Wednesday, April 3, 2013

ദേവാലയങ്ങളിലെ ഗാനശ്രുശ്രൂഷകള്‍


ഈ കുറിപ്പ്‌ പ്രത്യേകിച്ച് ഒരു നാടിനേയും, ദേശത്തെയും, വിഭാഗങ്ങളെയും ഉദ്ദേശിച്ചല്ല. വിശുദ്ധവാരത്തോടനുബന്ധിച്ച് നാട്ടിലേയ്ക്ക് പോയ ഞാന്‍  പല ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടുത്തെ വിശുദ്ധ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ, എന്റേതു മാത്രമായ ചില മാനുഷികമായ ചിന്തകള്‍..... അത് മാത്രമാണ്.

ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. കാളവണ്ടി തെളിച്ചുകൊണ്ട് പോകുന്നവരെ വിമാനം പറപ്പിക്കാന്‍ ഏല്‍പ്പിച്ചാല്‍ അത് ഒരു ദുരന്തമായിരിക്കും. തിരിച്ചും അങ്ങിനെയൊക്കെ തന്നെ. കച്ചേരികള്‍ നടത്തുന്ന പ്രഗല്‍ഭനായ ഒരു സംഗീതജ്ഞന്, ഒരു ക്രൈസ്തവദേവാലയത്തിലെ Choral Singing-ല്‍ വിജയിക്കാന്‍  കഴിയണമെന്നില്ല. കാരണം അതുരണ്ടും തികച്ചും വെവ്വേറെ രീതിയാണ്. (അത്രത്തോളം ജ്ഞാനമുള്ളവരെ ഞാന്‍ ഇവിടെ ഈ പരാമര്‍ശത്തില്‍ നിന്നും ഒഴിവാക്കുന്നു). പാട്ടുകാരന്‍ പാട്ടുകാരന്റെ സ്ഥാനത്ത് നില്‍ക്കണം. കുറച്ചുകാലം പള്ളിപ്പാട്ടുകള്‍ പാടി നടന്നതുകൊണ്ട്, അതിന്‍റെ പിന്തുണയില്‍ മാത്രം, സംഗീതജ്ഞനായി, അല്ലെങ്കില്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവനായി, അല്ലെങ്കില്‍ കൊയര്‍ മാസ്റ്ററായി പോലും സ്വയം അവരോധിച്ചാല്‍ അത് കുറച്ച് ദയനീയം തന്നെയാണെന്ന് മാത്രമേ പറയാനൊക്കൂ. അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് ആദ്യം വേണ്ടത്.

ഒരു പാട്ടുകാരന്‍ സംഗീതം പഠിച്ച് സാധകം ചെയ്യുന്നത് പോലെത്തന്നെയാണ് സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരും. വളരെയധികം കഷ്ടപ്പെട്ട് പഠിച്ചെടുത്ത പാഠങ്ങള്‍ ദിവസവും പരിശീലിച്ച് വളരെനാളുകള്‍ക്ക് ശേഷം അവര്‍ അതില്‍ പ്രാവീണ്യം നേടുന്നു. ഒരു കീബോര്‍ഡോ, വയലിനോ, ഗിത്താറോ, തബലയോ കുറച്ചുകാലം തോളില്‍ ചുമന്നുകൊണ്ടു കൊണ്ട് നടന്നാല്‍, അല്ലെങ്കില്‍ ഇതൊക്കെ വീട്ടില്‍ വാങ്ങിവച്ചാല്‍ ആരും ഒരു കീബോര്‍ഡിസ്റ്റോ, വയലിനിസ്റ്റോ, ഗിത്താറിസ്റ്റോ, തബലിസ്റ്റോ ആവില്ല. ഇനി, വെറുമൊരു കീബോര്‍ഡിസ്റ്റിനോ, വയലിനിസ്റ്റിനോ, ഒരു പാട്ടുകാരനോ ചുമ്മാതങ്ങ്‌ സ്വയം അവരോധിച്ചാല്‍ പോലും, വളരെ മിതമായ അറിവ് കൊണ്ട് പെട്ടെന്നൊരു ദിവസം ഒരു കൊയര്‍ മാസ്റ്റര്‍ (choral director, chorus master, or choirmaster) ആവാന്‍ സാധിക്കില്ല. കാരണം, അത് മറ്റൊരു തലമാണ്. സംഗീതത്തിലും, സാഹിത്യത്തിലും, ഒരു ദേവാലയത്തില്‍ ആണെങ്കില്‍, അധ്യാത്മികകാര്യങ്ങളിലും, ഗായകരുടെ സ്വരവിന്യാസം അനുസരിച്ച് ക്രമപ്പെടുത്തുന്നതിലും, സംഗീതോപകരണങ്ങളുടെ എകോപനത്തിലും ഒക്കെ കുറെയെങ്കിലും അറിവ് നേടിക്കഴിഞ്ഞുള്ള ഒരു ഉയര്‍ന്ന തലം.

