടില്‍ നിന്നും വന്ന ഫാദര്‍ ആന്റണി കാനപ്പള്ളിയുമായി യു.എ.യി-യില്‍ മുഴുവന്‍ ചുറ്റി ഗാനശുശ്രൂഷ നടത്തുവാന്‍ സാധിച്ചു. അച്ചനുമായി വളരെ മാനസികമായ അടുപ്പമായിരുന്നു എനിക്ക്. അങ്ങിനെ അച്ചന്‍ വഴി എനിക്ക് ഒരു വേണ്ടി ഒരു വിവാഹാലോചന വന്നു. ഞങ്ങളുടെ രണ്ടു വീട്ടുകാരുടെയും പൂര്‍ണ്ണ അനുഗ്രഹത്തോടും അവര്‍ ആലോചിച്ചുറപ്പിച്ച രീതിയില്‍ തന്നെ തിരുവനന്തപുരത്തുള്ള എന്റെയും, വീട് ചങ്ങനാശ്ശേരി ആണെങ്കിലും, തിരുവനന്തപുരത്തുനിന്നും 450 കിലോമീറ്റര്‍ അകലെ നിലംബൂരില്‍ മാതാപിതാക്കളോടൊപ്പം താമസമാക്കിയ വിന്‍സിയുടേയും വിവാഹം 1994, January 12-നു തിരുവനന്തപുരത്ത് പാളയം പള്ളിയില്‍ വച്ചു നടന്നു. സുഖത്തിലും, സന്തോഷത്തിലും, താഴ്ചയിലും ഉയര്‍ച്ചയിലും ഒന്നിച്ചു നിന്ന് ഞങ്ങളുടെ വിവാഹജീവിതം മുന്നോട്ടു നീങ്ങുന്നു. ദൈവം ഞങ്ങള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളെ തന്നു. വാവയും, ചിക്കുവും, മോനുക്കുട്ടനും.


ഈ വര്‍ഷം, 2010ല്‍ - വാവ (ജുവിന്‍) പ്ളസ്1, ചിക്കു (ജെഫേഴ്സന്‍) ഏഴാം ക്ളാസ്, മോനുക്കുട്ടന്‍ (ജോനതന്‍) അഞ്ചാം ക്ളാസ്. മൂന്നുപേരുടെയും മാമോദീസയും, ആദ്യകുര്‍ബ്ബാനയും ഇവിടെയും നാട്ടിലുമായി കത്തോലിക്കാ വിശ്വാസപ്രകാരം നടത്തി. മൂന്നുപേരും ഷാര്‍ജയിലെ എമിരേറ്റ്സ് നാഷണല്‍ സ്കൂളില്‍ പഠിക്കുന്നു. നഴ്സ് ആണ് പ്രോഫഷന്‍ എങ്കിലും വിന്‍സി, ദുബായ്‌ ഗവണ്മെന്റില്‍ ഹെല്‍ത്ത്‌ അതോറിട്ടിയില്‍ ക്ളിനിക്കല്‍ ഓഡിറ്റര്‍ ആയി സേവനം അനുഷ്ടിക്കുന്നു.


യാത്രകള്‍ എനിക്കെപ്പോഴും ഒരു ബലഹീനതയാണ്. അത് നാട്ടില്‍ ആയിരുന്നാലും ശരി, ഇവിടെയായിരുന്നാലും ശരി. അങ്ങിനെ 1995-ലെ ഒരു മരുയാത്രയ്ക്കിടയില്‍ (Desert Safari) യാദൃശ്ചികമായി മരുഭൂമിയുടെ ഒത്തിരി ഉള്‍ഭാഗത്ത് ഒരു കൂട്ടം ആടുകളെയും ഒരു ആട്ടിടയനെയും കാണുവാനിടയായി. യാത്രയില്‍ പങ്കെടുത്തത് ഞാന്‍, ഷാര്‍ജയിലെ അന്നത്തെ സഹവികാരി ജോസഫ്‌ സോളമന്‍ അച്ഛന്‍, സുഹൃത്തുക്കളായ അലന്‍ എഡ്ഗര്‍, ജെയിംസ്‌, റോബിന്‍, പിന്നെ വാവ എന്നിവര്‍ ആയിരുന്നു.

ആ ആട്ടിടയനെ അവിടെ കണ്ടതിനെക്കുറിച്ചും, അവന്റെ അവിടുത്തെ ജീവിത കഷ്ടപ്പടുകളെക്കുറിച്ചും ഞാന്‍ കൂടുതല്‍ ഒന്നും വിവരിക്കുന്നില്ല. കാരണം, പ്രശസ്ത സാഹിത്യകാരനും ബഹറൈനിലെ ബ്ലോഗറുമായ ശ്രീ ബന്യാമിന്റെ "ആടുജീവിതത്തില്‍" പറഞ്ഞിരിക്കുന്ന കഥാപാത്രം തന്നെയാണ് ഇന്നേയ്ക്ക് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷാര്‍ജയുടെയും, ദുബായ് അല്‍അവീറിനും ഇടയ്ക്ക് ഭാഗത്തുള്ള ഒരു മരുഭൂമിയില്‍ ഞങ്ങള്‍ കണ്ടുമുട്ടിയത്. മലയാളിയായ "രാജു". വളരെ കഷ്ടത നിറഞ്ഞ ജീവിതം. ഞങ്ങളെ കണ്ടപ്പോള്‍ എന്തോ നിധി കിട്ടിയ സന്തോഷമായിരുന്നു രാജുവിന്. പ്രത്യേകിച്ചു മലയാളികളായ ഞങ്ങളെ. അവനു കൂട്ടിനു ആടുകള്‍ മാത്രം. കറണ്ട് ഇല്ല, നല്ല വെള്ളം ഇല്ല. എന്നിരുന്നാലും, അവന്‍ ഞങ്ങള്‍ക്ക് സുലൈമാനി ഉണ്ടാക്കി തന്നു. ആ രണ്ടു മണിക്കൂര്‍ അവനു നാട്ടില്‍ എത്തിയ പ്രതീതി ആയിരുന്നു.


പിന്നീട് കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞതെന്കിലും, ഞങ്ങള്‍ക്ക് പിന്നീട് അവന്‍ താമസിക്കുന്ന സ്ഥലം കണ്ടെത്താനായില്ല. കാരണം ആദ്യം രാജുവിനെ കണ്ടു കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ക്ക് മരുഭൂമിയില്‍ വഴി തെറ്റിയിരുന്നു. ഷാര്‍ജയിലെ എയര്‍പോര്‍ട്ട് കഴിഞ്ഞുള്ള ഒരു ഭാഗത്ത് നിന്നുമാണ് ഞങ്ങള്‍ ഉള്ളിലേയ്ക്ക് കയറിയത് എന്ന് ഓര്‍മയുണ്ട്. അവസാനം ചുറ്റിക്കറങ്ങി രാത്രിയില്‍ ദുബായിലെ അല്‍അവീര്‍ ഭാഗത്തുള്ള ബദ്ദുക്കള്‍ താമസിക്കുന്ന ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്നു. അതൊരു രക്ഷപെടല്‍ തന്നെയായിരുവെന്നു പിന്നീടാണ് മനസിലാക്കുവാന്‍ സാധിച്ചത്. ഇത്രയും പറയുവാന്‍ കാരണം, രാജുവിനെ പോലെ ഇത്തരത്തിലും എന്ത് മാത്രം മനുഷ്യര്‍ ജീവിക്കുന്നു. അതിനിടയ്ക്ക് നമ്മുടെ പരിവേദനങ്ങള്‍ക്കും, രോഷപ്രകടനങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കും, കൂട്ടിക്കിഴിക്കലുകള്‍ക്കും എന്ത് വില എന്ന് സ്വയം ചിന്തിക്കാം.


