Friday, August 24, 2012

കേരളത്തിലെ വിവാഹധൂര്‍ത്ത്‌!!

കേരളത്തിലെ വിവാഹധൂര്‍ത്ത്‌!!

"വിവാഹാഘോഷങ്ങള്‍ അടിച്ചുപൊളിക്കുന്നു, 

ശേഷം വിവാഹിതര്‍ അടിച്ചു പിരിയുന്നു!"


ഇത് ഞാന്‍ പറഞ്ഞതല്ല. വനിതാകമ്മീഷന്‍റെ ധനസഹായത്തോടെ, കേരളത്തിലെ ഒരു സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമായ ഒരു കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ പ്രതിവര്‍ഷം 6800 കോടിയിലേറെ രൂപയുടെ "വിവാഹധൂര്‍ത്ത്‌" നടക്കുന്നതായി, കേരള ശാസ്തസാഹിത്യ പരിഷത്ത്‌ നടത്തിയ ഗവേഷണഫലങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു.

കേരളത്തില്‍ പ്രതിവര്‍ഷം 25,000ല്‍പ്പരം വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ പകുതിയിലധികം കുടുംബകോടതികള്‍ വഴിയും, കുറെ മതസംവിധാനങ്ങള്‍ക്ക് കീഴിലും, ബാക്കി "ചുമ്മാ" കളഞ്ഞിട്ട് പോവുകയും ആണ്. ഇതിനൊക്കെ പുറമേ, സാക്ഷര കേരളത്തില്‍ സ്ത്രീധന മരണങ്ങള്‍ക്കും പഞ്ഞമില്ല. അത്യാര്‍ഭാടപ്പൂര്‍വ്വം കെട്ടിച്ചു വിടുന്ന പെണ്‍കുട്ടികളില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, 99 പേര്‍ക്ക്  ജീവന്‍ നഷ്ടപ്പെട്ടതായി പോലീസിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത്‌ അഞ്ചുമാസത്തിനിടെ സ്ത്രീധനത്തിന്‍റെ പേരില്‍ പൊലിഞ്ഞത് 17 ജീവനുകള്‍!! സ്ത്രീധനവും, വിവാഹധൂര്‍ത്തുമാണ് ഇതിനൊക്കെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

സ്ത്രീധനവും, വിവാഹധൂര്‍ത്തും ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു എന്നതില്സംശയമില്ല. രാഷ്ട്രീയ നേതാക്കന്‍മാരും, മതപുരോഹിതന്‍മാരും സ്ത്രീധനത്തിനും, അത്യാഡംബര വിവാഹാഘോഷങ്ങള്‍ക്കും എതിരായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്നുണ്ടെങ്കിലും, ഇത്തരം വിവാഹങ്ങള്‍ക്ക് ഇവരുടെ, പ്രത്യേകിച്ച് ക്രൈസ്തവസഭകളിലെ പിതാക്കന്‍മാരുടെയും, പാതിരിമാരുടേയും അകമഴിഞ്ഞ സഹകരണം കാണാം. മുന്തിയ ഹോട്ടലുകളിലെ പുല്‍ത്തകിടികളിലും, ബാള്‍റൂമുകളിലും (ballroom), ബാങ്കറ്റ് ഹാളുകളിലും (banquet halls)  നടക്കുന്ന ഇത്തരം ധൂര്‍ത്തുകളില്‍ഇവരുടെ പ്രത്യേക സാന്നിധ്യം ശ്രദ്ധേയമാണ്. ഇക്കൂട്ടര്‍മൈക്കിനു മുന്നില്‍നിന്ന് പ്രസംഗിക്കുന്നതിന് ഒരു തരിയെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഇത്തരം ലക്ഷുറി വിവാഹസല്‍ക്കാരങ്ങളില്‍നിന്നും അവര്‍വിട്ടുനില്‍ക്കണം. അല്ലെങ്കില്‍, യൂദാസിന്‍റെ പുത്തന്‍പതിപ്പുകളായി മാത്രമേ ഞങ്ങള്‍ക്ക് നിങ്ങളെ കാണാന്‍സാധിക്കൂ. കൂടാതെ, മാധ്യമങ്ങളും, പരസ്യങ്ങളും, സീരിയലുകളും മറ്റും ഇത്തരം ആഡംബരങ്ങള്‍ക്ക്, അഥവാ ധൂര്‍ത്തുകള്‍ക്ക് കാരണമാകുന്നു എന്ന് പറയാതെ വയ്യ.


