Monday, September 5, 2011

തിരോന്തരത്തെ രാജഭക്തി

ജില്ലെല്ലേ ജില്ലേലെ 'ജുംതലക്കിട' ജില്ലേലെ.

ഓ, തന്ന. ഇനി ആ 'ജുംതലക്കിട' ജില്ലയിലെ അണ്ണന്മാരു കൂടിയെ ബാക്കി ഒള്ളപ്പീ, തിരോന്തരത്തുകാരെ ചീത്ത വിളിക്കാന്‍. അറിഞ്ഞില്ലേ, ഇപ്പം എല്ലാ ജില്ലാക്കാര്‍ക്കും തിരോന്തരത്തെ പൈലുകളെ ചീത്ത വിളിക്കാനേ നേരം ഉള്ളൂ. കട്ടകലിപ്പുകളാണ് കേട്ടാ. നേരത്തേതന്ന ഭരണയന്ത്രം തിരോന്തരത്ത് തിരിഞ്ഞോണ്ടിരിക്കുന്നതിന്റെ കലിപ്പുകള് ആയിരുന്നു. ദാണ്ടെ ഇപ്പം കുറെ നിധിയെന്നോ, ക്ഷേത്രസമ്പത്തെന്നോ, ഒക്കെ പേരുള്ള എന്താരോക്കെയോ നല്ല പൊളപ്പന്‍ സാധനങ്ങള് കുഴികളീന്നു തോണ്ടി കിട്ടി. തള്ളേ, കലിപ്പ് കൂടി. നിന്റെയൊക്കെ രാജാവ് പണ്ട് ഞങ്ങടെ പെരേല് കേറി അടിച്ചോണ്ട് പോയ സാധനങ്ങളാണ് അതെല്ലാം എന്നാണു ഭൂമിയുടെ അച്ചുതണ്ട്‌ കറങ്ങുന്ന ഏരിയായിലെ ചില കിടിലം അണ്ണന്‍മാര് പറയുന്നത്! എന്റെ പഴവങ്ങാടി ഗണപതീ... ഇതിന്റെ കണക്കൊക്കെ യവന്മാര്‍ടെല് ഒണ്ടായിരിന്നാടെ? പണ്ട് തലക്കരം, മുലക്കരം തുടങ്ങിയ നികുതികള്‍ ബലമായി പിടിച്ച്‌വാങ്ങി ഉണ്ടാക്കിയതാണ് ഇതെല്ലാം എന്ന് മറ്റു ചില അണ്ണന്മാര്. ഇപ്പോഴും, നല്ല വലിപ്പമുള്ള ബ്രാ വാങ്ങണമെങ്കില് തുട്ട് കൂടുതല്‍ കൊടുക്കണമെന്നും, അതിനനുസരിച്ചു നികുതി കൊടുക്കണമെന്നും, ഇതിരിപ്പൂലം ബുത്തി ഒള്ളവന് മനസിലാവൂല്ലെടെ അപ്പികളേ? അതുപോലെ, നിങ്ങടെ രാജാവ് മഹാ കന്നംതിരിവുകള് കാണിച്ചില്ലായിരുന്നേല്, തലസ്ഥാനം തിരോന്തരത്തിനു പകരം തിരുവല്ലേല്‍ ആയിരുന്നേനെ എന്ന കിണ്ണം ഡയലോഗുകള് വരെ ചെല സാറന്മാര് അടിച്ചുവിട്ടു.. ഓ, അമ്മച്ചിയാണേ തന്ന. എന്തരെങ്കിലും വാ തൊറന്ന് പറഞ്ഞാല്‍ മണ്ടയില്‍ തോണ്ടു വാങ്ങിച്ചോണ്ടിരുന്ന നിരീശ്വരവാദി പൈലുകള് വരെ നാക്കുകളിട്ടടിക്കാനും, ആളാവാനും തൊടങ്ങി. "ഡേയ്" എന്ന് വിളിച്ചാല്‍ ഓടിത്തപ്പിക്കളയുന്ന ചെല പേടിത്തൂറി നാട്ടുരാജാക്കന്മാര് ഭരിച്ചോണ്ടിരുന്ന സ്ഥലത്തെ ഊപ്പകളാണ് ഇപ്പം വലിയ ആളുകളായി ഇറങ്ങിയിരിക്കുന്നത്. ഇതൊന്നും തിരോന്തരുത്തുകാര് മൈന്‍ഡ്‌ ചെയ്യൂല്ല കേട്ടാ. കാര്യം, ആനപ്പൊറത്ത് ഇരിക്കുന്നവന്, താഴെ കെടക്കുന്ന പട്ടി കൊരച്ചാല്‍ എന്തരാവാനകൊണ്ട്!