പിന്നെയും ഒത്തിരി ഒത്തിരി അനുഭവങ്ങളും ജീവിതക്കാഴ്ച്ചകളും. 2009-ല്‍ എന്റെ സ്വപ്നസക്ഷാല്‍ക്കാരം! വളരെ വര്‍ഷത്തെ
എന്റെ ഒരു ആഗ്രഹമായ എന്റെ മാത്രമായ ഒരു ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആല്‍ബം പുറത്തിറങ്ങി. ഞാന്‍ തന്നെ വരികള്‍ ചിട്ടപ്പെടുത്തി, സംഗീതം നല്‍കിയ "തിരുസ്പര്‍ശനം" എന്ന ഒരു ആല്‍ബം. വളരെ വര്ഷം മനസ്സില്‍ കൊണ്ട് നടന്ന ഒരു ആഗ്രഹമായിരുന്നു അതിലെ ഒരു ഗാനമെന്കിലും നമ്മുടെ ഗന്ധര്‍വന്റെ സ്വരത്തില്‍ പുറത്തുവരാന്‍. അത് നടന്നില്ല, നിരാശയുണ്ട്. എന്നാലും ദൈവം ഇത്രടം വരെ കൊണ്ടെത്തിച്ചു. പ്രമുഖ ഗായകരായ, സുജാത, മധു ബാലകൃഷ്ണന്‍, മാര്‍ക്കോസ്, കെസ്റ്റര്‍ തുടങ്ങിയവര്‍ ആലപിച്ച് ആ ആല്‍ബം പുറത്തിറങ്ങി. സാധുക്കള്‍ക്ക് വേണ്ടിയുള്ള ഭവനനിര്‍മ്മാണ പദ്ധതിക്കുവേണ്ടി തുടങ്ങിയ ആ സംരഭം നല്ലവരായ ഷാര്‍ജ ഇടവകയിലെ, വികാരിമാരുടെയും, ജനങ്ങളുടെയും, എന്റെ പ്രിയ സുഹൃത്തുക്കളുടെയും സഹായസഹകരണം കൊണ്ട് നല്ല രീതിയില്‍ തന്നെ വിജയിച്ചു. അതിനുവേണ്ടി 20 ദിവസത്തോളം ലീവ് എടുത്തു നാട്ടില്‍ പോകേണ്ടി വന്നു. ഏറണാകുളത്തും, ചെന്നയിലും, തിരുവനന്തപുരത്തുമായി റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കി.

പ്രവാസ ജീവിതത്തില്‍ ഈ ജൂണ്‍ 28ന് ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ എടുത്തു പറയത്തക്ക ഒന്നും ഇല്ലെങ്കിലും ഇത്രയെങ്കിലും എന്നെ എത്തിച്ചത്, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും പ്രാര്‍ത്ഥനയും, സുഹൃത്തുക്കളുടെയും മറ്റും പ്രോത്സാഹനവും, നിര്‍ദേശങ്ങളും, തിരുത്തലുകളും തന്നെയാണ്. അതില്‍ എല്ലാവരോടും ഹൃദയം നിറഞ്ഞ എന്റെ നന്ദി പറഞ്ഞുകൊള്ളട്ടെ. ഇനിയും നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെ എല്ലാം ഓര്‍ക്കണമെന്നും, അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ഗള്‍ഫിലെ നിരവധി അനുഭവങ്ങള്‍ ഒത്തിരി ഉണ്ട്. ജോലി സ്ഥലത്തെ വിശേഷങ്ങള്‍ ആയാലും, പൊതുപ്രവര്‍ത്തനം, സംഗീതം എന്നീ മേഘലകളില്‍ ആയാലും. പക്ഷെ അതൊക്കെ കുറിക്കാന്‍ സമയം അനുവദിക്കുന്നില്ല. ഈ മാസം 30ന് നാട്ടിലേയ്ക്ക് പോകുന്നു. പിന്നെ ഒരു മാസം വിശ്രമം. ഓര്‍ക്കുക. പ്രാര്‍ത്ഥിക്കുക.

Thursday, June 17, 2010

എന്റെ ഒരു ടീനേജ് അനുഭവം

1983-1984-ല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ്‌ കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. നഗരത്തിലെ മിക്കവാറും കുബേരകുമാരന്മാര്‍ ഒപ്പം പഠിക്കുന്നു. കാല്‍ക്കാശിനു വകയില്ലെന്കിലും പത്രാസ്സു കാണിക്കുവാന്‍ അച്ഛന്റെ കീശയില്‍ നിന്നും അടിച്ചുമാറ്റുന്ന നിസ്സാര കറന്‍സികളും, അത് തീരെ കിട്ടാന്‍ ചാന്‍സ്‌ ഇല്ലാതെ വരുമ്പോള്‍, അമ്മ ഭിക്ഷക്കാര്‍ക്ക് കൊടുക്കുവാന്‍ അടുക്കളയില്‍ കരുതിയിരിക്കുന്ന നാണയത്തുട്ടുകളും മാത്രം എനിക്ക് വരുമാനം. അത് അടിച്ചു മാറ്റുന്നതിനും ഒരു ടെക്നിക്ക് ഉണ്ട്. ടിന്നിന് മുകളില്‍ വച്ചിരിക്കുന്ന പത്ത്‌, ഇരുപത്തിയഞ്ച് തുട്ടുകളില്‍ രണ്ടെണ്ണം പെറുക്കി ടിന്നിനടിയില്‍ വയ്ക്കും. അമ്മ കണക്കുനോക്കി കുറവെന്ന് കണ്ടാല്‍ എന്നെ വിളിക്കും. എടാ ഇവിടെയിരുന്ന പൈസ നീ എടുത്തോ. എന്റെ മറുപടി. ഏയ്‌... ഇല്ല. തുടര്‍ന്ന് അവിടെയൊക്കെ തപ്പിനോക്കി നല്ലൊരു അഭിനയം പ്രകടിപ്പിച്ചതിന് ശേഷം ടിന്‍ പൊക്കി എടുത്ത്‌ അമ്മയോട് ഒരു ചോദ്യം. പൈസ ഇവിടെ കൊണ്ട് വച്ചിട്ട് എന്നോട് ചോദിക്കുന്നോ? ഇനി അമ്മ ചോദിച്ചില്ല എന്നിരിക്കട്ടെ. ടിന്നിനടിയിലെ പൈസ എന്റെ മാത്രം സ്വന്തം!

