Wednesday, June 16, 2021

സ്റ്റോക്ക്ഹോം സിൻഡ്രംBy Justin Pereira

എന്താണ് സ്റ്റോക്ക്ഹോം സിൻഡ്രം?

ഒരു മാനസിക പ്രതികരണമാണ് സ്റ്റോക്ക്ഹോം സിൻഡ്രം. തടവിലാക്കപ്പെട്ടവരോ, പീഡിപ്പിക്കപ്പെട്ടവരോ ആയ ഇരകൾക്ക് അവരെ ബന്ധനത്തിൽ ആക്കിയവരുമായി, അല്ലെങ്കിൽ പീഡിപ്പിച്ചവരുമായി ഒരു ആത്മബന്ധം ഉടലെടുക്കുന്നു. അത് ദിവസങ്ങൾ കൊണ്ടോ, ആഴ്ചകൾ കൊണ്ടോ, മാസങ്ങൾ കൊണ്ടോ, വർഷങ്ങൾ കൊണ്ടോ വികസിച്ചു വരാം.


1973 ഓഗസ്റ്റ് 23-ന് രാവിലെ, ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയ ജാൻ-എറിക് ഓൾസൺ എന്ന് പേരുള്ള ഒരു കുറ്റവാളി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോം നഗരത്തിലെ നോർമ്മാൽസ്റ്റോർഗ് സ്ക്വയറിലെ തിരക്കേറിയ ബാങ്കായ സ്വെറിഗെസ് ക്രെഡിറ്റ് ബാങ്കനിൽ പ്രവേശിച്ചു. ധരിച്ചിരുന്ന ജാക്കറ്റിന്റെ ഉള്ളിൽനിന്ന് ഓൾസൺ ഫുൾ ലോഡ് ചെയ്ത സബ്മെഷീൻ ഗൺ പുറത്തെടുത്ത്, ബാങ്കിന്റെ സീലിംഗിലേയ്ക്ക് വെടിയുതിർത്തു. അക്രമശ്രമം അറിഞ്ഞ്, നിശബ്ദനായി അവിടെയെത്തിയ ഒരു പോലീസുകാരനെ പരിക്കേൽപ്പിച്ച ശേഷം ഓൾസൻ, നാല് ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി.

മൂന്ന് വർഷത്തെ ജയിൽ ശിക്ഷക്കിടയിൽ പരോളിൽ ഇറങ്ങുകയും, ജയിലിലേയ്ക്ക് മടങ്ങിപ്പോകാൻ തയ്യാറാകാതിരിക്കുകയും ചെയ്ത ഓൾസന്റെ ഡിമാൻഡുകൾ, വിവിധ കറൻസികളിൽ ഏഴു ലക്ഷം അമേരിക്കൻ ഡോളറിന് തുല്യമായ തുക, രക്ഷപ്പെടാൻ ഒരു വാഹനം, 1966-ലെ ഒരു സായുധ കവർച്ചയിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ക്ലാർക്ക് ഒലോഫ്സ്ൺ എന്ന കുറ്റവാളിയുടെ മോചനം എന്നിവയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ അധികൃതർ ഓൾസന്റെ ഡിമാൻഡുകൾ അംഗീകരിച്ചു. ക്ലാർക്കിനെ മോചിപ്പിച്ച് ബാങ്കിൽ എത്തിച്ചു. കൂടാതെ, നിറയെ ഇന്ധനമുള്ള ഒരു നീല 'ഫോർഡ് മസ്താങ്' കാറും, പറഞ്ഞത്രയും തുകയും അവിടെ എത്തിച്ചു. എന്നാൽ, തനിക്കും, ക്ലർക്കിനും സുരക്ഷിതമായി അവിടെനിന്നും രക്ഷപ്പെടാൻ ബന്ദികളെ കൂടെ കൊണ്ടുപോകണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചില്ല. കിട്ടിയതെല്ലാം കൊണ്ട് അവിടെനിന്നും സുരക്ഷിതമായി രക്ഷപ്പെടുക അസാധ്യമാണെന്ന് ഓൾസന് ഉറപ്പായിരുന്നു.