തിരുവനന്തപുരത്തുകാര്‍ക്ക് രാജഭക്തി ആണത്രേ. കൊള്ളാം. 'നന്ദി' എന്നതിന് ഭക്തി എന്നാണോ ഇക്കൂട്ടര്‍ കണ്ടുവച്ചിരിക്കുന്ന അര്‍ത്ഥം? പത്തുമാസം ചുമന്ന് പ്രസവിച്ച അമ്മയോടോ, അതിനു കാരണഭൂതനായ അച്ഛനോടോ നന്ദിയോ, ബഹുമാനമോ കാട്ടിയാല്‍ അതിനും കുറ്റം കണ്ടുപിടിക്കുമോ ആവോ! അതെവിടെ? പെറ്റമ്മയെ തൊഴുത്തില്‍ ആടിനോപ്പം താമസിപ്പിക്കുകയും, പിതാവിനെ ചങ്ങലക്കിടുകയും ചെയ്യുന്ന കേരളത്തിലെ പ്രബുദ്ധജനങ്ങളില്‍ നിന്നും "നന്ദി" എന്നൊരു സംഭവം പ്രതീക്ഷിക്കണ്ട. ഇനി നന്ദി എന്തിനാണന്നല്ലേ? പറയാം. ഒരു തിരുവനന്തപുരം നിവാസി എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാം. അതിനി രാജഭക്തി കൂടിപ്പോയത് കൊണ്ട് രാജാവിനെ പ്രകീര്‍ത്തിക്കുന്നു എന്ന് ആക്ഷേപിച്ചാലും ഒരു കുഴപ്പവും ഇല്ല. ആദ്യത്തെ ഖണ്ഡികയുടെ അടിവരയിട്ടിരിക്കുന്ന അവസാനവാക്യം ഉത്തരം. അത്ര തന്നെ.

ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ ജീവിക്കുന്ന എനിക്ക് രാജഭക്തി അശേഷം കാണിക്കേണ്ട ആവശ്യമില്ല. രാജഭരണം അവസാനിച്ചിട്ടു വര്‍ഷം 50 കഴിഞ്ഞു. എന്റെ കുടുംബത്തിലെ ആരെങ്കിലും തിരുവിതാംകൂര്‍ രാജാവിന്റെ അടുത്തൂണ്‍ പറ്റിയിരുന്നതായും എനിക്ക് അറിവില്ല. ചരിത്രം എന്ന് നാം പഠിക്കുന്നത് രാജാക്കന്മാര്‍ ചെല്ലും, ചെലവും കൊടുത്ത് നിര്‍ത്തിയവര്‍ എഴുതിപ്പിടിപ്പിച്ച വാഴ്ത്തുപാട്ടുകള്‍ ആണെന്നും, ചരിത്രകാരന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില മഹാപ്രതിഭകള്‍ കണ്ടെത്തിയെങ്കില്‍, അതിനെയും ഞാന്‍ ഖണ്ഡിക്കുന്നില്ല. ഒരുപക്ഷെ സത്യം ആയിരിക്കാം. എന്നാല്‍ കണ്‍മുന്‍പില്‍ തെളിവായി ഇപ്പോഴും കാണുന്ന വസ്തുതകള്‍ എഴുതിപ്പിടിപ്പിച്ച കാര്യം ആണെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ജനിച്ചുവളര്‍ന്ന തിരുവനന്തപുരത്ത് ഞാന്‍ കാണുന്ന, അനുഭവിച്ചറിഞ്ഞ വളരെ കുറച്ചു ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാനുള്ള അറിവ് എനിക്കില്ല. എന്നാലും.

തിരുവനന്തപുരം ജില്ലയുടെ അങ്ങോളം ഇങ്ങോളം കാണുന്ന പല പരിഷ്ക്കാരങ്ങളും രാജഭരണകാലത്ത് വന്നതാണ്. കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ നിലകൊള്ളുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രൌഡിയുള്ള എല്ലാ കെട്ടിടസമുച്ചയങ്ങളും രാജകുടുംബമല്ല ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് ഓര്‍ക്കുക. ഈ പറയുന്ന എച്ചുകെട്ടിയ ജനാധിപത്യ സര്‍ക്കാരിന്റെ പല ആപ്പീസുകളും ഇവിടുങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേരളാ പോലീസിന്റെ ആസ്ഥാനമന്ദിരം വരെ. കൂടാതെ, നിരവധി പ്രമുഖ കോളേജുകള്‍, ആശുപത്രി കെട്ടിടങ്ങള്‍, ലൈബ്രറി കെട്ടിടങ്ങള്‍, സെക്രട്ടറിയേറ്റ്, യൂണിവേര്‍സിറ്റി, മ്യൂസിയം, ഇന്ത്യയിലെ തന്നെ നല്ലൊരു മൃഗശാല, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ആപ്പീസ്, നക്ഷത്രബംഗ്ലാവ്‌ അങ്ങിനെ പോകുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ഉദ്ദേശ്യം ഇല്ല.