തമ്പാനൂരിലെ ശ്രീകുമാര്‍, ശ്രീവിശാഖ്‌ തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ വരുമ്പോള്‍ കൂടെ പഠിക്കുന്ന കുബേരന്മാര്‍ ക്ലാസ്‌ കട്ട് ചെയ്തു പോകും. കൂടെ പോകണം എന്നുവച്ചാല്‍ എപ്പോഴും ഓസുന്നത് ശരിയല്ലല്ലോ. ബസിനു കൊടുക്കാന്‍ പത്തുപൈസ കുറവാണെന്നും പറഞ്ഞു ഇരക്കുവാന്‍ തന്നെ പ്ലാന്‍. കുറച്ചു പേരില്‍ നിന്നും പത്തും, ഇരുപതും പൈസ വച്ചു കിട്ടിയാല്‍ നൂണ്‍ഷോയ്ക്കുള്ള കാശ് റെഡി. അക്കാലത്ത്‌ തിരുവനന്തപുരം ആര്‍ട്സ്‌ കോളേജില്‍ പോസ്റ്റ്‌ഗ്രാജുവേറ്റ് കോഴ്സില്‍ മാത്രം കുറച്ചു ചേച്ചിമാര്‍ പഠിക്കുന്നതിനാല്‍. ഒന്നോ രണ്ടോ രൂപ ഒറ്റയടിക്ക് വേണമെങ്കില്‍ അവരോടു പോയി തല ചൊറിഞ്ഞു ചോദിച്ചാല്‍ മതിയാകും. കീബോര്‍ഡ്‌ വായനയിലും, പാട്ടിലുമൊക്കെ കുറച്ചു വാസന ഉള്ളത്കാരണം അവരുടെ ഇടയില്‍ കുറച്ചു കുഞ്ഞാങ്ങളവാല്‍സല്യം ഉണ്ടെങ്കിലും, "ഇങ്ങനെയും ഒരു എരപ്പാളിയോ" എന്ന് വല്ലപ്പോഴുമെങ്കിലും അവര്‍ മനസ്സില്‍ കരുതിയിട്ടുണ്ടെങ്കില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കുമോ? ഇന്റര്‍വെല്‍ സമയത്തുള്ള ഉണ്ടപ്പൊരിയും, ചായയും; മന്‍സൂര്‍, സതീഷ്‌വര്‍മ്മ, കൃഷ്ണമൂര്‍ത്തി, അജിത് മേനോന്‍ മുതലായ കുത്തകമുതലാളിമാരുടെ സഹകരണം കൊണ്ട് അങ്ങിനെ ഒപ്പിച്ചു പോകുന്നുണ്ടായിരുന്നു. അവരുടെ വകയില്‍ ധാരാളം കടി/കുടി മുതലായവ നടത്തിയിട്ടുള്ളതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ ആരെയെങ്കിലും "കുത്തക മുതാളിമാര്‍" എന്ന് വിളിച്ചാല്‍ എനിക്ക് രോഷം വരാറുണ്ട്.

തിരുവനന്തപുരത്ത് മിക്കവാറും ദേശീയ അന്തര്‍ദേശീയ ചലച്ചിത്രമേളകള്‍ നടക്കാറുണ്ട്. ആ അവസരങ്ങളില്‍ തിയേറ്ററുകളില്‍ കറങ്ങിനടന്നു "ലേഡീസ്‌ ടോയ്‌ലറ്റ്‌" എന്ന ബോര്‍ഡ്‌ കൈക്കലാക്കി അത് കഴുത്തില്‍ തൂക്കി സെക്രട്ടറിയേറ്റ് പരിസരത്തെ അരമതിലില്‍ ഇരുന്ന ഞങ്ങളുടെ കൂട്ടത്തിലെ മുകളില്‍ പറഞ്ഞ അജിത്‌മേനോന്‍ പോലീസ്‌ വലയില്‍ ആയതും, അവന്‍ ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ കേണല്‍ ആയി ജോലി ചെയ്യുന്നതും വിധിവൈപര്യം ആയിരിക്കാം.

അങ്ങിനെയിരിക്കെ എന്റെ ബസ്സിലെ പോക്ക് വരവ് കണ്ടു മനമലിഞ്ഞ അമ്മ അച്ഛനോട് പറഞ്ഞു ഒരു സൈക്കിള്‍ വാങ്ങിത്തന്നു. അക്കാലത്ത് സൈക്കിള്‍ ഇപ്പോഴത്തെ ഒരു നല്ല ടൂവീലറിന്റെ ഗമ തന്നെയാണ്. വ്യാജചാരായക്കച്ചവടം ഇപ്പോള്‍ ടൂവീലറില്‍ നടക്കുന്നതിനാല്‍, അതിന്റെ ഗമയ്ക്കും കുറവ് വന്നോ എന്ന് സംശയം ഉണ്ട്. കൊട്ടേഷന്‍ ടീം പോലും എന്‍ഡവര്‍ യൂസ് ചെയ്യുന്നു. ഓക്കേ, എന്റെ കാര്യത്തിലേക്ക് കടക്കാം. കാലത്ത് ട്യൂട്ടോറിയല്‍ കോളേജ്‌, പിന്നെ കോളേജ്‌ അങ്ങിനെ ഒരു സവാരി. ട്യൂഷന്‍ കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ കോളേജ്‌ ഉള്ളൂ. നഗരവാസികള്‍ ആയ സഹക്ളാസുകാര്‍ വീടുകളില്‍ ഒക്കെ പോയി പുട്ടൊക്കെ തട്ടിയായിരിക്കും കോളേജില്‍ എത്തുക. കോളേജില്‍ നിന്നും വീട്ടിലേക്കും തിരിച്ചും ആറും ആറും പന്ത്രണ്ടു കിലോമീറ്റര്‍ അധികം സൈക്കിള്‍ ചവിട്ടാനുള്ളതിനാല്‍ അതൊഴിവാക്കി, ആ ഒരു മണിക്കൂര്‍ ക്രിയാത്മകമായി ചിലവാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തില്‍ മൊത്തം അതിനുള്ള സാധ്യതാപഠനം നടത്തി.

പഠനം നടത്തിയതില്‍ ഏറ്റവും അനുയോജ്യമായി തോന്നിയത് ആയുര്‍വേദകോളേജ്‌ ഇറക്കവും, പാറ്റൂര്‍ ഇറക്കവും. ഈ രണ്ടു സ്ഥലത്തും ധാരാളം പെണ്‍കുട്ടികള്‍ ബസ്‌ കാത്തു നില്‍ക്കാറുണ്ട്. ഇറക്കത്തില്‍ നല്ല സ്പീഡില്‍ സൈക്കിള്‍ ഓടിച്ചു, കയ്യോക്കെ വിട്ടു വിയര്‍പ്പ് നെറ്റിയില്‍ നിന്നും തുടച്ചു പാഞ്ഞുപോകുമ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാം കൌതുകത്തോടെ എന്നെ നോക്കും എന്ന് ഞാന്‍ സ്വയം കണ്ടെത്തി. എന്നാല്‍ അവിടെയും ഒരു വര്‍ഗ്ഗീയത എന്നില്‍ നുരഞ്ഞുപൊന്തി. ആയുര്‍വേദകോളേജ്‌ ജങ്ക്ഷനില്‍ എല്ലാ ജാതിയില്‍ ഉള്ള വിദ്യാര്‍ഥികളും കാണും. എന്നാല്‍ പാറ്റൂര്‍ ഇറക്കത്തില്‍ ഉള്ള ബസ്‌സ്റ്റോപ്പില്‍ പാറ്റൂര്‍ പരിസരത്ത് കൂടുതല്‍ ഉള്ള ക്രിസ്ത്യാനി പെണ്‍ കുട്ടികള്‍ ആയിരിക്കും ഉണ്ടാവുക. അങ്ങിനെ പ്രകടനം നടത്താന്‍ പാറ്റൂര്‍ ഇറക്കം തന്നെ തിരഞ്ഞെടുത്തു.