1973 ഓഗസ്റ്റ് 24-ന് ബാങ്കിന്റെ എതിർവശത്തുള്ള കെട്ടിടങ്ങളുടെ ബാൽക്കണിയിൽ എല്ലാം നിരനിരയായി മാധ്യമ പ്രവർത്തകരോടൊപ്പം ഷാർപ്പ് ഷൂട്ടർമാർ (Police Snipers) നിലയുറപ്പിച്ചിരുന്നു. ബാങ്കിന്റെ സ്‌ട്രോങ് റൂമിൽ ബന്ദികളാക്കപ്പെട്ട നാലുപേരും, ഈ സംഭവ വികാസങ്ങൾക്കിടയിൽ തങ്ങളെ ബന്ദിയാക്കി വച്ചിരിക്കുന്ന കുറ്റവാളികളുമായി ഒരു പ്രത്യേക മാനസിക അടുപ്പം കാണിക്കാൻ തുടങ്ങി. ബന്ദിയായ ക്രിസ്റ്റീൻ എൻമാർക് എന്ന വനിത, തണുത്ത് വിറയ്ക്കാൻ തുടങ്ങിയപ്പോൾ, ഓൾസൻ തൻ്റെ ജാക്കറ്റ് ഊരിക്കൊടുത്ത് അവളെ പുതപ്പിച്ചു. മറ്റൊരു ബന്ദിയായ ബ്രിജിത്ത അവളുടെ വീട്ടിലേയ്ക്ക് ഫോൺ ചെയ്ത് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ശ്രമിക്കുകയും, ആരെയും ഫോണിൽ കിട്ടാത്തതിനാൽ നിരാശയാവുകയും ചെയ്തപ്പോൾ, ഓൾസൻ അവളോട് പറഞ്ഞു, 'നിരാശപ്പെടാതിരിക്കൂ... വീണ്ടും ശ്രമിക്കൂ'. മറ്റൊരു ബന്ദിയായ എലിസബത്ത് തനിക്ക് ഈ ഇടുങ്ങിയ സ്ഥലം വല്ലാത്ത ഭയമുണ്ടാക്കുന്നു (Claustrophobia) എന്ന് പറഞ്ഞപ്പോൾ, ഓൾസൻ ഒരു കയർ അവളുടെ അരയിൽ കെട്ടി, അവളെ ബാങ്കിനകത്ത് അങ്ങോട്ടുമിങ്ങോട്ടും പാട്ട് പാടി നടക്കാൻ അനുവദിച്ചു. ഓൾസൻ, ബന്ദികളായ തങ്ങളോട് കാണിക്കുന്ന അനുകമ്പ നിറഞ്ഞ ആ കരുതൽ കാരണം, അവർക്ക് അയാളോട് മാനസികമായ ഒരു അടുപ്പം ഉണ്ടായി. ബന്ദികളുടെ കൂട്ടത്തിൽ ഒരേയൊരു പുരുഷനായ സ്‌വെൻ സഫ്‌സ്ട്രോം പറഞ്ഞത് ഇപ്രകാരം. 'ഓൾസൻ വളരെ നല്ലവനായിരുന്നു. അദ്ദേഹം ഞങ്ങളെ വളരെ കരുതലോടെ സംരക്ഷിച്ചപ്പോൾ, അദ്ദേഹം ഒരു ദൈവദൂതനാണെന്ന് ഞങ്ങൾക്ക് തോന്നി'.