സൂപ്പര്‍താരം സരോജ് കുമാറിന്‍റെ മകളുടെ വിവാഹം നടന്ന അതേ സ്ഥലത്താണ് എന്‍റെയും മകളുടെ വിവാഹം ഞങ്ങള്‍ നടത്തിയത് എന്ന് പറയാന്‍ ചിലര്‍ക്ക് താല്പര്യം ഉണ്ടാവാം. എന്നാല്‍, സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിനെ കുറെ ജനങ്ങള്‍ക്ക്‌ അറിയാം, അവര്‍ക്ക്‌ അതിനുള്ള സാമ്പത്തിക ബലവും ഉണ്ട്. എന്നാല്‍ നിങ്ങളെ നിങ്ങള്‍ക്ക്‌ ചുറ്റുവട്ടത്തുള്ള കുറച്ച് സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കുമല്ലാതെ ഏതു ഡോഗിനറിയാം? ആന എന്തോ ചെയ്യുന്നത് പോലെ ആട് അത് ചെയ്യരുത് എന്നൊരു ചൊല്ലും ഉണ്ടല്ലോ! അതിന് വേണ്ടി ലോണ്‍ എടുക്കുക. അല്ലെങ്കില്‍ വീടും സ്ഥലവും പണയം വയ്ക്കുക. ജീവിതകാലം മുഴുവന്‍ രക്തം വിയര്‍പ്പാക്കി സമ്പാദിച്ചതൊക്കെ പൊടിക്കുക. എന്താ ഇതിനര്‍ത്ഥം? ഞങ്ങള്‍ നടത്തിയ സല്‍ക്കാരത്തില്‍ ഒരു പ്ലേറ്റിന് 2000 രൂപയായി, എന്ന് പറയുന്നവരോട് ഒരു ചോദ്യം. കേരളത്തിലെ ഒരു ശരാശരി മനുഷ്യന്‍ ഈ 2000 രൂപയ്ക്ക് എത്ര ആഹാരം കഴിക്കും? ഏതൊരു മനുഷ്യനായാലും, കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? അതില്‍ ചിലര്‍ ഫാഷനുവേണ്ടി ഒന്ന് രണ്ട് കഷണങ്ങള്‍ അവിടുന്നും, ഇവിടുന്നും പെറുക്കിയെടുത്ത് ആഹരിച്ചതായി നടിക്കും. അവിടെയും ഹോട്ടലുകാരന്‍ ബില്ലിടുന്നത് 2000 തന്നെ. കഷ്ടം!!

ആഡംബരവിവാഹവും, വമ്പന്‍ സ്ത്രീധനവും, ധൂര്‍ത്തുമാണ് കുടുംബത്തിന്‍റെ അന്തസ്സിന് മാനദണ്ഡമായി പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. അത്തരം ചിന്താഗതികള്‍ ഒരു കാലത്തുണ്ടായിരുന്നു സുഹൃത്തുക്കളെ. ഇപ്പോള്‍ അങ്ങിനെ ഒരു ധാരണ മറ്റുള്ളവര്‍ക്ക് ഉണ്ടാവുമെന്ന് കരുതുന്ന നിങ്ങളാണ് വിഡ്ഢികള്‍! എന്റ്റപ്പൂപ്പനൊരാനയുണ്ടായിരുന്നു, അതുകൊണ്ട് എനിക്കും അതിലിരുന്നതിന്‍റെ തഴമ്പ് കാണും, ദാ നോക്കിക്കോ എന്നും പറഞ്ഞ് പൃഷ്ഠം കാണിച്ചാല്‍ ഇപ്പോഴത്തെ ജനങ്ങള്‍ മുഖം പൊത്തി കൂക്കിവിളിക്കുകയേയുള്ളൂ. കാരണം ലോകം മാറി. പുത്തന്‍ അറിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പാരമ്പര്യവാദങ്ങളും ഒക്കെ വെറും പൊള്ളയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ഈ ജാഡകള്‍ക്കൊന്നും ഒരു വിലയും കൊടുക്കാന്‍ കൂട്ടാക്കാത്ത ഒരു പുത്തന്‍ തലമുറ വളര്‍ന്നുവരുന്നു. ഞങ്ങള്‍ക്ക് കയ്യില്‍ കാശുണ്ട്, ഞങ്ങള്‍ അത് ഞങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ചിലവാക്കും. തനിക്കെന്താടോ കുവ്വേ? എന്ന് ചോദിക്കുന്നവരോട് എനിക്ക് സഹതാപം മാത്രം.



പിന്നെ സ്ത്രീധനം ചോദിക്കുന്ന, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന, പുരുഷകേസരികളോട് ഒരു വാക്ക്. ഒരു ഇണയെ, തുണയെ വേണ്ടത് നിന്‍റെ ആവശ്യമാണ്‌. ഒരു കുടുംബം വേണ്ടത് നിന്‍റെ ആവശ്യമാണ്‌. നിന്നെ പരിചരിക്കാനും, സ്നേഹിക്കാനും, മാനസികവും ശാരീരികവുമായ നിന്‍റെ സന്തോഷത്തിന് നിനക്ക് ഒരു പങ്കാളിയെ വേണ്ടത് നിന്‍റെ ആവശ്യമാണ്‌. നിന്‍റെ സന്തതിപരമ്പരകളെ നിന്‍റെ ചോരയില്‍ സൃഷിക്കേണ്ടത് നിന്‍റെ ആവശ്യമാണ്‌. അതിനാണോ ഏതോ ഒരു സാധു മനുഷ്യനും, ഒരു സാധുസ്ത്രീയും നൊന്തുപെറ്റ്‌, വിദ്യാഭ്യാസം നല്‍കി, വളര്‍ത്തി വലുതാക്കിയ അവരുടെ പൊന്നുമകളെ നിനക്ക് തരുന്നതിന് പുറമേ,  അവരുടെ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് കൂടി നീ ചോദിക്കുന്നത്? നിന്‍റെ വീട്ടുകാര്‍ക്ക്‌, ബന്ധുക്കള്‍ക്ക് അതിനോട് അത്യാഗ്രഹം തോന്നുന്നുവെങ്കില്‍, നിനക്ക് അവരെ പറഞ്ഞു മനസിലാക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, നിന്‍റെ നട്ടെല്ല് നീ ഒന്ന് എക്സ്റേ ചെയ്തു നോക്കുക. അത് റബ്ബര്‍ കൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നതെന്ന്!!