ട്യൂഷന്‍ കഴിഞ്ഞു നേരെ ജനറല്‍ ആശുപത്രി ജങ്ക്ഷനിലേക്ക് വച്ച് ചവിട്ടും. അവിടെനിന്നും പാറ്റൂര്‍ ഇറക്കത്തിലേക്ക്. പാറ്റൂര്‍ ജങ്ക്ഷന്‍ എന്നത് ജനറല്‍ ആശുപത്രിയില്‍ നിന്നും പള്ളിമുക്കിലേയ്ക്കും, വഞ്ചിയൂര്‍ കോടതിയില്‍ നിന്നും ലോ കോളേജിലേക്കും റോഡുകള്‍ മുറിഞ്ഞു പോകുന്ന ഒരു പ്രധാന ജങ്ക്ഷന്‍ ആണ്. ആ ജങ്ക്ഷനില്‍ ചേര്‍ന്ന് തന്നെയാണ് ബസ്‌ സ്റ്റോപ്പ്‌. രാവിലെ 8:30 ആവുമ്പോള്‍ അവിടെ പല പല നിറങ്ങളുടെ ഒരു റിയാലിറ്റി ഷോ തന്നെയാണ്. ആ പോയിന്റ്‌ ആണ് എന്റെ ലക്‌ഷ്യം. ആശുപത്രി ജങ്ക്ഷനില്‍ നിന്നും, ഇന്നത്തെ ഐടംസ്‌ നന്നായിരിക്കണേ എന്ന് പ്രാര്‍ത്ഥനയോടെ ചവിട്ട് ആരംഭിക്കും. പാറ്റൂര്‍ ജങ്ക്ഷനിലേക്ക് അടുക്കുമ്പോള്‍ എന്നെ ആരാധനയോടെ നോക്കുന്ന ഒരു വലിയ കൂട്ടം പെണ്‍കുട്ടികള്‍ അക്കാലത്ത്‌ എന്റെ മനസ്സില്‍ കുളിരും, അഭിമാനവും വാരി വിതറുമായിരുന്നു. എന്നാല്‍ മാസങ്ങളോളം നീണ്ട എന്റെ അഭ്യാസങ്ങളുടെ ഒടുവില്‍ ആണ് എനിക്ക് ഒരു കാര്യം മനസ്സിലായത്‌. ആ പെണ്‍കുട്ടികള്‍ എന്നെ ആയിരുന്നില്ല ആരാധനയോടെ നോക്കിയിരുന്നത്. ഞാന്‍ വരുന്ന ഇറക്കത്തില്‍ തന്നെ വരാന്‍ സാധ്യതയുള്ള "ആള്‍സെയിന്റ്സ് കോളേജ്‌ - ലേഡീസ്‌ ഒണ്‍ലി" എന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിനെയാണ് അവര്‍ ആകാംഷയോടെ പ്രതീക്ഷിച്ചു നിന്നിരുന്നത്.

ദിവസവും തുടര്‍ന്ന് വന്ന അഭ്യാസപ്രകടനങ്ങളില്‍ എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു ദിവസമായിരുന്നു അന്ന്. പതിവുപോലെ ആശുപത്രി ജങ്ക്ഷനില്‍ നിന്നും ചവിട്ടി തുടങ്ങി. ആശുപത്രി ജങ്ക്ഷന്‍ കഴിഞ്ഞു, ഗവണ്‍മെന്റ് ലബോറട്ടറി കഴിഞ്ഞു. പാറ്റൂര്‍ പള്ളി കഴിഞ്ഞു... ഇനി ജങ്ക്ഷന്‍.... പലവിധ നിറങ്ങളിലും മിഡിയും, ചുരിദാറും, പാവാടയും ഒക്കെ അണിഞ്ഞുനില്‍ക്കുന്ന എന്റെ സ്വപ്നസുന്ദരിമാര്‍ അതാ എന്നെ നോക്കി നില്‍ക്കുന്നു. ഞാന്‍ മുടി മാടിയൊതുക്കി, ഷര്‍ട്ടിന്റെ കോളര്‍ നേരെയാക്കി, ചുണ്ടില്‍ സ്മൈല്‍ സെറ്റ്‌ ചെയ്തു, അവിടെയെത്താന്‍ നിമിഷങ്ങള്‍ മാത്രം..... ശരവേഗത്തില്‍ എന്റെ സൈക്കിള്‍ പായുന്നു....... അതാ....

തവളയുടെ മുകളില്‍ വവ്വാല്‍ ഇരിക്കുന്നതുപോലെ, ഒരു ലാമ്പ്രട്ട സ്കൂട്ടറില്‍ വക്കീലിന്റെ ഗൌണ്‍ അണിഞ്ഞു തൊപ്പി വച്ച ഒരു അമ്മാവന്‍ കോടതി പരിസരത്തുനിന്നും, ലോകോളേജിലേക്ക് പോകുന്ന റോഡിലേക്ക് വന്ന് കയറുന്നു. ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ബ്രേക്ക്‌ പിടിച്ചു... നില്‍ക്കുന്നില്ല. എന്റെ സൈക്കിളിന് 'ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം" ഘടിപ്പിച്ചിട്ടില്ലാത്തതിനാലും, പെട്ടെന്ന് മുന്നോട്ടെടുക്കാന്‍ അമ്മാവന്റെ ലാംബ്രട്ടായ്ക്ക് "പിക്കപ്പ്" പോരാഞ്ഞതിനാലും, രണ്ടു ഭ്രമണപഥങ്ങളും ഒരു കേന്ദ്രത്തില്‍ എത്തിച്ചെര്ന്നതിനാലും, എന്റെ സൈക്കിളിന്റെ മുന്‍ചക്രം അമ്മാവന്‍ കാല് വച്ചിരിക്കുന്ന സ്കൂട്ടറിന്റെ പ്ലാട്ഫോമില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ എസ്. എല്‍. വി. റോക്കറ്റില്‍ നിന്നും ബൂസ്റ്റര്‍ റോക്കറ്റ്‌ വേര്‍പ്പെടുന്നതുപോലെ ഞാനും സൈക്കിളുമായുള്ള ബന്ധം വേര്‍പെട്ടു. ഞാന്‍ സൈക്കിളിന്റെ ഹാന്റില്‍ബാറിനു മുകളിലൂടെ ഒരു ജിംനാസ്റ്റിക്കിന്റെ മെയ്‌വഴക്കത്തോടെ ഉയര്‍ന്നുപൊങ്ങി, അമ്മാവന്റെ തലയ്ക്കു മുകളിലൂടെ പറന്ന് അങ്ങേരുടെ തൊപ്പിയും കൈക്കലാക്കി, നടുറോഡില്‍ എന്റെ സ്വപ്നസുന്ദരിമാരുടെ നേരെ മുന്നില്‍ മലര്‍ന്നു ലാന്‍ഡ്‌ ചെയ്തു. "എ പെര്‍ഫെക്റ്റ്‌ ലാന്‍ഡിംഗ്"! ആ സമയത്ത് അതുവഴി കടന്നുപോയ ഏതോ സായിപ്പിന്റെ തലയില്‍ ഉദിച്ച ഒരു ആശയമായിരിക്കണം ഇപ്പോഴുള്ള യുദ്ധവിമാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചിരിക്കുന്ന (S.T.O.V.L) ഷോര്‍ട്ട് ടേക്ക് ഓഫ്‌ ആന്‍ഡ്‌ വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് സാങ്കേതികത. പരമദ്രോഹി, എനിക്കുള്ള പേറ്റന്റ് കൂടി നഷ്ടപ്പെടുത്തി.