രണ്ടാം ദിവസത്തിൽ തന്നെ, ബന്ദികൾക്കെല്ലാം തങ്ങളെ തടഞ്ഞു വച്ചിരിക്കുന്നവരേക്കാൾ അപകടകാരികൾ പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന പോലീസ് സംഘമാണെന്ന് തോന്നിത്തുടങ്ങി. ഓൾസൻ അനുവദിച്ചതനുസരിച്ച്, ബന്ദികളുടെ ആരോഗ്യവും, മാനസിക നിലയും പരിശോധിക്കാൻ, പോലീസ് കമ്മീഷണർ ബാങ്കിനുള്ളിൽ കയറിയപ്പോൾ, ബന്ദികൾക്കെല്ലാം തന്നേക്കാൾ വിശ്വാസവും, അടുപ്പവും അവരെ ബന്ദികളാക്കി വച്ചിരിക്കുന്ന ഓൾസനോടും, ക്ലർക്കിനോടും ആണെന്ന് തോന്നി. പുറത്തിറങ്ങിയ കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞത്, 'ഓൾസൻ ബന്ദികളെ അപായപ്പെടുത്തുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം, ബന്ദികൾ വിചിത്രമായ രീതിയിലാണ് അവരെ ബന്ദിയാക്കി വച്ചിരിക്കുന്ന ആളുകളോട് അടുത്തിടപഴകുന്നത്'. കമ്മീഷണർ സ്വീഡിഷ് പ്രധാനമന്ത്രിയെ ഫോൺ ചെയ്ത് പറഞ്ഞത്, 'ഓൾസൻ ബന്ദികളിൽ ഒരാളെ കൊണ്ടു പോകുന്നതിൽ തെറ്റില്ല. കാരണം അയ്യാൾ അവരെ ഉപദ്രവിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്' എന്നാണ്. എന്നാൽ ബാങ്കിനുള്ളിൽ, ബന്ദികൾക്ക് തങ്ങളെ തടവിൽ വച്ചിരിക്കുന്ന ഓൾസനോടും, ക്ലർക്കിനോടും അടുപ്പം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. അധികൃതരെ ഭയപ്പെടുത്താനായി, താൻ ബന്ദികളെ ഉപദ്രവിക്കാൻ ഒരുങ്ങുകയാണെന്ന് ഓൾസൻ പറഞ്ഞപ്പോൾ, ബന്ദികളിലെ പുരുഷനായ സ്‌വെൻ പറഞ്ഞത് വളരെ വിചിത്രമായിരുന്നു. ഓൾസൻ, താങ്കൾക്ക് അവരെ ഭയപ്പെടുത്തണമെന്നുണ്ടെങ്കിൽ എൻ്റെ കാലിൽ വെടിവയ്‌ക്കൂ, എന്നാണ് സ്‌വെൻ പറഞ്ഞത്. ഓൾസൻ എന്നിട്ടും, ബന്ദികൾക്ക് ഒരു അപായവും ഉണ്ടാക്കിയില്ല. എന്തായാലും ഓഗസ്റ്റ് 28-ന്, അതായത് ബന്ദി നാടകം തുടങ്ങി 130 മണിക്കൂറുകൾ പിന്നിട്ടതിന് ശേഷം പോലീസ് ബാങ്കിനുള്ളിലേയ്ക്ക് കണ്ണീർ വാതകം കടത്തിവിട്ടു. മാസ്ക് ധരിച്ച് ഉള്ളിൽ കയറിയ പോലീസ് സംഘം ഓൾസനെയും, കൂട്ടാളി ക്ലാർക്കിനെയും അറസ്റ്റ് ചെയ്തു.


