Saturday, July 26, 2014

ഇതുപോലൊരു ഭാവി നമ്മെയും കാത്തിരിക്കുന്നു.

അങ്ങിനെ വീണ്ടും ഒരു അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തി. മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ തന്നെ എല്ലാ കാര്യങ്ങളും, സന്ദര്‍ശന പരിപാടികളും യാതൊരു തടസ്സവും ഇല്ലാതെ നടന്നു.


അവധിക്കാല യാത്രകള്‍, വിനോദത്തോടൊപ്പം, വിവേകവും നല്‍കുന്നു. ചില അറിവുകള്‍ നാം എല്ലാക്കാലവും നേടുന്നുണ്ടെങ്കിലും, അത് ഒരു താല്‍ക്കാലിക പ്രതിഭാസമായി മാത്രം കുഴിച്ചുമൂടപ്പെടുന്നു. അഥവാ മനപ്പൂര്‍വം വിസ്മരിച്ചു കളയുന്നു. ഇക്കൊല്ലത്തെ അവധിക്കാലയാത്രകളില്‍ മുമ്പൊരിക്കലും തോന്നാത്ത വിധം ശക്തമായ രീതിയില്‍, ചില യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി എന്നത് വലിയൊരു ഉത്‌ക്കണ്‌ഠയാണ് ജനിപ്പിക്കുന്നത്. അതില്‍ ഇനിയെന്തെങ്കിലും ചെയ്യാനുണ്ടെന്നും, എന്തെങ്കിലും കരുതല്‍ നടപടി എടുക്കാനുണ്ടെന്നും എനിക്ക് പറയാന്‍ വയ്യ. കാരണം, അതിനൊരു പ്രതിവിധി ഇല്ല എന്ന് തന്നെ പറയാം.

വിനോദസഞ്ചാരങ്ങള്‍ക്കൊപ്പം, അനേകം ഭവനങ്ങളും, ആശുപത്രികളും കൂടി സന്ദര്‍ശിക്കുവാന്‍ സാധിച്ചു. പല ഭവനങ്ങളിലും ചെന്ന് കയറുമ്പോള്‍, കഴിഞ്ഞ അവധിക്കാലത്ത്‌ കണ്ട മുഖങ്ങള്‍ അവിടില്ല. അതെ, പലരും ഈ ലോകത്തോട്‌ യാത്ര പറഞ്ഞു പോയിക്കഴിഞ്ഞു. ഭാഗ്യവാന്മാര്‍! അതെ, ഞാന്‍ അവരെ ഭാഗ്യവാന്മാര്‍ എന്ന് മാത്രമേ വിശേഷിപ്പിക്കൂ. മറ്റുചില വീടുകളില്‍, കഴിഞ്ഞതവണപോലും ചുറുചുറുക്കോടെ ഓടിനടന്നിരുന്നവര്‍ ശയ്യാവലംബരായി കഴിഞ്ഞിരിക്കുന്നു. അത്, പ്രപഞ്ചസത്യം!! ഓടിക്കൊണ്ടിരിക്കുന്നവര്‍ ഒരു സമയത്ത്, ഓട്ടം മതിയാക്കി, നടക്കുകയും, അതിനും കഴിയാതെ വെറുതെ ഇരിക്കുകയും, ശേഷം അനങ്ങുവാന്‍ പോലും ശേഷിയില്ലാതെ മരണം വരെ നീണ്ടുനിവര്‍ന്ന് കിടക്കുകയും ചെയ്യണം എന്നുള്ളത് പ്രകൃതിനിയമം. അതൊന്നും മാറ്റിമറിക്കാനുള്ള ഒരു മാര്‍ഗ്ഗവും ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. ഇതിനിടയില്‍, അകാലത്തില്‍ യാത്രയാകുന്നവര്‍, പ്രിയപ്പെട്ടവര്‍ക്ക് തീരാനൊമ്പരമാണ് നല്‍കുന്നതെങ്കില്‍ക്കൂടി, മറ്റൊരുതരത്തില്‍ ഭാഗ്യവാന്മാര്‍ ആകുന്നു.

മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ നാം എല്ലാം വീക്ഷിക്കുന്ന, സാക്ഷികളാകുന്ന സത്യങ്ങള്‍. എന്നാല്‍, മറ്റൊരു സത്യം എന്നെയും, നാമെല്ലാവരെയും നോക്കി ഒരു വ്യാളിയെപ്പോലെ പല്ലിളിക്കുന്നു. പല വീടുകളില്‍ പോകുമ്പോഴും, അവിടെ പ്രായമായ രണ്ടുപേര്‍ മാത്രമേയുള്ളൂ. അതില്‍ത്തന്നെ മിക്കവാറും വീടുകളില്‍ രണ്ടുപേരില്‍ ആരെങ്കിലുമൊരു വ്യക്തി തീര്‍ത്തും കിടപ്പിലാണ്. സഹായത്തിനാരുമില്ല. വര്‍ഷംതോറും, അല്ലെങ്കില്‍ മാസങ്ങള്‍ കൂടുമ്പോള്‍, അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം വന്ന് കണ്ടുപോകുന്ന വിദേശത്ത്‌, അല്ലെങ്കില്‍ ദൂരെദിക്കുകളില്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന മക്കളും, സൗകര്യം കിട്ടുമ്പോഴെങ്കിലും സന്ദര്‍ശനത്തിനായെത്തുന്ന നല്ലവരായ അയല്‍ക്കാരും, ബന്ധുക്കളും മാത്രമാണ് ഇക്കൂട്ടരുടെ ആശ്വാസം. ചില വീടുകളില്‍ ഹോംനേഴ്സ് എന്നൊരു വിഭാഗത്തെയും കണ്ടു. യാതൊരു മനുഷ്യപ്പറ്റില്ലാത്ത ഒരു വര്‍ഗ്ഗം. എല്ലാവരും അങ്ങിനെയാണെന്ന് ഇവിടെ ഞാന്‍ പറയുന്നില്ല. എന്നാല്‍, ഭൂരിഭാഗവും അതുതന്നെ. പണത്തിനുവേണ്ടി മാത്രം, അല്ലെങ്കില്‍ ആ വീട്ടില്‍ സന്ദര്‍ശനത്തിയായി എത്തുന്ന മക്കളുടെയും, ബന്ധുക്കളുടെയും കയ്യില്‍നിന്നും എന്തെങ്കിലും തരപ്പെടുത്താന്‍ വേണ്ടി മാത്രം, തരംകിട്ടിയാല്‍ എന്തെങ്കിലും കൈക്കലാക്കുവാന്‍ മാത്രം പണിയെടുക്കുന്നതായി ഭാവിക്കുന്ന ഒരു വര്‍ഗ്ഗം. ഒരു വീട്ടില്‍ ചെന്നപ്പോള്‍, അവിടുത്തെ അമ്മ പറഞ്ഞത് എന്താണെന്ന് വച്ചാല്‍, ഒരു ഹോംനേഴ്സ് ഉണ്ട്. പതിനായിരം രൂപ കൊടുക്കുന്നു. പക്ഷെ, സദാ പ്രാര്‍ത്ഥനയാണ്. ശാലോം ടി.വി. കാണണം. അപ്പോള്‍ ആരും വിളിക്കാന്‍ പാടില്ല. അതിനുമുന്നില്‍ ഒരു പേപ്പറും, പേനയും, ബൈബിളുമായി ഇരിക്കും. അതില്‍ പറയുന്ന വചന ഭാഗങ്ങള്‍ വിട്ടുകളയാതെ കുറിച്ചെടുക്കും. പിന്നുള്ള സമയങ്ങളില്‍ അത് ശ്രദ്ധാപൂര്‍വ്വം പാരായണം ചെയ്യും. ഹോംനേഴ്സ്!!