പിന്നെ കണ്ണില്‍ മൊത്തം ഇരുട്ടായിരുന്നു. ആരൊക്കെയോ പൊട്ടിച്ചിരിക്കുന്നു. വീണവീഴ്ചയില്‍ ചോരയെങ്ങാനും ഒലിക്കുന്നുണ്ടെങ്കില്‍ ആ ചോര കുടിക്കാമെന്ന് കരുതിയ വല്ല ചുടല യക്ഷികളും ആയിരിക്കും അപ്പോള്‍ അവിടെ പൊട്ടിച്ചിരിച്ചതെന്നു എനിക്കിപ്പോഴും തോന്നുന്നു. എന്തായാലും ചാടി എണീറ്റു. നോക്കുമ്പോള്‍ അമ്മാവന്‍ സ്കൂട്ടറിന്റെ കണ്ട്രോള്‍ പോയി, പിസാ ഗോപുരം പോലെ, വീണു വീണില്ല എന്ന പരുവത്തില്‍ നാല്‍പ്പത്തഞ്ചു ഡിഗ്രീ ചരിവില്‍ അങ്ങിനെ ആടി നില്‍ക്കുന്നു. ആള്‍ക്കാര്‍ ഓടിവന്ന് അങ്ങേരെ പിടിച്ചു. ഞാന്‍ എഴുന്നേറ്റു, നടന്നു അങ്ങേരുടെ തൊപ്പി കൊടുത്തു. അദ്ദേഹം നന്ദിയും, സ്നേഹവും നിറഞ്ഞ ഭാഷയില്‍ വളരെ ഉച്ചത്തില്‍ എന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് വാരിപൊതിഞ്ഞു. അപ്പോഴും ആ ചുടലയക്ഷികളുടെ പൊട്ടിച്ചിരി അടുത്തെവിടെയോ ഉള്ള പനങ്കാട്ടില്‍ നിന്നും ഉയരുന്നുണ്ടായിരുന്നു.

വീണ വീഴ്ചയില്‍ അമ്മയുടെ ടിന്നില്‍ നിന്നും ഇന്‍സ്റ്റാള്‍മെന്റ് ബേസിസില്‍ അടിച്ചുമാറ്റി ശേഖരിച്ച നാണയത്തുട്ടുകള്‍ റോഡില്‍ മൊത്തം ചിതറി വീണു. എന്നാല്‍, എന്നെ ആരാധിക്കുന്ന ആ സുന്ദരിക്കുട്ടികളുടെ മുന്നില്‍ നിന്നുകൊണ്ട് വെറും ഒരു പെറുക്കിയെ പോലെ അത് പെറുക്കിയെടുക്കാന്‍ എന്റെ ആത്മാഭിമാനം എന്നെ അനുവദിച്ചില്ല. എല്ലാ ശക്തിയും സംഭരിച്ച് ഒരു കൈകൊണ്ട് സൈക്കിള്‍ പൊക്കിയെടുത്തു. ചാടിക്കയറി. ചവിട്ടി. ഒരു അമ്പതു മീറ്റര്‍ കഴിഞ്ഞപ്പോള്‍ തോന്നി, സൈക്കിള്‍ പഴയത് പോലെ നീങ്ങുന്നില്ല. കുമാരിമാരുടെ ദൃഷ്ടിയില്‍ പെടാതിരിക്കുവാന്‍ അടുത്തു കണ്ട ഒരു ഇടവഴിയിലേക്കു ചവിട്ടിക്കയറി, എന്നിട്ട് ഇറങ്ങി നോക്കി. ഏതോ ഒരു അദൃശ്യശക്തിയാവണം, എന്നെ ഈ അമ്പതു മീറ്റര്‍ കൊണ്ട് എത്തിച്ചത്. സൈക്കിളിന്റെ മുന്‍ചക്രം, പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ അണലി ചുരുണ്ടിരിക്കുന്നത് പോലെ ഇരിക്കുന്നു. ബെല്‍ബോട്ടം പാന്റിന്റെ താഴെ മുതല്‍ മുട്ടിനു മുകള്‍ വരെ നടുവേ കീറിയിരിക്കുന്നു. സിബ്ബിന്റെ അറ്റാച്ച്മെന്റ് സംവിധാനം പാടെ തകര്‍ന്നിരിക്കുന്നു. നഖം ഇളകിപോയി ചോര വാര്‍ന്നത്‌ കാരണം കൊവാദീസ് ചെരുപ്പ്‌ യാതൊരു സപ്പോര്‍ട്ടും കൂടാതെ കാലില്‍ ഒട്ടിയിരിപ്പുണ്ട്. കാരിയറില്‍ ഉണ്ടായിരുന്ന അക്കൌണ്ടന്‍സി ബുക്ക്‌ കാണാനില്ല. എന്റെ ബലമായ സംശയം, അവിടെ നിന്ന ഏതോ ഒരു പെണ്‍കൊടി അതെടുത്ത് പഠിച്ച്, പാസായി മിക്കവാറും ഒരു ചാര്‍ട്ടെര്‍ഡ് അക്കൌണ്ടന്റ് ആയിക്കാണും.

എന്റെ അച്ഛന്റെ ഒരു പരിചയക്കാരന്റെ വീട് അവിടെ അടുത്തുണ്ടായിരുന്നു. സൈക്കില്‍ പൊക്കി അവിടെ കയറ്റി. അന്ന് എന്റെ വേദനയില്‍ അവര്‍ എല്ലാം പങ്കുചേര്‍ന്നു. പകരം ഒരു സൈക്കിള്‍ അവിടുന്ന് തന്നിട്ട് പറഞ്ഞു. സൂക്ഷിച്ചു ചവിട്ടി വീട്ടില്‍ പൊയ്ക്കോ. ഞങ്ങള്‍ ഇത് സൈക്കിള്‍ ഷോപ്പില്‍ കൊടുക്കാം. ഉടുപ്പ് പുറത്താക്കി, അറ്റാച്ച്മെന്റ് സംവിധാനം നഷ്ടമായ പാന്റിന്റെ ഭാഗം മറച്ചു. കര്‍ത്താവ് കുരിശുചുമന്ന് കാല്‍വരിയില്‍ എത്തിയതുപോലെ സൈക്കിള്‍ ചവിട്ടി വീട്ടില്‍ എത്തി. തുടന്നുള്ള ഭാഗങ്ങള്‍ മനസ്സിലാക്കാമല്ലോ. അത് മനസിലാവണമെങ്കില്‍, മമ്മൂട്ടിക്കാ പറയുന്നത് പോലെ സെന്‍സ്‌ വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം.