ഇതിത്രയും എഴുതാന്‍ ഒരു കാരണമുണ്ട്. ദേവാലയങ്ങളിലെ,
പ്രത്യേകിച്ച് വളരെ അടുത്തറിയാവുന്ന ചില ഇടവക പള്ളികളിലെ സംഗീതശുശ്രൂഷകള്‍ തീരെ നിലവാരം കുറഞ്ഞ്, ദയനീയമായി കേട്ടുകഴിഞ്ഞപ്പോള്‍, ഇതെന്തുകൊണ്ടാണ് ഇത്തരത്തില്‍ അധപ്പതിച്ചു എന്ന കാരണം അറിഞ്ഞുകഴിഞ്ഞപ്പോള്‍, മനസ്സ്‌ വല്ലാതെ വേദനിച്ചു. അതിനു കാരണം, വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറിയത്രേ...! പുതുപണക്കാര്‍ പണാധിപത്യം കൊണ്ട് പള്ളികമ്മിറ്റിയില്‍ കയറിപ്പറ്റുക വളരെ സാധാരണമായ ഒരു നാട്ടുനടപ്പാണ്. കാരണം, പുതുപ്പണക്കാര്‍ക്ക് പെട്ടെന്ന് പേരെടുക്കാന്‍ പള്ളിപോലൊരു സ്ഥലം വേറെയില്ല. എന്നാല്‍ അവരുടെ സ്വാധീനം കമ്മിറ്റിയും, പള്ളിഭരണവും, ഇടവകാംഗങ്ങളുടെ നെഞ്ചില്‍ കുതിരകയറ്റവും ഒക്കെ കഴിഞ്ഞ്, ആധ്യാത്മിക കാര്യങ്ങളിലും, ദേവാലയ ശുശ്രൂഷകളിലും, ദേവാലയ ഗായകസംഘത്തിന്‍റെ സാങ്കേതിക വശങ്ങളിലേയ്ക്കും വരെ കടക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങേയറ്റം ദയനീയമാവുന്നു. വിശ്വാസികളുടെ  മനസ്സ് മടുക്കുന്നത് കാരണം സഭയില്‍നിന്ന് പോലും കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാവുന്നു. ഇത്തരം പുതുപണക്കാരുടെ നിര്‍ദേശങ്ങള്‍ ആണത്രേ ഇക്കാണുന്ന, കേള്‍ക്കുന്ന പേക്കൂത്തുകള്‍!!

പുതുപണക്കാര്‍ നിര്‍ദേശിക്കുന്നവര്‍ പള്ളികമ്മിറ്റിയില്‍ അംഗങ്ങള്‍ ആവുന്നു.  അവരൊക്കെ നിര്‍ദേശിക്കുന്നവര്‍ ആധ്യാത്മിക തലത്തില്‍ നേതൃത്വം നല്‍കുന്നു. അവരൊക്കെ നിര്‍ദേശിക്കുന്നവര്‍ ദേവാലയ ശുശ്രൂഷകളില്‍ നേതൃത്വസ്ഥാനം വഹിക്കുന്നു. അവരൊക്കെ നിര്‍ദേശിക്കുന്നവര്‍ ഗായകസംഘത്തില്‍ അംഗമാകുന്നു. അവരൊക്കെ നിര്‍ദ്ദേശിക്കുന്നവര്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നു. അവരൊക്കെ നിര്‍ദ്ദേശിക്കുന്നവര്‍ ഗായകരെ പരിശീലിപ്പിക്കുന്നു, ഗായകസംഘത്തെ നയിക്കുന്നു! കഷ്ടം! യോഗ്യരായുള്ളവര്‍ ഇക്കൂട്ടരുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ തൂക്കി ദൂരെയെറിഞ്ഞു കളയും. പുത്തന്‍പണക്കാരുടെ പണത്തിന്‍റെ പിന്‍ബലത്തില്‍ ഗായകസംഘാംഗങ്ങള്‍ പോലും ഗുരുവിന്‍റെ സ്ഥാനത്ത്‌ കാണേണ്ടവരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. അതിന് വളരെ ബാലിശമായ കാരണം പറയലും. ഈ പുതുപണക്കാരൊക്കെ പള്ളിക്ക് വേണ്ടി ധാരാളം ധനസഹായം നല്‍കുന്നത്രേ!  ഒരു ചോദ്യം. ഇക്കണക്കിന്  നല്ലൊരു തുക വാഗ്‌ദാനം ചെയ്‌താല്‍ അംബാനിമാര്‍ക്ക് മെത്രാപ്പൊലീത്ത പദവിയോ, വിജയ്മല്യക്ക് കര്‍ദ്ദിനാള്‍ പദവിയോ നല്‍കുമോ?