മാസ്ക് ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പുറത്തെത്തിയ ബന്ദികളും, അവരെ തടവിലാക്കിയ ഓൾസണും, ക്ലാർക്കും തമ്മിൽ, ഹസ്തദാനം ചെയ്യുകയും, ആലിംഗനം ചെയ്യുകയും, ചുംബിക്കുകയും ചെയ്തു. കൈവിലങ്ങ് അണിയിച്ച് ഓൾസനെ നടത്തിക്കൊണ്ടു പോകുന്ന പോലീസ് ഉദ്യോഗസ്ഥരോട് ബന്ദികളായിരുന്ന രണ്ടു വനിതകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു, 'പ്ലീസ്, അവരെ ഉപദ്രവിക്കരുത്. അവർ ഞങ്ങളെ നല്ല രീതിയിൽ പരിപാലിച്ചു. ഞങ്ങൾക്ക് യാതൊരു ദോഷവും അവർ ഉണ്ടാക്കിയില്ല'. അവശനിലയിൽ സ്‌ട്രെച്ചറിൽ ആയിരുന്ന മൂന്നാമത്തെ വനിതയായ എന്മാർക്ക് ഓൾസനോട് വിളിച്ചു പറഞ്ഞു, 'ഓൾസൻ, നാം വീണ്ടും കണ്ടുമുട്ടും'. ബന്ദികളും, അവരെ ബന്ദികളാക്കിയവരും തമ്മിലുള്ള വിചിത്രവും, അസാധാരണവുമായ ആത്മബന്ധം പോലീസിനും, ജനങ്ങൾക്കും ആശ്ചര്യമുണ്ടാക്കി. ഓൾസനെ പത്തു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ, താൻ ബന്ദികളെ രക്ഷിക്കാൻ ഓൾസനോടൊപ്പം ചേർന്നതാണെന്നും, ഈ കവർച്ച ശ്രമത്തിൽ തനിക്ക് പങ്കില്ലെന്നുമുള്ള ക്ലാർക്കിന്റെ വാദം കോടതി അംഗീകരിക്കുകയും അയ്യാളെ ഈ കുറ്റകൃത്യത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ബന്ദികളാക്കിയവർ അവരുടെ തടവുകാരോടുള്ള യുക്തിരഹിതവും, വിചിത്രവുമായ മാനസിമായ അടുപ്പം പൊതുജനങ്ങളെയും പോലീസിനെയും ആശയക്കുഴപ്പത്തിലാക്കി, എന്മാർക് എന്ന വനിതാ ബന്ദി, ഓൾസണും ക്ലാർക്കുമായി ഗൂഡാലോചന നടത്തിയിട്ടാണോ ഈ കവർച്ചാ ശ്രമം നടത്തിയതെന്ന സംശയത്തിൽ അന്വേഷണവും നടന്നു. ഈ സംഭവം കഴിഞ്ഞതിന് ശേഷം ഒരു ദിവസം മറ്റൊരു വനിതയായ എലിസബത്ത് ഒരു മനോരോഗവിദഗ്ദ്ധനോട് ചോദിച്ചു, “ഡോക്ടർ, എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എന്നെ തടവിലാക്കി വച്ചിരുന്നവരോട് എന്തുകൊണ്ടാണ് എനിക്ക് വെറുപ്പ് തോന്നാത്തത്?" സ്റ്റോക്ക്ഹോമിൽ നടന്ന സംഭവമായതിനാൽ മനോരോഗ വിദഗ്ദ്ധർ ഈ മാനസികാവസ്ഥയ്ക്ക് 'സ്റ്റോക്ക്ഹോം സിൻഡ്രം' എന്ന പേര് നൽകി. അതായത്, തങ്ങളെ കീഴ്‌പ്പെടുത്തി, ബന്ദികളാക്കി വച്ചിരിക്കുന്നവരോട് ദിവസങ്ങൾ കൊണ്ട് ബന്ദികൾക്കുണ്ടാവുന്ന ഒരു ആത്മബന്ധം!

1980-ൽ ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഓൾസൻ വിവാഹം കഴിച്ചു. താൻ ജയിലിൽ ആയിരുന്നപ്പോൾ, തൻ്റെ 'വീരോചിതമായ' പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് ധാരാളം കത്തുകൾ തനിക്കയച്ചവരുടെ കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടിയെയാണ് ഓൾസൻ തൻ്റെ ജീവിതപങ്കാളിയാക്കിയത്. ശേഷം ഭാര്യയോടൊപ്പം തായ്ലൻഡിലേയ്ക്ക് കുടിയേറിയ ഓൾസൻ, 2009-ൽ തൻ്റെ ആത്മകഥ പുറത്തിറക്കി 'സ്റ്റോക്ക്ഹോം സിൻഡ്രം'!

ജസ്റ്റിൻ പെരേര