എന്തായാലും, അടുത്ത ഒന്ന് രണ്ടു വര്‍ഷത്തേയ്ക്ക് പാറ്റൂര്‍ എന്ന് കേട്ടാല്‍ തന്നെ, വല്ലാത്ത ഒരുതരം ശ്വാസംമുട്ടലും, വെപ്രാളവും എനിക്കുണ്ടായിരുന്നു. ഈ കാലയളവില്‍ കോളേജിലേക്കുള്ള എന്റെ വഴി മറ്റൊരു റൂട്ട് വഴി തിരിച്ചുവിട്ടു.

അടുത്ത കഥ... "പുതിയ റൂട്ടിലെ യാത്രയും, ബസ്സിലെ ഫുട്ബോര്‍ഡില്‍ നിന്നുള്ള യാത്രയും"

Monday, May 24, 2010

പൂരവും ആനച്ചന്തവും വെടിക്കെട്ടും

അടുത്തിടേയായി ടിവിയില്‍ എങ്ങാനും പൂരമോ, ഉത്സവമോ, പെരുന്നാളോ, എഴുന്നള്ളിപ്പോ കാണുമ്പോള്‍ ഭയമാണ്. ഏതു നിമിഷം എന്നറിയില്ല, അതിലെ ഗജവീരന്റെ സ്വഭാവം പെട്ടെന്ന് മാറുകയും പാപ്പാനെയോ, ചെണ്ടക്കാരനെയോ കൊമ്പില്‍ കോര്‍ക്കുകയോ ചെയ്യുന്നത്. പൂരവും, മേളവും ലൈവ് ആയി കാണിക്കുന്ന ചാനലുകാര്‍, മതിലിനപ്പുറത്തേയും, കല്‍മണ്ഡപത്തിനു മുകളിലെയും സുരക്ഷിതമായ തട്ടുകളില്‍ ഇരുന്ന്, ഞങ്ങള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ എന്തെങ്കിലും ഒന്ന് വീണുകിട്ടണേ, എന്ന് പ്രതീക്ഷിക്കുന്നുമുണ്ടാവും. ആഘോഷങ്ങള്‍ കഴിയുന്നത് വരെയും അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് ചങ്കിടിപ്പോടെ തന്നെ പ്രേക്ഷകരായ നാമൊക്കെ ആഗ്രഹിക്കുകയും ചെയ്യുന്നു.


കഴിഞ്ഞ തൃശ്ശൂര്‍പൂരത്തിന്റെ ചില ദൃശ്യങ്ങള്‍ വാര്‍ത്താ മദ്ധ്യേ കാണുവാന്‍ ഇടയായി. വലിയൊരു ജന്തുസ്നേഹി അല്ലെങ്കിലും, ഞാന്‍ കണ്ട ഒരു ദൃശ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ഗജവീരന്‍ തന്റെ അടുത്ത് നില്‍ക്കുന്ന മറ്റൊരു ആനയുടെ മേലേയ്ക്കു കുഴഞ്ഞു വീഴുന്നു. അത് ചാനലുകാര്‍ സ്ലോമോഷനിലും മറ്റും വീണ്ടും വീണ്ടും പുനര്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ദൈന്യതയാര്‍ന്ന ആ മൃഗത്തിന്റെ കിടപ്പ് കണ്ടാല്‍ ഏതൊരു മനുഷ്യജീവിക്കും കുറച്ചു വിഷമം ഉണ്ടാവും. പക്ഷെ, ഈ സാധു ജന്തുക്കളെ ആഘോഷങ്ങള്‍ക്ക് കൂടിയേതീരു എന്ന് അഭിപ്രായമുള്ള "ആനപ്രേമികളുടെ" കാര്യം എനിക്കറിയില്ല. ഈ സംഭവത്തെക്കുറിച്ചു പിന്നാമ്പുറങ്ങളിലെ വര്‍ത്തമാനം എന്താണെന്ന് വച്ചാല്‍, മദപ്പാട് കണ്ട ആനയെ 'വാട്ടാന്‍' (ആനക്കാരുടെ പ്രയോഗം), അവനു വെള്ളം കൊടുക്കാതെയിരുന്നുവത്രേ. കാരണം വെള്ളം കൊടുക്കാതെ വാട്ടിയാല്‍ അവന്‍ പ്രകോപിതനാവാതെ തളര്‍ന്നു പോകുമത്രേ. വരും കാലങ്ങളില്‍ പ്രതിപക്ഷത്തെ വാട്ടാന്‍ ഭരണപക്ഷവും ഈ വിദ്യ പ്രയോഗിക്കുമോ എന്ന് കണ്ടറിയണം. എന്തായാലും കേരളത്തിലെ ജലസേചനവകുപ്പ് ഇടയ്ക്കിടയ്ക്ക് പൊതുജനങ്ങളെ വെള്ളം കൊടുക്കാതെ വാട്ടാറുണ്ട്.


ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നുപേരെ കുത്തിക്കൊന്ന സംഭവത്തില്‍ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ആന മദപ്പാടിലോ മറ്റു പീഡനങ്ങളിലോ ആയിരുന്നില്ലെന്നാണ് പോലീസ് നിഗമനം. കൊമ്പില്‍ പിടിച്ചപ്പോഴുണ്ടായ പ്രകോപനം ആണത്രേ പ്രശ്നത്തിന് തുടക്കം. പാപ്പാന്‍ ഒരടി (എവിടെയാണെന്നറിയില്ല) കൂടി കൊടുത്തതോടെ അവന്‍ കൂടുതല്‍ പ്രകോപിതനായി. എതായാലും എന്തായി? മൂന്ന് ജീവന്‍ പൊലിഞ്ഞു. പിന്നീട് തളച്ച ആനയെ സഹൃദയര്‍ ചേര്‍ന്ന് നല്ലതുപോലെ പെരുമാറിയെന്നും സംസാരം.

ഒന്നിന് പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, അല്ല ആവര്‍ത്തിക്കുമ്പോള്‍, ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ ഞാനും ചിന്തിച്ചു, ഒരു പക്ഷേ ഇത്തരം ഏര്‍പ്പാടുകള്‍ ഇനി നിരോധിക്കുമായിരിക്കും എന്ന്. ഒന്നും നടന്നില്ല. അല്ലെങ്കില്‍ നടക്കാന്‍ സമ്മതിച്ചില്ല. കോടതിയെക്കാളും, നിയമത്തെക്കാളും സ്വാധീനശക്തിയുള്ള ദേശക്കാരും, വിഭാഗക്കാരും, തമ്പ്രാക്കന്മാരും വാഴുന്ന ഈ നാട്ടില്‍ എന്ത് നടക്കാന്‍? അല്ലെങ്കില്‍ അവരുടെ ആജ്ഞാശക്തിക്ക് മുമ്പില്‍ ഓച്ചാനിച്ച്‌ നില്‍ക്കുന്ന ഭരണകര്‍ത്താക്കള്‍ എന്ത് ചെയ്യാന്‍?