രാജഭരണകാലത്തെ ജലവിതരണസംവിധാനം തന്നെയാണ് കുറ്റമറ്റതായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഓടകള്‍, ജലഗതാഗത സംവിധാനങ്ങള്‍, വള്ളക്കടവ് മുതല്‍ ആലപ്പുഴ വരെ. പണ്ടുകാലത്ത് സാങ്കേതികവൈദഗ്ധ്യത്തോടെ നിര്‍മ്മിച്ച ഇത്തരം കാര്യങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി കൊണ്ടുപോകാന്‍ പോലും നമ്മുടെ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല എങ്കില്‍, ജനാധിപത്യം എന്നത് കോണകം ആയി ഉപയോഗിക്കാം. വിഴിഞ്ഞം തുറമുഖം, വലിയതുറ തുറമുഖം, തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം എന്നിവയെല്ലാം ജനാധിപത്യസര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത മഹാസംഭവങ്ങള്‍ അല്ല. മറിച്ച്, രാജഭരണകാലത്തെ സംഭാവനകള്‍ ആണ്. വ്യാവസായികമായി ആണെങ്കില്‍ ഇപ്പോഴും ലാഭത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് , ചില റബ്ബര്‍ അച്ചായന്മാരുടെ അപ്രീതിക്ക് പാത്രമായി അടച്ചു പൂട്ടേണ്ടി വന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ഫാക്ടറി, ഇവയൊക്കെ ചിലത് മാത്രം.

പറയാനാണെങ്കില്‍ ഒരുപാട് പറയാന്‍ കാണും. തിരുവനന്തപുരത്തുക്കാര്‍, മറ്റ് നാട്ടുകാരെപ്പോലെ അയല്‍ക്കാരോട് എന്തുകൊണ്ട് അസഹിഷ്ണുത കാണിക്കുന്നില്ല എന്ന സംശയം എല്ലാവര്‍ക്കും ന്യായമായും ഉണ്ടാവാം. അതിനുകാരണം, കാലാകാലങ്ങളായി പലവിധ ജനസമൂഹങ്ങളെയും, അവരുടെ സംസ്കാരങ്ങളെയും, ജീവിതരീതികളെയും, ആഹാരശൈലികളേയും, സംസാരശൈലികളെയും, ആരാധനാരീതികളേയും അംഗീകരിക്കുകയും, ബഹുമാനിക്കുകയും, ആതിഥ്യമരുളുകയും ചെയ്തിട്ടുള്ള ഒരു പാരമ്പര്യമാണ് യഥാര്‍ത്ഥ തിരുവനന്തപുരം നിവാസിയുടെത്. കാരണം തലസ്ഥാനം അവിടെയാണല്ലോ. അതല്ലാതെ, കൂട്ടില്‍ കിടക്കുന്ന കുരങ്ങന്‍ സന്ദര്‍ശകരോട് പല്ലിളിച്ചു കാട്ടി കോപ്രായം കാണിക്കുന്നതുപോലെ, ചില ദേശക്കാര്‍ മറ്റ് നാട്ടുകാരോട് പെരുമാറുന്നതുപോലെ തങ്ങളുടെ നാട് സന്ദര്‍ശിക്കുന്നവരോട് അവര്‍ പെരുമാറാറില്ല. എന്തെങ്കിലും അപകര്‍ഷതാബോധം ഉള്ളവര്‍ക്ക് ഇതിനും പ്രതികരിക്കണം എന്ന് തോന്നുക സ്വാഭാവികം. അവരെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല.

ഇത്രയും പറഞ്ഞു എന്ന് കരുതി ഇവന്‍ രാജഭക്തി കൂടി ഇനി കവടിയാര്‍ കൊട്ടാരത്തിന്റെ ഗേറ്റില്‍ ചെന്ന് കുന്തവും പിടിച്ചു കാവല്‍ നില്‍ക്കും എന്നൊന്നും പറഞ്ഞേക്കല്ലേ. അതിനൊന്നും എന്നെ കിട്ടില്ല. എന്നാലും, ആര് നമുക്ക് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് നല്ലതാണെന്ന് പറയാനുള്ള മനസ്സ്‌ വേണം. അല്ലാതെ, കഴിഞ്ഞതൊക്കെ മറന്ന് അവരെ തെറി വിളിക്കുന്നത്‌ സംസ്കാരശൂന്യമായ തത്വചിന്തയാണ്. നാട്ടില്‍ പോയിരുന്നപ്പോള്‍ ഒരു നേതാവിന്റെ പ്രസ്താവന ടി.വിയില്‍ കേള്‍ക്കാന്‍ ഇടയായി. രാജാവ് പായസപാത്രത്തില്‍ സ്വര്‍ണ്ണം കടത്തിയിരുന്നു എന്ന്! ഇത് ശ്രദ്ധിച്ച എന്റെ 84 വയസുള്ള പിതാവ് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു. അയ്യോ.. ഛെ... ഇതുപോലൊരു ഒരു മണ്ടന്‍!



ജസ്റ്റിന്‍ പെരേര
ഷാര്‍ജ

1 comment:

  1. വെരി ഗുഡ്.. രാജഭക്തി ഇല്ലാത്തത് കിങ്കരന്മാര്‍ അറിയേണ്ടാ..

    ReplyDelete