Saturday, December 14, 2013

വഴിമുടക്കുന്ന കഴുതകള്‍

ഈ ചിത്രത്തില്‍ കാണുന്നത് ഒരു കഴുത. ഈ കഴുത, അല്ലെങ്കില്‍ ഒരു കൂട്ടം കഴുതകള്‍ വിചാരിച്ചാല്‍ നമ്മുടെ വഴി മുടക്കാന്‍ സാധിക്കും. കഴുതയ്ക്ക് വിവരമില്ലാത്തതിനാല്‍, നമ്മളില്‍ ആരുംതന്നെ, നാം സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി അതിനടുത്ത് ചെന്ന്, അല്ലയോ കഴുതേ, എനിക്ക് അത്യാശ്യമായി റെയില്‍വേ സ്റ്റേഷനില്‍ എത്തണം, എയര്‍പോര്‍ട്ടില്‍ എത്തണം, എന്റെ സുഖമില്ലാത്ത അമ്മയെ കൊണ്ട് ആശുപത്രിയില്‍ പോകണം, പ്രസവിക്കാറായ എന്റെ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കണം, എന്റെ മകളെ അവളുടെ ജോലിക്കുള്ള ഇന്റെര്‍വ്യൂ നടക്കുന്ന സ്ഥലത്ത് എത്തിക്കണം, മകനെ അവന്റെ അവസാനവര്‍ഷ പരീക്ഷയ്ക്ക് പരീക്ഷാഹാളില്‍ എത്തിക്കണം എന്നൊന്നും താണ് വീണു പറയില്ല. കാരണം, അത് കഴുതയാണ്‌. നമ്മള്‍ പറയുന്നതൊന്നും അതിന് മനസില്ലായിക്കൊള്ളണമെന്നില്ല. അതൊരു കഴുതയാണെങ്കില്‍ പോലും, നാം ഹോണടിച്ചാലോ, നമ്മുടെ നിസ്സഹായത കണ്ടാലോ ഒരു പക്ഷെ കുറച്ച് കഴിയുമ്പോള്‍ അത് വഴിമാറിത്തരും.

എന്നാല്‍, ഞാന്‍ പറഞ്ഞുവരുന്നത് ഈ വെറും കഴുതകളെ കുറിച്ചല്ല. എന്തൊക്കെ അത്യാഹിതങ്ങള്‍ കണ്ടാലും, ആരൊക്കെ താണ് വീണു കാല് പിടിച്ചാലും, യാതൊരു സഹാനുഭൂതിയും, അനുകമ്പയും കാണിക്കാത്ത, വഴിമാറിത്തരാന്‍ കൂട്ടാക്കാത്ത, വിദ്യാഭ്യാസവും അറിവും ഉണ്ടെന്ന് തനിയെ പൊങ്ങച്ചം പറയുന്ന, ഇടതെന്നോ, വലതെന്നോ, കുളത്തിലെ താമരയെന്നോ യാതൊരു വ്യത്യാസവുമില്ലാത്ത ഒരു വിഭാഗം മനുഷ്യരെക്കുറിച്ചാണ്‌. ഈ വിഭാഗത്തില്‍ പെടുന്ന മനുഷ്യന്‍ ഭൂഗോളത്തിന്റെ ഒരേയൊരു ഭാഗത്ത് മാത്രമേ കാണപ്പെടുന്നുള്ളൂ. അതാണ്‌ കേരളം. സദ്ദാമിനെ തൂക്കിക്കൊന്നതിനുപോലും ഹര്‍ത്താല്‍ നടത്തിയ ലോകത്തിലെ ഒരേയൊരു ഭൂവിഭാഗം. അതെ, കേരളം. ബുഷിന്റെ ഇറാക്ക് അധിനിവേശത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ അതൃപ്തിയാണത്രേ അന്ന് നടന്ന ഹര്‍ത്താല്‍! ബുഷോ, ഇറാക്കി ജനതയോ, പോട്ടെ സദ്ദാമിന്റെ ആത്മാവെങ്കിലുമോ അതറിഞ്ഞോ ആവോ!

ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസ് ഉപരോധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചില പൊറാട്ട് നാടകങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. ഇതുപോലുള്ള എത്രയോ നാടകങ്ങള്‍ക്ക് തലസ്ഥാനനഗരി സാക്ഷിയായിട്ടുണ്ട്. പതിറ്റാണ്ടുകളായി അതൊക്കെ നേരിട്ടുകണ്ട് മനംമടുത്ത ഒരു തിരുവനന്തപുരം നിവാസിയാണ് ഞാനും. ഇത്തരം നാടകങ്ങള്‍, ഇത്തരം പേക്കൂത്തുകള്‍ കാണുമ്പോള്‍, പലപ്പോഴും സിനിമകളില്‍ സുരേഷ് ഗോപി കാണിക്കുന്നത് പോലെ "ഷിറ്റ്" പറഞ്ഞ് ഇക്കൂട്ടരുടെ മദ്ധ്യേ ചാടിവീഴാനും, ആംഗലേയഭാഷയില്‍ പുളിച്ച തെറിവിളിച്ച് കാസര്‍ഗോഡ്‌ മുതലുള്ള നിരവധി ദേശങ്ങളില്‍ നിന്നും ഈ പൊറാട്ട് നാടകങ്ങളില്‍ പങ്കെടുക്കുവാനും, എന്റെ നഗരത്തെ നാശമാക്കുവാനും എത്തിച്ചേരുന്നവരെ, അവരവരുടെ ദേശങ്ങളിലേയ്ക്ക് ആട്ടിപ്പായിക്കുവാനും എനിക്കും തോന്നിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ മനസ്സില്‍ കടിച്ചമര്‍ത്തി കൊണ്ടുനടന്ന ആ അമര്‍ഷം 'സന്ധ്യ'യെന്ന മിടുമിടുക്കിയായ വീട്ടമ്മയില്‍ നിന്നും അണപൊട്ടി വരുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നുന്നു. ആ സഹോദരിക്ക് നൂറു സല്യൂട്ട്. നൂറു നൂറ് അഭിവാദനങ്ങള്‍. സന്ധ്യ വെറുമൊരു സന്ധ്യയല്ല. അതൊരു ഉഷസാണ്. ആ ഉഷസിന്റെ വെളിച്ചം കേരളത്തിലെ എല്ലാ വീട്ടമ്മമാര്‍ക്കും, സ്ത്രീകള്‍ക്കും, വിവരമുള്ള എല്ലാ സാധാരണ ജനങ്ങള്‍ക്കും വെളിച്ചം പകരട്ടെ എന്നാശംസിക്കുന്നു. മമ്മൂട്ടി പറഞ്ഞ 'നീ വെറും പെണ്ണാണ്, പെണ്ണ്' എന്നത് തിരുത്തി എഴുതേണ്ട സമയമായി.

പ്രതികരിക്കുന്നവരെ അവഹേളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യുക എന്നത് കേരളത്തിലെ എല്ലാ രാഷ്ടീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും, അവരുടെ ശിങ്കിടികളുടെയും ജന്മാവകാശമായി അവര്‍ കരുതികൊണ്ടുനടക്കുന്നു. അവഹേളിക്കുകയോ, അധിക്ഷേപിക്കുകയോ, അതുമല്ലെങ്കില്‍ മറ്റേന്തെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധിയാണ് പ്രതികരിക്കാന്‍ വന്നവര്‍ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ വിവരംകെട്ട പാര്‍ട്ടി അണികളുടെ പിന്തുണ അവര്‍ക്ക് കിട്ടുന്നു. അതുതന്നെയാണ് പ്രസ്തുത വിഷയത്തില്‍ ആമത്തലയുള്ള ഒരു നേതാവും പറഞ്ഞത്. സന്ധ്യ എന്ന സാധാരണ വീട്ടമ്മ മുഖ്യന്റെ ആളാണത്രേ! അത് പറയുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ ആ മാന്യന്‍ ഒന്നുകൂടി ശ്രദ്ധിച്ചാല്‍ അങ്ങിനെ പറയില്ലായിരുന്നു. സന്ധ്യ ചോദിച്ചത് "ഏതു ജനങ്ങള്‍ക്ക്‌ വേണ്ടി, ആര്‍ക്കുവേണ്ടി? നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ പത്തും, പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നവര്‍ക്കെതിരെ വല്ലതും ചെയ്യൂ" എന്നാണ്. പീഡനങ്ങളെ കുറിച്ച് ഇത്രയും രോഷാകുലയായി പറയണമെങ്കില്‍ "സന്ധ്യ" ഭരണപക്ഷത്തിന്റെ ആളല്ല എന്ന് വ്യക്തമല്ലേ? അതെങ്കിലും ആ ആമത്തലയന് ചിന്തിക്കാമായിരുന്നില്ലേ?

മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയില്‍ പ്രതികരിച്ച 'സന്ധ്യ' എന്ന വീട്ടമ്മയെ ഒരു പാരിതോഷികം നല്‍കി അനുമോദിച്ച, കേരളത്തിലെ നോക്കുകൂലി പോലുള്ള തെമ്മാടിത്തരങ്ങളെ ഒറ്റയാന്‍ സമരത്തിലൂടെ നേരിട്ട, സ്വന്തം കിഡ്നി മുറിച്ചു നല്‍കി അവയവദാനത്തിന് മാതൃക കാണിച്ച കൊച്ചൌസേഫ് ചിറ്റിലപ്പള്ളി എന്ന മാന്യനായ വ്യക്തിയും ഇക്കൂട്ടര്‍ അങ്ങേയറ്റം ഹീനമായി അധിക്ഷേപിക്കുവാന്‍ മടിക്കുന്നില്ല. വീഗാലാന്റില്‍ അപകടത്തില്‍പ്പെട്ട് തളര്‍ന്നു കിടക്കുന്ന വിജേഷ് എന്ന ചെറുപ്പക്കാരനെ സഹായിക്കാതെ, സന്ധ്യയ്ക്ക് പാരിതോഷികം നല്‍കുന്നതിലൂടെ ചിറ്റിലപ്പള്ളി ബിസിനസ് തന്ത്രം മെനയുകയാണെന്നാണ് ഇക്കൂട്ടരുടെ ആരോപണം. പതിനൊന്ന് വര്‍ഷമായി ചികിത്സ കിട്ടാതിരുന്ന വിജീഷിനുവേണ്ടി, ഇത്രയും വര്‍ഷം ഇല്ലായിരുന്ന സഹജീവിസ്നേഹം ഇക്കൂട്ടരില്‍ വന്നത് വിജീഷിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. മറിച്ച്, അവര്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ആശയങ്ങള്‍ ഇല്ലാതായി തീര്‍ന്നിരിക്കുന്നു, അവര്‍ ഇന്ന് വിമര്‍ശകരെ നേരിടുന്നത് അതുന്നയിച്ച വ്യക്തികള്‍ക്ക് നേരെ അവരുടെ കാറ്റഗറി അനുസരിച്ച് കായബലം കൊണ്ടോ അല്ലെങ്കില്‍ അവരെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ച് കൊണ്ടോ ആണ്. പ്രസ്തുതവിഷയത്തില്‍ ചിറ്റിലപ്പള്ളിയുടെ മറുപടി താഴെ കൊടുക്കുന്നു.

Dear Friends,

By way of an answer to these allegations I would like to draw your attention to my July 2012 post on the same Issue.

"It is noticed that a post has been circulating in the Facebook and the virtual media disparaging Veegaland and claiming that one Vijesh Vijayan had fallen from a ride causing serious spinal injury and that there was ill treatment from the authorities of Veega Land. 

The fact, as understood, is that Vijesh Vijayan, under the influence of alcohol, had dived into the family pool having only a depth of 2 feet of water, contrary to notices exhibited warning against diving. Our visitors would know that the family pool is intended only for playing around in the water and not for jumping or diving. But, he and his friends, who were also intoxicated, concealed the said facts, at that time. As such, he was given immediate first aid and left, on their own volition. It is learnt that his friends left Vijesh , unattended in a car, in the parking area and returned to the Park to have fun. They must have left, much later. Later, his relatives requested us for financial help and purely out of sympathy and as an act of grace, an amount of Rs.60,000 was disbursed, though there were no legal obligations. On false allegations, his father filed a criminal complaint against us but the police had, after an investigation, filed their final report, finding absolutely no negligence on our part. Later, raising false allegations, Vijesh Vijayan had filed W.P. (C) No. 1107 of 2007 before the High Court arraying us, the State of Kerala and others as respondents and seeking a direction to the respondents to pay compensation. The said Writ Petition is pending consideration before the High Court of Kerala. These are the real facts." - Kochouseph Chittilappilly