ശരിക്കും ആനപ്രേമി, അല്ലെങ്കില്‍ ആനകമ്പം എന്താണെന്ന് എനിക്ക് അറിയില്ല. ആനയോടുള്ള പ്രേമം അല്ലെങ്കില്‍ സ്നേഹമാണോ ഉദ്ദേശിക്കുന്നത്? ഇത് ഈ കമ്പക്കാര്‍ക്ക് തന്നെ അറിയില്ല. മറിച്ച്, തങ്ങളുടെ ഗര്‍വ്വും, പ്രമാണിത്വവും മറ്റുള്ളവരുടെ മുന്നില്‍ കാണിക്കുവാനുള്ള ഒരു കപട നാടകം തന്നെയല്ലേ ഈ ആനകമ്പം? നമ്മുടെ ചില ചലച്ചിത്ര നടന്മാര്‍ക്കും ഉണ്ടല്ലോ ഈ ആനകമ്പം. മറിച്ച്, ശരിക്കും ആനയോടുള്ള സ്നേഹമാണെങ്കില്‍ സുഹൃത്തെ, ആ പാവം വന്യജീവി ജീവിക്കേണ്ടത് വനത്തിലാണ്. നാട്ടാന എന്ന പ്രയോഗം തന്നെ തെറ്റാണ്. നാട്ടില്‍ എവിടെയാ ആനയുള്ളത്? വനത്തില്‍ ആനക്കുഴി നിര്‍മ്മിച്ച് കുടുക്കിലാക്കുന്ന ആനയെ മെരുക്കിയെടുത്തു നാട്ടാനയാക്കുന്നു! നിലമ്പൂരിലെ നെടുങ്കയം പോലുള്ള സ്ഥലങ്ങളില്‍ ആനക്കൂട്ടില്‍ കഴിയുന്ന പുതുതായി പിടികൂടപെട്ട കരിവീരന്മാരുടെ അസ്വസ്ഥത ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷയുള്ള നമ്മുടെ നാട്ടില്‍, ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗജവീരനെ കൈവശം വയ്ക്കുന്നതില്‍ എന്ത് നിയന്ത്രണം ആണ് ഉള്ളത്? അതിനു ലൈസന്‍സ്‌ ഉണ്ടത്രേ. അങ്ങിനെയെങ്കില്‍ കൈയ്യില്‍ കാശുള്ളവനൊക്കെ ലൈസന്‍സ് എടുത്ത് പുലിയെയും, മയിലിനെയും, കരടിയും മറ്റും കാട്ടില്‍നിന്നും പിടിച്ചുകൊണ്ട് വന്നു വീട്ടില്‍ വളര്‍ത്തിക്കൂടെ? അവിടെയെല്ലാം നമ്മുടെ വന്യജീവി സംരക്ഷണനിയമം നിശബ്ദത പാലിക്കുന്നു.


ഈ അടുത്ത കാലത്ത് ചങ്ങനാശ്ശേരിയിലെ ഒരു ക്രിസ്തീയ കുടുംബത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞെത്തിയ വധൂവരന്മാരെ ഹാരമണിയിച്ചു സ്വീകരിക്കുന്നത് ഒരു ഗജവീരന്‍. ഹാരമെടുത്തു കഴുത്തില്‍ ഇടുന്നതിനു പകരം, ഒരു കുസൃതി തോന്നി അവന്‍ വരന്റെ കഴുത്തിനു പിടിച്ചു തള്ളിയിരുന്നെന്കില്‍ വിവാഹം അത്യാഡംബരപൂര്‍ണ്ണമാകുമായിരുന്നു. അത് നോക്കി നിന്ന എനിക്ക് പഴയ ഒരു സിനിമയിലെ രംഗവും ഓര്മ വന്നു. "പനിനീര് തളിയാനേ..... പനിനീര് തളിയാനേ.....". കരയിലെ വമ്പനായ ഈ വിദ്വാന് കലികയറിയാല്‍, റോക്കറ്റ്‌ എന്‍ജിന്‍ ഘടിപ്പിച്ചു നിയന്ത്രണം കൈവിട്ട ബുള്‍ഡോസര്‍ പോലെയാവും സ്ഥിതി. പിന്നെ ആ പരിസരം എന്താണെന്ന് പറയണ്ടല്ലോ? പത്തു കാശ് കയ്യില്‍ ഉണ്ടെങ്കില്‍ എന്തെല്ലാം പുകിലുകള്‍! മുന്‍ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാറിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കിനിര്‍ത്തിയിരുന്ന കന്യാകുമാരി ദേവസ്വം വക ഗോപാലന്‍ എന്ന ആന ഇടഞ്ഞ് എട്ടുപേര്‍ക്ക് പരിക്കേറ്റ സംഭവവും ആരും മറന്നിട്ടില്ല.


പേരില്‍ സൗന്ദര്യമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ ഒരു അമരക്കാരന്‍ പറഞ്ഞത് ഇതാണ്. "തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത് സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്‌". ആയിക്കൊള്ളു സുഹൃത്തേ, അതിനു പൊരിവെയിലത്ത് ഈ പാവങ്ങളെ എഴുന്നള്ളിച്ചു നിര്‍ത്തണോ?. പിന്നെ അദ്ദേഹത്തിന്‍റെ മറ്റൊരു നിര്‍ദേശം: വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. എഴുന്നള്ളിക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. എന്തൊരു കഷ്ടപ്പാട്! എന്നാലും അതുങ്ങളെ വെറുതെ വിടില്ല എന്ന് തന്നെ. ടൂറിസം സാധ്യതകള്‍ ആണ് ഇതിന്റെ മുഖ്യലക്‌ഷ്യം എന്ന് അവകാശപ്പെടുന്ന ആ സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കുക. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടക്കുന്ന പൂരം കാണാന്‍ വരുന്ന സംസ്കാരസമ്പന്നരായ വിദേശികളുടെ സ്വന്തം രാജ്യങ്ങളില്‍ ഇത്തരം കാടത്തങ്ങള്‍ പണ്ട് തന്നെ നിയമം കൊണ്ട് നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അവര്‍ ആസ്വദിക്കുന്നത്, അവരുടെ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഒഴിവാക്കപ്പെട്ട ചില കസര്‍ത്തുകള്‍ അത്ഭുതത്തോടെ നേരിട്ട് കാണുന്നതായിരിക്കും.


മനുഷ്യന്‍ കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്ന് തന്നെയാണ് ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഉത്സവങ്ങളും, പെരുന്നാളുകളും, പൂരങ്ങളും. ചൂട് തീരെ സഹിക്കാന്‍ പറ്റാത്ത ഒരു ജീവിയാണ് ആന. വിയര്‍പ്പുഗ്രന്ധികള്‍ കുറവായതിനാലോ മറ്റോ ആവാം അത്. അതൊക്കെ ശാസ്ത്രീയ വശങ്ങള്‍. അതുകൊണ്ടാണ് മൂപ്പര്‍ ഇടയ്ക്കിടെ തനിയെ മണ്ണോ, ചെളിയോ, വെള്ളമോ വാരി അഭിഷേകം നടത്തുന്നത്. ആ പാവത്തിന് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെയാണ് ദേവപ്രീതിക്കായി മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുന്നത്. ചൂട് സഹിക്കാനാവാതെ പുള്ളിക്കാരന്‍ ചെവിയാട്ടുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള വിഡ്ഢികള്‍ കരുതുന്നത്, അവന്‍ മട്ടന്നൂരിന്റെ തായമ്പക ആസ്വദിക്കുകയാണെന്നാണ്.