ഇതുപോലൊരു ഭാവി നമ്മെയും കാത്തിരിക്കുന്നു. ഒറ്റപ്പെട്ട ഒരു ജീവിതം! "മക്കളെ പഠിപ്പിച്ച് വലുതാക്കി. അവര്‍ മാതാപിതാക്കളെ തനിച്ചാക്കി വിദേശരാജ്യങ്ങളിലും, ദൂരെ ദിക്കുകളിലും കുടുംബമായി, സുഖമായി ജീവിക്കുന്നു" എന്നൊക്കെയുള്ള സ്ഥിരം ആവലാതികള്‍ പഴഞ്ചനായി. അങ്ങിയെയുള്ള പരാതികള്‍ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ലെന്നാണ് എന്‍റെ വളരെ സ്വകാര്യമായ അഭിപ്രായം. യോജിക്കുന്നവര്‍ ഉണ്ടാവാം. യോജിക്കാത്തവര്‍ ഉണ്ടാവാം. ഞാന്‍ അങ്ങിനെ പറയാന്‍ കാരണം, ഞാന്‍ എന്‍റെ മക്കളെ ഏതുനിലവരെയും പഠിപ്പിക്കാന്‍ തയ്യാറാവുന്നു. അവര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നു. അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗം ലഭിക്കുവാനും, നല്ല നിലയില്‍ എത്തിച്ചേരുവാനും, നല്ലൊരു കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുവാനും ദിവസവും പ്രാര്‍ഥിക്കുന്നു. എല്ലാം കഴിഞ്ഞ്, അവര്‍ ഒരുതരത്തില്‍ രക്ഷപ്പെട്ട് ജീവിച്ചുതുടങ്ങുമ്പോള്‍, ഞാനും, എന്‍റെ ഭാര്യയും ഒറ്റയ്ക്കാണെന്നും, അവരൊക്കെ അവരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച്, അവരുടെ മാതാപിതാക്കളായ ഞങ്ങളെ സംരക്ഷിക്കാനും, പരിചരിക്കാനും ഞങ്ങളുടെ കൂടെ വന്നു നില്‍ക്കണമെന്നും ഞാന്‍ വാശിപിടിച്ചാല്‍, ഞാന്‍ ഇത്രയും കാലം അവര്‍ക്ക് വേണ്ടി ചെയ്തതും, പ്രാര്‍ഥിച്ചതും, ആഗ്രഹിച്ചതും ഒക്കെതന്നെ ആത്മാര്‍ഥത ഇല്ലാതെ ആയിരുന്നു എന്നെനിക്ക് പറയേണ്ടി വരും. ഞാന്‍ അങ്ങിനെ ആഗ്രഹിക്കാന്‍ പാടില്ല. ആത്മാര്‍ഥതയുള്ള ഒരു മാതാപിതാക്കളും അങ്ങിനെ ആഗ്രഹിക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം.

എന്നിരുന്നാലും, മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, വരട്ടുന്യായങ്ങള്‍ പറയുന്നവരോട് എനിക്ക് യോജിക്കുവാന്‍ വയ്യ. വല്ലപ്പോഴുമെങ്കിലും ഒരു തലോടലും, എന്തെങ്കിലും സഹായവും, എപ്പോഴെങ്കിലും സ്നേഹത്തോടെയുള്ള ഒരു ഫോണ്‍ വിളി പോലും ചെയ്യാത്ത മക്കളെ ഞാന്‍ ഈ പോസ്റ്റില്‍ നിന്നും ഒഴിവാക്കുന്നു. അത്തരക്കാര്‍ക്ക് മനസാക്ഷിക്ക് മുന്നില്‍ മാപ്പില്ല. അതെങ്കിലും ആഗ്രഹിക്കാത്ത ഒരു മാതാപിതാക്കളും കാണില്ല.

വാര്‍ദ്ധക്യത്തില്‍ ജീവിക്കുന്ന ഇപ്പോഴുള്ള ഒരു തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്മാരാണ്. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വാര്‍ദ്ധക്യത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു തലമുറയുടെ ഒറ്റപ്പെടലിന്‍റെ, ആ വേദനയുടെ തീഷ്ണത വളരെ കൂടുതലായിരിക്കും. ഞാനുള്‍പ്പെടെയുള്ള ഒരു സമൂഹം, ഒരു തലമുറ അതിനായി തയ്യാറെടുക്കാം. അധികം പ്രതീക്ഷകള്‍ ഒന്നുമില്ലാതെ.

~~ജസ്റ്റിന്‍~~