"കേരളാസ്റ്റൈല്‍ ഹര്‍ത്താല്‍" എന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ല എന്ന്‍ കാലവും,
അനുഭവങ്ങളും കാണിച്ചു തന്നിരിക്കുന്നു. ബംഗ്ലാദേശ് പോലുള്ള അവികസിതരാജ്യങ്ങളില്‍ മാത്രമേ, "കേരളാ മോഡലില്‍ ഉള്ള പ്രാകൃതമായ ഹര്‍ത്താല്‍" എന്ന സംഭവം നടക്കുന്നുള്ളൂ എന്നാണ് എന്റെ അറിവ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആണത്രേ ഇത്തരം സമരങ്ങള്‍. സമ്മതിച്ചു. എന്നാല്‍, സഹനസമരങ്ങളിലൂടെ കഴിഞ്ഞകാലങ്ങളില്‍ നേടിയെടുത്തതെല്ലാം എന്റെയും, എന്റെ കാരണവന്മാരുടേയും മാത്രം കഴിവുകൊണ്ടാണെന്ന് ഗീര്‍വ്വാണം വിടുന്നത് വിശ്വസിക്കാന്‍ നിങ്ങളിലെ കുറച്ച് ഊച്ചാളികളും, കിങ്കരന്മാരും മാത്രമേ കാണൂ. ലോകചലനങ്ങളെ അറിയുന്ന, സമകാലീന പ്രശ്നങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന, എല്ലാവിധ മാധ്യമങ്ങളും കണ്ടറിയുന്ന, കേട്ടറിയുന്ന നിക്ഷ്പക്ഷരായ ഒരു ജനത ഇവിടുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കുന്നില്ല. നിങ്ങള്‍ക്ക് രണ്ടു മുന്നണികള്‍ക്കും വോട്ടുകള്‍ നല്‍കി മാറി മാറി നിങ്ങളെ അധികാരകസേരകളില്‍ പിടിച്ചിരുത്തുമ്പോള്‍, നിങ്ങള്‍ കരുതുന്നുണ്ടാവും നിങ്ങള്‍ പറയുന്നതൊക്കെ അപ്പാടെ വിശ്വസിക്കുന്ന, നിങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരു ജനവിഭാഗം ഇവിടെ ഉള്ളതുകൊണ്ടാണെന്ന്. ഒരിക്കലും അല്ല. ഞങ്ങള്‍ക്ക് മറ്റൊരു നിവൃത്തിയില്ലാത്തതിനാല്‍ മാത്രമാണ് നിങ്ങളെ രണ്ടുപേരെയും സഹിക്കേണ്ടി വരുന്നത്. നിങ്ങള്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എന്ന പേരില്‍ നടത്തുന്ന ഇത്തരം സഹനസമരങ്ങള്‍, സഹിക്കേണ്ടിവരുന്നത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരാണ്. എന്റെ സുഹൃത്ത് ദ്വിതീയന്‍ പ്രഹ്ലാദന്‍ എഴുതിയത് ഇപ്രകാരമാണ്. "സമരം / തടയൽ / ഹർത്താൽ / ഉപരോധം / വളയൽ ഇത്തരം പേരും പറഞ്ഞ് കാസര്‍ഗോഡ്‌ നിന്ന് തുടങ്ങി തിരുവനന്തപുരം വരെയുള്ള എമ്പോക്കികൾ തലസ്ഥാനത്ത് വന്ന് മുള്ളിയും തൂറിയും നിങ്ങളെ വഴിതടയുന്നു എങ്കിൽ അത് തിരുവനന്തപുരം നിവാസികൾക്ക് ചുണ ഇല്ലാത്തത് കൊണ്ടാണ്. തല്ലി ഓടിക്കണം ഇത്തരം എഭ്യന്മാരെ". ശരിയാണ്. പലരും പ്രതികരിക്കാന്‍ മടിക്കുന്നത് പേടികൊണ്ട് മാത്രമാണ്. പ്രതികരിച്ച 'സന്ധ്യയുടെ' വീടും, കൃഷിയിടങ്ങളും ഇന്നാരൊക്കെയോ ഉഴുതുമറിച്ചു എന്ന് കേട്ടു.

സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഇക്കൂട്ടരുടെ വഴിതടയല്‍ സമരങ്ങള്‍ മാത്രമല്ല, റോഡുകളും, വഴികളും കൊട്ടിയടച്ച്, സമീപവാസികള്‍ക്ക് പോലും നരകയാതന സംഭാവന ചെയ്യുന്ന, ഭക്തി എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന അടുപ്പുകൂട്ടല്‍, പ്രദക്ഷിണങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം തന്നെ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാത്തിനും കാലോചിതമായ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അനാവശ്യസമരങ്ങള്‍ എന്തിനാണെന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍, അതിനെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോള്‍, സ്വാതന്ത്ര്യസമരവും, പീഡനങ്ങളും, ഗാന്ധിജിയെയും ഉയര്‍ത്തിക്കാട്ടി അതിനെ ന്യായീകരിക്കാന്‍ ബദ്ധപ്പെടുന്ന ഈ നേതാക്കളെ കുറിച്ച് കുറച്ച് നല്ല അഭിപ്രായം പറയട്ടെ. കുറഞ്ഞപക്ഷം 'ഗാന്ധിജി'യെ അവര്‍ അംഗീകരിക്കുന്നുണ്ടല്ലോ!

നന്ദി
ജസ്റ്റിന്‍ പെരേര