ഇക്കാര്യം ഞാന്‍ ഈയിടെ എന്റെ ഒരു സുഹൃത്തിനോട് സൂചിപ്പിച്ചപ്പോള്‍ അത്യന്തം ക്ഷുഭിതനായ അദ്ദേഹം എന്നോട് കയര്‍ത്തു. എന്താ ഹേ? ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കാര്യത്തെ പറ്റിയാണോ താന്‍ ഇങ്ങനെ സംസാരിക്കുന്നത്? ആനകളും, വെടിക്കെട്ടും ഇല്ലാത്ത എന്ത് പൂരമാ? അതൊക്കെ കാണാന്‍ എന്തുമാത്രം ടൂറിസ്റ്റുകള്‍ ആണെന്നോ വന്നെത്തുന്നത്? കഷ്ടം! വര്ഷം മുഴുവന്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലും, കോവളത്തും, ആലപ്പുഴയിലും ആനയെ നിര്‍ത്തിയും, വെടിക്കെട്ട് നടത്തിയുമാണോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്? എന്നാല്‍ ഇപ്പോഴുള്ള പൂരങ്ങളിലും, ഉത്സവങ്ങളിലും, പള്ളിപ്പെരുന്നാളുകളിലും, വെടിക്കെട്ട്‌, കമ്പം എന്നിവ ഒരുതരം ബോംബ്‌ സ്ഫോടനം തന്നെയാണെന്ന് പറയാതെ വയ്യ. ചിരട്ടയ്ക്ക് പകരം ലോഹം ഉപയോഗിച്ചാല്‍ അത് ഉഗ്രശേഷിയുള്ള ബോംബുകള്‍ തന്നെയാണ്. ഈ വെടിക്കെട്ടുകള്‍ക്ക് ഉഗ്രസ്ഫോടനശബ്ദം ഉണ്ടാക്കുവാന്‍ പൊട്ടാഷ്യം ക്ലോറൈഡ് വരെ ഉപയോഗിക്കുന്നതായി കേട്ടിരിക്കുന്നു. ചെകിടടപ്പിക്കുന്ന ഇത്തരം പേക്കൂത്തുകളും അവസാനിപ്പിക്കണം. വികസിതരാജ്യങ്ങളില്‍ ശബ്ദങ്ങള്‍ക്ക് വളരെ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അവിടെ ശബ്ദം കൂടുതല്‍ ഉള്ള വിമാനങ്ങള്‍ക്ക് പോലും സര്‍ച്ചാര്‍ജ്‌ ഏര്‍പ്പെടുത്തുന്നു. ആ നാട്ടില്‍ നിന്നും വരുന്നവര്‍ക്കുവേണ്ടി ഉഗ്രസ്ഫോടനങ്ങള്‍ നടത്തുക എന്ന് വച്ചാല്‍ അത് വിശ്വസിക്കാന്‍ കുറച്ചു പ്രയാസം തന്നെ. വിദേശരാജ്യങ്ങളില്‍ കാതടപ്പിക്കുന്ന ശബ്ദങ്ങളും, വെടിക്കെട്ടുകളും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ലേസര്‍ ഷോയ്ക്കും മറ്റും വഴിമാറിയിരിക്കുന്നു. പിന്നെ നമ്മുടെ പ്രാകൃതമായ വെടിക്കെട്ട്‌ കാണാന്‍ വിദേശികള്‍ എത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റത്തെ മണ്ടത്തരമാണെന്ന് പറയാതെ വയ്യ. സിഡ്നിയില്‍ പുതുവര്‍ഷത്തിലും, അമേരിക്കയില്‍ സ്വാതന്ത്ര്യദിനത്തിലും "Fireworks" നടക്കാറുണ്ട്. നമ്മുടെ പൂരങ്ങളില്‍ നടക്കുന്നതിനെക്കാള്‍ പതിന്മടങ്ങ്‌ നയനാനന്ദകരമായി തന്നെ. അവിടെ വെടിക്കെട്ടിനെക്കാള്‍ ഉയരത്തില്‍, സംഗീതവും, ആരവങ്ങളും കേള്‍ക്കാം. അതില്‍നിന്നും മനസ്സിലാകുന്നത് എത്രമാത്രം ശബ്ദം കുറച്ചാണ് അവര്‍ അത് നടത്തുന്നത് എന്നാണു.

പ്രാകൃതമായ ഈ വെടിക്കെട്ട്‌ നിര്‍മാണത്തിനിടയില്‍ എത്ര ജീവനാണ് നഷ്ടപ്പെടുന്നത് എന്ന് ഒരു കണക്കുമില്ല. മരിക്കുന്നവരുടെ കൂട്ടത്തില്‍ തമിഴ്നാട്ടില്‍നിന്നും, ആന്ധ്രയില്‍ നിന്നും, ബീഹാറില്‍ നിന്നുമുള്ള ബാലവേലക്കാരും ഉണ്ടാവും. അവരുടെയൊക്കെ കണക്ക് ആര് നോക്കാന്‍! പാലക്കാട് തൃത്താല മേഴത്തൂരിനടുത്തു മുടവന്നൂര്‍ ചെങ്കല്‍ ക്വാറിക്ക് അടുത്തുള്ള പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ചു മരിച്ചത് അഞ്ചുപേര്‍ ആണ്. കോഴിക്കോട് മിട്ടായി തെരുവിലാണെങ്കില്‍ പൊലിഞ്ഞത് ഏഴു ജീവനുകള്‍. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ അമ്പലങ്ങളിലും, പള്ളികളിലും വെടിക്കെട്ടിന് ഒരു പഞ്ഞവുമില്ല. തിരുവനതപുരത്ത് തന്നെ വെടിവഴിപാടു മാത്രം നടത്തുവാനുള്ള ഒരു ക്ഷേത്രം തന്നെയുണ്ട്. ഓരോ അഞ്ചു നിമിഷത്തിലും രണ്ടോ അതിലധികമോ വെടിവഴിപാട് കാണും.


ഉത്സവങ്ങളും, പൂരങ്ങളും, പെരുന്നാളുകളും നടക്കട്ടെ. എത്ര മെരുക്കി എടുത്താലും ആന ഒരു വന്യ മൃഗം തന്നെയാണ്. ആയിരങ്ങള്‍ കൂടുന്ന ഒരു സ്ഥലത്ത് ജനങ്ങള്‍ക്ക്‌ ഭീഷണി ആയേക്കാവുന്ന ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഒഴിവാക്കണം. പ്രകൃതിക്കും, അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്കും, ജീവനും, ശരീരത്തിനും, നിര്മ്മിതികള്‍ക്കും കേടു വരുത്തുന്ന രീതിയില്‍ ഉള്ള ഉഗ്ര ശബ്ദ സ്ഫോടനങ്ങളും ഒഴിവാക്കണം. പാരമ്പര്യങ്ങളും, അനുഷ്ടാനങ്ങളും, വിശ്വാസങ്ങളും എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. സാക്ഷരത വാക്കില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രവര്‍ത്തിയില്‍ വരുത്തുക. എന്നിട്ട് ഉദ്ഘോഷിക്കുക, "ഞങ്ങള്‍ സംസ്കാര സമ്പന്നര്‍ ആണെന്ന്".


"ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ട്‌ നടക്കാറുണ്ടിവിടേ"..... അതേ, ഹൃദയത്തില്‍....
നല്ലൊരു ഹൃദയം നമുക്കുണ്ടെങ്കില്‍ ആനയും, വെടിക്കെട്ടും ഇല്ലാതെ തന്നെ നമുക്ക് ആഘോഷങ്ങള്‍ നടത്താം.


നന്ദി


ജസ്റ്റിന്‍ പെരേര