ഇതിനൊക്കെ വേണ്ടത് ബോധവത്കരണവും, ശരിയായ വിദ്യാഭ്യാസവും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വഴി ഉണ്ടാവണം. ആര്‍ഭാടവിവാഹങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമവ്യവസ്ഥ ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് ഭരണകര്‍ത്താക്കളുടെയും, ഭരണകൂടത്തിന്റെയും, നിയമസംവിധാനത്തിന്റെയും പൂര്‍ണ്ണ സഹകരണവും ആവശ്യമാണ്‌. എല്ലാത്തിനും ഉപരി, പൊതുജനങ്ങളുടെ ആത്മാര്‍ത്ഥതയും.

ഇടത്തരക്കാരും, പാവങ്ങളും കൂടി ഈ ഭൂമിയില്‍ ജീവിച്ചോട്ടെ. മക്കളുടെ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനെക്കാളും കൂടുതല്‍ അവരുടെ വിവാഹം ആഡംബരമാക്കാന്‍ ചിലവിടുമ്പോള്‍, നിങ്ങളുടെ മക്കളുടെ വിവാഹം നിങ്ങളുടെ പ്രതാപം മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു ധൂര്‍ത്താക്കി മാറ്റുമ്പോള്‍, ഒരു കാര്യം കൂടി ഓര്‍ക്കുക. നിങ്ങളുടെ മക്കളുടെ പ്രായത്തിലുള്ള അനേകായിരം അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ഒരു ജോലിയോ, എന്തെങ്കിലും വരുമാനമോ ഇല്ലാത്തതുകൊണ്ട് മാത്രം അവരുടെ വിവാഹവും, മണിയറയും ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. 



പണ്ടൊരു കള്ളുകച്ചവടക്കാരന്‍ കൊച്ചിയില്‍ തന്‍റെ മകളുടെ വിവാഹം നടത്തിയ കഥ കേട്ടിട്ടുണ്ട്. വധൂവരന്മാരെ കൊണ്ടുപോകാന്‍ വെള്ളക്കുതിരകള്‍ വലിച്ചുകൊണ്ടുപോകുന്ന രഥവും, മദ്രാസില്‍ നിന്നും ഇറക്കുമതി ചെയ്ത സിനിമാ ഫോട്ടോഗ്രാഫര്‍മാരും, അതിനുള്ള ക്രെയിനും അങ്ങിനെ അങ്ങിനെ. എന്തൊക്കെയോ ആര്‍ഭാടങ്ങള്‍! അത് പിന്നെ, ജനങ്ങളുടെ കുടുംബവും, കരളും, വൃക്കയും ഒക്കെ തുലച്ചു കിട്ടിയ കാശ് കൊണ്ട് കാട്ടിക്കൂട്ടുന്നതെന്ന് പറയാം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന കാശ്കൊണ്ട്,  നിങ്ങളും അതുപോലെ തരം താഴണോ? 


ജസ്റ്റിന്‍ പെരേര
ഷാര്‍ജ

2 comments:

  1. ജന്മനാ നമ്മള്‍ പത്രസുകാര്‍ ആണ്. പിന്നെ കാശ് ആയി, മക്കള്‍ ഐ ടി മേഖലയില്‍ ജോലിയില്‍ ആണ്, വിദേശ യാത്രകള്‍, ബാംഗളൂര്‍ില്‍ ഫ്ലാറ്റ്, കാര്‍........ അപ്പൊ പിന്നെ ഈ മാതിരി ജാഡ കാണിചില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം.

    ReplyDelete
  2. ഇത്തരം ജാഡകള്‍ മാത്രമല്ല. വരവ് നോക്കാതെ, പതിനെട്ടു വയസുപോലും ആകാത്ത മക്കളുടെ ഇംഗിതത്തിനനുസരിച്ച് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൊടുക്കുന്ന മാതാപിതാക്കളും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. അതിനി കടം വാങ്ങിയോ, ക്രെഡിറ്റ് കാര്‍ഡ്‌ വഴി വാങ്ങിയോ എങ്കിലും അത് നടത്തിക്കൊടുക്കും. ഇതെവിടെപ്പോയി നില്‍ക്കും?

    ReplyDelete