ഒരു Church Choir എന്നുവച്ചാല്‍ ഗാനമേളയല്ല. ഒരാളുടെ ശബ്ദമികവില്‍ മാത്രം ഒപ്പിക്കേണ്ട ഒരു സംഗതിയുമല്ല. ഒരു Church Choir-ല്‍, Choral Singing-ല്‍ എല്ലാവരോടുമൊപ്പം ചേര്‍ന്ന് പാടുക എന്നത് അത്ര നിസ്സാര കാര്യമല്ല. ഒരുപക്ഷെ ഒരു സോളോ പാടുന്നതിനേക്കാള്‍ പാടവം അതിനാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതൊരു പരിചയസമ്പന്നനായ ഗുരുവിന്റെ ശിക്ഷണത്തിന്‍ കീഴില്‍ മാത്രമേ സാദ്ധ്യമാകൂ. കുറഞ്ഞപക്ഷം alto, tenor and bass എന്നിവയൊക്കെ എന്താണെന്നെങ്കിലും ഒരു അറിവ് വേണം. അതല്ലാതെ കുറച്ചുനാള്‍ ഗായകസംഘാംഗം ആയിരുന്നതുകൊണ്ടോ, അതിനുശേഷം കുറച്ചുനാള്‍ ഏതെങ്കിലും സംഗീതോപകരണം കൈകാര്യം ചെയ്തതുകൊണ്ടോ ഒരാള്‍ പെട്ടെന്നൊരു ദിവസം choirmaster-ന്റെ റോള്‍ ഏറ്റെടുത്താല്‍ അത് അങ്ങേയറ്റം വിവേകശൂന്യമായ ഒരു നീക്കമായിരിക്കും. പഠിച്ചുവളരുന്നവരെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. എന്നാല്‍ MBBSന് എന്ട്രന്‍സ് എഴുതിക്കഴിഞ്ഞാല്‍ ഉടനെ ചികിത്സ തുടങ്ങുന്നത് അങ്ങേയറ്റം അപകടകരമായ ഒരു പ്രവണതയാണ്.

ദേവാലയ/സംഗീതശുശ്രൂഷ എന്ന പേരില്‍ എന്ത് കോപ്രായം കാട്ടിക്കൂട്ടിയാലും, അതൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന കുറെ ധൂമകേതുക്കളും, ബന്ധുമിത്രാദികളും ഇവരുടെയൊക്കെ ചുറ്റും കാണുമായിരിക്കും. എന്നാല്‍, വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍, കാലത്തിനനുസരിച്ച് സഞ്ചരിക്കുകയും, പുത്തന്‍ അറിവുകള്‍ നേടുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ വേറെയുണ്ട്. അവരും ഇതൊക്കെ കാണുകയും, കേള്‍ക്കുകയും ചെയ്യുന്നുണ്ട്.അവരുടെ മുന്നില്‍ ഒരു നാടും,ആ നാട്ടിലെ ഇതിലൊന്നും ഭാഗഭാക്കാവാത്ത നാട്ടാരും തലകുനിക്കേണ്ടി വരുന്നു.

നന്ദി
Justin Pereira

1 comment:

  1. Please visit
    യേശുഗീതങ്ങൾ
    http://yesugeethangal.blogspot.in/

    ReplyDelete